Sunday, March 10, 2019

പ്രണയത്തിന്റെ രസതന്ത്രം


പ്രണയത്തിന്റെ രസതന്ത്രം

--------------------------------
ഇഷ്ടത്തിന്റെ മോളിക്യൂളുകള്‍
ടെസ്റ്റ്യൂബുകളില്‍ വിരിയിക്കുന്നതെല്ലാം  
കൃത്രിമജീവബിന്ദുക്കളുടെ ചാക്രികമായ
തന്മാത്രാ ചലനങ്ങള്‍ മാത്രമാകുന്നു .

രാസപരിണാമങ്ങളില്‍ നിന്നുയിരിടും
ഡോളികളെ കാലം ഓര്‍മ്മിപ്പിക്കുവാന്‍
ഫോര്‍മാലിന്‍ കണികകള്‍ ശ്രമിക്കുമ്പോള്‍
ദൃശ്യഭ്രംശം വന്ന മിഴികള്‍ക്ക്
ശബ്ദവും കാലവും നഷ്ടമാകുന്നു .

ഇഷ്ടങ്ങളുടെ ഇലക്ട്രോണുകള്‍ക്കും
രാസപ്രവേഗങ്ങള്‍ക്കും ഇടയില്‍
നഷ്ടമാകുന്ന പ്രോട്ടോണ്‍ ചലനങ്ങള്‍
കമ്പനം ചെയ്യുന്ന സ്വരസംഗീതമാണ് ചുറ്റും.

കാലത്തെ സാക്ഷി നിര്‍ത്തുവാനാകണം
വെളിച്ചം ഇടയ്ക്കിടയ്ക്ക് പോയി വരുന്നതും
നിറങ്ങള്‍ മാറിമറിഞ്ഞു ഒടുവില്‍
ഒറ്റ നിറമായി കളിയാക്കി ചിരിക്കുന്നതും.  

എന്തുകൊണ്ടാകും സ്വപ്നങ്ങള്‍ക്ക് ഊതനിറവും
ജീവിതത്തിനു ചാവു നിലവും മാത്രം
സ്വന്തമാണെന്ന് പിന്നെയും പിന്നെയും
അടയാളപ്പെടുത്തപ്പെടുന്നതിങ്ങനെ...?
----------ബിജു.ജി.നാഥ് വര്‍ക്കല

No comments:

Post a Comment