Wednesday, March 13, 2019

വരിയുടക്കപ്പെട്ട ജനത.

വരിയുടക്കപ്പെട്ട ജനത.
.....................................
നിശബ്ദതയിലേക്ക് നമ്മള്‍ പരാവര്‍ത്തനം ചെയ്യപ്പെടുകയാണ് .
മുനയൊടിഞ്ഞ ആയുധങ്ങള്‍ 
ഇമകള്‍ക്ക് നേരെ ചൂണ്ടുകയും,
തേഞ്ഞ് പോയ വാക്കുകളാല്‍
ഭയപ്പെടുത്തുകയുമാണ് നമ്മള്‍.
ഒരിക്കല്‍ പറഞ്ഞത് തന്നെയാണ് എന്നറിഞ്ഞും
വീണ്ടുമാവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവ .
നോക്കൂ എത്ര മനോഹരമായി നമ്മള്‍ വഞ്ചിക്കപ്പെടുന്നത്!
എന്‍റെതെന്നും നിന്റെതെന്നും പേരെഴുതി,
നമുക്ക് പിറക്കുന്ന കുഞ്ഞുങ്ങള്‍ക്കെന്ന് കളവ് പറഞ്ഞു
അവര്‍ നമ്മെ ചൂഴ്ന്നെടുക്കുകയാണ് .
നിന്റെ നെഞ്ച് പാതിയും തിന്നു തീര്‍ത്തിരിക്കുന്നു .
നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്ത വണ്ണം
എന്റെ കശേരുക്കള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു .
അവര്‍ നമുക്ക് സഹായം തന്നിരിക്കുന്നു .
ഇനി നമുക്കാരുടെയും പറമ്പില്‍ തൂറണ്ട .
അവര്‍ നമുക്ക് സഹായം ചെയ്തിരിക്കുന്നു
ഇനി നമ്മള്‍ പാല്‍ കുടിച്ചു വളരാം.
നോക്കി നില്‍ക്കെയാണ് ഞാനും നീയും രണ്ടാകുന്നത് .
രണ്ടാകല്‍ ഒരു പാപമല്ലെന്നും
രണ്ടുപേരിലും രണ്ടു ലോകമുണ്ടെന്നും അവര്‍ പഠിപ്പിക്കുന്നു .
എന്റെ കൊരവള്ളിയില്‍ ചവിട്ടിപ്പിടിച്ച്,
അവർ നിന്റെ ചങ്ക് തുരന്നെടുക്കുമ്പോഴും
എന്റെ ധർമ്മം നിനക്കെതിരെ ശബ്ദിക്കല്‍ ആണ് .
അതല്ലെങ്കില്‍ ഞാന്‍ എന്റെ വീട്ടില്‍ അന്യനാണ് .
എന്നെ കൊരുത്തിട്ട ശൂലം ഉയര്‍ത്തി
രാജാവു വിജയാഹ്ലാദത്തോടെ ഉറക്കെ പറയുന്നു.
നീ നിലവിളിച്ചുവെന്ന് "രാജാവു നിന്നെ ആക്രമിക്കാന്‍ വരുന്നേ "യെന്ന്.
ഇല്ല, നമ്മള്‍ രണ്ടായി തന്നെ നില്‍ക്കണം.
നിന്നെ ഞാന്‍ എപ്പോഴും ശത്രുവായി തന്നെ കാണണം.
കാരണം, എനിക്കെന്റെ വീട്ടില്‍ കിടന്നുറങ്ങണം .
രാജാവിന്റെ കിങ്കരന്‍മാരാല്‍
ആയുസ്സറാതെ മരിക്കാതിരിക്കാന്‍
എനിക്കു നിന്നെ ശത്രുവായി തന്നെ കാണണം .
എനിക്കും നിനക്കും ഇടയില്‍
രാജാക്കന്മാര്‍ വളര്‍ത്തുന്ന ഭൂതങ്ങള്‍ ഉള്ളിടത്തോളം
എനിക്കു നിന്നെ ശത്രുവായി തന്നേ കാണണം.
...... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment