Monday, September 5, 2016

സ്വപ്നത്തേര് .


കണ്ണുകൾ അടയാൻ
 കാത്തിരിപ്പാണ് കനവുകൾ!
വെള്ളിനിലാവിലൂടെ
രണ്ടരയന്നങ്ങൾ പോലെ നാം.
ചിലപ്പോൾ ആൽപ്സ്
മറ്റു ചിലപ്പോൾ മാനസരോവർ
ചില നേരങ്ങളിൽ നാം
പാരീസിന്റെ തെരുവുകളിൽ
നഗ്നരായി അലയുകയാവും
ചിലപ്പോൾ നോർവയുടെ
കൽ വീഥികളിൽ അലസ
വസ്ത്രങ്ങളിൽ ഉലാത്തും
മറ്റു ചിലപ്പോൾ ആഫ്രിക്കയിൽ
ചില്ലുകൾ തുന്നിച്ചേർത്ത
നിറ സമന്വയങ്ങളിൽ
യാത്രകൾ തുടരുന്നത് കാണാം.
മരുഭൂമിയുടെ സൂര്യതാപത്തിൽ
നിന്നെ കറുത്ത കവചത്തിൽ
തൊടാൻ ഭയന്നു നിന്നിട്ടുണ്ട്.
താടിവച്ച തമ്പുരാക്കന്മാർ
ബന്ധങ്ങളുടെ രേഖ ചോദിച്ചു
ഭയത്തിന്റെ മുള്ളിൽ നിർത്തിയിട്ടുണ്ട്.
ദേശാന്തരങ്ങൾ താണ്ടി
ചിലപ്പോഴെങ്കിലും
പിറന്ന മണ്ണിൽ നടന്നിട്ടുണ്ട്.
നോട്ടങ്ങളിൽ ചൂളി
സാരിത്തലപ്പു കൊണ്ടാസകലം മൂടി
നീ എന്നെ മുറുകെപ്പിടിക്കാറുണ്ട്.
കവലകളിൽ മുഴങ്ങുന്ന
ചൂളൻ വിളികളിൽ
തടഞ്ഞു നിർത്തിയുള്ള
വിചാരണകളിൽ
യാത്രകൾ മുഴുമിപ്പിക്കാനാവാതെ
നാം രണ്ടു ദിശകളിലേക്ക്
നടന്നകന്നിട്ടുണ്ട്.
സ്വപ്നങ്ങൾ അരോചകമാകുന്നത്
എന്റെ നാട്ടിലാകുന്നത്
കൊണ്ടാകണം
ഇപ്പോൾ കനവുകളിൽ
പച്ച പിടിച്ച നെൽപ്പാടങ്ങളോ
ആമ്പൽ വിരിഞ്ഞ ജലാശയങ്ങളോ
കുന്നിൻ ചരിവിന്റെ
തണുത്ത കാറ്റോ കടന്നു വരാറില്ല.
.... ബിജു ജി നാഥ് വർക്കല

No comments:

Post a Comment