Sunday, September 25, 2016

അഗ്നിശയനം ...... ഷൈന കുഞ്ചന്‍

"ദൈവമേ , എന്റെ ചുമലുകളെ ചായ്ച്ചുവെക്കാന്‍ , എന്റെ മഹാദുഃഖങ്ങളെ കഴുകിക്കളയാന്‍ , എന്റെ സ്വന്തമെന്നപോലെ ചേര്‍ത്തുപിടിക്കാന്‍ , എനിക്ക് ആശ്രയമാകാന്‍ കരുത്തുറ്റ രണ്ടു കൈകള്‍ എന്റെ നേരെ വരേണമേ" .... അഗ്നി ശയനം

കഥകള്‍ പോലെയോ കവിതകള്‍ പോലെയോ വായിച്ചു പോകാന്‍ ആകുന്നവയല്ല നോവലുകള്‍ . വ്യക്തമായ ദീര്‍ഘമായ അടയാളപ്പെടുത്തലുകള്‍ ആണ് അവ. പലപ്പോഴും ജീവിതങ്ങള്‍ നമുക്ക് മുന്നില്‍ മുടിയഴിച്ചാടും . അവയ്ക്കൊപ്പം കരഞ്ഞും ചിരിച്ചും പരിഭവിച്ചും ദേഷ്യം പിടിച്ചും വായനക്കാരന്‍ ജീവിക്കും

എഴുത്തിലെ ആണ്‍കോയ്മ കുറെയൊക്കെ അവസാനിച്ച ഒരു കാലഘട്ടത്തില്‍ ആണ് നാം ജീവിക്കുന്നത് . എങ്കില്‍പ്പോലും എഴുത്തിലെ കയ്യടയാളങ്ങള്‍ പലപ്പോഴും ഒരേ പോലുള്ളവ ആകുന്നതിനാല്‍ പെണ്കൊയ്മ എന്നത് അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു സംഗതി ആയി മനസ്സില്‍ നില്‍ക്കുന്നുണ്ട് . എഴുത്തുകളില്‍ ഇല്ലാതെ പോകുന്ന സ്വാതന്ത്ര്യം ആണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണം . തുറന്നെഴുത്തുകള്‍ ഇന്നും സ്ത്രീയുടെ പക്ഷത്തു നിന്നയാല്‍ മുഖം ചുളിക്കുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു സാമൂഹ്യ വ്യെവസ്ഥിതി ഇന്നും മലയാള സാഹിത്യത്തിനു അന്യമല്ല എന്ന് തന്നെ പറയാം . ഓണ്‍ ലൈന്‍ സാഹിത്യകാരില്‍ പോലും ഈ ഒരു അവസ്ഥയ്ക്ക് വലിയ മാറ്റം ഇല്ലെന്നു പറയാം . വാക്കുകളില്‍ നാം ഗോപ്യമായി വയ്ക്കാന്‍ ശ്രമിക്കുന്ന പദങ്ങള്‍ സ്ത്രീപക്ഷത്തുനിന്നും കാണുക എന്നാല്‍ ആ എഴുത്തുകാരിയെ എത്ര കണ്ടു തേജോവധം ചെയ്യാമോ അത്രയും താഴേക്കു കൊണ്ട് പോകാന്‍ ശ്രമിക്കുന്ന ഒരു പ്രവണത നമുക്കിടയില്‍ ഇന്നും സജീവമാണ് . അത് മുഖ്യധാരയില്‍ ആയാലും സോഷ്യല്‍ ഇടങ്ങളില്‍ ആയാലും മാറ്റമില്ലാതെ തുടരുന്നുണ്ട് .

ഇത്തരം സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണ് ഇന്ന് സ്ത്രീ എഴുത്തുകാരില്‍ തുറന്ന എഴുത്തുകള്‍ക്ക് ഇടം തേടുന്നത് . ഈ ശ്രേണിയില്‍ ശ്രദ്ധേയമായ ഒരു ചുവടുവയ്പ്പ് ആണ് ശ്രീ ഷൈന കുഞ്ചന്‍ എന്ന യുവ നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത് എന്ന് കാണാം . അവരുടെ ആദ്യ നോവല്‍ ആയ "അഗ്നിശൈലം" സമൂഹത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുക തന്നെ ചെയ്യും എന്ന് കരുതുന്നു .

എന്താണ് ഈ നോവല്‍ പ്രതിനിധാനം ചെയ്യുന്ന വിഷയം എന്ന് പരിശോധിക്കാം . ഈ നോവല്‍ കനക എന്ന സ്ത്രീയുടെ ജീവിതം അവളുടെ തന്നെ ചിന്തയിലൂടെ ആദ്യാവസാനം നടത്തിക്കൊണ്ടു പോകുന്ന രീതിയില്‍ ആണ് രചിക്കപ്പെട്ടിരിക്കുന്നത്. ഒരാള്‍ സാക്ഷിയായി നിന്ന് വിവരിക്കുന്നതും , അനുഭവസ്ഥര്‍ അത് വിവരിക്കുന്നതും , രണ്ടുപേര്‍ തമ്മില്‍ സംഭാക്ഷണം പോലെ മൂന്നാമതൊരാളുടെ ജീവിതം പറയുന്നതും വേറിട്ട രീതികള്‍ ആണ് . ഇവിടെ സ്വയം തന്നെ അടയാളപ്പെടുത്തുന്ന കനക തന്റെ പാത്ര സൃഷ്ടിയില്‍ പലപ്പോഴും പാളിച്ചകള്‍ അനുഭവിക്കുന്നുണ്ട് . ഒരുപക്ഷെ എഴുത്തിന്റെ വഴിയില്‍ വിശാലമായ ഒരു എഴുത്ത് കടന്നു വരുമ്പോള്‍ എഴുത്തുകാരന് സംഭവിക്കാവുന്ന ഒരു ചിന്താക്കുഴപ്പം ആകാം അത് . കനകയുടെ ജീവിതയാത്രയെ പലപ്പോഴും അപൂര്‍ണ്ണതകള്‍ ബാധിച്ചതായി വായനക്കാരന് തോന്നിപ്പിച്ചത് അത് മൂലം ആകാം . എങ്കിലും മൊത്ത വായനയില്‍ അതൊരു എഴുന്നു നില്‍ക്കുന്ന പോരായ്മ ആയി മനസ്സിലാക്കാന്‍ കഴിയില്ല . തിരിച്ചു കനകയിലേക്ക് തന്നെ വരാം. കനക വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവും ആണ് . ജീവിതത്തില്‍ ഉടനീളം അവള്‍ അനുഭവിക്കുന്ന ഏകാന്തതയും , വികാരശൂന്യമായ ദാമ്പത്യവും , ശിഥിലമായ കുടുംബ ബന്ധങ്ങളും , രതിയും പ്രണയവും അവളുടെ തന്നെ വാക്കുകളിലൂടെ നമുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു ഈ നോവലില്‍ .

ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും തിരസ്കാരത്തില്‍ ജീവിക്കപ്പെടുന്ന , എങ്ങനെയും അവളെ ഒഴിവാക്കി അമ്മ പറയുന്ന പുതിയൊരു പെണ്ണിനെ സ്വപ്നം കാണുന്ന വേണു എന്ന ഭര്‍ത്താവ് ഇവിടെ വളരെ ക്രൂരമായ ഒരു രക്ഷകന്റെ വേഷത്തില്‍ ആണ് കനകയുടെ ജീവിതത്തില്‍ ഉടനീളം കാണുന്നത് . മൃഗീയമായ മര്‍ദ്ദനങ്ങള്‍ നല്‍കിയും, വസ്ത്രങ്ങള്‍ തീ കത്തിച്ചു കളഞ്ഞും , അടുക്കള സാധനങ്ങള്‍ പറമ്പില്‍ ഉപേക്ഷിച്ചും , അവളുടെ പണം കൊണ്ട് ഉണ്ടാക്കിയ വീട്ടില്‍ അവളെ പ്രവേശിക്കാന്‍ അനുവദിക്കാതെ പൂട്ടിയിട്ടും , ഗ്യാസ് തുറന്നു വച്ച് വധിക്കാന്‍ ശ്രമിച്ചും , കാമം തോന്നുമ്പോള്‍ ഭോഗിക്കാന്‍ മാത്രം സമീപിക്കുകയും , മക്കളെ പോലും അവളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഭര്‍ത്താവ് . അടച്ചുറപ്പില്ലാത്ത വീട്ടില്‍ വൈദ്യുതി പോലും നിഷേധിച്ചുകൊണ്ട് അവളെ ഇരുട്ടില്‍ ഉപേക്ഷിച്ചു സ്വന്തം വീട്ടില്‍ പോയി അന്തിയുറങ്ങുന്ന അയാള്‍ അവളുടെ ജീവിതത്തിലെ ഒരു കരിനിഴല്‍ മാത്രമാണ് .

ഇന്നത്തെ നാറിയ നിയമവ്യെവസ്തയുടെയും , പുരുഷാധിപത്യ സമൂഹത്തിന്റെ ജീര്‍ണ്ണിച്ച കാഴ്ച്ചപ്പാടുകളുടെയും , സദാചാരത്തിന്റെ ഉടല്‍ രൂപങ്ങളായ നിയമപാലകരുടെയും മുഖം കനകയിലൂടെ അനാവൃതമാകുന്നുണ്ട് . അതുപോലെ തന്നെ സ്വവര്‍ഗ്ഗ ലൈംഗികതയുടെ നേര്‍ക്ക്‌ സമൂഹം കാണുന്ന കാഴ്ചകളെ വളരെ നന്നായി തന്നെ എഴുത്തുകാരി ഇവിടെ വലിച്ചു കീറുന്നുണ്ട് . സ്കൂള്‍ , കോളേജ് പടിക്കല്‍ മാംസ വ്യാപാരത്തിന്റെ പുതിയ ഇരകളെ തേടുന്ന സ്ത്രീകളുടെ മുഖംമൂടി കനക നമുക്ക് കാണിച്ചു തരുന്നു . ആകുലതകള്‍ വേട്ടയാടുന്ന അമ്മ മനസ്സിന്റെ വേദനയുടെ , വിഭ്രാന്തിയുടെ ആഴങ്ങള്‍ കനകയിലൂടെ അവതരിപ്പിക്കുമ്പോള്‍ ആ അവസ്ഥയെ മുഴുവനായും പ്രതിഫലിപ്പിക്കാന്‍ എഴുത്തുകാരിക്ക് കഴിയാതെ പോയത് ആ ദുഖത്തിന്റെ ആഴത്തെ അളക്കാന്‍ അനുഭവസ്ഥര്‍ക്ക് അല്ലാതെ കഴിയില്ല എന്ന യാതാര്‍ത്ഥ്യം മൂലമാകാം .

പരസ്പരം ഇരുധ്രുവങ്ങളില്‍ സഞ്ചരിക്കുന്ന മാതാപിതക്കള്‍ക്കിടയില്‍ ശബ്ദം നഷ്ടപ്പെട്ട മക്കള്‍ തങ്ങളുടെ ലോകം കണ്ടെത്തുന്നത് സ്വാഭാവികം ആണ് . എതിര്‍പ്പിന്റെ സ്വരത്തില്‍ തുടങ്ങി , മയക്കുമരുന്നിന്റെ പിടിയില്‍ പെട്ട് സ്വയം നശിച്ചു പോകുന്ന മകന്‍ . അച്ഛന്റെ വാക്കുകള്‍ കേട്ട് അച്ഛനെ അനുകരിച്ചു ജീവിച്ചു ഒടുവില്‍ ജീവിതത്തിന്റെ നിരാശതകളുടെ കൂട് വിട്ടു പുറത്തു ചാടാന്‍ കഴിയാതെ എങ്ങോ ഒളിച്ചോടി പോകുന്നതും , അന്യമതത്തില്‍ പെട്ട ഒരു പുരുഷനില്‍ തന്റെ ഇണയെ കണ്ടെത്തി പ്രായപൂര്‍ത്തിയാകുമ്പോള്‍ അവനൊപ്പം ഇറങ്ങിപ്പോകുന്ന മകളും ഇത്തരം കുടുംബങ്ങളുടെ കഥകളില്‍ പരിസമാപ്തങ്ങള്‍ കുറി ക്കുന്നവ ആണ് എല്ലാക്കാലത്തും എന്ന് കാണാം . കുറച്ചുകൂടി മുന്നോട്ടു പോയി പ്രായത്തിന്റെയും കുടുംബ പശ്ചാത്തലത്തിന്റെയും അങ്കലാപ്പുകള്‍ക്കിടയില്‍ നിന്നും രക്ഷ പോലെ കണ്ടെത്തിയ പ്രണയം ഒടുവില്‍ ജീവിതത്തിന്റെ ദാരിദ്ര്യം നിറഞ്ഞ മറ്റൊരു കെട്ടുപാടിലേക്ക് മകളെ എത്തിച്ചത് കാണേണ്ടി വരികയും ചെയ്യുന്ന കനകയുടെ വേദന വളരെ സാന്ദ്രവും വിവരണാതീതവും ആകുന്നു. ഒടുവില്‍ ജീവിതം മടുത്തു തെരുവിലേക്ക് ലക്ഷ്യമില്ലാതെ ഇറങ്ങുന്ന ആ മധ്യവയസ്ക തെരുവിന്റെ ക്രൂര നഖങ്ങളില്‍ പെട്ട് ചീന്തപ്പെടുകയും അവിടെ നിന്നും നിയമപാലകരാല്‍ രക്ഷിക്കപ്പെട്ടു അഗതിമന്ദിരത്തില്‍ എത്തുകയും ചെയ്യുന്നു . തന്റെ മകളുടെ വരവും കാത്തു മരണത്തെ കാത്തു കഴിയുന്ന കനകയില്‍ നോവല്‍ അവസാനിക്കുന്നു .

പ്രണയത്തിന്റെ ദാഹാര്‍ത്തമായ മനസ്സുമായി അലഞ്ഞ കനക ഭര്‍ത്താവില്‍ നിന്നും അത് ലഭിക്കാതെ പോയതിനാല്‍ തന്നെ സ്വയം നെയ്തുകൂട്ടിയ ഒരു കാമുകനെ സൃഷ്ടിക്കുകയും അവനില്‍ തന്‍റെ രതിമോഹങ്ങളെ ആവോളം ആസ്വദിക്കുകയും ചെയ്യുന്നു . പരപുരുഷ ബന്ധത്തിന്റെ സദാചാര കണ്ണുകളെ മഞ്ഞളിപ്പിക്കുന്ന കനകയുടെ ചിന്തകളില്‍ അവളുടെ കാമുകന് നൂറില്‍ നൂറു മാര്‍ക്ക് അവള്‍ നല്‍കുന്നു . രതിയുടെ പരമമായ ആനന്ദം അവള്‍ അവനിലൂടെ ആസ്വദിക്കുന്നു . ഇവിടെ ഭ്രമകല്പനയിലൂടെ അവള്‍ ഒരു കാമുകനെ സങ്കല്‍പ്പിച്ചു സ്വയംഭോഗത്തിലൂടെ തന്റെ ആഗ്രഹങ്ങളെ സാക്ഷാത്കരിക്കുക ആണ് എന്ന് വായനയില്‍ മനസ്സിലാക്കാന്‍ കഴിയുന്നു . ഒരു ഘട്ടം കഴിയുമ്പോള്‍ അതുകൊണ്ട് തന്നെ കാമുകന്‍ അപ്രത്യക്ഷന്‍ ആകുകയും അവളില്‍ നിന്നും രതിയുടെ ചിന്തകളും ആവേശവും അകലുകയും കുട്ടികളുടെ മേലേക്ക് അവളുടെ എല്ലാ ചിന്തകളും വന്നു വീഴുകയും ചെയ്യുന്നു . ഇടയിലെപ്പോഴോ വേണു അവളില്‍ ആഴ്ന്നിറങ്ങുമ്പോള്‍ നിഴലും നിലാവും പോലെ അവള്‍ ചിലപ്പോള്‍ മാത്രം ഒരു മിന്നാമിന്നി വെട്ടം പോലെ അത് ആസ്വദിക്കുന്നു എന്ന് വരുത്തി തീര്‍ക്കുന്നു . അതുപോലെ തന്നെ സ്വവര്‍ഗ്ഗ ലൈംഗികതയും പ്രണയവും വിലാസിനിയും ജ്യോതിയും തമ്മിലുള്ള ബന്ധത്തിലൂടെ പറഞ്ഞു വയ്ക്കുന്നുണ്ട്‌ . സമൂഹത്തില്‍ , അമ്മമാരില്ലാത്ത കുടുംബത്തില്‍ പെണ്‍കുട്ടികള്‍ അടുത്ത ബന്ധുക്കളാല്‍ എങ്ങനെ നശിച്ചുപോകുന്നു എന്നതും ഈ നോവല്‍ കാട്ടിത്തരുന്ന ഒരു പാഠം ആണ് .

വളരെ നല്ലൊരു വിഷയവും , ഭാഷയും ശ്രീ ഷൈന കുഞ്ചന്‍ ഉപയോഗിച്ചപ്പോള്‍ മലയാള സാഹിത്യത്തില്‍ വായനക്ക് നല്ലൊരു നോവല്‍ ലഭിച്ചു എന്ന് പറയാം . നാളെ കാലം അടയാളപ്പെടുത്തുന്ന എഴുത്തുകാരില്‍ ഈ യുവ എഴുത്തുകാരിയും ഉണ്ടാകും എന്ന് നിസംശയം പറയാന്‍ കഴിയും. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവലിനു 120 രൂപയാണ് മുഖവില .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല


1 comment:

  1. പുസ്തകപരിചയം നന്നായി
    ആശംസകള്‍

    ReplyDelete