Friday, September 16, 2016

പൂവിനെക്കുറിച്ചു കവിതയെഴുതുമ്പോൾ !


പൂവിനെക്കുറിച്ചു പത്തു വാക്ക്
നീയെനിക്കു തന്ന വിഷയമതായിരുന്നു .
കണ്ണുകൾ അടച്ചു
വരികൾക്കായി ഞാൻ കാത്തിരുന്നു.

കുറ്റിക്കാട്ടിൽ ഉറുമ്പരിച്ച മിഴികളോടെ
ചുറ്റും ചിതറിയ പാഠപുസ്തകങ്ങൾ
കീറിയെറിഞ്ഞ യൂണിഫോം.
തുടയിടുക്കിൽ ചോര കട്ടപിടിച്ച
ചുവന്നു കറുത്തൊരു കുഞ്ഞു പെൺപൂവ്

തുറന്നടച്ച കണ്ണുകളിൽ തെളിയുന്നു
കമ്പിപ്പാര കയറിയിറങിയ യോനി
കടിച്ചു പറിച്ച മുലഞെട്ടുകൾ
അധരങ്ങൾ അടർന്നു  തൂങ്ങിയ
ചോണനുറുമ്പ് വരിയിടുന്നൊരു കറുത്ത പൂവ്.

ഇതാ നോക്കൂ
ചുണ്ടുകൾ , കവിൾത്തടം
പുരികം
തെരുവുനായ
കടിച്ചുപറിക്കപ്പെട്ട കുഞ്ഞു പൂവ് .

ശ്വാസം നിഷേധിച്ചു
പിറന്നുടൻ ജീവനെടുക്കപ്പെട്ടു പോയ
നീലിച്ച മിഴികൾ തുറന്നിരിക്കുന്നു.
നക്ഷത്രങ്ങൾ നഷ്ടമായ പൂവ്.

കൗമാര കുതൂഹലം വിടാത്തമിഴികൾ
ഇരുട്ടിൽ ഭയത്താൻ പൂക്കുന്നു.
കടന്നു വരുന്ന മണവാളന്റെ
അറിയാത്ത ഭാവങ്ങളെ സ്വീകരിക്കാൻ
ഉടയാത്ത തനുവുമായി ഒരു പൂവ്.

ചിതറിവീണ ശരീരങ്ങൾക്കും
തകർന്നു വീണ കെട്ടിടങ്ങൾക്കും ഇടയിൽ
ആകാശനീലിമ മിഴികളിൽ നിറച്ചു കൊ-
ണ്ടാകാശം നോക്കി വിറങ്ങലിച്ചു കിടപ്പു
അംഗഭംഗം വന്നൊരു കുഞ്ഞു പൂവ്.

ഇല്ല എനിക്കാവില്ല പൂവിനെക്കുറിച്ചും
ശലഭങ്ങളെക്കുറിച്ചുമിനിയെഴുതാൻ.
എന്റെ ലോകം ശവം നാറിപ്പൂക്കളും
ശ്മശാന മൂകതയും നിറയുന്നു.
എന്നിൽ നിന്നും മൃദുല ചിന്തകളകലുന്നു.
ഭ്രാന്തിന്റെ ഉച്ചസ്ഥായിയിൽ
അക്ഷരങ്ങൾ വലിച്ചെറിഞ്ഞു
മൂർച്ചയുള്ളോരായുധം തേടി
എന്റെ കണ്ണുകൾ പായുന്നു.
...... ബിജു.ജി.നാഥ് വർക്കല


No comments:

Post a Comment