Saturday, February 13, 2016

ഡിബോറ ... സലിം അയ്യനേത്തിന്റെ കഥാ സമാഹാരം

സലിം അയ്യനേത്ത് . പ്രവാസിയായ ഒരു എഴുത്തുകാരന്‍..
 തന്റേതായ ശൈലിയില്‍ എഴുത്തിനെ വളരെ കാര്യഗൗരവത്തോടെ സമീപിക്കുന്ന ചെറുപ്പക്കാരന്‍ . ഡിബോറ എന്ന കഥാ സമാഹാരത്തെ സമീപിക്കുന്ന വായനക്കാരന്റെ കണ്ണുകളില്‍ ആദ്യം വീഴുക കഥാകാരന്റെ വായനക്കാരോടുള്ള പ്രതികരണങ്ങളെ എങ്ങനെ താന്‍ കാണുന്നു എന്ന താക്കീത് ആണ് . ഈ ധിഷണശാലിയുടെ വായനയെ സമീപിക്കുന്നവരെ മുന്‍കരുതല്‍ എടുക്കാന്‍ പ്രേരകമാക്കുന്ന ഒരു ഘടകവും /
സലിം അയ്യനെത്തിനെ വായിക്കുമ്പോള്‍ ഒരു ബൗദ്ധിക വിരുന്നു പ്രതീക്ഷിക്കരുത് . നാട്ടിന്‍ പുറത്തുകാരനായ ഒരു എഴുത്തുകാരന്റെ സാധാരണമായ എഴുത്തില്‍ , ലളിതമായ വാക്കുകളില്‍ വായനക്കാരന്‍ തൃപ്തനാകും . പറഞ്ഞു പഴകിയ കഥകള്‍ ആണ് പലതും ചിലതൊക്കെ പുതുമ അവകാശപ്പെടാനും കഴിയും . വ്യെക്തമായ പഠനങ്ങളും ഗൃഹപാഠവും ചെയ്തു എങ്കില്‍ നല്ലൊരു വായനാ തലം സൃഷ്ടിക്കാന്‍ കഴിഞ്ഞേനെ എന്ന് മനസിലാക്കാം കാതലായ ചില രചനകളില്‍ . എങ്കില്‍ തന്നെയും നമ്മുടെ വായനകളെ നമുക്ക് ഇഷ്ടമായ തലങ്ങളിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യം എഴുത്തുകാരന്‍ ഒരുക്കി വച്ചിരിക്കുന്നു ഓരോ രചനകളിലും എന്നത് വളരെ സന്തോഷകരമായ ഒരു വസ്തുതയാണ് .
ആഴമേറിയ ചില ചിന്തകളെയും. വരും കാലത്തിനെയും. രാഷ്ട്രീയ സാമൂഹിക ചിന്തകളെയും കൊരുത്തു വച്ചിരിക്കുന്നുണ്ട് പലയിടങ്ങളിലായി .
'ഉറക്കത്തിനും ഉണര്‍വ്വിനും ഇടയില്‍ സംഭവിച്ചവയാണ് തന്റെ എഴുത്തുകള്‍' എന്ന് കഥാകാരന്‍ തുടക്കത്തിലേ പറയുന്നുണ്ട് തന്റെ രചനകളെ കുറിച്ച് . പക്ഷെ ആ ഭ്രമാത്മക ചിന്തകള്‍ തികഞ്ഞ ബോധത്തില്‍ നിന്നും തന്നെയാണ് ഉണ്ടാകുന്നത് എന്ന് വായനക്കാരന്‍ തിരിച്ചറിയുന്നിടത്തു എഴുത്തുകാരന്‍ പരാജയവും വായനക്കാരന്‍ വിജയവും ആകുന്നു എന്നത് ഡിബോറയ്ക്ക് അവകാശപ്പെടാന്‍ ഉള്ള ഒരു മേന്മയാകുന്നു .
കൈരളി ബുക്സ് പ്രസാധനം ചെയ്തിരിക്കുന്ന ഈ പുസ്തകത്തിന്‌ നൂറു രൂപ ആണ് മുഖ വില ഇട്ടിരിക്കുന്നത് മനോഹരമായ പുറംചട്ടയും പ്രിന്റിംഗ് എന്നിവയാലും നല്ലൊരു പുസ്തകം വായനക്കാരന് ലഭിക്കുന്നു .
കഥകളിലേക്ക് കടക്കുമ്പോള്‍ വായനക്കാരനെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നത് പ്രശസ്ത സാഹിത്യകാരനായ ശ്രീമാന്‍ ആലങ്കോട് ലീലാ കൃഷ്ണന്റെ അവതാരികയാണ് . അദ്ദേഹവും ആവര്‍ത്തിക്കുന്നത് ഒരു നിരൂപണം അല്ല വായിച്ചു പോകല്‍ ആണ് ഈ പുസ്തകം നിങ്ങളോട് ആവശ്യപ്പെടുന്നത് എന്നുതന്നെയാണ് . അകപ്പേജുകളില്‍ പതിന്നാലു കഥകള്‍ ആണ് വിന്യസിച്ചിരിക്കുന്നത് . ആദ്യം തന്നെ ടൈറ്റില്‍ പേരായ ഡിബോറ നമ്മെ സ്വാഗതം ചെയ്യുന്നു. തികച്ചും ഡിബോറ പ്രതിനിധാനം ചെയ്യുന്ന വിഷയം ശൂന്യാകാശത്തില്‍ ജീവിതം പറിച്ചു നടാന്‍ വേണ്ടി പാകപ്പെടുത്തി എടുക്കുന്ന കുടുംബങ്ങളില്‍ ഒന്നിലെ ഒരു പെണ്‍കുട്ടിയുടെ ജീവിതവും പ്രണയവും ദുരന്തവാഹിയായ അവസാനവും ആണ് . ജലത്തിന്റെ ദൌര്‍ലഭ്യം മുന്നില്‍ കണ്ടുകൊണ്ടു മനുഷ്യന്‍ വരും കാലങ്ങളില്‍ അന്യഗ്രഹങ്ങളില്‍ ജീവിതം കരുപ്പിടിപ്പിക്കും എന്ന ശാസ്ത്രത്തിന്റെ മുന്കാഴ്ച്ചയെ ആണ് കഥാകാരന്‍ ഇവിടെ കൂട്ടുപിടിക്കുന്നത് . ആകാശത്തോളം ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ മാത്രം ജീവിക്കുന്ന ഒരു സമൂഹം . അവര്‍ ഒരിക്കലും മണ്ണിനെ സ്പര്‍ശിക്കുന്നില്ല . അവരുടെ സഞ്ചാരം കോപ്ടറുകളിലും  സ്പേസ് ക്രൂയിസിലും മാത്രം , നിലം തൊടാത്ത റോഡുകള്‍ , ഇലക്ട്രോണിക് സംവിധാനങ്ങള്‍ നിറഞ്ഞ കെട്ടിടങ്ങള്‍ , ഡിബോറ എന്ന നായികയുടെ അമ്മയുടെ ശവകുടീരം പോലും ഈ സംവിധാനങ്ങള്‍ നിറഞ്ഞ ഒരു കാഴ്ച ആണ് . അവിടെ ഭൂമിയിലെ പുഷ്പങ്ങള്‍ ഇന്ന് വലിയ വില കൊടുക്കേണ്ട ഒരു വസ്തുത ആണെന്ന വാക്ക് തന്നെ ഭൂമിയില്‍ സംഭവിക്കാവുന്ന ദുരന്തചിത്രത്തെ കാണിക്കുന്നുണ്ട് . ആ ലോകത്തില്‍ പക്ഷെ ഫിക്ഷന്‍ കഥകളെ അനുസ്മരിപ്പിക്കാന്‍ വേണ്ടി മാത്രം കോടികള്‍ നിമിഷങ്ങള്‍ക്ക് വിലയുള്ള ഡിബോറയുടെ പിതാവിന്റെ ശത്രുക്കളെ സൃഷ്ടിക്കുകയും അവരുടെ ഒരു ആക്രമണ ശ്രമത്തിനിടയില്‍ ഡിബോറയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും അവള്‍ പ്രണയിക്കുന്ന (എല്ലാ പ്രണയ കഥകളിലും നായകന്‍ പാവപ്പെട്ടവനും നായിക പണക്കാരിയും ആകുന്ന സ്ഥിരം ശൈലി ഇതിലും കാണാം ) കോപ്ടര്‍ പൈലറ്റിനെ ജീവിതത്തോടുള്ള വിരക്തിയും , പ്രണയം പൂവിടില്ല എന്ന മനോവിഷമവും കൊണ്ട് നാശം വരട്ടെ എന്നുള്ള ചിന്തയാല്‍  ചുംബിക്കുകയും അയാള്‍ കോപ്ടര്‍ നിയന്ത്രിക്കാന്‍ കഴിയാതെ അത് തകര്‍ന്നു ആകാശത്ത് തന്നെ ഒരു അഗ്നിഗോളമായി അവര്‍ തീരുകയും ചെയ്യുന്നത് ആണ് കഥ . നെറ്റില്‍ നിന്നും ഭൂമിയെ കണ്ടും സ്നേഹിച്ചും കഴിയുന്ന ഡിബോറയില്‍ കൂടി മണ്ണിന്റെ സ്പന്ദനം കൊതിക്കുന്ന മനുഷ്യന്റെ മനസ്സിനെ വരയ്ക്കാന്‍ കഥാകൃത്ത് ശ്രമിക്കുന്നുണ്ട് . ഒരുപാട് പാളിച്ചകള്‍ ഇവയിലെ കാലഘടനയിലും മറ്റും വായിച്ചെടുക്കാം എങ്കിലും ആശയം കൊണ്ട് മുന്നിട്ടു നില്‍ക്കുന്നുണ്ട് ഈ കഥ .
തുടര്‍ന്ന് വരുന്ന കൊശവത്തിക്കുന്നു എന്ന കഥ പ്രതിനിധാനം ചെയ്യുന്നത് ഒരു സാമൂഹിക വിഷയം ആണ് . അന്യം നിന്ന് പോകുന്ന ഒരു കുലത്തൊഴില്‍ ആയ മണ്‍പാത്ര നിര്‍മ്മാണവും അത് കുലത്തൊഴിലാക്കിയ ജനതയുടെയും കഥ ആണ് ഇതില്‍ പറയാന്‍ ശ്രമിക്കുന്നത് . വനജ എന്ന കു
കൊശവത്തി പെണ്ണും അവളിലൂടെ അനാവൃതമാകുന്ന കൊശവത്തിക്കുന്നും ആണ് ഇതിവൃത്തം . ഇവിടെ കൗമാരക്കാരന് കൊശവത്തി പെണ്ണിന്റെ അഴകുടലിനോട് തോന്നുന്ന അഭിനിവേശം പ്രണയം ആണോ എന്ന തെറ്റിദ്ധാരണ നായകനില്‍ തന്നെ ഉണ്ടാകുന്നുണ്ട് . തനിക്കും വനജയ്ക്കും ഇടയില്‍ എന്തായിരുന്നു എന്ന ഒരു ചിന്ത കൊടുത്തു ആ ഉടലിന്റെ ദാഹത്തെ പ്രണയം ആയി മാറ്റുവാന്‍ ഉള്ള വൃഥാ ശ്രമം ആയി അത് കാണേണ്ടി ഇരിക്കുന്നു . വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കമ്പനിയുടെ മാനേജരായി കൊശവത്തിക്കുന്നിലേക്ക് അയാള്‍ തിരഞ്ഞു വരുന്നത് അതെ വനജയെ ആണ് . പക്ഷെ അപ്പോഴേക്കും കൊശവത്തിക്കുന്നിലെ മണ്ണ് ചുവന്നു കഴിഞ്ഞിരുന്നു . തൊഴില്‍ നഷ്‌ടമായ കുടുംബങ്ങള്‍ ശരീരം വില്‍പ്പന കൊണ്ട് അന്നം തേടുന്ന അവസ്ഥയിലേക്ക് അവിടം മാറിക്കഴിഞ്ഞു . അവിടെ നിന്നും വനജയെയും മകളെയും രക്ഷിച്ചു കൊണ്ട് അയാള്‍ പോകുന്നിടത്ത് കഥ അവസാനിക്കുന്നു . കുലത്തൊഴില്‍ നഷ്ടമാകുന്ന സമൂഹങ്ങള്‍ ഒക്കെയും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു പോകുന്നുവെന്നും അവരൊക്കെയും ശരീരം വില്‍ക്കുന്ന രീതിയിലേക്ക് ജീവിതത്തെ സമരസപ്പെടുത്തുന്നു എന്നുമുള്ള കാഴ്ചപ്പാട് ആധുനികം അല്ല എന്നൊരു പോരായ്മ ഇതില്‍ വായിക്കപ്പെടുന്നുണ്ട്‌ .
തുടര്‍ന്ന്‍ വരുന്നതു മൂസാട് എന്നൊരു കഥയാണ് . ഇതില്‍ കഥാപാത്രമാകുന്നത് ഒരാടു ആണെങ്കിലും അത് പ്രതിനിധാനം ചെയ്യുന്നത് മനുഷ്യ ജീവിതം തന്നെയാണ് . ഹാജിയുടെ മകള്‍ ബൂഷറയും അമീറും കുട്ടിക്കാലം മുതലേ ഉരുത്തിരിഞ്ഞു വന്ന ഒരു അടുപ്പവും പ്രണയവും ഹാജിയാര്‍ വളര്‍ത്തുന്ന ആട്ടിന്കുട്ടികളിലൂടെ കാണിക്കുകയും ഒടുവില്‍ ഒരുനാള്‍ ആ ആട്ടിന്‍കുട്ടിയെ ഉള്ളാളിലേക്ക് പള്ളിക്ക് ഇരുത്തുകയും ചെയ്യുന്നതും തിരികെ അവിടെയ്ക്ക് തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം എത്തുന്ന ആ ആടിന്റെ കഴുത്തിലെ സഞ്ചിയിലെ നേര്ച്ച പണം ഹാജിയാര്‍ പച്ചില കാണിച്ചു വശത്താക്കുകയും ബൂഷറ കാണുമ്പോള്‍ ആടിനെ തല്ലിയോടിക്കുന്നതും പിന്നൊരു നാളില്‍ ആ ആടിനെ തെരുവില്‍ ഹാജിയും കൂട്ടരും കൂടി തല്ലിഇടുന്നതും ഹാജിയില്‍ വസൂരിമാല ഉണ്ടാകുന്നതും ആണ് കഥയിലെ കാഴ്ച . കുടുംബത്തിലെ ബന്ധുവായ പയ്യനെ അന്യനാട്ടിലേക്ക് (ഇവിടെ ഉള്ളാള്‍ ഉപയോഗിക്കുന്ന പ്രതീകം വച്ച് സൗദി ആകാം .) അയക്കുന്നതും അവിടെ നിന്നും നിറയെ പണവും ആയി വന്നപ്പോള്‍ അവനെ ബൂഷറ എന്ന പച്ചില കാണിച്ചു പണം മുഴുവന്‍ വശത്താക്കുന്നതും ഒരുനാള്‍ അവന്‍ മകളുടെ അടുത്ത് പ്രണയനിമിഷങ്ങള്‍ പങ്കിടുന്നത് കണ്ട ഹാജിയും അനുയായികളും അവനെ തല്ലി അവശനാക്കി തെരുവില്‍ തള്ളുന്നതും പ്രതീകാത്മകമായി അവതരിപ്പിച്ചു . ഒടുവില്‍ ആത്മീയതയുടെ പുറം പാളി കൊണ്ട് കുറ്റബോധത്തിന്റെ രോഗ തന്തുക്കളെ വാരി വിതറി കഥയെ ശുഭാപര്യവസാനിയാക്കി കഥാകൃത്ത്‌ ആശ്വസിക്കുന്നു .
ഗന്ധകഭൂമി അലീനയോടു പറഞ്ഞത് എന്ന കഥയില്‍ നമുക്ക് കാണാന്‍ കഴിയുക സ്വവര്‍ഗ്ഗരതിയും ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളും ആണ് . അലീനയുടെ ഭര്‍ത്താവ് ജന്മനാ ഒരു സ്വവര്‍ഗ്ഗരതിയുടെ ആസ്വാദകന്‍ ആയിരുന്നില്ല എന്നു  കഥാകൃത്തിന്റെ വരികളില്‍ വായിക്കാന്‍ കഴിയുന്നുണ്ട്  . കുറച്ചു കാലം ജയിലില്‍ കിടക്കേണ്ടി വരുന്ന കാലത്തും അയാളില്‍ രതി വൈകൃതങ്ങള്‍ പരീക്ഷിക്കപ്പെടുമ്പോള്‍ പോലും അയാള്‍ അതിനെ കാണുന്നത് അറപ്പോടെ ആണെന്ന് വിവരിക്കുന്നതിലൂടെ അത് വ്യെക്തമാണ് . എങ്കിലും ജയിലില്‍ വച്ചു അയാള്‍ തന്റെ കാമം സഹതാടവുകാരനില്‍ തീര്‍ക്കുന്നതും ജയില്‍ ജീവിത കാലത്തില്‍ പരിചയിച്ച ആ ശീലം മൂലം ഭാര്യയോടും അയാള്‍ ഗുദഭോഗത്തില്‍ മാത്രം ആനന്ദം കണ്ടെത്തുന്നതും (സ്വവര്‍ഗ്ഗ രതി എന്നാല്‍ എന്തെന്ന വികലമായ ഒരു കാഴ്ചപ്പാട് ഇതില്‍ തന്നെ വെളിവാകുന്നു )പുരുഷന്മാരുമായി മാത്രം കൂടുതല്‍ കൂട്ട് കൂടുകയും അവരുമൊത്ത് അടച്ചിട്ട മുറികളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതും എല്ലാം വിവരിച്ചു കൊണ്ട് അലീന അയാളെ തിരികെ കിട്ടാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ തിരയുകയാണ് . സോദോം ഗോമെറയുടെ സിമിറ്റിക് മതങ്ങളുടെ വിവരണകഥകള്‍ കൂട്ടുപിടിച്ചുകൊണ്ട് അവിടെ തന്നെയാണ് അലീന അതിനുള്ള ഉത്തരം തേടുന്നതുമെന്നത് രസാവഹമായ ഒരു കാഴ്ചയാണ് . ഒടുവില്‍ സ്ത്രീയിലും പുരുഷനിലും ഉള്ള ആകര്‍ഷണത്തിന്റെ രസതന്ത്രം തിരിച്ചറിഞ്ഞു അവള്‍ തിരികെ പോകുന്നിടത്ത് കഥ തീരുന്നു . ഇവിടെ അലക്സ് എന്ന കഥാപാത്രം ഒരു പക്ഷെ ഇഷ്ടമില്ലാതിരുന്ന ആ രതി ബന്ധങ്ങളിലെയ്ക്ക് തിരിഞ്ഞു എങ്കില്‍ അതിനു കാരണം അലീനയില്‍ നിന്നുമുള്ള ലൈംഗിക ആകര്‍ഷണവും ബന്ധപ്പെടലുകളും അയാളില്‍ മാനസികമായ സംതൃപ്തി നല്‍കിയിരുന്നില്ല എന്നതാകം എന്നും അലീന അത് തിരിച്ചറിയുന്നതോടെ അയാള്‍ സ്വാഭാവിക രീതിയിലേക്ക് കടന്നു വരുന്നു എന്നും വായനക്കാരന് ആശിക്കാം . എന്നിരിക്കിലും സ്വവര്‍ഗ്ഗ രതിയും പ്രണയവും രണ്ടാണ് എന്നും , സ്വവര്‍ഗ്ഗ രതി ഒരു മാനസികഅസുഖം ആണ് എന്നുമൊക്കെയുള്ള മതപരമായ ചില സങ്കുചിത കാഴ്ചപ്പാടില്‍ കഥാകൃത്ത്‌ തളച്ചിടപ്പെടുന്ന കാഴ്ച വായനക്കാരനെ തെല്ലു ബുദ്ധിമുട്ടിച്ചേക്കാം.
ആല്‍മരങ്ങള്‍ തേടി എന്ന കഥയില്‍ ഒരു തട്ടുപൊളിപ്പന്‍ സിനിമാ കഥയുടെ ബീജം ആണ് പ്രധാനവായനയായി കാണുക . രണ്ടു മതങ്ങള്‍ അവയില്‍ പെട്ട കൂട്ടുകാര്‍ അവര്‍ക്കിടയിലെ ആത്മബന്ധം, ലഹള , കൂട്ടുകാരനെ രക്ഷിക്കല്‍ എന്നിവയൊക്കെ അതാണ്‌ വായനയില്‍ തെളിയുന്നതും . ഇവിടെ അല്പം വ്യെത്യേസ്തത കണ്ടെത്താന്‍ ശ്രമിക്കുന്നത് കഥയുടെ പാതിയെ ഗള്‍ഫിലേക്ക് പറിച്ചു നട്ടുകൊണ്ട് ആണ് . അവിടെയും ആഡംബരത്തിന്റെ ധൂര്‍ത്തിന്റെ ബാക്കി പത്രമായ ആത്മഹത്യയില്‍ കഥയെ അവസാനിപ്പിക്കുന്നു .
ഗോധ്രയിലെ വിളക്ക് മരങ്ങള്‍ എന്ന കഥ ഗുജറാത്ത് കലാപത്തിന്റെ കഥയാണ് . ഗുജറാത്തിയായ ഹിന്ദു യുവതിയെ വിവാഹം കഴിച്ച സുലൈമാന്റെ കഥ . കലാപത്തില്‍ ഭാര്യയും മക്കളും നഷ്ടപ്പെട്ടു മാനസികമായി തകര്‍ന്നുപോയ അയാള്‍  നാട്ടില്‍ വന്നു ബന്ധുക്കളെ കണ്ടു തിരികെ പോകുന്നതും അയാളെ വീണ്ടും തിരികെ കൊണ്ട് വരാന്‍ നായകന്‍ അവിടെയ്ക്ക് പോകുന്നതും അവിടെ കാണുന്ന കലപാത്തിന്റെ ബാക്കി പത്രങ്ങളുടെ കാഴ്ചകളുടെ വിവരണവും ആണ് കഥയില്‍ നിറയുന്നത് . ഒടുവില്‍ സുലൈമാനെ തിരഞ്ഞു ഒരു സന്യാസിയുടെ അടുത്തെത്തുന്നതും അയാള്‍ ഒരു മന്ദസ്മിതത്തിലൂടെ നായകനെ യാത്രയാക്കുന്നതും കഥയെ പൂര്‍ണ്ണമാക്കുന്നു. കലാപവും അത് മുറിവേല്‍പ്പിച്ച മനസ്സുകളും കലാപകാരികളും തമ്മിലുള്ള സ്പര്‍ദ്ധയും അകല്‍ച്ചയും അവരെ തന്നെ തമ്മില്‍ അടുപ്പിച്ചു കൊണ്ട് ഇല്ലാതാക്കി സമാധാനം എന്നാല്‍ സന്യാസം എന്ന അബദ്ധ കാഴ്ചപ്പാടില്‍ കഥ അവസാനിപ്പിക്കുന്നതില്‍ പല പോരായ്മകളും ഉണ്ട് എന്നതും അവതരണത്തില്‍ ഇടയില്‍ കാലത്തിന്റെ തിക്കുമുട്ടലില്‍ വായനക്കാരന് പരിക്കേല്‍ക്കുന്നതും കഥയുടെ ഭദ്രതയെ ബാധിച്ചിരിക്കുന്നു .
കൂട്ടത്തില്‍ വ്യെത്യേസ്ഥത പുലര്‍ത്തിയ മറ്റൊരു കഥയാണ് ഉറുമ്പിന്‍ കൂട്ടത്തിലെ നക്ഷത്രങ്ങള്‍ . സ്കൂള്‍ വിട്ടു വന്ന ഒരു പെണ്‍കുട്ടിയെ ഒരു രാക്ഷ്ട്രീയ നേതാവ് കുറ്റിക്കാട്ടില്‍ വച്ച് പീഡിപ്പിച്ചു കൊല്ലുന്നതിനു സാക്ഷികളാകുന്ന ഉറുമ്പുകളുടെ മനോവിചാരങ്ങളിലൂടെ കടന്നു പോകുന്ന കഥ ഒടുവില്‍ നീതിപീഠം പോലും പണം കൊണ്ട് കാതുകള്‍ മൂടി അയാളെ വെറുതെ വിടുമ്പോള്‍ പ്രതികാരദാഹത്താല്‍ കൂട്ടത്തില്‍ മുതിര്‍ന്ന വിപ്ലവചിന്തയുള്ള ഉറുമ്പ് അയാളുടെ മസ്തിഷ്കത്തില്‍ പ്രവേശിച്ചു അയാളെ വാഹനാപകടത്തില്‍ കൊല്ലുന്നതും ആയ ഒരു കഥ . പ്രതികരിക്കാന്‍ കഴിയാത്ത ജനതയെ ഉറുമ്പായി ചിത്രീകരിക്കുകയും അടിച്ചമര്‍ത്തപ്പെട്ട അവരില്‍ ഒടുവില്‍ നീതിപീഠം പോലും തങ്ങള്‍ക്ക് കാവല്‍ അല്ല എന്ന തിരിച്ചറിവില്‍ സ്വയം നിയമം കയ്യിലെടുത്തു നീതി നടപ്പിലാക്കാന്‍ ഉള്ള ശ്രമവും അതിനു വിപ്ലവപ്രസ്ഥാനത്തിന്റെ നിറവും കൊടുത്തു കഥയെ അവസാനിപ്പിക്കുമ്പോള്‍ കഥാകാരന്റെ മനസ്സില്‍ ഉണ്ടായ വികാരം പൊതു ജനങ്ങളില്‍ സാധാരണയായി ഉണ്ടാകുന്ന 'എങ്കില്‍ അവരെ നാം തെരുവില്‍ വിചാരണ ചെയ്തു തൂക്കിക്കൊല്ലാം' എന്ന ചിന്ത മാത്രമായപ്പോള്‍ എഴുത്തുകാരന്‍ വെറും വികാരജീവി ആയി മാറുന്ന കാഴ്ച കാണാന്‍ കഴിയുന്നു .
നിഴല്‍ക്കുത്ത് എന്ന കഥ ഇവന്റ് മാനേജ്മെന്റുകള്‍ ഇന്നത്തെ വിവാഹ അടിയന്തിര ചടങ്ങുകളെ പോലും ഏറ്റെടുക്കുന്ന ചിത്രം വരയ്ക്കുന്നു . മകളുടെ കല്യാണത്തിന് വെറും ക്ഷണിതാവ് ആയി വന്നു നില്‍ക്കുകയും പാവയെ പോലെ ചിലര്‍ പറയുന്നത് അനുസരിച്ച് ചലിക്കേണ്ടി വരികയും ഒടുവില്‍ അവര്‍ പറയുന്ന തുക നല്‍കിയില്ലെങ്കില്‍ വിവാഹമോചനവും അവര്‍ തന്നെ നടത്തി തരും എന്ന ഭീക്ഷണിയില്‍ തളരുകയും ചെയ്യുന്ന ഒരു വ്യെക്തിയെ കാണിച്ചു തരുന്നു . ഇവിടെ കാലത്തിനൊത്തു മാറാന്‍ കഴിയാത്ത ഒരു വ്യെക്തി ആണ് നായകന്‍ . പക്ഷെ അയാള്‍ ആധുനികതലത്തിലെ എല്ലാം ആസ്വദിക്കാന്‍ തയ്യാറെടുക്കുകയും ഒടുവില്‍ ബില്‍അടയ്ക്കാന്‍ ഉള്ള എസ് എം എസ് കിട്ടുമ്പോള്‍ തളരുകയും ചെയ്യുന്നത് എന്ത് കൊണ്ടെന്നു മനസ്സിലാകാതെ പോകുന്നു . കാരണം അയാള്‍ ഒപ്പിട്ട കരാര്‍ അവര്‍ അയാളെ കാണിക്കുന്നുണ്ട് . അതിനര്‍ത്ഥം അയാള്‍ക്ക് അറിയാം എത്രയാണ് തുകയെന്നും മറ്റും. അത് ഉറപ്പിക്കുമ്പോള്‍ ആ തുകയും അയാള്‍ കണ്ടിരിക്കണം എന്നാണല്ലോ . കഥയിലെ അവ്യെക്തത മൂലം അത് ശരിക്കും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാല്‍ കഥ പറയാന്‍ ശ്രമിച്ച വിഷയം വേണ്ട രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
പ്രണയ ഗുളിക എന്നൊരു സങ്കല്പം പേറുന്ന ശാസ്ത്രം പ്രണയിക്കുമ്പോള്‍  എന്ന കഥ മറ്റൊരു ഫിക്ഷന്‍ തലത്തില്‍ നമ്മെ കൊണ്ട് പോകുന്നുണ്ട് . ഇന്നത്തെ സമൂഹത്തിനു പ്രണയം നഷ്ടമാകുന്നു എന്നും അത് പുതിയ തലമുറയുടെ അപചയമാണെന്നും പറയുന്ന കഥയില്‍ പ്രണയം ഉണ്ടാകാന്‍ ഉള്ള ഗുളിക തേടുന്ന യുവത്വത്തെയും കാണാന്‍ കഴിയുന്നു . ഒന്നിച്ചു കിടന്ന കട്ടിലുകള്‍ രണ്ടായി അകന്നു പോകുന്ന കിടപ്പറകള്‍ പ്രണയരാഹിത്യത്തിന്റെ വളരെ നല്ലൊരു ചിത്രം കാട്ടി തരുന്നു .
ഫ്രീകോള്‍ മാമാങ്കം  എന്ന കഥ പ്രതിനിധാനം ചെയ്യുന്നത് പ്രവാസികളുടെ വിഷയം ആണ് . പ്രവാസത്തില്‍ ഉറ്റവരെയും ഉടയവരെയും ബന്ധം നിലനിര്‍ത്താന്‍ വേണ്ടി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന പ്രവാസികളുടെ ഒരു പ്രതിനിധി . അയാളുടെ പ്രശ്നം അയാളെ ആരും ഭാര്യ പോലും മനസ്സിലാക്കുന്നില്ല എന്നതാണ് . ഓരോ പ്രവാസിയും തന്റെ തൊഴില്‍ സമയം കഴിഞ്ഞാല്‍ ചിലവഴിക്കുന്നത് തന്റെ കുടുംബത്തെക്കുറിച്ച് ചിന്തിക്കാന്‍ ആണ് . അവര്‍ അകലെ ആയതിനാല്‍ തന്റെ പ്രാധാന്യം അവര്‍ക്കിടയില്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ അവന്‍ മനസ്സുകൊണ്ട് ഉറപ്പിക്കുന്നത് ആണ് വിളിയിലൂടെ തന്റെ സാന്നിധ്യം . അത് പക്ഷെ അവര്‍ക്ക് മനസ്സിലാകണം എന്നില്ല . ഇതുപോലെ തന്നെയാണ് അന്യനാടുകളില്‍ മലയാളി സൂക്ഷിക്കുന്ന സഹജീവി സ്നേഹം അവയെ ചൂഷണം ചെയ്യപ്പെടുക എന്നിവ അതാണ്‌ ഒരു N70 സീരിസ് മോഷണം എന്ന കഥ . വഴിവക്കില്‍ സഹായം ചോദിക്കുന്നവരെ സഹായിച്ചു പോകുന്നു എന്നൊരു തെറ്റ് മാത്രമാണ് അവനില്‍ നിന്നും ഉണ്ടാകുന്നത് . അവന്റെ സഹായത്തെ തട്ടിപ്പറിച്ചു കടന്നു കളയുന്ന സ്വദേശികളോ അതുപോലുള്ള അന്യരാജ്യക്കാരോ ബോധപൂര്‍വ്വം അല്ലെങ്കിലും ചെയ്യുന്നത് മലയാളിയില്‍ അവശേഷിക്കുന്ന ആ സഹായമനസ്സിനെ തന്നെയാണ് എന്ന് നമുക്ക് വായിച്ചെടുക്കാം .
വാകമരങ്ങള്‍ പൂത്ത ഇടവഴികള്‍ എന്ന കഥ നമുക്ക് കാട്ടിത്തരുന്നത്‌ നമ്മുടെ തന്നെ പരിചിതമായ സാമൂഹ്യതലത്തെയാണ് . ഓരോ സമൂഹത്തിനും ഇടയില്‍ ഒരു വിജയന്‍ ഉണ്ട് . ബുദ്ധി വളര്‍ച്ച ഇല്ലാതെ പോയ ഒരു മനുഷ്യന്‍ കല്യാണങ്ങള്‍ , അടിയന്തിരങ്ങള്‍ തുടങ്ങി ഏതു സ്ഥലത്തും നമുക്ക് കാണാന്‍ കഴിയുന്നുണ്ട് . ജനങ്ങളുടെ , നാട്ടുകാരുടെ , കുട്ടികളുടെ ഒക്കെ പരിഹാസങ്ങള്‍ ഏറ്റു വാങ്ങി അവര്‍ക്കിടയിലൂടെ പരിഭവിച്ചും ചിരിച്ചും കരഞ്ഞും കടന്നു പോകുന്ന അത്തരം കഥാപാത്രങ്ങള്‍ ചിലപ്പോഴൊക്കെ പല സംഭവങ്ങള്‍ക്കും മൂക സാക്ഷികള്‍ ആകാറുണ്ട് . ഒരു ദുരന്തമായി പലപ്പോഴും അവരുടെ ജീവിതം അവസാനിക്കുമെങ്കിലും അതൊരു അപകടമരണമായോ മറ്റോ നാം അവഗണിക്കുക ആണ് പതിവ് . അതുകൊണ്ട് തന്നെയാണ് വിധ്വംസക പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ കൈബോംബ്  എടുത്തു നോക്കിയതു വഴി വിജയന്‍ ചിതറിത്തെറിക്കുന്നതും . വളരെ നല്ലൊരു എഴുത്ത് ആയി ഇതിനെ കാണാന്‍ കഴിഞ്ഞു.
ശബ്നം എന്ന കഥ പ്രതിനിധാനം ചെയ്തത് ഗ്രാമീണ മനസ്സിലെ പ്രണയം ആണ് . കുട്ടിത്ത്വം മാറാത്ത പിള്ളേരെ ചില ചേച്ചിമാര്‍ പണ്ടൊക്കെ( ഇന്നും ഉണ്ടോ എന്നറിയില്ല) തൊട്ടും തലോടിയും ചെറിയതോ വലിയതോ ആയ സുഖങ്ങള്‍ നല്‍കിയും തങ്ങളുടെ ഹംസങ്ങള്‍ ആക്കി വയ്ക്കുന്ന നാടന്‍ കാഴ്ചയും അത്തരം ബന്ധങ്ങളില്‍ നിന്നും തെറ്റിദ്ധാരണ മൂലം അവയെ മറ്റൊരു കാഴ്ചയായി (തന്നോടുള്ള പ്രണയം ) കരുതുകയും ചെയ്യുന്ന ചില ബിംബങ്ങളും ആ കഥയില്‍  വായിച്ചെടുക്കാന്‍ കഴിയുന്നു
വെള്ളച്ചാമി എന്ന കഥ അല്പം ഗൌരവപരമായ ഒരു എഴുത്ത് ആയിരുന്നു എന്ന് കാണാം . രാഷ്ട്രീയ സാമൂഹിക ഇടപെടലുകള്‍ അതില്‍ വായിച്ചു പോകാം . ബ്രിട്ടീഷ് ഭരണ കാലത്തെ ഒരു കഥയാണ് ഇത് . പലപ്പോഴും കഥകള്‍ യഥാര്‍ത്ഥ സംഭവങ്ങളുടെ രേഖാ ചിത്രങ്ങളും ആകുന്നു എന്നതിനാല്‍ വെറും കഥയായി കാണാന്‍ കഴിയില്ല ഇതിനെ . ഡാം നിര്‍മ്മാണവും അതിന്റെ നിര്‍മ്മാണത്തൊഴിലാളികളും അവര്‍ക്കിടയിലെ പ്രണയവും ഒക്കെ ഉണ്ട് എങ്കിലും കാതലായ വശം ഇത്തരം വലിയ നിര്‍മ്മാണങ്ങളില്‍ ഒക്കെ നിര്‍ണ്ണായകമായ ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നത്‌ തൊഴിലാളികളില്‍ നിന്നോ ഗ്രാമീണരില്‍ നിന്നോ ഉള്ള ഒരാളില്‍ നിന്നൊക്കെ ആകാം . പക്ഷെ വിഗ്രഹം നിര്‍മ്മിക്കും വരെ മാത്രം അതിന്റെ അധികാരി ആകുന്ന ശില്പിയെ പോലെ നിര്‍മ്മാണം കഴിയുമ്പോള്‍ അതിനു സഹായകമായ ആ പേര് നശിപ്പിച്ചു കളയുക ഒരു കീഴ്വഴക്കം പോലെ തുടരുന്നുണ്ട് ഇന്നും. ഇത്തരത്തില്‍ വെള്ളച്ചാമിയെ ബ്രിട്ടീഷുകാര്‍ തങ്ങളുടെ ഡാമിന്റെ നിര്‍മ്മാണപ്രവര്‍ത്തി കഴിയുമ്പോള്‍ അതിന്റെ അസ്ഥിവാരത്തില്‍ കരുതികൊടുത്തുകൊണ്ട് തങ്ങളുടെ ആധിപത്യവും പ്രശസ്തിയും നിലനിര്‍ത്തുന്നതും മറ്റും ഒരു നല്ല വായന നല്‍കുന്നുണ്ട് . ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ നടാടെ അല്ല എന്നതാണ് ഇതിന്റെ വായനയിലെ വാസ്തവികതയും .
എഴുത്തിന്റെ ലോകത്ത് നല്ലൊരു വാഗ്ദാനം ആണ് സലിം അയ്യനേത്ത് . ഇനിയും കൂടുതല്‍ പുസ്തകങ്ങള്‍ ഈ എഴുത്തുകാരനില്‍ നിന്നും ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

1 comment:

  1. പുസ്തകം പരിചയപ്പെടുത്തിയത് നന്നായി.
    ആശംസകള്‍

    ReplyDelete