Tuesday, August 4, 2015

ടാഗോറിന്റെ 120 കവിതകള്‍....ലിസ്സി jekkob

എന്റെ വായനയുടെ ആകാശം വളര്‍ന്നു കൊണ്ടിരിക്കുന്നു . എന്റെ സന്തോഷവും . ഇന്നെനിക്കു വായിക്കാന്‍ കഴിഞ്ഞത് വിശ്വ പ്രസിദ്ധനായ രവീന്ദ്ര നാഥ ടാഗോറിന്റെ 120 കവിതകളുടെ മലയാള വിവര്‍ത്തനം ആണ് . ആകാശ നൗകയില്‍ ഇരുന്നു ആണ് ഞാനീ പുസ്തകം വായിച്ചു തീര്‍ത്തത് എന്നത് എന്റെ യാത്രയുടെ മടുപ്പിനെ ഇല്ലാതാക്കുകയും സന്തോഷപ്രദമാക്കുകയും ചെയ്തു.  “ ടാഗോറിന്റെ 120 കവിതകള്‍” എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത് ‘ശ്രീമതി ലിസ്സി ജേക്കബ് ‘ ആണ് . ടാഗോറിനെ പരിചയപ്പെടുത്തേണ്ട ആവശ്യകത ഒട്ടും തന്നെയില്ലാ എന്നതിനാല്‍ തന്നെ ഞാനാ സാഹസത്തിനു മുതിരുന്നില്ല. ആരാണ് ലിസ്സി ജേക്കബ് എന്നറിയാന്‍ താല്പര്യം ഉള്ളവരുണ്ടാകും . കാരണം എനിക്കാ പേര് സുപരിചിതം അല്ലായിരുന്നു ഈ വായന വരെ . പക്ഷെ ഈ വായനയോടെ ആ പേര് എനിക്ക് സുപരിചിതം ആയി എന്നതാണ് വാസ്തവം .
1948 ല്‍ തിരുവനന്തപുരത്ത് ജനിച്ച ശ്രീമതി ലിസ്സി ജേക്കബ് പ്രഗല്‍ഭ അദ്ധ്യാപകനായിരുന്ന ശ്രീ എന്‍ ജെ ജോര്‍ജ്ജിന്റെ മകള്‍ ആണ് . രസതന്ത്രത്തില്‍ ബിരുദാനന്ദ ബിരുദം ഉള്ള ശ്രീമതി ലിസ്സി ഇന്ത്യന്‍ അട്മിനിസ്ട്രെടീവ് സര്‍വ്വീസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . കോട്ടയം ജില്ലാ കളക്ടര്‍ , പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രെട്ടറി , കേന്ദ്രഗവണ്മെന്റിന്റെ വ്യെവസായ മന്ത്രാലയം ഡയരക്ടര്‍ , കേന്ദ്രീയ വിദ്യാലയ കമ്മീഷണര്‍ , ആഭ്യന്തര വകുപ് സെക്രട്ടറി തുടങ്ങിയ വകുപ്പുകളില്‍ സേവനം ചെയ്ത് ചീഫ് സെക്രെട്ടറി ആയി വിരമിച്ചു . മുന്‍ ചീഫ് സെക്രെട്ടറി ബാബു ജേക്കബിന്റെ ഭാര്യ യാണ് . എന്‍ ജെ ജോര്‍ജ്ജ് :ധന്യ സ്മരണകള്‍ എന്ന സമാഹാരം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചത് കൂടാതെ  ടാഗോറിന്റെ സ്ട്രെബേര്‍ഡ്സ് (അലഞ്ഞു തിരിയുന്ന പക്ഷികള്‍ ), ഫയര്‍ ഫ്ലൈസ് ( മിന്നാമിനുങ്ങുകള്‍ ) , ഫ്രൂട്ട് ഗാദറിംഗ് (ഫലശേഖരണം ), ഗാര്‍ഡിനര്‍ (ഉദ്യാനപാലകന്‍ ) എന്നിവ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേരി ക്യൂറി : അതുല്യ പ്രതിഭ എന്ന ജീവ ചരിത്രവും , മതിലുകളുടെ നിര്‍മ്മാണ ഭംഗിയെപ്പറ്റി മതിലുകള്‍ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
കവിതയുടെ പുനര്‍ജ്ജനി എന്ന തലക്കെട്ടില്‍ ശ്രീ ജോര്‍ജ് ഓണക്കൂര്‍ വളരെ വിശദമായി അവതാരിക എഴുതിയ ഈ പുസ്തകം ആരും ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ക്കും എന്നത് അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് പറയാന്‍ കഴിയും . വളരെ നൈസര്‍ഗ്ഗികമായ ഒരു അനുഭൂതി തലത്തില്‍ നിര്‍ത്തി വായിച്ചു എടുക്കാന്‍ കഴിയും വിധത്തില്‍ ടാഗോറിന്റെ ആത്മാവിനെ അത് പോലെ വരച്ചിട്ടു കവിതകളില്‍ എന്നതാണ് ഈ വിവര്‍ത്തനത്തിന്റെ പ്രത്യേകത. വരികളുടെ ആത്മാംശം ചോര്‍ന്നു പോകാതെ ആസ്വാദനം നഷ്ടമാകാതെ വരച്ചിട്ട് പോകുന്ന ഈ പുസ്തകം ഓരോ പേജിലും ആ കുലീനത പുലര്‍ത്തി പോകുന്നു . മികച്ച എഡിറ്റിംഗ് , പദ പ്രയോഗങ്ങള്‍ എന്നിവ കൊണ്ട് സമ്പുഷ്ടം ആണ് ഈ വിവര്‍ത്തനം .
ടാഗോറിനെ വായിക്കുമ്പോള്‍ എനിക്ക് ഫീല്‍ ചെയ്ത ഒരു വസ്തുത പറയാതെ ടാഗോറിന്റെ വായനയെ ഞാന്‍ സമീപിച്ചു എന്ന് പറയാന്‍ എനിക്ക് കഴിയില്ല . ഒരു പക്ഷെ അത് മറ്റുള്ളവര്‍ അനുകൂലിക്കുമോ എന്ന വേവലാതി എനിക്കില്ല . ടാഗോര്‍ എഴുതിയത് എല്ലാം തന്നെ ദേശഭക്തിയും , രാജഭക്തിയും നിറഞ്ഞ വരികള്‍ ആണ് എന്നതില്‍ സംശയമില്ല എന്നാല്‍ സ്ത്രീകളോടുള്ള സമീപനം പലപ്പോഴും കണ്ടത് പുരുഷതലത്തിലെ മേധാ പ്രഭാവത്തില്‍ നിന്ന് മാത്രമാണ് എന്ന് ഞാന്‍ സംശയിക്കുന്നു . പ്രണയിനിയോട് ഉള്ള പ്രണയം ആയാലും സന്ദേശം ആയാലും കീഴടങ്ങി നില്‍ക്കേണ്ട ഒരു തലം , അതുപോലെ വഞ്ചിക്കപ്പെട്ട പുരുഷ മുഖം ആണ് പല പ്രണയ കവിതകളിലും ടാഗോര്‍ ഉപയോഗിച്ചിരിക്കുന്നത്  എന്ന് വായന തോന്നിപ്പിച്ചതില്‍ വരികള്‍ക്ക് പങ്കുണ്ട് .
എന്തായാലും ഈ പുസ്തകം വായന പ്രേമികള്‍ക്ക് നല്ലൊരു വിരുന്നു ആയിരിക്കും എന്നത് സംശയമില്ലാത്ത സംഗതി ആണ് . നിങ്ങള്‍ക്ക് വായനയ്ക്കും ചിന്തകള്‍ക്കും വേണ്ടി ഞാന്‍ ഈ വിവര്‍ത്തനം മുന്നില്‍ വയ്ക്കുന്നു ..............................................ബി ജി എന്‍ വര്‍ക്കല 

2 comments:

  1. ലിസി ജേക്കബിനെപ്പറ്റി മുമ്പെങ്ങോ ഒരു വാരാന്ത്യപ്പതിപ്പില്‍ വായിച്ചിട്ടുണ്ടെന്ന് ഓര്‍ക്കുന്നു. പുസ്തകത്തെപ്പറ്റി ആദ്യം കേള്‍ക്കുകയാണ്

    ReplyDelete