Saturday, November 28, 2015

കന്യാമഠത്തിലേക്കുള്ള ലില്ലിപ്പൂക്കള്‍....രമണി വേണുഗോപാല്‍

അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചാണ് അപ്രതീക്ഷിതമായി ഒരു എഴുത്തുകാരിയെ കാണുന്നത് . പരിചയപ്പെട്ടോ എന്ന് ചോദിച്ചാല്‍ ആ തിരക്കില്‍ അവര്‍ എന്നെ കണ്ടു അവരുടെ പുസ്തകം കയ്യോപ്പിട്ടു തന്നു എന്നതിനപ്പുറം അവരെന്നേ ഓര്‍ക്കുക കൂടിയുണ്ടാകില്ല . ആ എഴുത്തുകാരിയെ ആണ് ഞാന്‍ ഇന്ന് പരിചയപ്പെടുത്തുന്നത് . ശ്രീമതി രമണി വേണുഗോപാല്‍.
ഇന്ന് ഞാന്‍ വായിച്ചു തീര്‍ത്ത പുസ്തകം ആണ് "കന്യാമഠത്തിലേക്കുള്ള ലില്ലിപ്പൂക്കള്‍". ഈ പുസ്തകത്തില്‍ ഞാന്‍ ആദ്യം കണ്ട പ്രത്യേകത ഈ കഥാ സമാഹാരം മെയില്‍ ഒന്നാം പതിപ്പും ഒക്ടോബറില്‍ അതിന്റെ രണ്ടാം പതിപ്പും ഇറങ്ങി എന്നുള്ളതാണ് . ഒലീവ് പബ്ലിക്കേഷന്‍ പുറത്തിറക്കിയ ഈ കഥാസമാഹാരത്തിന്റെ വില 110രൂപ ആണ് . വളരെ മനോഹരമായ പുറം ചട്ടയും നല്ല അച്ചടിയും ഒക്കെ ആയി വളരെ നല്ലൊരു പുസ്തകം നല്ലൊരു വായന ഇത് നല്‍കി . ഡോ: ജോര്‍ജ്ജ് ഓണക്കൂര്‍ അവതാരിക എഴുതിയ ഈ പുസ്തകം പ്രമേയാവതരണം കൊണ്ടും പാത്ര സൃഷ്ടികളുടെ സൂക്ഷ്മതകൊണ്ടും വളരെ മികച്ച നിലവാരം പുലര്‍ത്തുന്നു .
പതിനാലു കഥകളുടെ ഒരു സമാഹാരം ആണ് ഇത് . പതിനാലു കഥകളും പതിനാലു സംഭവങ്ങള്‍ പോലെ ജീവിതങ്ങള്‍ പോലെ അനുഭവപ്പെട്ടു . ഇവയില്‍ പതിമ്മൂന്നെണ്ണവും പ്രതിനിധാനം ചെയ്തത് നമുക്കിടയിലെ സ്ത്രീകളെ തന്നെയായിരുന്നു എന്നതാണ് ഇതില്‍ കണ്ട മറ്റൊരു പ്രത്യേകത . സ്ത്രീയുടെ , ഭാര്യയുടെ , അമ്മയുടെ , പ്രണയിനിയുടെ , ഉദ്യോഗസ്ഥയുടെ തുടങ്ങി എല്ലാ മേഖലയിലും ഉള്ള പെണ്ണ്‍ ഇതില്‍ ഉണ്ട് . അവളുടെ ചിന്തകളും , നെടുവീര്‍പ്പുകളും ,വേദനയും വിങ്ങലും സന്തോഷവും പിടച്ചിലും എല്ലാം വളരെ മനോഹരമായി രമണി ഇതില്‍ പറഞ്ഞു പിടിപ്പിച്ചിരിക്കുന്നു . മനോഹരമായ ഭാഷ , അവതരണത്തിലെ സാധാരണത്വം , പാത്ര സൃഷ്ടിയിലെ സൂക്ഷ്മത , ചിന്തകളുടെ വ്യെതിയാനങ്ങള്‍ , എല്ലാം തന്നെ വളരെ നല്ല വായനയുടെ ഒരു ആഴം നമുക്ക് നല്‍കുന്നു . ചിന്തിച്ചു കാട് കയറാന്‍ വേണ്ടി ഒന്നുംതന്നെ രമണി എഴുതുന്നില്ല . വരച്ചിടുന്നതൊക്കെ നാം കണ്ടതോ അറിഞ്ഞതോ അനുഭവിക്കുന്നതോ ആണ് എന്നൊരു സവിശേഷത നമ്മെ ഉടനീളം രസിപ്പിക്കും .
സെല്‍ഫിയും , ഋഷ്യശ്രുംഗന്റെ അമ്മയും , 1125B യിലെ സ്ത്രീയും , സ്വാതന്ത്ര്യത്തിന്റെ സംഗീതവും , നുണയുടെ നാനാര്‍ത്വങ്ങളും ഒക്കെ നമ്മെ വായനയുടെ സുഖത്തിലേക്ക് കൈ പിടിച്ചു കയറ്റുന്ന എഴുത്തുകള്‍ ആണ് . തീര്‍ച്ചയായും വായിക്കേണ്ടുന്ന ഒരു പുസ്തകം ആണ് രമണി വേണു ഗോപാല്‍ നമുക്ക് നല്‍കുന്ന ഈ കഥാ സമാഹാരം . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

No comments:

Post a Comment