Sunday, November 15, 2015

എനിക്ക് ചുംബിക്കണം


എനിക്ക് ചുംബിക്കണം
നിന്‍ മൃദുകപോലത്തില്‍
എനിക്ക് ചുംബിക്കണം
ഒരു വിടന്റെ ചുംബനമല്ല
പ്രണയത്തിന്റെ അധരപാനമല്ല
രതിയുടെ ഉഷ്ണപകര്‍ച്ചയുമല്ല
അറിയാത്ത ദാഹത്തിന്റെ
പറയാന്‍ കഴിയാത്ത വികാരത്തിന്റെ
എഴുതാന്‍ മറക്കുന്ന പുഴയുടെ
ഒരു ചുംബനം .
അതെ
എനിക്ക് ചുംബിക്കണം .
ജീവന്റെ നീള്‍വഴികളില്‍
പ്രാണന്റെ പശിമ നഷ്ടപ്പെടുമ്പോഴും
വാക്കുകളുടയുന്ന മൗനം
നിന്നെ നോക്കി വിങ്ങുമ്പോഴും
എന്റെ ചുണ്ടുകള്‍ ദാഹിച്ചുകൊണ്ടേയിരിക്കും .
നീ നനയുന്ന മഴകളെ
നീ ശ്വസിക്കുന്ന വായുവെ
നിന്നില്‍ വിരിയുന്ന ഗന്ധത്തെ
എനിക്ക് ചുംബിക്കണം
പറയപ്പെടാത്ത വികാരമായി
എഴുതപ്പെടാത്ത ദാഹമായി
കാലത്തിനു അജ്ഞാതമായി
നീയെന്നില്‍ ഉണ്ടാകണം
കാരണം  എനിക്ക് നിന്നെ ചുംബിക്കണം .

---------------------ബിജു ജി നാഥ്

No comments:

Post a Comment