Friday, November 13, 2015

ഉടല്‍ രാഷ്ട്രീയം...ഹണി ഭാസ്കര്‍

എന്റെ ഇന്നത്തെ വായന , ഞാന്‍ പരിചയപ്പെടുത്തുന്ന നോവല്‍ ശ്രീമതി ഹണി ഭാസ്കര്‍ എഴുതിയ ഉടല്‍ രാഷ്ട്രീയം ആണ് . ഹണി ഭാസ്കര്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന അതുപോലെ യൂ ഏ യില്‍ അറിയപ്പെടുന്ന ഒരു യുവ എഴുത്തുകാരി ആണ് . ഹണിയുടെ നാലാമത്തെ പുസ്തകം ആണ് ഉടല്‍ രാഷ്ട്രീയം . ഗ്രീന്‍ ബുക്സ് പുറത്തിറക്കിയിരിക്കുന്ന ഈ നോവല്‍ മനോഹരമായ പുറം ചട്ട കൊണ്ടും നല്ല എഡിറ്റിംഗ് , ലേ ഔട്ട്‌ എന്നിവയും പ്രിന്റിംഗ് മേന്മ കൊണ്ടും നല്ല നിലവാരം പുലര്‍ത്തുന്നു . 140 രൂപ വിലയിട്ടിരിക്കുന്ന ഈ നോവല്‍ വായനാപ്രിയരായ എല്ലാപേര്‍ക്കും ഒരുപോലെ സ്വീകാര്യവും പ്രിയങ്കരവും ആയിരിക്കും എന്നത് ഉറപ്പ് .
ശ്രീ ഹണി സമകാലീന എഴുത്തുകാരുടെ കൂട്ടത്തില്‍ തന്റെ തുറന്ന ഇടപെടലുകളും പ്രതികരണങ്ങളും കൊണ്ട് തലയെടുപ്പോടെ നില്‍ക്കുന്ന ഒരു യുവ കഥാകാരി ആണ് .
എഴുത്തിന്റെ മേഖലയില്‍ പുതുമ അവകാശപ്പെടാന്‍ ഉള്ള ഒരു വായന ആണ് ഉടല്‍ രാഷ്ട്രീയം എന്നൊരു അഭിപ്രായം എനിക്കില്ല . പക്ഷെ വായനയില്‍ ഉടനീളം മനസ്സിനെ പിടിച്ചു നിര്‍ത്തുന്ന മുഹൂര്‍ത്തങ്ങള്‍ , മാനസിക പര്യടനങ്ങള്‍ , സാമൂഹിക ഇടപെടലുകള്‍ ദേശങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ചരിത്രങ്ങള്‍ എന്നിവ നമുക്കീ വായനയില്‍ ദര്‍ശിക്കാന്‍ കഴിയും .
എന്താണ് ഉടല്‍ രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്ന ചിന്ത എന്ന് ഒന്ന് പറഞ്ഞു പോകുന്നത് വായനയെ ഉള്‍ക്കൊള്ളാന്‍ സഹായിക്കും എന്ന് കരുതുന്നു . കഥാകാരി ജനിച്ചു വളര്‍ന്ന കണ്ണൂരിന്റെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും ആണ്  നോവലിലെ നായികയായ വേദ നമ്മുടെ മുന്നിലേക്ക് വരുന്നത് . നോവല്‍ മുന്നോട്ടു വയ്ക്കുന്ന വിഷയം സമൂഹത്തിലെ ചില ഇരുണ്ട വശങ്ങളുടെ നേര്‍ ചിത്രം കൂടിയാണ് . മാടമ്പി സംസ്കാരത്തിന്റെ ജീര്‍ണ്ണത , പഴയ തറവാടുകളുടെ , ജീവിതങ്ങളുടെ സ്പന്ദനങ്ങള്‍ ഒക്കെ നമുക്ക് കാട്ടി തരുന്നുണ്ട്.
സര്‍വ്വം സഹയാകുന്ന പഴയ ഭാര്യാചിഹ്നമായി വേദയുടെ അമ്മയും മാടമ്പിത്വത്തിന്റെ പരിശ്ചേദമായി അച്ഛനും നമുക്ക് വായിച്ചു എടുക്കാം . കേരള സമൂഹത്തിലെ കമ്യൂണിസ്റ്റ് വേരുകളുടെ തുടക്കത്തെ ദര്‍ശിക്കാന്‍ കഴിയുന്നുണ്ട് വായനയില്‍ . ജന്മിത്വ വ്യവസ്ഥിതിയും കീഴാള സമൂഹവും അവരുടെ ജീവിത നിലവാരങ്ങളും നോവലില്‍ വ്യക്തമായ് പറയുന്നുണ്ട് . മുറിവേറ്റ സ്ത്രീത്വത്തിന്റെ കുതറിമാറാന്‍ ഉള്ള ത്വര കഴിഞ്ഞ തലമുറയും ഈ തലമുറയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് മനസ്സിലാക്കാന്‍ കഥാകാരി വേദ , വേദയുടെ അമ്മ , നളിനി എന്ന റേച്ചല്‍ മാര്‍ഗരറ്റ് എന്നിവരില്‍ കൂടി വ്യക്തമാക്കുന്നുണ്ട് .
കമ്മ്യൂണിസം നല്‍കുന്ന മാറ്റങ്ങളുടെ കാറ്റ് കോളനി ജീവിതത്തില്‍ നിന്നും തന്റെ തന്നെ രക്തത്തെ ഉയര്‍ന്ന വിദ്യാഭ്യാസരീതിയിലൂടെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ട് വരുവാന്‍ ഉള്ള തീവ്രമായ ശ്രമം വേദ അനുവര്‍ത്തിക്കുന്നത് ഒരു കാലഘട്ടത്തെ ആ ആശയം എങ്ങനെ ആഴത്തില്‍ സ്പര്‍ശിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍ സഹായിക്കും .കേരളത്തിന്‌ ഒപ്പം തന്നെ പോളണ്ടും ഫാസിസവും റഷ്യന്‍ പ്രതിരോധവും ഒക്കെ നമ്മുടെ മനസ്സിലേക്ക് മറവിയില്‍ അടക്കം ചെയ്യുന്ന ചരിത്രങ്ങളുടെ ചിത്രങ്ങള്‍ തിരികെ പിടിപ്പിക്കാന്‍ സഹായിക്കുന്നു .
ഇവയിലെല്ലാം കടന്നു പോകാന്‍ നമുക്ക് ചാലകമായി വര്‍ത്തിക്കുന്ന ഒരു കണ്ണി മാത്രമാകുന്നു വേദ ഈ നോവലില്‍ . തന്റെ അസ്ഥിത്വം നഷ്ടമാകുന്ന ബാല്യത്തില്‍ നിന്നും അനിശ്ചിതത്വം നിറഞ്ഞ കൗമാരത്തില്‍ എത്തുമ്പോള്‍ ഒരു പെണ്‍കുട്ടിക്ക് കുടുംബത്തിലും പ്രത്യേകിച്ച് പിതൃത്വം പോലും സംശയിക്കപ്പെടുന്ന ഒരു കാലാവസ്ഥയില്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങള്‍ വേദയിലൂടെ എഴുത്തുകാരി വെളിവാക്കുന്നു . ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി പോകുന്ന വേദ താന്‍ പരിചരിക്കുന്ന സാഹചര്യങ്ങളെ എങ്ങനെ നോക്കി കാണുന്നു എന്നതും തന്റെ പ്രണയത്തെ എങ്ങനെ മറവിയിലേക്ക് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതും മനോഹരമായി പറഞ്ഞു നോവലില്‍ .
സ്വത്വത്തെ കുടഞ്ഞെറിയാന്‍ ഉള്ള ത്വരയില്‍ നിന്നും മദ്യശാലയിലേക്ക് ചുവടു വച്ച ആ ദിനത്തെ സ്വാതന്ത്ര്യം കൊതിക്കുന്ന സ്ത്രീയുടെ മനസ്സിനെ വെളിവാക്കാന്‍ ഉള്ള ഒരു മാര്‍ഗ്ഗമായി കാണാന്‍ അത് കൊണ്ട് തന്നെ വളരെ എളുപ്പം സാധിക്കുന്നു . കെട്ടുറപ്പില്ലാത്ത ദാമ്പത്യ ബന്ധങ്ങളെ വരച്ചു കാട്ടുന്ന നോവലില്‍ സ്ത്രീ ശരീരം വെറും ഭോഗ വസ്തുവായി കാണുന്ന പുരുഷ ചിന്തകളെ അറപ്പോടെ നോക്കി കാണുന്ന സ്ത്രീ മനസ്സിനെ കാണിച്ചു തരുന്നു . "ഞാനൊരു ലാപ്‌ ടോപ്പും വാച്ചും ഒരു ഭാര്യയേയും വാങ്ങി" എന്ന് ചിന്തിക്കുന്ന കിഷോര്‍ പുതിയ കാലത്തിന്റെ പ്രതിനിധി ആയല്ല കഴിഞ്ഞ കാലത്തിന്റെ പുതിയ മുഖം ആയാണ് വെളിപ്പെടുന്നത് . നിന്നെ ഉപയോഗിച്ച് മടുക്കുമ്പോള്‍ ഞാന്‍ വില്‍ക്കും എന്ന കിഷോറിന്റെ വാക്കുകള്‍ അയാള്‍ പെണ്ണുടലിനെ പരിചയിക്കുന്ന മാനസികാവസ്ഥയെ തുറന്നു കാട്ടുന്നു .
"ഇവിടെ ഞാന്‍ ബലിയാണ് സുന്ദരമായ പ്രണയത്തിന്റെ , സമരസപ്പെടലുകളുടെ ചോര വാര്‍ന്നു കിടക്കുന്ന ബലിമൃഗം" .എന്നീ വാക്കുകളിലൂടെ വേദ തന്റെ വിവാഹ ജീവിതത്തെ വായനക്കാരന് മുന്നില്‍ തുറന്നിടുമ്പോള്‍ വായനക്കാരനും വേദയുടെ ഒപ്പം തേങ്ങും എന്നത് അവഗണിക്കാന്‍ ആകാത്ത ഒരു സത്യമാണ് . എല്ലാ സ്വാതന്ത്ര്യങ്ങളും തിരികെ നേടാന്‍ ഉള്ള വേദയുടെ തീരുമാനം , പഴയതെല്ലാം വലിച്ചെറിയുന്ന അഴിച്ചു മാറ്റുന്ന കുതറി മാറല്‍ അതാണ്‌ കിഷോറിലേക്ക് അവള്‍ നല്‍കുന്ന പുളിരസം . ഇത്രകാലവും തന്റെ സ്ത്രീത്വത്തെ ചവിട്ടി ക്കുഴച്ച അയാളുടെ പുരുഷത്വത്തിലേക്ക് ഒരു സൂചികുത്തിയിറക്കിക്കൊണ്ട് അവള്‍ സ്വാതന്ത്രം പ്രഖ്യാപിക്കുമ്പോള്‍ അതുകൊണ്ട് തന്നെ വായനക്കാരന്‍ അവളുടെ നേരെ ക്രോധമല്ല പകരം സഹാനുഭൂതിയും സ്നേഹവുമാണ് ചൊരിയുക .
തന്റെ പ്രണയത്തെ തിരികെ കിട്ടുമ്പോള്‍, പ്രതീക്ഷകളെ തിരികെ ലഭിക്കുമ്പോള്‍ അവള്‍ അനുഭവിക്കുന്ന മാനസികമായ ആ സന്തോഷം ആ ഊര്‍ജ്ജം അതാണ്‌ ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം . കെട്ടി ഇടപ്പെടുന്ന മൃഗമല്ല കെട്ടുകള്‍ അഴിച്ചു വിടപ്പെട്ട മൃഗമാണ്‌ യജമാനനെ സ്നേഹിക്കാന്‍ കഴിയുന്നത്‌ എന്ന സന്ദേശം നല്‍കുന്നു വായന . ഉടലിന്റെ ഈ രാഷ്ട്രീയത്തില്‍ പലവട്ടം ആ വാക്യം ആവര്‍ത്തിക്കുമ്പോഴും ഉടല്‍ അല്ല മറിച്ചു പാരതന്ത്ര്യത്തില്‍ നിന്നും കുതറിമാറാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ  സ്വാതന്ത്യ വാഞ്ചയുടെ രാഷ്ട്രീയം ആണ് നോവല്‍ പ്രതിനിധീകരിക്കുന്നത് എന്ന് വായന ഓര്‍മ്മിപ്പിക്കുന്നു . രതി ഇതില്‍ ഒരു പ്രധാന ഘടകം ആകുന്നില്ല . രതിക്കു വേണ്ടി അല്ല പ്രണയത്തിനു വേണ്ടി മാത്രമാണ് ഈ രാഷ്ട്രീയം നിലനില്‍ക്കുന്നത് വേദയിലൂടെ എന്ന തിരിച്ചറിവോടെ നോവല്‍ അവസാനിക്കുമ്പോള്‍ വേദ നമുക്ക് പരിചയമുള്ള ഒരു മുഖമായി കൂടെ നാം കൂട്ടും എന്ന് ഉറപ്പു .
തീര്‍ച്ചയായും നല്ലൊരു വായന അനുഭവം നല്‍കും ഈ നോവല്‍ . സ്നേഹപൂര്‍വ്വം ബി ജി എന്‍


No comments:

Post a Comment