Sunday, November 22, 2015

നമുക്കിടയില്‍ രണ്ടു തീവണ്ടികള്‍


സിഗ്നല്‍ കാത്തു കിടക്കുന്ന
രണ്ടു വണ്ടികള്‍ക്കുള്ളിലാണ് നാം .
ഒന്ന് തെക്കോട്ടും
മറ്റൊന്ന് വടക്കോട്ടും
നമ്മുടെ മനസ്സുകള്‍ എങ്ങോട്ട് പോകുമെന്നറിയാതെ ഉഴറുന്നുണ്ടു.
ഇരുട്ടിന്റെ ,
തണുപ്പിന്റെ
ചൂളിപ്പിടിക്കുന്ന കാറ്റിന്റെ കൈകളില്‍
തണുത്തനിലത്തു നീ
തിരക്കിന്റെ കൈകളില്‍ ഞെരിഞ്ഞിരിക്കുമ്പോള്‍
വാതില്‍ക്കല്‍ നിന്നെ നോക്കി
ഞാനുണ്ട് .
കാഴ്ച കിട്ടാന്‍ കണ്ണുകള്‍ തിരുമ്മി
ഇരുട്ടിലെ വെളിച്ചം തേടുന്ന
എന്റെ കണ്ണുകള്‍ .
ഓര്‍മ്മയിലേക്ക് പരിമളം പരത്തി
എന്റെ വിരലുകള്‍ .
അവയ്ക്ക് നിന്റെ മണം!
കഴിഞ്ഞു പോയ നിമിഷങ്ങളെ
കൊതിയോടെ നോക്കി
അവ പിടയുന്നു വീണ്ടും.
നിന്നെ തൊടാന്‍
നിന്റെ മുടിയിഴകളില്‍ ഓടി നടക്കാന്‍
നിന്നെ സ്നേഹിക്കാന്‍ .
ഈ കാത്തുകിടക്കല്‍ വല്ലാത്ത വേദനയാണ് .
ഒരു മണിയടിയൊച്ച
ഒരു കൂവല്‍
ഇല്ല നാം അകന്നു തുടങ്ങുന്നു .
പറിച്ചെടുത്ത എന്റെ ഹൃദയവുമായി
നിന്റെ വണ്ടി അകന്നു തുടങ്ങുന്നു .
ഇറങ്ങിയോടാന്‍ കൊതിക്കുന്ന എന്നെ തടഞ്ഞു കൊണ്ട്
എന്റെ വണ്ടിയും ചലിച്ചു തുടങ്ങുന്നു .
ഞാനെന്തേ തളരുന്നിങ്ങനെ ?
-------------------ബിജു ജി നാഥ്

No comments:

Post a Comment