Saturday, November 14, 2015

ജീവിച്ചു കൊതി തീരാത്ത മനുഷ്യര്‍ .


തെരുവോരങ്ങളില്‍
ചെവിയോര്‍ത്തു കിടക്കുകയാണെങ്കില്‍
അതെ നിങ്ങളവ കേള്‍ക്കും .
ശ്മശാനങ്ങളില്‍
വെറുതെ കാറ്റ് കൊണ്ടിരിയ്ക്കുമ്പോള്‍
ഒരു നിലവിളിയായി
അല്ലെങ്കിലൊരു തേങ്ങലായി,
താരാട്ടായി,
നിങ്ങളവ കേട്ടു തന്നെ മതിയാകൂ .
അവയില്‍ നിങ്ങള്‍ക്ക് കുരുന്നു പൂവുകളുടെ ഉടല്‍ കാണാം .
നിറമാറുകളില്‍ നിന്നുമൊലിക്കുന്ന
പാല്‍ തൂവിയ നിലാവ് കാണാം.
പല്ലില്ലാത്ത മോണകള്‍,
കൂനിക്കൂടിയ നരകള്‍,
അംഗഭംഗം വന്ന ജീവിതങ്ങള്‍,
എല്ലാം ഉണ്ടാകും .
ഒന്നടുക്കിപ്പെറുക്കി വയ്ക്കാന്‍ കഴിയുമെങ്കില്‍
നിങ്ങള്‍ പിന്നെയും തിരികെ നോക്കാന്‍ ,
കാലുകള്‍ ചലനം നിലച്ചു
ചെവികള്‍ പൊത്താന്‍ ഇട വന്നേക്കാം.
വേണ്ട, അവ നിങ്ങള്‍ക്കുള്ളതല്ല .
ഭ്രാന്ത്‌ പിടിച്ച ആദര്‍ശങ്ങള്‍,
സ്വര്‍ഗ്ഗ നരക ആവേശങ്ങള്‍,
അന്ധത വന്ന വിശ്വാസങ്ങള്‍
അവയിലെവിടെയോ ഒക്കെ വീണു കിടപ്പുണ്ടത് .
താടി നീട്ടിയ  ശാസനകള്‍,
ആയുധങ്ങളുടെ മുനകള്‍,
വെട്ടിപ്പിടിച്ച മേല്‍ക്കോയ്മകള്‍
അവയിലെവിടെയെങ്കിലും
മനുഷ്യത്വം എന്നൊരു വാക്കു കണ്ടാല്‍,
മാനവികത എന്നൊരു വാക്കു കേട്ടാല്‍,
മതേതരത്വം എന്ന ഊറ്റം കേട്ടാല്‍
അരുത്. പിന്നെ നിങ്ങള്‍ തിരികെ പോകരുത് .
കാരണം
ഇന്ന് വ്യഭിചരിക്കപ്പെട്ട വാക്കുകളാണത്‌ .
----------------------ബിജു ജി നാഥ്

No comments:

Post a Comment