Monday, November 30, 2015

വൈകുന്നേരം....ആനന്ദി രാമചന്ദ്രന്‍

വായനയുടെ സുഗന്ധം എന്നത് വായിക്കുമ്പോള്‍ മനസ്സിലേക്ക് ഊറി വരുന്ന ഒരു പ്രത്യേക അനുഭൂതിയാണ് . നല്ല വായനകളെ അത് കൊണ്ട് തന്നെ വായന ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലും കൈ വിടുകയുമില്ല . ഇത്തരം വായനകളെ തിരഞ്ഞു പോകുന്നവര്‍ പലപ്പോഴും നിരാശരാകുക ആണ് പതിവ് എങ്കിലും ആ ഒരു സുഗന്ധത്തിന്റെ ലഹരിയില്‍ അതന്വേഷിച്ചു വായനക്കാരനായ യാത്രക്കാരന്‍ സഞ്ചരിച്ചു കൊണ്ടിരിക്കും.
പ്രണയത്തിന്റെ ലഹരി നുരയുന്ന കവിതകളുടെ ഒരു സമാഹാരം എന്ന രീതിയില്‍ ആണ് ശ്രീമതി ആനന്ദി രാമചന്ദ്രന്റെ "വൈകുന്നേരം" എന്ന കവിതാ സമാഹാരം വായിക്കാന്‍ തുടങ്ങുന്നത് . ആമുഖമായി ആനന്ദി ഇപ്രകാരം പറയുന്നുമുണ്ട് .
"ഞാന്‍ പ്രണയിച്ചവര്‍ക്കും
എന്നെ പ്രണയിച്ചവര്‍ക്കും " സമര്‍പ്പിക്കുന്നു അറുപത്തി ഒന്‍പതു കവിതകളുടെ മാല്യം . അവതാരിക ശ്രീ ഓ വി ഉഷ .നിറയെ സ്നേഹത്തോടെയും അത്ഭുതത്തോടെയും അവതാരിക എഴുതിയിരിക്കുന്നു . തികച്ചും കൌതുകത്തോടെ തന്നെയാണ് ഞാന്‍ ഈ കവിതാ പുസ്തകത്തിനുള്ളിലേക്ക് സഞ്ചരിച്ചത് .
വളരെ മനോഹരമായ കുഞ്ഞു കവിതകള്‍ കൊണ്ട് അലങ്കരിച്ച ഈ മാല്യം വളരെ സന്തോഷത്തോടു കൂടി തന്നെ ഞാന്‍ വായിച്ചു പോകുകയായിരുന്നു .
പലപ്പോഴും തോന്നിയ ഒരു വിഷയം ഉണ്ട് . ശ്രീമതി ഓ വി ഉഷയുടെ കവിതാ സമാഹാരം വായിക്കുമ്പോള്‍ ഞാന്‍ കുറിച്ചിട്ട ഒരു സംഗതി ആണത് . പ്രായം ആണോ അതോ എഴുത്തിന്റെ വശ്യത ആണോ എന്നറിയില്ല രണ്ടു പേരുടെയും എഴുത്തില്‍ അസാധാരണമായ കയ്യടക്കം കാണാം . വളരെ പക്വതയോടെ കാണുന്ന ജീവിത വീക്ഷണം ആണതു .
പ്രവാസിയുടെ തിരികെ യാത്രയെ വളരെ തന്മയത്തോടെ അവതരിപ്പിക്കുന്ന നാട്ടിലേക്കൊരു യാത്ര എന്ന കവിത പോലെ വളരെ ചെറിയ വാക്കുകളില്‍ വലിയ പ്രപഞ്ചം സൃഷ്ടിക്കുന്ന വായനയെ അഭിനന്ദിക്കാതെ വയ്യ . അത് പോലെ ആണ് പ്രതിഷ്ഠ എന്ന കവിതയും . പി കെ എന്ന സിനിമയില്‍ കോളേജിനു മുന്നില്‍ പെട്ടെന്നൊരു ദൈവത്തെ സൃഷ്ടിച്ച പോലെ ആണ് പ്രതിഷ്ഠ വായിക്കുമ്പോള്‍ അനുഭവപ്പെടുന്ന വായന . വളരെ മനോഹരമായി തലമുറയുടെ അന്തരം പറഞ്ഞ മുത്തശ്ശി മറ്റൊരു മുത്തായി വായനയില്‍ തടഞ്ഞു . ദൈവമെന്ന കവിത ഒരു ഭക്തയുടെ പരിഭവവും മനസ്സും വരച്ചു കാട്ടുന്നുണ്ട് .
എടുത്തു പറയേണ്ട മറ്റൊരു കവിത ആയിരുന്നു ഒരു പ്രണയത്തിനായി .
അച്ഛന്റെ ചിതയില്‍ നിന്നും
ഉയരുന്നു പുകയും തിരിനാളവും
അത് നോക്കി നില്‍ക്കവേ
ഞാന്‍ കൊതിച്ചു പോയി
ഒരു പ്രണയത്തിനായി -
എന്നെ മാറോട് ചേര്‍ത്തു
നിനക്ക് ഞാനുണ്ടെന്ന്
കേള്‍ക്കാന്‍ .
ഓരോ കവിതയും ഓരോ വികാരമായി നിറയുന്നു . പ്രണയത്തേക്കാള്‍ ജീവിതമാണ് ഇതില്‍ നിറഞ്ഞു നില്‍ക്കുന്നത് എന്നതിനാല്‍ തന്നെ ആരും ഒറ്റ വായനയില്‍ തന്നെ ഇത് ഇഷ്ടപ്പെട്ടു പോകും എന്ന് ഉറപ്പു . ന്യൂ ബുക്സ് കണ്ണൂര്‍ പ്രസിദ്ധീകരിച്ച ഈ കവിത സമാഹാരത്തിനു 65രൂപ ആണ് വില . വളരെ മനോഹരമായ അകം പേജുകള്‍ ആരുടേയും മനം കവരും . വായിക്കുക . സസ്നേഹം ബി ജി എന്‍ വര്‍ക്കല

No comments:

Post a Comment