Friday, November 20, 2015

വെയില്‍ പൂക്കും മരങ്ങള്‍......സീനോ ജോണ്‍ നെറ്റോ

കവിത , കഥ ഇവയൊക്കെ വായിക്കുമ്പോള്‍ നമുക്ക് അപാരമായ ക്ഷമ വേണം . ഒറ്റ വായന കൊണ്ടോ ഓടിച്ചുള്ള വായന കൊണ്ടോ ഒഴിവാക്കാന്‍ കഴിയാത്ത രണ്ടു വസ്തുക്കള്‍ ആണ് ഇവ എന്ന് തോന്നുക സ്വാഭാവികം . കവിത കാവ്യഭംഗി നിറഞ്ഞതാകുന്നത് അതില്‍ കവിത ഉണ്ടാകുമ്പോള്‍ ആണ് . നല്ല കവിതകളും ചീത്ത കവിതകളും ഉണ്ട് എന്നല്ല പക്ഷെ എഴുതാന്‍ വേണ്ടി എഴുതുന്നവയും എഴുതാതെ കഴിയില്ലെന്ന നിവൃത്തികേടിന്റെ മുനയില്‍ നിന്ന് എഴുതുന്നവയും ഉണ്ട് കവിതകളില്‍ . അതുപോലെ വായനയും രണ്ടു തരത്തില്‍ ഉണ്ട് ഒന്ന് വായിച്ചു പോവുക എന്നതും മറ്റൊന്ന് വായനയിലൂടെ ആഴങ്ങളില്‍ ഇറങ്ങുക എന്നതും .
വായിക്കുവാന്‍ ഇന്ന് കയ്യില്‍ കിട്ടിയത് "വെയില്‍ പൂക്കും മരങ്ങള്‍ " 'സീനോ ജോണ്‍ നെറ്റോ' എന്ന കവിയുടെ കാവ്യ സമാഹാരം ആണ് . സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യം ആയ ഈ എഴുത്തുകാരന്റെ പ്രഥമ കാവ്യ സമാഹാരം ആണ് വെയില്‍ പൂക്കും മരങ്ങള്‍ . അന്‍പത്തി നാല് കവിതകളുടെ സമാഹാരം . കൈരളി ബുക്സ് പുറത്തിറക്കിയ ഈ കവിതാ സമാഹാരത്തിനു 120 രൂപ ആണ് മുഖവില . നല്ല അച്ചടിയും , എഡിറ്റിങ്ങും , കടലാസും . വളരെ നല്ല രീതിയില്‍ ചിട്ടപ്പെടുത്തിയ ഒരു പുസ്തകം . കവര്‍ പേജ് മനോഹരമായിരുന്നു . ഇളവൂര്‍ ശ്രീകുമാര്‍ , വി എസ് ബിന്ദു എന്നിവരുടെ അവതാരികയും കവിയുടെ തന്നെ ആമുഖ കുറിപ്പും കടന്നു ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ വായനയുടെ മാനം മാറുകയും അത് കാവ്യാസ്വാദകന്റെ സ്വകാര്യ അഭിമാനവും ആകുന്ന രീതിയില്‍ വളരെ മനോഹരമായ കുറെ കവിതകള്‍ നമുക്ക് ലഭിക്കും . ആദ്യ കുറെ കവിതകളില്‍ തുടര്‍ച്ചയായ വേശ്യാജീവിതങ്ങളുടെ ചുറ്റുപാടുകളുടെ ഇടയില്‍ മാത്രം നിന്നുകൊണ്ട് സംവദിക്കുന്ന ഒരു ചിന്ത ഉണ്ടാക്കി എങ്കിലും മുന്നിലോട്ടു പോകുമ്പോള്‍ വിഷയങ്ങളെ തിരഞ്ഞെടുക്കുന്നതിലും അത് അവതരിപ്പിക്കുന്നതിലും ഈ കവി സ്വീകരിച്ചിരിക്കുന്ന കയ്യടക്കവും തഴക്കവും വളരെ മനോഹരമായി അനുഭവപ്പെട്ടു .
ഭാഷയെ നന്നായി മനസ്സിലാക്കുന്ന ഒരാള്‍ എന്ന നിലയിലും , ഭാഷ നന്നായി തെറ്റില്ലാതെ പറഞ്ഞു പോകാന്‍ അറിയുന്ന ആള്‍ എന്ന നിലയിലും ഈ എഴുത്തുകാരന്‍ ഇന്നത്തെ ഒരു വിഭാഗം മുന്‍നിര സോഷ്യല്‍ മീഡിയ കവിത എഴുത്തുകാരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നതായി കാണാന്‍ കഴിഞ്ഞു . മാത്രവുമല്ല തന്റെ പ്രയോഗങ്ങളെ അതിന്റെ അര്‍ത്ഥം പറഞ്ഞു ഫുട്ട് നോട്ടു കൊടുത്തു സഹായിക്കുകയും ചെയ്തു കൊണ്ട് കവി തന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു .
എടുത്തു പറയേണ്ട ഒരു വിഷയം വലിയ എഴുത്തുകള്‍ , പരന്ന എഴുത്തുകള്‍ എന്നിവയിലും മനോഹരമായിരുന്നു കൊച്ചു വാക്കുകള്‍ തീര്‍ത്ത കാവ്യ പ്രപഞ്ചം എന്നതാണ് .
പഴയ പുരാണങ്ങളില്‍ നിന്നും നാം എന്ത് തിരഞ്ഞെടുക്കുമ്പോഴും എഴുതുമ്പോഴും അതിനു ഒരു കാവ്യഭംഗിയും താളവും ലയവും ലഭിക്കുന്നു എന്നൊരു തിരിച്ചറിവ് കവിയും ഉപയോഗിച്ചിട്ടുണ്ട് ഇവിടെ ചില കവിതകളില്‍ . അനസൂയ , പ്രച്ഛന്ന വേഷം, ചാമുണ്ടി എന്നിവ അതിനുദാഹരണം ആയി കാണിക്കാം . ആയിഷ എന്ന കവിത വളരെ മനോഹരമായ ഒരു എഴുത്ത് ആയിരുന്നു . ഇന്നത്തെ സമൂഹത്തോട് സംവദിക്കുന്ന ആ എഴുത്ത് ഒരു പക്ഷെ പറഞ്ഞു പഴകിയ ഒരു വിഷയം ആണെങ്കിലും കവിതയില്‍ അതിന്റെ അച്ചടക്കം വളരെ മനോഹരമായി പറഞ്ഞു എന്നതാണ് കവിയുടെ മേന്മ . മന്ത്രി , ഗാന്ധിസം ,ചങ്കൂറ്റം,സോനാഗച്ചി , വാഴ അങ്ങനെ എടുത്തു പറയാന്‍ ഒരുപാട് വിഭവങ്ങള്‍ നിറച്ച ഈ കാവ്യമാല വളരെ മനോഹരമായ ഒരു വായന നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല . കവിതയെ ഇഷ്ടപ്പെടുന്നവര്‍ക്കും , ഗൗരവപരമായ ഒരു വായന കാംഷിക്കുന്നവര്‍ക്കും ഒരു മുതല്ക്കൂട്ട് തന്നെയാകും സീനോയുടെ കവിതകള്‍ എന്നത് നിസ്സംശയം പറയാനാകും . ആശംസകള്‍
സ്നേഹത്തോടെ ബി ജി എന്‍ വര്‍ക്കല

No comments:

Post a Comment