Saturday, January 5, 2013

പ്രണയ കോകിലം

 സായന്തനത്തിന്‍ നിറം ചുവന്നു , ദൂരെ -
 പാര്‍വ്വണേന്ദു തന്‍ മുഖം വിടര്‍ന്നു .
 ആരെയോ  കാത്തിരിക്കുന്നൊരീ സന്ധ്യ
തന്നാനനം മെല്ലെ ഇരുള്‍ മറച്ചീടുന്നു .

നേരിയോരീ തിരശ്ശീല ഞാന്‍ മാറ്റിടാം
കാണുവാനായെന്‍ കളിത്തോഴിയെ വീണ്ടുമെ .
ജന്മാന്തരങ്ങള്‍ക്ക്  മുന്നിലുമവളെ  ഞാന്‍
കാത്തിരുന്നല്ലോ വ്യര്‍ത്ഥമായേകനായ്‌

അര്‍ക്കനെ കാമിച്ച സൂര്യമുഖിയെപോലെന്‍
കാത്തിരിപ്പിങ്ങനെ നീളുന്നിതനന്തമായ്‌ .
പുലരിതന്‍ വെളിച്ചമകറ്റുമീ ചായങ്ങള്‍ കരുതി
വച്ചീടട്ടെ രാവിന്‍ കേളീ സദനമൊരുക്കുവാന്‍ .

രാത്രി  കടന്നു പോയിടുന്നു നിശ്ചലം
രാക്കിളി പോലുമേ പാടുന്നു ദീനമായ്‌
പകലിന്റെ കിരണങ്ങള്‍ വന്നീടുന്നു ദൂരെ
ഹിമബിന്ദു തന്നുടെ പുഞ്ചിരിപൂവിലൂടെ .

നീളുന്നനന്തമാം കാത്തിരിപ്പിങ്ങനെ
കാലചക്ക്രം വേഗത്തിലോടി മറയുന്നു
പൊട്ടിത്തകര്‍ന്നോരെന്‍  മാനസവീണയില്‍
മൊട്ടിട്ടു  വീഴുന്നു പാഴ്ശ്രുതിപിന്നെയും .

കാണുവതൊക്കെയും  നിന്റെ പ്രതിബിംബം
കേള്‍ക്കുവതൊക്കെയും നിന്റെ പദസ്വനം 
പ്രജ്ഞയിലെപ്പോഴും നിന്റെ മധുസ്വരം
ഉള്‍ക്കാമ്പില്‍ മിന്നുമീ നിന്‍ മന്ദഹാസവും .

ഒടുവിലീ ചുടുകാട്ടിന്‍ നടുവിലീ ചിതയുടെ
അരികിലായൂഴവും  കാത്തുകിടക്കവേ
ഓടിപ്പിടഞ്ഞു നീ വന്നീടല്ലേ സഖേ , നിന്‍
വേദനതന്‍ നിഴല്‍ വീഴും മുഖവുമായ്‌ .

കണ്ടുകൊണ്ടെങ്ങനെ യാത്രപറയും ഞാന്‍
പൊട്ടിയോഴുകുമീ മിഴികളെ നോക്കീട്ടു
കത്തിയെരിയുമീ ചിതയുടെ ഉള്ളിലായ്‌
കത്താതെ കാണുമീ മാനസം കാണ്ക നീ .

വിട്ടുപോയിട്ടില്ല നിന്നുടെ സാമീപ്യം
മറ്റാരുമറിയാതെ കൂടെ വന്നീടും ഞാന്‍
ഞെട്ടിപിടഞ്ഞു നീ പൊട്ടിക്കരയവേ
തൊട്ടു തലോടുവാന്‍ നിന്നുടെ ചാരത്തു .

ആശ്വാസമെകുവാനാകാതെ വിങ്ങുമീ മല്‍ -
പ്രാണരോദനം കേള്‍ക്കുവാന്‍ നിന്നുടെ
മാനുഷകര്‍ണ്ണങ്ങള്‍ ബധിരമാക്കുന്നതും
മായപോലെ ഞാനറിയുന്നുവെന്‍ സഖേ .

ഇവിടെയീ ഏകാന്ത തീരത്ത് പിന്നെയും
നിന്നുടെ സാമീപ്യം കാത്തിരുന്നീടവേ
ഇനിയെത്ര നാളുകള്‍ ഞാന്‍ കാത്തിരിക്കേണം
ഇവിടേയ്ക്ക്  നിന്നുടെ ആഗമനം തേടി .

ഇനിയൊരുപക്ഷേ നീയിവിടേക്ക് വന്നാല്‍
കാണുവാനാകുമോ നമ്മള്‍ പരസ്പരം ?
കാണുമെന്നാശിച്ചു കാത്തിരിക്കാം വൃഥാ
കാത്തിരിപ്പിന്നോരര്‍ത്ഥമുണ്ടാകും  വരെ .

നിയതിതന്‍ കരങ്ങളില്‍ ഞാന്‍ വെറുമൊരു
മണ്ണിതില്‍ വിടര്‍ന്നോരീ പാഴ്ചെടിയല്ലയോ
നിറമില്ല , മണമില്ല ,രൂപഭംഗിയുമില്ല
പേരില്ല ഞാന്‍ നിന്നോടെന്തു പറഞ്ഞിടാന്‍ .

അവകാശപ്പെടുവാനായൊന്നുമില്ലെനിക്ക -
വനിയില്‍  സ്വന്തമായെന്നറിവൂ ഞാന്‍ .
ആരുമില്ലാത്തോരീയേഴ തന്‍സ്നേഹത്തെ
അവമതിച്ചീടുമോ നീയുമെന്നോമലെ ?

ഇരതേടിയിരങ്ങുമീയിരുളിന്‍ മരങ്ങള്‍ക്ക്
ഇരുളും വെളിച്ചവും സമരേഖയാകവേ
നഖമുനയേറ്റ് വാടിത്തലരാതെ യെന്‍
നിറുകയില്‍ നീയെന്റെ തണലായ്‌ നില്‍ക്കുമോ ?


-------------ബി ജി എന്‍ വര്‍ക്കല ---15.09.00

2 comments:

  1. സ്നേഹഗീതം സുന്ദരമായിരിയ്ക്കുന്നു

    ReplyDelete