Tuesday, January 1, 2013

നക്ഷത്രങ്ങള്‍

എന്നോ കൊഴിഞ്ഞവര്‍ ഞങ്ങള്‍
എങ്ങോ പൊലിഞ്ഞവര്‍ നമ്മള്‍
വിണ്ണിന്റെ തിരശ്ശീലഞൊറികളില്‍ പെട്ട്
മണ്ണിനെ നോക്കി കരയാന്‍ വിധിക്കപ്പെട്ടവര്‍ .

കണ്‍കളില്‍  കാണുവത് ചൊല്ലുവാനാകാതെ
കണ്ണുകള്‍  ചിമ്മിത്തുറക്കുവാന്‍ പഠിച്ചവര്‍ .
ഇരവിന്റെ  ചടുലതയില്‍ കാമാഗ്നിതന്നി-
ലിരകളായ് ജീവിതം പൊലിക്കപ്പെട്ടോര്‍ .

അനാഥത്വത്തിന്റെ ശാപവും പേറിയീ -
യാഴിയില്‍  വീണൊടുങ്ങിയവര്‍ നാം .
നക്ഷ്ടത്തിന്‍ ഭാണ്ഡമാം ഭാരം ചുമ-
ന്നുകൊണ്ടീ  നാടിന്നപമാനമായവര്‍നാം .

പാപത്തിന്‍ വിത്തിനെ പേറിയോര്‍ ,
പാപികള്‍ കല്ലെറിഞ്ഞോര്‍ , പിന്നെ
പാവമീ ഞങ്ങടെ പശിയകറ്റാന്‍ വേണ്ടി
പാപങ്ങള്‍ ചെയ്തു കൂട്ടിയോര്‍ ഞങ്ങള്‍ .

പാതയോരങ്ങളില്‍ പിടഞ്ഞു തീര്‍ന്നോര്‍ ,
ഇരുട്ടിന്റെ  മക്കള്‍ ചുട്ടുകൊന്നോര്‍ ഞങ്ങള്‍ .
ഞങ്ങളെ ആത്മാവിന്‍ നാളമായ് നിങ്ങള്‍
ഉള്ളില്‍ പ്രതിക്ഷ്ടിച്ച നശ്വരജന്മങ്ങള്‍ .

അറിയാത്തോര്‍ നിങ്ങള്‍ , ഹാ !
അറിഞ്ഞിട്ടും കണ്ണടയ്ക്കുന്നോര്‍
എല്ലാത്തിനും  സാക്ഷിയാകാന്‍ വിധിച്ചോരീ
കാലം നല്‍കിയ സ്ഥാനവും പേറി നാം .

കാലം പാഞ്ഞുപോകുമ്പോഴും
പ്രപഞ്ചത്തിനനന്തത പൂകുവോര്‍
ഞങ്ങളെ നിങ്ങളെന്നറിയും
യീ ഞങ്ങളെ നിങ്ങളെന്നറിയും ...?
--------------ബി ജി എന്‍ വര്‍ക്കല --------2000

1 comment: