Tuesday, January 22, 2013

പാപ ജന്മങ്ങള്‍

ഊഷരമായ എന്റെ ചിന്തകളില്‍ നിറയെ
പനിനീര്‍പൂവിന്‍ ഗന്ധം നിറച്ചതാരാണ് സഖേ ?
നനഞ്ഞോട്ടുമീയുടയാടകളില്‍ പതഞ്ഞെറുവതേതു നിറം ?
മനസിലാകാത്തോരിരുള് പോലിത് പടരുകയാണല്ലോ .

എന്റെ  സിരകളില്‍ ഉണരുമീയഗ്നിയിലുരുകുവാന്‍
ഒന്നേയുള്ളൂ ബാക്കി , അത് നിന്റെ ഓര്‍മ്മകള്‍ മാത്രം !
പിടയുന്ന  മനസ്സിന്റെ പതിരെന്തെന്നറിയാത്ത
പതിന്നാര് വയസ്സാണ് പ്രായം , അന്ന് .
 എനിക്കജ്ഞാതമാം മധുരമെന്‍ പ്രായത്തിന്‍ വികൃതികള്‍ .

ചോണനുറുമ്പുകള്‍ പോലെ,മനസ്സിലും മെയ്യിലും
പതിവായ്‌ അറിച്ചിറങ്ങിയിരുന്നവന്‍ തന്‍ വിരല്‍പ്പാടുകള്‍
അജ്ഞാതമായൊരു നിര്‍വൃതി തന്‍ മായാത്ത ലഹരിയില്‍
അജ്ഞേയം ഞാനെന്തോ കൊതിച്ചിരുന്നു നൂനം .

ഒരിടവപ്പാതിതന്‍ തീക്ഷ്ണമാം ശൈത്യത്തില്‍ ,ഇരുളില്‍
അവന്‍ തന്‍ മേനിയേകും ഉഷ്ണം പോതിയവേ !
അറിയാതെ, അവര്‍ണ്ണനീയമൊരു വികാരത്തിന്‍
കൊടുമുടികള്‍ താണ്ടുവാന്‍ കുതികുതിക്കവേ ,
എന്നന്തരാത്മാവിന്‍ തണുവകന്നു , പക്ഷെ, എന്നടി-
വയറിന്നൂഷരതയില്‍ ഒരു മിടിപ്പിന്‍ തേങ്ങല്‍ !
ഉയിര്‍കൊള്ളുന്നതറിയാതെ , ഊറി ചിരിക്കുമീ
മടയി ഞാനേന്തോ മറന്നുപോയ്‌ സ്ത്രീജന്മം .!

ഒടുവില്‍ , ഈ തെരുവിന്റെ ഉള്ളറകളില്‍ വീണെരിയവേ ,
പിടയ്ക്കുന്നു യൌവ്വനം തീയായി പുകയവേ ,
അറിയുന്നു ഞാനെല്ലാം .
അറിയുവാന്‍ വൈകിയൊരു നിമിഷത്തിന്‍ സമ്മാനമായ്‌
ഞാന്‍ പേറുമീ  മാതൃത്വം  , എന്റെ നോവായലയുന്നു .
ഒരു ക്ഷണം നല്‍കിയ സുഖമെനിക്ക് .
പകരം ഞാന്‍ നല്‍കുന്നൊരു പിതൃശൂന്യ ജന്മം
സദാചാരത്തിന്‍ കാവല്നായ്ക്കള്‍ക്ക് കടിച്ചു കുടയാന്‍ മാത്രം .
--------------------ബി ജി എന്‍ വര്‍ക്കല ---------------

1 comment:

  1. സദാചാരക്കാവല്‍നായ്ക്കള്‍ ആര്‍?

    ReplyDelete