Thursday, January 10, 2013

മോക്ഷം തേടി യാത്ര തിരിക്കുന്നവര്‍

പൂനിലാവിന്റെ പ്രഭ പ്രപഞ്ചത്തിനു അലങ്കാരം ചാര്‍ത്തുന്ന ഇരുള്‍ വിടര്‍ത്തിയ ഒരു രാത്രി . നിശബ്ദതയുടെ മാറില്‍ നഗരം ഉറക്കത്തില്‍ മുഴുകിയിരിക്കുന്നു . അകലെ പാഞ്ഞു പോകുന്ന ട്രെയിനിന്റെ ശബ്ദം കേള്‍ക്കാം നിശബ്ദതയെ ഭേദിച്ച് കൊണ്ട് .
നിഴല്‍ വിരിക്കുന്ന ഇരുളില്‍ മറ്റൊരു നിഴല്‍ രൂപമായ്‌ രാമന്‍കുട്ടി ലക്ഷ്യമില്ലാതെ നടന്നു പോകുന്നുണ്ടായിരുന്നു .
മുല്ലപ്പൂചൂടിയ തെരുവ് പെണ്ണിന്റെ കടാക്ഷമാര്‍ന്ന നോട്ടവും , ചിരിയും കണ്ടപ്പോള്‍ അയാള്‍ തറയിലേക്ക് ഒന്ന് കാര്‍ക്കിച്ചു തുപ്പി .
"ഫാ തേവിടിശ്ശി , കടന്നു പോ അല്ലേല്‍ കൊന്നുകളയും ഞാന്‍ " .
രാമന്‍കുട്ടിയുടെ ആക്രോശത്തില്‍ അവള്‍ ഭയന്ന് വേഗത്തില്‍ മുന്നോട്ടു നടന്നു പോയി . അയാള്‍ ചിരിക്കുക ആയിരുന്നു അപ്പോള്‍ . പൊട്ടി പൊട്ടി ചിരിക്കുന്ന അയാളെ കണ്ടപ്പോള്‍ അവള്‍ നടത്തം ഓട്ടം ആക്കി . ഇരുളില്‍ ഒരു ഭ്രാന്തനെ പോലെ അയാള്‍ ചിരിച്ചു കൊണ്ടേ ഇരുന്നു . ആ തെരുവ് അയാളുടെ ചിരിയില്‍ തെല്ലുപോലും കുലുങ്ങിയില്ല . കാഴ്ചകളുടെ ശീവേലി കണ്ടു മടുത്ത തെരുവിനു രാമന്‍ കുട്ടിമാര്‍ പതിവ് കാഴ്ച മാത്രം .
രാമന്‍കുട്ടിയുടെ  ചിരിയുടെ അലകള്‍ ഒഴിഞ്ഞു . ഇപ്പോള്‍ അയാള്‍ ആ വിളക്ക് കാലിന്‍ ചുവട്ടില്‍ തറയില്‍ ഇരുപ്പായി . തലയില്‍ കൈ വച്ച് അയാള്‍ നിലത്തേക്ക് നോക്കി ഇരുന്നു . അയാള്‍ കരയുക ആയിരുന്നു . അയാളുടെ കണ്ണുനീര്‍ വീണു തെരുവിന്റെ മാറിടം പൊള്ളി .
രാമന്‍കുട്ടി ഒരു സാധാരണ ഗ്രാമീണജീവിതത്തില്‍ നിന്നും ഇന്ന് ഈ നിലയിലേക്ക് വരാന്‍ കാരണം എന്ത് എന്ന് അറിയുന്നിടത്താണ് ഈ കണ്ണീരിന്റെ  ഉപ്പ് നിങ്ങള്‍ രുചിക്കുന്നത് . അത് രാമന്‍ കുട്ടി തന്നെ പറയട്ടെ .
എന്ത്  പറയാന്‍ എന്നെ കുറിച്ച് ? ഇല്ല എനിക്ക് പറയാന്‍ ഒന്നും ഇല്ല ഞാന്‍ ജീവിച്ചു കാണിക്കാം . നിങ്ങള്‍ കല്ലെറിയും വരെ .
തൊഴില്‍ തെണ്ടി അലഞ്ഞ ബിരുദ ജീവിതത്തില്‍ നിന്നാണ് നഗരം ഒരുനാള്‍ എന്നെ മാടി വിളിച്ചത് . നട്ടെല്ല് തളര്‍ന്നു കിടക്കുന്ന അച്ഛനും , ജീവിത ദുരിതം പേറി വളഞ്ഞു കുത്തിയ അമ്മയും പിന്നെ ഭാവിയുടെ കരിയും പുകയും കണ്‍തടങ്ങളില്‍ ചിറകെട്ടിയ പെങ്ങന്മാരും ആയിരുന്നു ആ യാത്രയുടെ പിന്നിലെ പ്രേരകങ്ങള്‍ .
തൊഴില്‍  വേണമെങ്കില്‍ ബിരുദം മാത്രം പോര എന്ന ലോക തത്വം ഞാനും മനസ്സിലാക്കി . പിന്നെ ഓടയില്‍ കീറി എറിഞ്ഞ ബിരുദങ്ങള്‍ക്ക് തിരിച്ചൊരു നോട്ടം പോലും നല്‍കാതെ ഞാന്‍ ഇറങ്ങി നഗരത്തിന്റെ ഇരുണ്ട തെരുവുകളിലേക്ക് . പിടിച്ചു പറിയും മയക്കു മരുന്നുകളും പെണ്‍വാണിഭവും അരങ്ങു തകര്‍ത്ത്‌ വാഴുന്ന തെരുവുകള്‍ ഒരു പുതിയ അംഗം വന്നതില്‍ സന്തോഷിച്ചു എന്ന് തന്നെ കരുതാം .
ലക്ഷ്യത്തിന്റെ  യാത്ര ആയതിനാല്‍ വേഗത അധികമായിരുന്നു . പിടിച്ചടക്കല്‍ ആയിരുന്നു എന്ന് പറയാം . പഴയ കോട്ടകളെ തട്ടി ഉടച്ചു പുതിയ മന്ദിരങ്ങള്‍ പണിതുയര്‍ത്തും  പോലെ വേഗത്തിലായിരുന്നു എന്റെ കാല്‍ക്കീഴില്‍ ആ നഗരത്തിലെ കൊമ്പന്മാര്‍ മൂക്ക് കുത്തിയതും ഞാന്‍ ഒരു സാമ്രാജ്യമായതും . എനിക്ക് മുതല്‍ക്കൂട്ട് ആത്മവിശ്വാസവും ചങ്കൂറ്റവും മാത്രം .
നാട്ടില്‍ മുറക്ക് പണം അയച്ചു കൊടുത്തു അവരുടെ ജീവിതം ഭദ്രമാക്കുന്നതില്‍ അപ്പുറം മറ്റൊരു ബന്ധവും അതിനാല്‍ തന്നെ ഉണ്ടാക്കിയില്ല . പണം പണം അത് മാത്രം ആയിരുന്നു മനസ്സില്‍ .
പെണ്ണും , മയക്കു മരുന്നും , വാടക പിരിവും ആയി സിംഹാസനത്തിന്റെ വേരുകള്‍ ഉറപ്പിച്ചു നിര്‍ത്തി . ഒരുനാള്‍ അതെ ഒരുനാള്‍ റയില്‍വേ പരിസരത്തു അവളെ കണ്ടെത്തും വരെ അത് അഭംഗുരം നടന്നുപോയി .
പതിവ് പോലെ ഇരകളെ തേടി ഇറങ്ങിയ എന്റെ മുന്നില്‍ വന്നു പെട്ട മാന്‍പേട . അധിക സൌന്ദര്യം വര്‍ണ്ണിക്കാന്‍ ഇല്ലാത്ത ഒരു പെണ്ണ് . പക്ഷെ ആവശ്യക്കാരന് വേണ്ടത് എല്ലാം ഉണ്ട് അവള്‍ക്കു എന്നത് ഒരു നല്ല കാര്യം . മുഖം, സൌന്ദര്യം ആര് നോക്കുന്നു . ഇരുട്ടില്‍ എല്ലാ നിറവും ഒരുപോലെ ആകുന്നവര്‍ക്ക് സൌന്ദര്യം ഒരു വിഷയമല്ലല്ലോ.
മെല്ലെ  അടുത്ത് ചെന്ന് പതിവ് രീതിയില്‍ വല എറിഞ്ഞു .
 "ഇവിടെ ആദ്യം ആണോ വരുന്നത് ? കൂടെ ആരും ഇല്ലല്ലോ . ഈ സന്ധ്യ കഴിഞ്ഞ വേളയില്‍ ഒറ്റയ്ക്ക് കുട്ടി എങ്ങോട്ടാണ് ?"
എന്റെ കണ്ണ് തള്ളിക്കുന്ന മറുപടി ആണ് പക്ഷെ അവള്‍ തന്നത്.
"എത്ര കിട്ടും ഞാന്‍ കൂടെ വന്നാല്‍ ?"
കടുവയെ കിടുവ പിടിച്ചോ ? ഇതിനെ കണ്ടാല്‍ ഈ ഫീല്‍ഡില്‍ ഇറങ്ങിയ ഒരാളായി തോന്നുകില്ല . ഗ്രാമത്തിന്റെ തേജസ്സു ഉറങ്ങി കിടക്കുന്ന ഈ കുട്ടി ?
എന്തോ ആകട്ടെ എനിക്കെന്റെ കാര്യം നടന്നാല്‍ പോരെ . ഇതൊരു നല്ല കോള് ആണ് . കയ്യില്‍ ഉള്ളതൊക്കെ പഴഞ്ചന്‍ ആയി . എല്ലാരും പുതിയത് ചോദിക്കുന്നു . നല്ല ഒരു അവസരം ആണ് കയ്യില്‍ വന്നു ചേര്‍ന്നിരിക്കുന്നത് .
"വരൂ എന്റെ കൂടെ "
ഞാന്‍ പറഞ്ഞിട്ട് നടന്നു തുടങ്ങി . അവള്‍ കുറച്ചു നേരം എന്നെ നോക്കി അറച്ചു നിന്ന് പിന്നെ എന്നെ പിന്തുടരാന്‍ തുടങ്ങി .
ഉറച്ച കാല്‍വയ്പ്പുകള്‍ അവളുടെ മനസ്സിന്റെ കഠിനത തുറന്നു കാട്ടുന്നു . എന്തോ ഒരു ചിന്ത അവളെ അലട്ടുന്നുണ്ട് എന്നത് ഉറപ്പു .
"നീ എവിടുന്ന വരുന്നേ ? എത്ര കാലമായ്‌ ഈ തൊഴിലില്‍ ആയിട്ട് ?"
ഇരയുടെ വിവരങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണല്ലോ . അവള്‍ പക്ഷെ ഒന്നും മിണ്ടിയില്ല . മുറുകിയ മൌനം മുഖത്ത് നിറഞ്ഞു നിന്നിരുന്നു .
"നമുക്ക് എന്റെ മുറിയിലേക്ക് പോകാം ."
 ഇരയെ ആദ്യം രുചിച്ചു നോക്കേണ്ടത് വേട്ടക്കാരന്റെ അവകാശം ആണല്ലോ. പിന്നെയല്ലേ അത് വിശക്കുന്നവര്‍ക്ക് കൊടുക്കുക ഉള്ളു .
അവള്‍  ഒന്നും മിണ്ടിയില്ല .കാല്പാദത്തെ മിഴികളില്‍ കോര്‍ത്തു നടന്നു അത്ര തന്നെ .
മുറിയിലെത്തി വാതില്‍ അടച്ചു അയാള്‍ തിരിയുമ്പോള്‍ അവള്‍ അയാളുടെ നീക്കങ്ങള്‍ കണ്ടു നില്‍ക്കുക ആയിരുന്നു . അടുത്തേക്ക്‌ വന്ന അയാളെ അവള്‍ കയ്യെടുത്തു തടഞ്ഞു .
ചോദ്യഭാവത്തില്‍ , ഒരുതരം അല്ഫുതത്തോടെ അയാള്‍ അവളെ നോക്കി .
മുറിഞ്ഞു വീണ വാക്കുകള്‍ക്ക്‌ നല്ല വ്യെക്തത ഉണ്ടായിരുന്നു .
"എനിക്ക് ഒരു ഇരുപത്തയ്യായിരം രൂപ വേണം. നിങ്ങള്‍ എന്നെ എന്ത് വേണമെങ്കിലും ചെയ്തു കൊള്ളൂ . തെരുവില്‍ വിറ്റുകൊള്ളൂ . എനിക്ക് വിഷമം ഇല്ല പക്ഷെ എനിക്ക് ഇന്ന് ഇരുപത്തയ്യായിരം രൂപ വേണം "
അവളുടെ  വാക്കുകള്‍ എന്നില്‍  കൌതുകം ജനിപ്പിച്ചു. ഈ മുതല് മാര്‍ക്കറ്റില്‍ ഇറക്കിയാല്‍ ഇത്ര കിട്ടുമോ എന്ന് ആ ഞാന്‍ നോക്കി .
അവളുടെ മുഖം എന്നെ എന്തോ ഒരു തരം സ്നേഹമോ സഹതാപമോ പറയാന്‍ അറിയാത്ത എന്തോ ഒരു വികാരം ഉണര്‍ത്തിച്ചു . ഞാന്‍ അവളോട്‌ ചോദിച്ചു.
"എന്താണ് നിന്റെ പ്രശ്നം ? അത് ആദ്യം പറയു. "
"അത് നിങ്ങളെ ബാധിക്കുന്ന വിഷയം അല്ല . ഞാന്‍ ചോദിച്ചതിനു മറുപടി പറയുക . അല്ലെങ്കില്‍ എന്നെ എന്റെ വഴിക്ക് വിടുക "
അവളുടെ മറുപടി എന്നില്‍ ദേഷ്യമാണ് ഉണര്‍ത്തിയത് .ക്ഷോഭത്തോടെ ഞാന്‍ അവളോട്‌ പറഞ്ഞു .
"അധികം വിളച്ചിലെടുത്താല്‍ വലിച്ചു കീറി കായലില്‍ താഴ്ത്തും പറഞ്ഞേക്കാം . അവിടെ ഇരിക്കടീ"
എന്റെ  ശബ്ദം ഉയര്‍ന്നപ്പോള്‍ അവള്‍ നടുങ്ങി പ്പിടഞ്ഞു എന്നെ നോക്കി . എന്റെ മിഴികള്‍ അവളുടെ മിഴികളില്‍ തറഞ്ഞു നിന്ന് . ക്ഷോഭം കൊണ്ട് എന്റെ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു .
പൊടുന്നനെ എന്നെ ഞെട്ടിച്ചുകൊണ്ട് അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് എന്റെ കാല്‍ക്കല്‍ ഇരുന്നു.
"എന്നെ  രക്ഷിക്കണം എനിക്ക് വേറെ വഴിയൊന്നും ഇല്ല . പണം ഇന്ന് തന്നെ വേണം "
അവള്‍ എന്റെ കാലില്‍ പിടിച്ചു . അസഹ്യതയോടെ ഞാന്‍ കാലുകള്‍പിറകോട്ടു വലിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു .
"എഴുന്നേറ്റു ആ കസേരയില്‍ ഇരിക്ക് "
അവള്‍ എന്നെ നോക്കി കൊണ്ട് സംശയ പൂര്‍വ്വം മെല്ലെ എണീറ്റ്‌ കസേരയിലിരുന്ന് .
കണ്ണീര്‍ ഒലിക്കുന്ന കവിളുകള്‍ തുടക്കാന്‍ മറന്നു അവളിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ അറിയാത്ത ഒരു വിഷാദം നിഴല്‍ വിരിക്കുന്നുണ്ടായിരുന്നു . ക്രൌര്യം ഉറങ്ങി കിടന്ന മനസ്സില്‍ എവിടെയോ മറഞ്ഞു കിടന്ന മനുഷ്യന്‍ തല പൊക്കുന്നത് പോലെ .
" പറയൂ എന്താ നിന്റെ പ്രശ്നം ."
കഴിയുന്നത്ര  സൌമ്യത വാക്കുകളില്‍ ഞാന്‍ കലര്‍ത്തി .
" എന്റെ അച്ഛന്‍ ആശുപത്രിയില്‍ മരണ കിടക്കയില്‍ ആണ് . എനിക്ക് വേറെ ആരും ഇല്ല . അച്ഛന് ഒരു ഓപറേഷന്‍ നടത്തണം ഉടനെ തന്നെ അല്ലെങ്കില്‍ പിന്നെ ഞാന്‍ ഈ ലോകത്തു ഒറ്റക്കാകും ."
അവള്‍ കരയാന്‍ തുടങ്ങി വീണ്ടും . കരച്ചില്‍ ഒന്ന് അടങ്ങിയപ്പോള്‍ അവള്‍ വീണ്ടും പറഞ്ഞു തുടങ്ങി . " ഞാന്‍ ഈ നഗരത്തില്‍ ആദ്യം ആണ് . ഞാനൊരു ദുര്‍നടത്തകാരിയല്ല . ആദ്യമായാണ് ഞാന്‍ ....
എന്റെ കയ്യില്‍ പണം ഇല്ല . ഉള്ള കിടക്കാടം വിറ്റാണ് അച്ഛനെ ചികില്സ്സിച്ചത് . ഓരോ ആശുപത്രികള്‍ കയറി ഇറങ്ങി കയ്യിലുള്ളത് മുഴുവന്‍ തീര്‍ന്നു . ഇപ്പോള്‍ പോയ ആശുപത്രിക്കാര്‍ ആണ് പറഞ്ഞത്‌ ഒരു ഓപറേഷന്‍ നടത്തിയാല്‍ രക്ഷ കിട്ടും അതിനു ഇരുപത്തിയയ്യായിരം രൂപ ചെലവ് ആകും എന്ന് . ഞങ്ങള്‍ക്ക് വേറെ ആരും ഇല്ല . അമ്മ ചെറുതിലെ മരിച്ചു പോയി . അച്ഛന്‍ രോഗിയും ആയി . ചിലവുകള്‍ നടക്കുന്നത് ഞാന്‍ വീട് വേല ചെയ്തു ആണ് . ഇപ്പോള്‍ ആശുപത്രിയിലായതിനാല്‍ അതും ഇല്ല . നാട്ടില്‍ ഞാന്‍ ചീത്ത ആയാല്‍ പിന്നെ അവിടെ ജീവിക്കാന്‍ ആകില്ല . പണം ഉണ്ടാക്കാന്‍ ഇനി എന്റെ കയ്യിലീ ശരീരം മാത്രമേ ഉള്ളു ."
അവളുടെ വാക്കുകള്‍ വരുന്നത് ഇരുണ്ട ഏതോ ഗുഹയില്‍ നിന്നാണെന്ന് തോന്നി . സിഗരറ്റ് പുക നല്‍കിയ മൂടല്‍ മഞ്ഞില്‍ അവളെ അങ്ങ് ദൂരെ ഏതോ താഴ്വാരത്തു നില്‍ക്കും പോലെ തോന്നി .
കുറച്ചു നേരം മിണ്ടാതെ ഇരുന്നു ഞാന്‍ . എന്റെ ഉള്ളില്‍ അവളുടെ ദൈന്യത നിഴല്‍ വിരിച്ച ദുഃഖം ഒരു പാട പോലെ വിലങ്ങി നില്‍ക്കുന്നു .
നെഞ്ചില്‍ അമര്‍ത്തി തടവി കൊണ്ട് ഞാന്‍ കുറച്ചു നേരം അവളെ തന്നെ നോക്കി ഇരുന്നു . എന്താണെ എനിക്ക് പറ്റിയത് എന്ന് ഞാനെന്നോട് തന്നെ ചോദിച്ചു. ഞാന്‍ പഴയ രാമന്‍കുട്ടി ആകുക ആണോ ? എനിക്ക് എന്നോട് തന്നെ ഒരു അകല്‍ച്ച തോന്നി . എന്റെ ഉടുപ്പിലേക്ക് നോക്കി ഞാന്‍ ഉറപ്പു വരുത്തി അത് ഞാന്‍ തന്നെ ആണെന്ന് . എഴുന്നേറ്റു ചെന്ന് ചുവരില്‍ തൂക്കി ഇട്ടിരുന്ന കണ്ണാടി നോകി മുഖം അമര്‍ത്തിതുടച്ചു. പിന്നെ മീശ മെല്ലെ പിരിച്ചു വച്ച് . ഇല്ല ഒരു തൃപ്തി തോന്നുന്നില്ല . എനിക്കെന്ത ഇങ്ങനെ ? ഞാന്‍ തല കുടഞ്ഞു . രൂപം മാറാന്‍ ശ്രമിക്കുന്ന നായകനെ പോലെ , രംഗാവതരണത്തിനു തയ്യറെടുക്കും പോലെ . ഇല്ല കഴിയുന്നില്ല . ഒരു വല്ലാത്ത അവസ്ഥ തന്നെ .
ഞാന്‍ മെല്ലെ അവളെ തിരിഞ്ഞൊന്നു നോക്കി . അവളുടെ കണ്ണുകളെ നേരിടാന്‍ എനിക്ക് വിഷമം ആയി . ചോദ്യങ്ങള്‍ നിറഞ്ഞ ആ മുഖം എന്നെ വേട്ടയാടുന്ന പോലെ .
കുറച്ചു നേരം മുറിയില്‍ അങ്ങും ഇങ്ങും നടന്നു . സിഗരറ്റ് പാക്കറ്റ് കാലിയായി കഴിഞ്ഞിരിക്കുന്നു .
ഞാനും മനസ്സും തമ്മില്‍ ഒരു ദ്വന്ദയുദ്ധത്തില്‍ ആയിരുന്നു . ഒടുവില്‍ ഒരു തീരുമാനം ആയപോലെ മെല്ലെ തിരിഞ്ഞു അവളോട്‌ പറഞ്ഞു .
" ദാ അതാണ്‌ ബാത്ത്റൂം . പോയി മുഖം കഴുകി വാ "
അവള്‍ അകത്തേക്ക് പോയപ്പോള്‍ ഞാന്‍ എന്റെ പെട്ടി തുറന്നു . പണം എന്നി നോക്കി . തൃപ്തി ആയി . പെങ്ങമാരെ കെട്ടിക്കാന്‍ സമ്പാദിച്ച പണം ആണ് പക്ഷെ ഇപ്പോള്‍ ഇതിനു അവകാശം ആയി ഇവള്‍ . വീണ്ടും മനസ്സ് ചോദിച്ചു . വേണോ ഈ സാഹസം . നിനക്ക് നന്നാകാന്‍ അവസരം ഇനിയും കിട്ടും . ഈ ലോകം മല്സ്സരത്തിന്റെ ആണ് . ഇല്ല രക്ഷയില്ല പിശാചിന്റെ ചിന്തകളെ അകറ്റാന്‍ അവളുടെ മുഖം പര്യാപ്തം ആകുന്നു എന്നത് എന്നെ വിഷമിപ്പിക്കുന്നു .
പുറത്തു വന്ന അവളോട്‌ ഞാന്‍ പറഞ്ഞു
"വരൂ നിന്റെ അച്ഛന്റെ അടുത്തേക്ക്‌ പോകാം . ആദ്യം ഓപ്പറേഷന്‍ നടക്കട്ടെ പിന്നെ മറ്റു കാര്യങ്ങള്‍ "
അവളുടെ മിഴികള്‍ നിറഞ്ഞു . നന്ദി പ്രകാശിക്കുന്ന ആ കണ്ണുകള്‍ നോക്കിയപ്പോള്‍ എന്റെ ഉള്ളില്‍ ഒരു പ്രത്യേക സുഖം നിറഞ്ഞു വരുന്ന പോലെ .
അവളുമായ് രാത്രി വണ്ടിയില്‍ തിരിച്ചു ആശുപത്രിയിലേക്ക് ചെന്നപ്പോള്‍ പക്ഷെ അവിടെ അവളെ കാത്തിരുന്നത് മോര്‍ച്ചറിയില്‍ തണുത്തു തുടങ്ങിയ ഒരു ശവം മാത്രമായിരുന്നു .
പൊട്ടികരയുന്ന അവളെ നോക്കി നിന്നപ്പോള്‍ അവളെ ആശ്വസിപ്പിക്കാന്‍ ആണ് മനസ്സ് പറഞ്ഞത് . മെല്ലെ പുറത്തു തട്ടിയപ്പോള്‍ അവള്‍ തിരിഞ്ഞെന്റെ മാറില്‍ വീണു ആര്‍ത്തലച്ചു കരഞ്ഞു . ഞാന്‍ അനങ്ങിയില്ല പുറകില്‍ മെല്ലെ തലോടി ചേര്‍ത്തു പിടിച്ചു നിന്നപ്പോള്‍ എന്റെ മനസ്സില്‍ അനിര്‍വ്വചനീയമായ ഒരു ആനന്ദം ഞാന്‍ അറിഞ്ഞു.
ആശുപത്രിയില്‍ നിന്നും എല്ലാ നടപടിയും തീര്‍ത്ത്‌ ശവം പൊതു ശ്മശാനത്തില്‍ മറവു ചെയ്തു കഴിഞ്ഞപ്പോള്‍ നേരം സന്ധ്യ ആയി .ഇനി എന്ത് എന്ന എന്റെ മിഴികളിലെ ചോദ്യത്തിന് മറുപടി പോലെ അവള്‍ എന്നെ നോക്കി നിന്ന് .
അപ്പോള്‍ ഉണ്ടായ ഒരു വികാരത്തിനു ഞാന്‍ അവളോട്‌ ചോദിച്ചു .
"പോരുന്നോ നീ എന്റെ കൂടെ ?"
ആണൊരുത്തന്റെ ചോദ്യത്തിന് അവള്‍ക്കു മറ്റെന്തു മറുപടി .
അവളെയും  കൊണ്ട് തിരിച്ചു പോകാന്‍ ശ്രമിക്കുമ്പോള്‍ ആണ് മനസ്സില്‍ മറ്റൊരു ചിന്ത ഉണ്ടായത്. അമ്മയെ കാണണം . തീരുമാനങ്ങള്‍ക്ക്‌ ഇപ്പോഴും പ്രവര്‍ത്തിയുടെ അനുവാദം വേണ്ടല്ലോ . അടുത്ത വണ്ടിക്കു നേരെ നാട്ടിലേക്കു തന്നെ തിരിച്ചു .
പുലര്‍ച്ചെ നാട്ടില്‍ വണ്ടി ഇറങ്ങി അവളുമൊത്തു പോകുമ്പോള്‍ നാട്ടുവഴികളില്‍ അപരിചിതത്തിന്റെ കണ്ണുകള്‍ പിന്നാലെ വരുന്നുണ്ടായിരുന്നു .
വീട്ടിലേക്കു ഉള്ള വഴി തിരിയുമ്പോള്‍ മനസ്സ്  ഉടുക്ക് കൊട്ടി പാടുന്ന അവസ്ഥ .
ഉമ്മറത്ത് ആരും ഇല്ല . പുലരി പകലിന് വഴി മാറുന്ന നേരത്ത് എവിടെ പോയി എല്ലാരും . ഞാന്‍ മെല്ലെ ഉമ്മറത്തേക്ക് കയറി . അകത്തേ വാതിലില്‍ പെട്ടെന്ന് മൂത്ത പെങ്ങള്‍ എത്തി . ആദ്യം അവള്‍ പകച്ചു നോക്കി നിന്ന് പിന്നെ ഒരു ആഹ്ലാദ ശബ്ദം പുറത്തേക്ക് ചിതറി .
"അമ്മെ ആരാ വന്നതെന്ന് നോക്കൂ . " അവള്‍ ഉള്ളിലേക്ക് നോക്കി ഉറക്കെ വിളിച്ചു കൊണ്ട് ഓടി വന്നെന്റെ കയ്യില്‍ മുറുക്കെ പിടിച്ചു .
എന്റെ കണ്ണുകള്‍ അവളുടെ കഴുത്തിലെ താലിമാലയില്‍ ഉടക്കി . സംശയം പൂണ്ട കണ്ണുകളോടെ അവളെ നോക്കി ഞാന്‍ ചോദിച്ചു
"ഇത്.... ഇതെന്ത ഞാന്‍ കാണുന്നെ ?"
അവള്‍ പെട്ടെന്ന് മുഖം താഴ്ത്തി . കണ്ണുകളില്‍ വിഷാദം അലയടിച്ചു .
"അതു , ഞാന്‍ ..... എല്ലാം പെട്ടെന്നു ആയിരുന്നു . അല്ലേലും നിന്നെ അറിയിക്കാന്‍ ഒരു വഴിയും ഇല്ലല്ലോ . അതാ അറിയിക്കാതിരുന്നത് . രാജേട്ടന്‍ പട്ടാളത്തില്‍ ആണ് . "
അവളുടെ വാക്കുകള്‍ മനസ്സില്‍ തീരാമഴ പെയ്യിച്ചു . ആഗ്രഹങ്ങളെ പുറത്താക്കി മനസ്സ് കൊട്ടി അടച്ചാല്‍ എന്ത് ആകും അവസ്ഥ അത് പോലെ ആയി ഞാന്‍ .
"അവള്‍ എവിടെ രാധ ?"
എന്റെ  ചോദ്യത്തിന് മറുപടി പറയാന്‍ അവള്‍ കുറച്ചു മടിച്ചു . പിന്നെ പതുക്കെ പറഞ്ഞു .
"അവള്‍ ഇവിടെ ഇല്ല. നിനക്ക് അമ്മയെ കാണണ്ടേ വാ "
വിഷയം മാറ്റാന്‍ എന്നാ പോലെ അവള്‍ എന്നെ കയ്യില്‍ പിടിച്ചു മുന്നോട്ടു വലിച്ചു . അപ്പോഴാണ്‌ അവള്‍ പുറകില്‍ മുറ്റത്ത്‌ നില്‍ക്കുന്ന സ്ത്രീയെ കണ്ടത് .
"ഇതാരാ ? നിന്റെ കൂടെ വന്നതാണോ ? "
അവള്‍ ചോദിച്ചു . ഞാന്‍ ഒന്നും മിണ്ടാതെ അവളോടു കയറി വരാന്‍ മുഖം കൊണ്ട് ആംഗ്യം കാണിച്ച ശേഷം ഉള്ളിലേക്ക് കയറി .
പഴമണം നിറഞ്ഞു നില്‍ക്കുന്ന ഇരുള് കാവല്‍ നില്‍ക്കുന്ന അകമുറിയില്‍ അമ്മ ഒരു വിറകു കഷണം പോലെ തോന്നിച്ചു .
"നീ വന്നു അല്ലെ .... നന്നായി "
അമ്മയുടെ സ്വരം വിദൂരത്തില്‍ നിന്നെന്ന പോലെ കാതില്‍ വന്നു വീണു . കട്ടിലില്‍ അരികില്‍ ഇരുന്നു കൈ മെല്ലെ എടുത്തു ഉമ്മ വച്ചപ്പോള്‍ അമ്മയുടെ എല്ലിച്ച നെഞ്ചിന്‍ കൂടില്‍ നിന്നും ഒരു പൊട്ടിക്കരച്ചിലിന്റെ ചീളുകള്‍ ചിതറി വീണു . ഞാനും കരഞ്ഞു പോയി . അമ്മയുടെ കൊച്ചു മകനെ പോലെ ഒരു ശിശുവായ്‌ മാറില്‍ വീഴാന്‍ മനസ്സ് കൊതിച്ചു .
അപ്പോഴേക്കും മുറിയിലേക്ക് പെങ്ങള്‍ കടന്നു വന്നു .
"അമ്മെ കണ്ടോ രാമന്‍കുട്ടി കൂടെ കൊണ്ട് വന്നതാ . ലളിത "
അവളുടെ പേര് അപ്പോഴാണ്‌ ഞാന്‍ ചോദിച്ചില്ലല്ലോ എന്ന് ഓര്‍ത്ത്‌ പോയത് .
അമ്മ അവളോട്‌ അടുത്തേക്ക്‌ വരാന്‍ പറഞ്ഞു . കട്ടിലിന്നടുത്തു ചെന്ന അവളുടെ തലയില്‍ കയ്യ് വച്ച് കൊണ്ട് അമ്മ പറഞ്ഞു
"എനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയില്ല അല്ലെങ്കില്‍ നിന്നെ ഞാന്‍ വിളക്ക് തന്നു സ്വീകരിച്ചേനെ . നന്നായി മോനെ .മൂത്തവളുടെ കല്യാണം നിനക്ക് കൂടാന്‍ കഴിഞ്ഞില്ല . ഇളയവള്‍ ആരുടെയോ കൂടെ ഓടിയും പോയി. നീയും ഇങ്ങനെ . എന്തായാലും നിങ്ങളുടെ ജീവിതം നിങ്ങള്‍ സന്തോഷ പൂര്‍വ്വം ജീവിച്ചു തീര്‍ക്കുക "
അവിശ്വസനീയതയോടെ  ഞാന്‍ പെങ്ങളെ നോക്കി . അവള്‍ അതെ എന്ന് ശിരസ്സു കുലുക്കി .
പതനം  ആ വീടിനെ ആകെ വിഴുങ്ങിയിരിക്കുന്നു . എല്ലാം എന്റെ തെറ്റ് . ഞാന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെഒന്നും ഉണ്ടാകില്ലായിരുന്നു . പക്ഷെ ഇനി പറഞ്ഞിട്ടെന്തു കാര്യം ?
കുറച്ചു ദിവസം കഴിച്ചു കൂട്ടിയപ്പോള്‍ വീട് ഒരു സുഖമുള്ള നൊമ്പരം ആയി ഉള്ളില്‍ തിങ്ങിവിങ്ങി . തിരിച്ചു പോകാന്‍ കഴിയാത്ത വണ്ണം ലളിത മനസ്സില്‍ നിറഞ്ഞു കഴിഞ്ഞിരുന്നു . ആചാരങ്ങളും ചടങ്ങുകളും ഇല്ലാതെ ഒന്നിച്ചു കഴിഞ്ഞു തുടങ്ങി . കഴുത്തില്‍ അടയാളം ആയി നല്‍കിയ താലി മാത്രമായിരുന്നു തമ്മില്‍ ഉള്ള ഉടമ്പടി പോലെ ഇടയ്ക്കു ഉണ്ടായിരുന്നത് . മൂന്നുമാസം പെട്ടെന്നാണ് കടന്നു പോയത് . എന്റെ സാമ്രാജ്യം തകരും മുന്നേ എനിക്ക് തിരിച്ചു പോയെ കഴിയു . പക്ഷെ അവള്‍ അത് സമ്മതിക്കുന്നുമില്ല . ഞാന്‍ ഇനി ആ പണി ചെയ്യില്ല എന്ന് സത്യം ചെയ്തു . ഇപ്പോള്‍ എനിക്ക് നല്ല പരിചയം ആണ് ആ നഗരം അതിനാല്‍ ഞാന്‍ വേറെ എന്തെങ്കിലും പണി ചെയ്തു കൊള്ളാം എന്ന ഉറപ്പിന്മേല്‍ അവള്‍ മനസ്സില്ല മനസ്സോടെ എന്നെ യാത്രയാക്കി
ഒരു പരിചയക്കാരന്റെ സഹായത്തോടെ ഒരു സെക്കൂരിറ്റി പണി കിട്ടി . ജാള്യത  ആയിരുന്നു ആദ്യം ഒക്കെ പിന്നെ അത് അങ്ങ് മാറി . മനസ്സ്‌ ഇപ്പോഴും ദൂരെ നാട്ടില്‍ ലളിതയോടു കൂടെ ആയിരുന്നു . എല്ലാ മാസവും അവളെ കാണാന്‍ ഓടി പോകുന്ന സന്തോഷം അത് അനുഭവിക്കുമ്പോള്‍ പഴയ ജീവിതം എന്നെ നോക്കി പരിഹസിച്ചു . പക്ഷെ അവള്‍ക്കു കൊടുത്ത വാക്ക് മാറാന്‍ മനസ്സ് സമ്മതിച്ചില്ല .
വര്‍ഷങ്ങള്‍ കടന്നു പോയി . ഒരു പാട് നേര്ച്ച കാഴ്ചകളും ആശുപത്രികളും കയറി ഇറങ്ങി പക്ഷെ ഒരു കുഞ്ഞു മാത്രം ഇല്ലാതെ പോയി . കാലം അമ്മയെ കൊണ്ട് പോയി . ഇപ്പോള്‍ പെങ്ങളും ലളിതയും മാത്രം ആയി വീട്ടില്‍ . പതിയെ പതിയെ മാസാമാസം വരുന്ന എന്റെ വരവിനെ പഴയ ഊഷ്മളതയോടുള്ള വരവേല്‍പ്പ് ഇല്ലാതായി ലളിതയില്‍ . സന്തോഷം ഇല്ലായ്മ എല്ലാ സമയത്തും മുഖത്ത് നിഴലിട്ടു നിന്ന് . കിടക്കയിലും ഒരു തരം നിരാശ നിറഞ്ഞ മനസ്സോടെ ഉള്ള , അതൃപ്തി തെളിഞ്ഞു കാണാന്‍ തുടങ്ങി .രണ്ടു ദിവസത്തെ അവധി ഒരു ഭാരം ആയി അവള്‍ക്കു തോന്നുന്നത്എനിക്ക് അനുഭവപ്പെട്ടു .
വല്ലാത്ത ചിന്താ ഭാരത്തോടെ ആണ് ഞാന്‍ തിരിച്ചു പോയത് .ജോലിയില്‍ പഴയ ഉത്സാഹം നഷ്ടമായി. മനസ്സില്‍ ഇപ്പോഴും ലളിത എന്ത് കൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്നത് ആയി ചിന്ത . പിറ്റേ തവണ അവധിക്കു ചെന്നപ്പോള്‍ സംശയം അവളോട്‌ തന്നെ ചോദിച്ചു . ഇനി കുട്ടികള്‍ ഇല്ലാത്തത്‌ ആണോ പ്രശ്നം എന്നതായി എന്റെ ചിന്ത . പഴയ പോലെ വിരസത കൂട് കുട്ടിയ മനസും ആയി തിരിച്ചു ജോലിസ്ഥലത്തേക്ക് പോയി . കുറച്ചു ദിവസം കഴിഞ്ഞു ഒരുനാള്‍ പെങ്ങള്‍ ഫോണ്‍ ചെയ്തു പറഞ്ഞു രാമാ നീ ഒന്ന് വീട്ടിലേക്ക്‌ വരണം ഒരു അത്യാവശ്യ കാര്യം പറയാന്‍ ഉണ്ട് .
അവളുടെ വാക്കിലെ ഉള്ക്കണ്ട , അന്ന് തന്നെ നാട്ടിലേക്കു തിരിപ്പിച്ചു . രാത്രി വളരെ വൈകി ആണ് വീട്ടില്‍ എത്തിയത് . വീട്ടില്‍ എത്തുമ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്ന ഭാരത്തിനു മറുപടി എന്നാ പോലെ എന്റെ മുറിക്കുള്ളിലെ  വെളിച്ചം കത്തി നിന്നിരുന്നു . തട്ടി വിളിക്കാന്‍ തുടങ്ങുമ്പോഴാണ് അകത്തു നിന്നും കേട്ട ചിരി ചെവിയില്‍ ഈയം പോലെ ഉരുകി വീണത്‌ . ഒരു പുരുഷന്റെ  സ്വരം ..!
സ്വതസിദ്ധമായ കഴിവ് മനസ്സിനെ ജാഗരൂകമാക്കി . ചായ്പ്പിലെ കോണില്‍ ഇരുന്ന വെട്ടുകത്തി ആണ് ഓര്‍മയില്‍ തടഞ്ഞ ആദ്യ ആയുധം . പിന്നെ മടിച്ചില്ല . അതുമെടുത്തു മുറിയില്‍ തട്ടി വിളിച്ചു .
"ലളിതെ വാതില്‍ തുറക്കൂ . "
ഉള്ളില്‍ പരിഭ്രമത്തിന്റെ ശബ്ദകോലാഹലം മുഴങ്ങി . എന്തൊക്കെയോ തട്ടി പിടഞ്ഞു വീണു . വെളിച്ചം അണഞ്ഞു മുറിയില്‍ . ഞാന്‍ ഉറക്കെ തട്ടി വിളിക്കാന്‍ തുടങ്ങി . കതകു തുറന്നതും മുന്നില്‍ വന്ന രൂപത്തിനെ ആഞ്ഞു വെട്ടി . ഒരു നിലവിളി ഇരുളില്‍ മുഴങ്ങി കേട്ട് . വീണ്ടും വീണ്ടും വെട്ടുമ്പോഴേക്കും ആ രൂപം വീണു കഴിഞ്ഞിരുന്നു . മുരിയിലെക്കി ഇരച്ചു കയറുമ്പോള്‍ തന്നെ ആഞ്ഞു തൊഴിച്ചു കൊണ്ട് ഒരു രൂപം പുറത്തേക്ക് പാഞ്ഞു . വീഴ്ചയില്‍ നിന്നും എഴുന്നെല്ക്കുമ്പോ ഴേക്കും ആ രൂപം ഇരുളില്‍ മറഞ്ഞു കഴിഞ്ഞിരുന്നു .
നിയമത്തനു ചെയ്യാന്‍ ഒന്നും ഇല്ലായിരുന്നു . തെളിവും സാക്ഷിയും എല്ലാംനിറഞ്ഞ ഒരു സാധാരണ കൊലപാതകം ആയി അവര്‍ക്ക്‌ അത് . ഒടുവില്‍ ജീവപര്യന്തരം കഴിഞ്ഞു പുറത്തു വന്ന രാമന്‍ കുട്ടിയുടെ മനസ് പക്ഷെ  ഇരുളില്‍ മുങ്ങി പോയിരുന്നു .
ലക്ഷ്യമില്ലാതെ നടന്നു പോകുന്ന രാമന്‍കുട്ടി ഇപ്പോള്‍ അവശേഷിപ്പിക്കുന്ന നീളന്‍ കറുത്ത നിഴല്‍ മാത്രം തെരുവിന്റെ മാറില്‍ അലിഞ്ഞു ചേരുന്നു .
രാത്രി പുലരിയെ തേടി യാത്രയില്‍ ആണ് . അതിലെവിടെക്കോ മറ്റൊരു പുലരിയെ സ്വപ്നം കാണാന്‍ കഴിയാതെ നടന്നു നീങ്ങുന്നു അയാള്‍ .....
-------------------------------------ബി ജി എന്‍ വര്‍ക്കല --------------------




3 comments:

  1. സംഭവബഹുലമായ കഥയാണല്ലോ

    ReplyDelete
  2. ഹാവൂ!!! ഇതൊരു നീണ്ടകഥ ആണല്ലേ!

    ReplyDelete