Thursday, January 17, 2013

പാര്‍പ്പിടം


നാല് ചുവരുകള്‍ കൊണ്ട് കുറച്ചു മുറികള്‍ നിറയുന്നു
വീടെന്ന് പേരും കുടുംബം എന്ന സംവിധാനവും .
ഇരുട്ട് നെടുവീര്‍പ്പിടുന്ന മുറികളിലേക്ക്
വെളിച്ചമില്ലാതെ കയറി വരരുത് കാറ്റ് പോലും .

നിഷാദ സ്മരണകള്‍ ഉറങ്ങുന്ന കിടപ്പറകള്‍ ,
വിഷാദച്ഛവി പറന്ന ബാല്‍ക്കണികള്‍ ,
കണ്ണീര്‍ കുതിര്‍ന്ന കുളിമുറികള്‍ , ഒക്കെയും
ശ്വാസം മുട്ടിച്ചു കൊല്ലും നിങ്ങളെയെന്നോര്‍ക്കുക .

ഇരുണ്ട അക മുറികളില്‍ നിറഞ്ഞു നില്‍ക്കുന്ന
കഷായഗന്ധം നിങ്ങളെ ചിലപ്പോള്‍ മൂക്ക് പൊത്തിക്കാം
കാസരോഗം പറിച്ചു എരിയുന്ന കഫപ്പുരകള്‍
നിങ്ങളില്‍ മടുപ്പുണ്ടാക്കിയേക്കാം .

സ്വപ്നങ്ങളില്‍ മയങ്ങി കിടക്കുന്ന തലയിണകള്‍
ശൃംഗാരത്തിന്റെ മോണിട്ടറുകള്‍ കാട്ടിതന്നേക്കാം .
ചിലപ്പോള്‍ നീലവെളിച്ചത്തിന്റെ അതിപ്രസരത്താല്‍
മിഴികളില്‍ ജാള്യം പകരേണ്ടി വരും ,കരുതല്‍ വേണം .

ഉപേക്ഷിക്കപ്പെട്ട ഭക്ഷണത്തിനു വേണ്ടി
കലപില കൂട്ടുന്ന ചുണ്ടെലികള്‍ ചിലപ്പോള്‍
നിങ്ങളെ നോക്കി മൂക്ക് വിടര്‍ത്തിയേക്കാം ,
ഇരുളില്‍ ചവിട്ടി വീഴാതെ നോക്കുക .

അണയാത്ത ടി വിയുടെ മുഖത്തുമ്മ വയ്ക്കുന്ന
ശലഭങ്ങളെ പല്ലികള്‍ ഊഴമിട്ട് സ്നേഹിക്കുന്നതും
നിശ്വാസത്തിന്റെ തേനീച്ചക്കൂടുകളില്‍ മൂളിയാര്‍ക്കുന്ന
ഉറക്കമില്ലാത്ത മുഖങ്ങള്‍ നിങ്ങളെ ഭയപ്പെടുത്തിയേക്കും .

ഇറങ്ങി പോകുമ്പോള്‍ പൂമുഖത്തു തട്ടി വീഴാതെ നോക്കുക
ചിതറിയ പാദരക്ഷകളും , തൂക്കിയിട്ട നിലവിളക്കും
ഒരുപക്ഷെ നിങ്ങളെ ഓര്‍മ്മിപ്പിക്കുകയുണ്ടാകും
ജീവിതങ്ങള്‍ ഉള്ളില്‍ ചിതലരിക്കുക ആണെന്ന് .
-----------------------ബി ജി എന്‍ വര്‍ക്കല ------

2 comments:

  1. ഇറങ്ങി പോകുമ്പോള്‍ പൂമുഖത്തു തട്ടി വീഴാതെ നോക്കുക
    ചിതറിയ പാദരക്ഷകളും , തൂക്കിയിട്ട നിലവിളക്കും
    ഒരുപക്ഷെ നിങ്ങളെ ഓര്‍മ്മിപ്പിക്കുകയുണ്ടാകും
    ജീവിതങ്ങള്‍ ഉള്ളില്‍ ചിതലരിക്കുക ആണെന്ന് .

    വെരി ഗുഡ്

    ReplyDelete
    Replies
    1. ഒരു ജീവിതത്തിന്റെ നേര്‍ക്കാഴ്ച എത്ര കൃത്യമായും സത്യസന്ധമായും വിവരിച്ചിരിയ്ക്കുന്നു... സന്തോഷം , ഈ വായനാനുഭവത്തിന്..

      Delete