Sunday, January 6, 2013

കയറ്റവും ഇറക്കവും


നീലാകാശത്തിനെ എത്തിപിടിക്കാന്‍ ആണ്
മലകയറ്റം ഞാന്‍ തുടങ്ങിയത്
ചുവട്ടിലെ പുള്‍ച്ചെടികള്‍ എന്നെ നോക്കി
ചിരിക്കുന്നതെന്തിനു എന്നറിയാതെ
കാലുകള്‍ വലിച്ചു വച്ച് കയറുകയാണ് ഞാന്‍

കാഴ്ചകളുടെ മഹാമേരുക്കള്‍ കുട പിടിക്കാത്ത
മലയുടെ നിറുക എന്റെ ലക്ഷ്യമായ്‌ .
പാറ വിളുംബുകളില്‍ കാലമര്‍ത്തി
കുരങ്ങനെ പോലെ ഞാന്‍ മേലേക്ക്‌

ഇടയില്‍ കാണാമൊരു കൊച്ചു മരം
നിറയെ പൂത്ത പൂവിന്റെ മുഖവുമായ്‌
ചാലിട്ടോഴുകുന്നു  ഒരു കുഞ്ഞരുവി
യതിന്‍ തണുപ്പിന്റെ മുഖമറിയുന്നു .

പോകണമിനിയും ആ നിറുകയിലേക്ക്
ദൂരമതികം സമയവും നീളുന്നു .
ഉച്ചസൂര്യന്റെ താപത്തിലെന്നെ
വീശിയടിക്കും കാറ്റൊന്നു തഴുകുന്നു മന്ദം .

കാലുകള്‍ വലിച്ചു വയ്ക്കുവാന്‍ പറയുന്ന
മാനസത്തോട് ഞാന്‍ വെറുതെ കലഹിക്കട്ടെ
കാണുന്നു ദൂരെയാ നഗരമെന്‍ കണ്ണില്‍
ചതുരങ്ങള്‍ , വൃത്തങ്ങള്‍ , സമരേഖകള്‍ വലക്കണ്ണ്കള്‍ !

ശ്വാസമെന്റെ നാസികയെ പരിഹസിക്കുന്നു
ഹൃദയവേഗം അതിദ്രുതം പായുന്നു
കണ്ണുകള്‍ ഉയരത്തില്‍ കയ്യകലം തേടുന്നു
കാലുകള്‍ മനസ്സിന്റെ ജാഗ്രത കടമെടുക്കുന്നു .

ഇരുള് പകര്‍ന്നോരാകാശവും മനസ്സും വെറും-
നിമിഷവേഗത്തിലെന്‍ ചലനത്തെ കുടയുമ്പോള്‍
ഉരുളുകയാണ് ഞാനീ ഉരുളന്‍ കല്ലുകള്‍ക്കൊപ്പം
മുകളിലെന്റെ ആകാശത്തില്‍ താരകങ്ങള്‍ കണ്ണ് ചിമ്മുന്നു .
-----------------ബി ജി എന്‍ വര്‍ക്കല ------------------  

4 comments: