Saturday, January 9, 2016

എനിക്ക് ഞാനന്യനാകുമ്പോള്‍


എനിക്ക് ഞാനന്യനാകുമ്പോള്‍
-------------------------------------
പറയുവാനാകാത്ത സങ്കടക്കടലിലെ
പരലുകള്‍ നുള്ളിയെടുത്തിന്നു ഞാന്‍
എഴുതുന്നു വരികളില്‍ മൗനം നിറച്ച
ചഷകം ചുണ്ടോടടുപ്പിക്കുമീ രാവില്‍ .

പറയാന്‍ എളുതല്ല പലതുമീ ലോക
ക്കടലിന്‍ നടുക്ക് ഞാന്‍ ഏകനല്ല .
ഇടറിയ പാദങ്ങള്‍ മുന്നോട്ടു വയ്ക്കുവാന്‍
എളുതല്ല എന്‍ വഴിയും തുറന്നതല്ല .

പ്രണയം മരിച്ചോരു പാതയിലിന്നു
പരിഭവമില്ലാതെ പതുങ്ങി നില്‍ക്കും
ഇടവഴിയിരുളിന്റെ കനമുള്ള മുഖമായ്
ഇവിടെയൊരു നിശബ്ദശബ്ദമായിന്നു ഞാന്‍  .

നീ അകലുന്ന നിഴല്‍ വീണു മന്ദിച്ച
ചരല്‍പ്പാതയിരുളില്‍  മറയുമ്പോഴും
കാറ്റില്‍ നിറഞ്ഞു നില്‍ക്കുന്ന നിന്‍
ഗന്ധത്താല്‍ നിന്നേയറിയുന്നു ഞാനും.

രാവസ്തമിക്കുവോളം നിന്‍ കിടപ്പറ
വാതില്‍ക്കല്‍ നിന്നൊരു യാചകന്‍
നിന്‍ പാദമുമ്മവച്ചൊന്നുറങ്ങീടുവാന്‍
കൊതിയോടെ കാത്തിരുന്നോന്‍ ഞാന്‍ .

മറുവാക്കില്ലാതെയിന്നു ഞാന്‍ മെല്ലെ
മറയുവാന്‍ കൊതിക്കുന്നീ ഭൂവില്‍ നിന്നും
ഒരു പുലരിയില്‍ തിരഞ്ഞു വരുന്നൊരു
സന്ദേശമായി നിന്നെ എതിരേല്ക്കുവാന്‍ .
-----------------------------ബിജു ജി നാഥ്

2 comments:

  1. പറയുവാൻ എളുതല്ല. അത്രപോലും എളുതല്ല തിരുത്തൽ

    ReplyDelete
  2. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete