Wednesday, January 13, 2016

ഒഴുക്ക് വെള്ളത്തിലൊരില


വിരസമാര്‍ന്ന ഇരവുകളിലൊന്നില്‍
സരസമായ പുഞ്ചിരിയുമായ് നീ വന്നു .
പ്രണയപൂര്‍വ്വം ആനയിച്ചിരുത്തുമ്പോള്‍
ഹൃദയത്തില്‍ ആനന്ദവര്‍ഷമുണര്‍ന്നു.

താമരപോലധരങ്ങള്‍ വിടരുമ്പോള്‍
ഭാവസാന്ദ്രമായൊരു ഓര്‍മ്മപോല്‍
മനസ്സില്‍ ഏദന്‍തോട്ടം തെളിഞ്ഞു
ഹൃദയമൊരു ദ്രുതതാളം കൊട്ടിയാടി.

മറുകുകള്‍ കഥ പറഞ്ഞു തുടങ്ങിയ
അറേബ്യന്‍ രാവുകള്‍ക്ക്‌ ശേഷം
ശീതക്കാറ്റ് ഒഴിഞ്ഞു പോവുകയും
നനഞ്ഞ തൂവലുകള്‍ മറയുകയും ചെയ്തു .

ശൈശവത്തിന്റെ ഭാവന കടമെടുത്തു
മാറിലെ മറുകില്‍ വിരല്‍ തൊട്ടു ഞാന്‍.
തുടിച്ചുയരും ആനന്ദത്താലാകാമവള്‍
തൊഴിച്ചെറിഞ്ഞതെന്നെയീ പുഴയില്‍ .

ഇനിയീ ഒഴുക്കു വെള്ളത്തില്‍ ഞാനെന്‍
തിരസ്കൃതജന്മത്തിന്‍ കഥകള്‍ ചൊല്ലാം
എഴുതുവാനാകാതെ പോയ വരികള്‍
അസ്തമിക്കട്ടെ എനിക്കൊപ്പമീ കടലില്‍ !
--------------------------ബിജു ജി നാഥ്

1 comment: