ചിറകൊടിഞ്ഞൊരു കിനാവുപോല്‍
എഴുതി മുഴുമിക്കാത്ത കവിതപോല്‍
കീറിയെറിഞ്ഞൊരു കടലാസ് പോല്‍
നിങ്ങള്‍ കണ്ടേയ്ക്കാം യാത്രയില്‍ .
കരയാന്‍ കണ്ണുനീര്‍ കടം ചോദിക്കും കണ്ണുകളും
ചിരിയ്ക്കുവാന്‍ നിലാവ് കൊതിക്കുന്ന ചുണ്ടുകളും
ഒന്ന് തേങ്ങുവാന്‍ ഒളിയിടം കൊതിക്കുന്ന മനസ്സുമായി
നിങ്ങള്‍ കണ്ടേക്കാം ഒരാളെ.
ജന്മഭാരത്തിന്‍ ചുമടാല്‍
കുനിഞ്ഞ നടുവില്‍ കൈ കുത്തി ,
നടന്നു തീരാന്‍ കഴിയാത്ത വഴികളെ
വലിച്ചളന്നു പാദങ്ങള്‍ ഇഴച്ചും
അവഗണയുടെ വേദനപ്പുഴുക്കളാല്‍
ചുളിഞ്ഞു പോയ മുഖം കുനിച്ചും
വഴിയരികില്‍ നിങ്ങള്‍ കണ്ടേയ്ക്കാം .
ഒരിക്കലും ദാഹനീര്‍ നല്‍കിയോ
വിശപ്പാറ്റിയോ
തണലേകിയോ
നിങ്ങള്‍ അയാളെ സ്നേഹിക്കരുത് .
നിങ്ങള്‍ക്ക് മുന്നിലെ കല്‍ക്കൂമ്പാരത്തില്‍ നിന്നും
ആദ്യത്തെ കല്ലെടുത്ത് എറിയുക
പൊട്ടിയ തലയോടില്‍ നിന്നും
ചീറ്റിത്തെറിക്കുന്ന ചോര നിങ്ങള്‍ക്ക് പറഞ്ഞു തരും
അനീതിയോട് കലഹിച്ച,
അസമത്തങ്ങളെ പുലഭ്യം പറഞ്ഞ,
അമാനവരെ അവഗണിച്ച,
മതാന്ധതയെ ആട്ടിയകറ്റിയ
മനുഷ്യനെന്ന പേരുള്ളൊരുവന്‍.
ഇവന്‍ വെറുക്കപ്പെടേണ്ടവന്‍.!
--------------ബിജു ജി നാഥ്
കുരിശിന്‍റെ വഴിയിലൂടെ....
ReplyDeleteആശംസകള്‍
ചുരുക്കം ചിലർ!!!
ReplyDelete