ചെറു കഥകളും കവിതകളും വായിക്കുന്നത് പോലെ എളുപ്പമല്ല നോവലുകള്‍ വായിക്കുക എന്നത് ഒരു സത്യമാണ് . പലപ്പോഴും അപാരമായ ക്ഷമയും സമയവും അതിനായി വായനക്കാരന് നീക്കി വയ്ക്കേണ്ടതായി വരും . പലപ്പോഴും അത്തരം സമയങ്ങളും ക്ഷമയും നമ്മെ നിരാശരാക്കും എങ്കിലും വീണ്ടും വീണ്ടും നാം ആ കര്‍ത്തവ്യം ഒരു കടമ പോലെ നിര്‍വ്വഹിക്കുന്നത് നമുക്ക് എന്തെങ്കിലും ലഭിക്കും ആനന്ദം നല്‍കുന്നത് എന്ന ചിന്തയില്‍ തന്നെയാണ് . വായനക്കാരനെ നിരാശനാക്കാനും ,സന്തോഷിപ്പിക്കാനും നോവല്‍ എഴുത്തുകാരന് കഴിയും .
ഇന്നത്തെ വായന ശ്രീമതി 'ശാന്ത തുളസീധര'ന്റെ (Santha Thulasidharan ) "ആലിന്‍ ചുവട്ടിലെ ആകാശം" എന്ന നോവല്‍ ആയിരുന്നു . ഏകദേശം പതിമ്മൂന്നോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ഒരുപാട് പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത ഈ എഴുത്തുകാരി തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിനിയാണ്, അദ്ധ്യാപികയായും ജി വി രാജ സ്പോര്‍ട്സ് സ്കൂള്‍ പ്രിന്‍സിപ്പലായും സേവനം അനുഷ്ടിച്ച ഈ എഴുത്തുകാരിയുടെ വളരെ മനോഹരമായ ഒരു പ്രണയകാവ്യം ആണ് ആലിന്‍ ചുവട്ടിലെ ആകാശം എന്ന് പറയുന്നതില്‍ സന്തോഷം ആണുള്ളത് .
നാം കണ്ടു മടുത്ത , വായിച്ചു മടുത്ത പ്രണയ കഥകള്‍ ഭൂരിഭാഗവും നമ്മില്‍ ഉണര്‍ത്തുന്ന വിഷയദാരിദ്ര്യം ഇവിടെ എഴുത്തുകാരിയില്‍ കാണുന്നില്ല എന്നതാണ് ഈ വായനയുടെ പ്രത്യേകത ആയി കാണാവുന്നത് . ഇത്ര മനോഹരമായി വാക്കുകളെ ഉപയോഗിച്ച് പ്രണയത്തെ അടയാളപ്പെടുത്തുക വളരെ സന്തോഷപ്രദമായി അനുഭവപ്പെടുന്നു . സാമൂഹ്യവും രാഷ്ട്രീയവും മതവും എല്ലാം തന്നെ ഇതില്‍ ഉണ്ട് .
ഒരേ ഓഫീസില്‍ വളരെ കുറച്ചു നാളുകള്‍ മാത്രം ഒരുമിച്ചു ജോലി ചെയ്ത സമീറയും ജോസഫും തമ്മില്‍ ഉള്ള പ്രണയത്തിന്റെ നനുത്ത നൂലുകളെ മനോഹരമായി കൂട്ടിത്തുന്നുവാന്‍ സമീറയുടെ മകന്‍ കണ്ണന്‍ എന്ന സമീര്‍ എത്തുന്നിടത്ത് നിന്നും തുടങ്ങുന്നു നോവല്‍ .. അമ്മയുടെ ഡയറികളില്‍ കൂടി അമ്മയുടെ ജീവിതമറിഞ്ഞു അതിന്റെ സാക്ഷിയാകാന്‍ വന്നെത്തുന്ന കണ്ണന്‍ പപ്പാ എന്ന് വിളിക്കുന്ന ജോസഫുമായി തന്റെ അമ്മ നടന്ന വഴിത്താരകളില്‍ കൂടി നടക്കുന്നകാഴ്ച എത്ര വിസ്മയകരമാണ് . അമ്മയുടെ ഓരോ നിമിഷവും പുനര്‍ നിര്‍മ്മിച്ച് ജോസഫില്‍ ഉണ്ടാകുന്ന ഓരോ വികാരങ്ങളെയും അളന്നു തിട്ടപ്പെടുത്തുന്ന കണ്ണന്‍ ഒരു നോവായി മനസ്സില്‍ നില്‍ക്കുന്നു .
തനിക്കു നഷ്‌ടമായ സ്നേഹം ആണ് അവര്‍ എന്ന തിരിച്ചറിവില്‍ അവന്‍ വേദനിക്കുമ്പോള്‍ വായനക്കാരനും അവനെ മനസ്സിലാക്കുന്നു . പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കാടും , ആലും കനാലിന്റെ നിര്‍മ്മാണവും ഒക്കെ ചേര്‍ത്ത് വരച്ചു ചേര്‍ത്തിരിക്കുന്നത് വളരെ നന്നായി അനുഭവപ്പെട്ടു . അതുപോലെ തന്നെ അധികാര സ്ഥാനങ്ങളില്‍ ഉള്ള കുതികാല്‍ വെട്ടും ദുര്‍വിനിയോഗങ്ങളും , ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതവും കഥാപാത്രങ്ങളും ഒക്കെ നന്നായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു .
രതിയില്‍കൂടി പൂര്‍ണ്ണത നല്‍കുന്ന പ്രണയ സങ്കല്‍പ്പത്തെ ഇവിടെ എഴുത്തുകാരി തള്ളിക്കളയുന്നു . അടുത്ത ജന്മത്തില്‍ അങ്ങനെ ഒന്നുണ്ടെങ്കില്‍ അന്നത്തേക്ക് വേണ്ടി മാറ്റി വച്ചുകൊണ്ട് എന്റെ കുട്ടിയെ കളങ്കപ്പെടുത്താന്‍ ആകില്ല എന്ന് പറഞ്ഞു സമീറ തന്റെ വ്യെക്തിത്വത്തില്‍ ഉറച്ചു നില്‍ക്കുന്നു . മരണത്തിലേക്ക് അവള്‍ നടന്നു പോകുമ്പോഴും അയാളുടെ സാന്നിദ്ധ്യത്തില്‍ അവള്‍ അനുഭവിക്കുന്ന സന്തോഷവും നിര്‍വൃതിയും പ്രണയത്തിന്റെ നനുത്ത തൂവലാല്‍ ഹൃദയത്തില്‍ തലോടുന്ന അനുഭൂതി നല്‍കുന്നു .
യാഥാസ്ഥികമുസ്ലീം കുടുംബത്തില്‍ ജനിച്ച ഒരു സ്ത്രീയുടെ പരിമിതികളും വേദനകളും സമീറയില്‍ കൂടി അവതരിപ്പിക്കുന്നുണ്ട് . ഭര്‍ത്താവിന്റെ മറ്റൊരു വിവാഹവും അവളോടുള്ള അകല്‍ച്ചയും വളരെ ചെറിയ വിവരണങ്ങള്‍ മാത്രം ആയി ഒതുങ്ങുന്നു എങ്കിലും അവയ്ക്കിടയില്‍ വലിയ വായനകള്‍ ഒളിഞ്ഞു കിടക്കുന്നത് വായനക്കാരന് തൊട്ടറിയാന്‍ കഴിയുന്നുണ്ട് .
വായനയുടെ കൂട്ടത്തിലേക്ക് സധൈര്യം കൂട്ടി ചേര്‍ക്കാവുന്ന ഒരു വായന അനുഭവം ആകും ഈ നോവല്‍ . ആശംസകള്‍ ബി ജി എന്‍ വര്‍ക്കല
ഞാൻ നോവൽ വായനയുടെ ആളാണു
ReplyDeleteഞാനും....
ReplyDeleteവായിക്കാം
ആശംസകള്‍