Saturday, January 2, 2016

രാച്ചിയമ്മ . ഉറൂബിന്റെ കഥാ സമാഹാരം

ഓരോ വായനകളും ഓരോ അനുഭവങ്ങള്‍ ആണ് . വായനയില്‍ പഴമയും പുതുമയും വ്യത്യസ്തതകളും അനുഭവവേദ്യം ആകുന്നതു വായിക്കാന്‍ തിരഞ്ഞെടുക്കുന്നവയുടെ രീതി അനുസരിച്ച് മാറും .ഇന്നത്തെ വായന അത്തരം ഒരു പഴയ വായന ആണ് എന്ന് പറയാം .പുതിയ ആളുകളില്‍ വായന തടഞ്ഞു നിന്നതിനാല്‍ ആണോ അതോ ഒരുപാട് നാളുകള്‍ക്കു ശേഷം പഴമയുടെ മണം ഉള്ള ഒരു വായന തടഞ്ഞതിനാല്‍ ആണോ എന്നറിയില്ല 'ഉറൂബി'ന്റെ "രാച്ചിയമ്മ" വളരെ രസാവഹമായ ഒരു വായനയായി അനുഭവപ്പെട്ടു . പൂര്‍ണ്ണ പബ്ലിക്കേഷന്‍ ഇറക്കിയ രാച്ചിയമ്മ എന്ന കഥാ സമാഹാരത്തില്‍ അഞ്ചു കഥകള്‍ ഉണ്ട് . രാച്ചിയമ്മ , ഓണം കഴിഞ്ഞു , സുഗന്ധമുള്ള ദിവസം , സൂചിമുന , കൊതുകുവലയ്ക്കുള്ളിലെ കൊതു .
ഓരോ കഥയും വ്യത്യസ്തമായ പ്രമേയങ്ങള്‍ ആണ് എന്ന് പറയാന്‍ കഴിയും . ആദ്യ കഥയായ രാച്ചിയമ്മ നാം സ്ഥിരം കണ്ടു പഴകിയ ഒരു പ്രണയ കഥ ആണെങ്കിലും അതില്‍ അവതരണത്തിന്റെ പുതുമ കൊണ്ട് അതൊരു വേറിട്ട്‌ നില്‍ക്കുന്ന കാഴ്ച ആകുന്നു . പാല്‍ക്കാരിയായ മലയാളിയുടെ വേരുകള്‍ ഉള്ള കറുത്തിരുണ്ട രാച്ചിയമ്മ എന്ന കന്നഡപ്പെണ്ണ്‍ മുഖ്യ കഥാപാത്രമാകുന്ന കഥയില്‍ പ്രണയവും കാമവും വാത്സല്യവും എല്ലാം ഇഴചേര്‍ന്നു കിടക്കുന്നത് കാണാം . രാച്ചിയമ്മ എന്ന പാല്‍ക്കാരിയായ തന്റേടി പെണ്ണ്‍ നായകന്‍റെ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍ അവര്‍ക്കിടയില്‍ ലോല വികാരങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . അവളിലെ കറുത്തശിലപോലുള്ള ശരീരം അയാളില്‍ ഒന്നും തന്നെ ഉണര്‍ത്തിയില്ല എന്ന് തന്നെ പറയാം . പക്ഷെ സുഖമില്ലാതെ കിടന്ന അയാളെ ശുശ്രൂക്ഷിച്ചു കൊണ്ട് അവള്‍ അയാളുടെ മനസ്സിലേക്ക് കടന്നു ചെല്ലുന്നു . ഒടുവില്‍ ഒരു മുഹൂര്‍ത്തത്തില്‍ അവര്‍ മനസ്സ് തുറന്നു സംസാരിക്കുമ്പോള്‍ അവള്‍ മരിച്ചു പോയ ആങ്ങളയുടെ മുഖം അയാളില്‍ തേടുമ്പോള്‍ അയാള്‍ അവളില്‍ ഒരു പെണ്ണുടല്‍ മാത്രമാകുന്നു . അവള്‍ പറയുന്നുണ്ട് എന്റെ അമ്മയ്ക്ക് കൊടുത്ത വാക്കുണ്ട് പിഴയ്ക്കില്ല എന്ന് പക്ഷെ നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടാല്‍ ഞാന്‍ വഴങ്ങും . പിന്നീട് ഞാന്‍ ജീവിക്കില്ല പക്ഷെ . അയാള്‍ അപ്പോള്‍ മനസ്സില്‍ പറയുന്നുണ്ട് നിന്നെ എനിക്ക് മരിച്ചു പോയ പെങ്ങളായി കാണാന്‍ കഴിയുന്നില്ല എന്ന് .കാലം കുറച്ചു കടന്നു പോയി . വീണ്ടും അവര്‍ തമ്മില്‍ കാണുന്നു . പക്ഷെ അയാളുടെ എല്ലാ വിവരങ്ങളും അറിഞ്ഞുകൊണ്ടിരിക്കുന്ന അവള്‍ അയാളുടെ മകളുടെ പേരില്‍ തന്റെ നോമിനി ആയി തീരുമാനിച്ചതും ഇനിയും വിവാഹം കഴിക്കാതെ കാത്തിരിക്കുന്ന കാര്യവും അയാളെ അറിയിക്കുന്നത് അവര്‍ വീണ്ടും കാണുന്ന വേളയില്‍ ആണ് . താന്‍ അമ്മയ്ക്ക് കൊടുത്ത വാക്കു തെറ്റിച്ചില്ല ആ കുങ്കുമമില്ല ഇപ്പോള്‍ ചന്ദനമല്ലേ നെറ്റിയില്‍ എന്ന് ചോദിച്ചു കൊണ്ട് അവളെ അയാള്‍ക്ക്‌ സമര്‍പ്പിക്കുന്നു അന്ന് രാത്രിയില്‍ . പിന്നെ ആ ഓര്‍മ്മയുമായി അയാള്‍ തിരികെ പോകുകയും ചെയ്യുന്നു . ഇവിടെ കഥാകൃത്ത്‌ സ്വീകരിച്ച സങ്കേതം ആണും പെണ്ണും തമ്മില്‍ എത്ര കണ്ടു ശ്രമിച്ചാലും അവര്‍ അന്യരാണെങ്കില്‍ അവര്‍ക്കൊരിക്കലും സാഹോദര്യം പറ്റില്ല എന്നും അവര്‍ക്കിടയില്‍ പ്രണയവും രതിയും ഉണ്ടാകേണ്ടത് ഒരു പ്രകൃതി നിയമം ആണെന്നുമുള്ള തോന്നല്‍ ആണ് . ആ ഒന്നിച്ചു ചേരലില്‍ കൂടി വായനയില്‍ അവസാനം കരുതി വച്ച ത്രില്‍ ഉറൂബ് നഷ്ടപ്പെടുത്തുന്നു .
ഓണം കഴിഞ്ഞു എന്ന കഥയിലൂടെ വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലിന്റെ ദയനീയത വരച്ചു കാണിക്കുന്നു . മക്കള്‍ പുറം നാടുകളിലേക്ക് ജോലിയും ജീവിതവും പറിച്ചു നടപ്പെടുമ്പോള്‍ ഭാര്യ കൂടി നഷ്ടമായ ഒരു വൃദ്ധന്റെ ജീവിതത്തിലെ വിഷമതകളും ചിന്തകളും വരച്ചു കാണിക്കുന്നു . സുഗന്ധമുള്ള ദിവസം എന്ന കഥയാകട്ടെ ഭര്‍ത്താവിനെ പങ്കു വയ്ക്കപ്പെടുന്ന രണ്ടു സ്ത്രീകളുടെ അവസ്ഥകളും അവരുടെ സംഗമവും ആണ് പ്രതിനിധാനം ചെയ്യുന്നത് . സൂചിമുന വളരെ നല്ലൊരു പ്രമേയം ആയിരുന്നു . ക്യാന്‍സര്‍ മൂലം മരണ ശയ്യയില്‍ കിടക്കുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ആ കഥയില്‍ അയാള്‍ തന്റെ കാമുകിയെ ഒഴിവാക്കാന്‍ വേണ്ടി തന്നെ ചികിത്സിക്കുന്ന നഴ്സിനെ പ്രണയിക്കുന്നു എന്നൊരു കളവു പറയുന്നു . അത് അവളോടും അയാള്‍ പറഞ്ഞു കൊടുക്കുന്നുണ്ട് . ഒടുക്കം കാമുകിയുടെ വിവാഹം കഴിഞ്ഞ ശേഷം അവരുടെ ഫോട്ടോ നഴ്സിനെ കാണിച്ചു സൂക്ഷിച്ചു വയ്ക്കാന്‍ പറഞ്ഞു അയാള്‍ മരണത്തിലേക്ക് കടന്നു പോകുന്നു . കൊതുകുവലയ്ക്കുള്ളിലെ കൊതുക് പതിവുപോലെ കണ്ടു മറന്ന കഥയാണ് . ഉന്നതിയിലേയ്ക്ക് പോകാന്‍ ഭര്‍ത്താവ് ഭാര്യയെ ഏണി ആക്കുന്ന കഥ . അവളുടെ മാനസിക സംഘര്‍ഷങ്ങള്‍ , വികാര വിചാരങ്ങള്‍ എന്നിവയിലൂടെ ആ കഥ കടന്നു പോകുന്നു .
നല്ലൊരു വായന അനുഭവം ആകും ഈ കഥാ സമാഹാരം . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

3 comments:

  1. നന്നായി പുസ്തകപരിചയം/
    ഉറൂബിന്‍റെ ഏതാണ്ടെല്ലാകൃതികളും വായിച്ചിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
  2. ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും, ഉമ്മാച്ചു ഈ പുസ്തകങ്ങൾ മാത്രമാണു വായിച്ച ഓർമ്മ. ചില കഥകളൊക്കെ മുൻപ് വായിച്ചിട്ടുണ്ടെങ്കിലും മറന്നു

    ReplyDelete
  3. വായിക്കാൻ പ്രേരണ നൽകുന്ന എഴുത്ത് നന്നായിട്ടുണ്ട്. ഇനിയും വായിക്കണം നന്നായി എഴുതണം.

    ReplyDelete