Friday, January 8, 2016

"സ്വപ്നാക്ഷരങ്ങള്‍" രാധാമീരയുടെ കവിതാസമാഹാരം

ചില വായനകളെ നാം സമീപിക്കുക വളരെ ആര്‍ത്തിയോടെ ആകും . നമ്മെ പൊതിയുന്ന സുഗന്ധം പോലെ , ആനന്ദകരമായ ഒരു അനുഭൂതിയെ കരഗതമാക്കാന്‍ ഉള്ള പ്രയാണം പോലെ ചില വായനകളില്‍ നാം മുങ്ങാം കുഴി ഇടും. മുത്തും പവിഴവും തിരഞ്ഞു നാം ആഴിയുടെ അഗാധതകളില്‍ എന്ന പോലെ അവയില്‍ തിരഞ്ഞുകൊണ്ടേയിരിക്കും. ഭാഗ്യാന്വേഷിയായ മുങ്ങല്‍ക്കാരന് കിട്ടുന്ന ഓരോ ചിപ്പിയും അത്യധികമായ ആകാംഷയോടെ അവന്‍ പൊളിച്ചു നോക്കിക്കൊണ്ടേയിരിക്കും . ആയിരം ചിപ്പികള്‍ തിരയുമ്പോള്‍ അഞ്ചോ പത്തോ മുത്തുകള്‍ കിട്ടുക അവനു എന്നത് പോലെ വായനയും .
ഇന്നെന്റെ വായനയില്‍ വിരുന്നുകാരി ആയതു ശ്രീമതി "രാധാ മീര"യുടെ "സ്വപ്നാക്ഷരങ്ങള്‍" എന്ന കാവ്യസമാഹാരം ആണ് . ഹോറിസണ്‍ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ഈ കവിതാ സമാഹാരത്തിനു നൂറു രൂപയാണ് മുഖവില . കവര്‍ പേജ് ഡിസൈന്‍ നന്നായിട്ടുണ്ട് . അവതാരിക എഴുതിയിരിക്കുന്നത് ഒരു കവിത കൊണ്ട് വൈകിയെങ്കിലും ലോകം അറിഞ്ഞ പ്രശസ്ത കവി ഇഞ്ചക്കാട്ട് ബാലചന്ദ്രന്‍ ആണ് . വളരെ മനോഹരമായ ഒരു അവതാരിക ആയിരുന്നു . അതിനൊപ്പം സന്തോഷ്‌ വര്‍മ്മയുടെ ആസ്വാദനക്കുറിപ്പും കടന്നു നാം കടന്നു ചെല്ലുന്നത് രാധാമീര എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ചന്ദ്രബിന്ദു എന്ന എഴുത്തുകാരിയുടെ എണ്‍പത്തിഅഞ്ചു കവിതകളുടെ കടലിലേയ്ക്ക് ആണ് .
ഗൗരവപരമായ ഒരു വായന ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും രാധാമീര പിശുക്കിന്റെ പാനപാത്രം ആണ് നല്‍കുന്നത് . ഗ്രാമീണത തുളുമ്പി നില്‍ക്കുന്ന ഒരു നാടന്‍ പെണ്ണിന്റെ മനസ്സില്‍ കൂടി സഞ്ചരിക്കുന്ന പ്രതീതി പലപ്പോഴും തോന്നിപ്പിക്കുന്ന എഴുത്തുകള്‍ ആണ് ഈ കവിത സമാഹാരത്തില്‍ വായനക്കാരനെ കാത്തിരിക്കുന്നത് .
ചിലപ്പോള്‍ മാതൃത്വം നിറഞ്ഞ ഒരു മനസ്സ് നമുക്ക് അവിടെ കാണാം . ലോകത്തോട്‌ കലഹിക്കുന്ന അമ്മ മനസ്സിനെ വായനകളില്‍ കണ്ടെത്താന്‍ കഴിയും . പ്രണയത്തിന്റെ അസ്കിതകള്‍ എല്ലാം ഒളിപ്പിച്ച പെണ്മനം നിറഞ്ഞ കവിതകള്‍ ആണ് കൂടുതലും എന്നതും അവയില്‍ ഭൂരിപക്ഷവും രാധികമാരുടെ പ്രിയങ്കരനായ കൃഷ്ണന്‍ ആണെന്നതും വളരെ കൗതുകം പകരുന്ന സംഗതി ആണ് . മൂന്നാമനെ തേടുന്ന ഏതൊരു പെണ്ണും ലോകത്തിന്റെ മുന്നില്‍ മനോഹരമായി എല്ലാരെയും പറ്റിക്കാന്‍ ഉപയോഗിക്കുന്ന ആ ഐക്കണ്‍ ഇവിടെ രാധാമീരയും നിര്‍ലോഭം ഉപയോഗിക്കുന്നുണ്ട് കവിതകളില്‍ . പ്രണയം , വിരഹം , ലാളനം , കാമം , വിദ്വേഷം , കലഹം തുടങ്ങി എല്ലാ സ്ത്രീമനസ്സിലെ വികാരങ്ങളെയും രാധാമീര വരച്ചിടുന്നു കവിതകളില്‍ .
ചിലപ്പോള്‍ അനീതിക്കെതിരെ കലഹിക്കുന്ന സ്ത്രീയുടെ കോപം വായനക്കാരന് കാണാന്‍ കഴിയുന്നു ചിലപ്പോള്‍ വ്യവസ്ഥിതിയോടു ഹാസ്യം നിറഞ്ഞ അമ്പുകള്‍ തൊടുക്കുന്നു .
തുടക്കത്തില്‍ എഴുത്തുകാരി പറയും പോലെ തുടക്കക്കാരിയുടെ പോരായ്മകള്‍ പലതുണ്ട് എങ്കിലും വളരെ സ്പാര്‍ക്ക് മനസ്സില്‍ ഉള്ള എഴുതി പിടിപ്പിക്കുവാന്‍ ഒരുപാട് ആഗ്രഹിക്കുന്ന ഒരു എഴുത്തുകാരിയെ ഈ കവിത സമാഹാരത്തില്‍ വായനക്കാരന്‍ കണ്ടേയ്ക്കും . വലിയ കവിതകളില്‍ നിറയ്ക്കാന്‍ കഴിയാതെ പോകുന്ന വാക്കിന്റെ മന്ത്രജാലം പക്ഷെ കുഞ്ഞു വരികള്‍ കൊണ്ട് നിറച്ച കവിതാശകലങ്ങളില്‍ കണ്ടു നാം അത്ഭുതപ്പെട്ടേയ്ക്കാം .....

ഇനിയുമുണ്ടേറെ നോവുകള്‍
ഇരുണ്ട ഭൂതകാലങ്ങളില്‍
ചൊരിഞ്ഞിടാമെന്നെങ്കിലും
എന്നാത്മകഥയിലോരെടായി
വിങ്ങി വിതുമ്പുമോര്‍മ്മകളെന്‍
കൈ വിറപ്പിക്കാതിരിക്കുകില്‍! എന്ന ചെറു കവിതയില്‍ കോറി ഇടുന്ന വാഗ്മയചിത്രം വലിയ വിശാലമായ കടലിന്റെ ചെറുതുള്ളി പോലെ മനോഹരമായി അനുഭവപ്പെട്ടു . അതുപോലെ

എന്തിനെന്നോട് കൂട്ടുകൂടി
മരണത്തിലേയ്ക്ക് മറയാനെങ്കില്‍
ചേതനയറ്റ നിന്‍ ജഡത്തില്‍
ആര്‍ത്തലച്ചു പെയ്യുവാനോ ........

എന്നെ നിറുത്തിയിട്ടു പോയൊരാ വഴിയിലുണ്ട് ഞാന്‍ ,
നീ ഏറെ കാതം മുന്നോട്ടു കടന്നു പോയല്ലോയിനി മടങ്ങൂ ..\

തുടങ്ങി ഒരു പിടി മുത്തുകള്‍ ഇതിന്റെ ഹൈ ലൈറ്റ് ആയി നില്‍ക്കുന്നു വായനയില്‍ . അതുപോലെ എടുത്തു പറയേണ്ട കവിതകള്‍ ആണ് നാടന്‍ ശീലുകള്‍. വളരെ മനോഹരം ആയി അവ വായനാസുഖം നല്‍കി നമ്മെ രസിപ്പിക്കുന്നുണ്ട് . "പെണ്ണിന്റെ മാരന്‍", "പറയന്റെ പെണ്ണേ" , "പെണ്ണാളെ" തുടങ്ങിയ എഴുത്തുകള്‍ നമ്മെ രസിപ്പിക്കുന്ന അത്തരം രചനകള്‍ ആണ് .
എടുത്തു പറയേണ്ട മറ്റൊരു രചന ആണ് "തിരസ്കാരം" . വളരെ മനോഹരമായി അത് പറഞ്ഞിട്ടുണ്ട് . നിരാകരിക്കപ്പെടുന്ന പ്രണയം , അസ്ഥിത്വം ഒക്കെ വളരെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട് അതില്‍ സ്ത്രീയുടെ , പ്രണയിനിയുടെ . അതുപോലെ തന്നെ മറ്റൊരു കവിത "എഴുതട്ടെ" , "മഴവഴികളിലെ പ്രണയം" എന്നിവ .
വായനയുടെ തീരത്ത് നിങ്ങള്‍ക്ക് ബോറടിക്കാതെ വായിച്ചു മടക്കി വയ്ക്കാവുന്ന ഒരു കവിത സമാഹാരം ആണ് രാധാമീരയുടെ സ്വപനാക്ഷരങ്ങള്‍ . വായിക്കുക
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല


.

No comments:

Post a Comment