Saturday, January 23, 2016

മരിച്ചവന്റെ കണ്ണുകൾ .


പതം പറഞ്ഞു കരയുന്ന
ബന്ധങ്ങളുടെ
പുളിപ്പിക്കുന്ന ഗന്ധം
ചുറ്റും നിറയുമ്പോൾ
ആത്മാവിലെ
ഉണ്മ വായിച്ചറിയുവാൻ
കേവലത
കണ്ടറിയാൻ
എന്റെ മിഴികൾ
നിങ്ങൾ അടച്ചിടായ്ക .

വായിച്ചു തീർന്നിട്ടില്ലാത്ത
നിൻ മുഖത്ത്
അന്നു വിടരുന്ന ഭാവത്തിൻ
അവസാന വായനയ്ക്കായി
എന്റെ മിഴികൾ
തുറന്നിരിക്കണം .
എന്റെ മിഴികളെ
നേരിടാനാവാത്ത നിനക്ക്
അന്നു പക തീർക്കാം !
അനുസരണയില്ലാത്ത
എന്റെ മിഴികളിൽ നിന്ന്
ആദ്യമായി നിനക്ക്
നിന്റെ നഗ്നതയെ ഉടുപ്പിക്കാം.
ലജ്ജയില്ലാത്ത നോട്ടങ്ങളിൽ
നാണത്തിന്റെ പൂക്കൾ
വിടർത്താതെ
നിനക്കെന്റെ മുന്നിൽ നില്ക്കാം.
നിന്റെ മറുകുകളിൽ
നിന്റെ വടിവുകളിൽ
നിന്റെ ലജ്ജയിൽ
ഇനി പടരില്ലവയുടെ സൂചിമുനകൾ.
ഇനിയുണരാത്ത ഉറക്കത്തി-
ലേയ്ക്കാഴുമ്പോൾ
എന്റെ മിഴികൾ
തുറന്നു വയ്ക്കേണം.
അഗ്നി തിന്നു തീർക്കും വരെ
നിന്നെയെനിക്ക് കാണുവാൻ മാത്രം.
............................. ബിജു ജി നാഥ്

1 comment:

  1. മരിച്ചാലും അടയാത്ത മിഴികൾ

    ReplyDelete