Sunday, January 17, 2016

കനല്‍ക്കാഴ്ചകള്‍


എനിക്ക് മുന്നില്‍ കാലം മറയുന്നു .
ചിലപ്പോള്‍ ഞാന്‍ സിറിയയില്‍
മറ്റു ചിലപ്പോള്‍ ഫ്രാന്‍സിന്റെ തെരുവില്‍
അതുമല്ലങ്കില്‍ ഗോദ്രയുടെ ഗലികളില്‍
മൊസപ്പൊട്ടാമിയന്‍ തീരങ്ങളില്‍
ലാഹോറിലെ ശവകുടീരങ്ങളില്‍
മുസഫര്‍ നഗറില്‍
മുംബൈ തെരുവില്‍
നൈജീരിയന്‍ കാടുകളില്‍
ഞാനെന്നെ തിരഞ്ഞു പോകുന്നു .
മുറിഞ്ഞു വീണ ശരീരങ്ങള്‍
തക്ബീര്‍വിളികളില്‍
തകര്‍ന്നു പോകുന്ന തലച്ചോറുകള്‍
ശൂലത്തില്‍ കൊരുത്തു പിടയുന്ന ഭ്രൂണങ്ങള്‍
കടല്‍ത്തീരങ്ങളില്‍
അടിഞ്ഞു കൂടുന്ന പാവക്കുട്ടികള്‍
തെരുവില്‍ വിലപേശപ്പെടുന്ന മാതൃത്വങ്ങള്‍ .
എന്റെ മുഷ്ടികള്‍ ഞെരിയുന്നു
ഒരായുധത്തിനായി ഞാന്‍ തിരയുന്നു
സ്വയമൊരു അഗ്നികുണ്ഡമാകുവാനും
ഭൂഗോളമൊരു നൊടിയില്‍ കരിച്ചു കളയാനും
എന്റെ കണ്ണുകള്‍ ദാഹിക്കുന്നു
ചുറ്റിനുമുയരുന്ന
എന്റേതു എന്ന അവകാശവാദങ്ങളില്‍
എന്റെ ദൈവം
എന്റെ മതമെന്ന ആക്രോശങ്ങളില്‍
ഞാന്‍ തകരുന്നു .
തെരുവുകള്‍ തോറും
ഞാനൊരു മനുഷ്യനെ തേടി അലയുന്നു
ഗര്‍ഭപാത്രം പറിച്ചെറിയപ്പെട്ട പെണ്ണൊരുത്തി
മഞ്ഞണിഞ്ഞ പുല്‍പ്പടര്‍പ്പില്‍ എന്നെ നോക്കി കൈ നീട്ടുന്നു.
റെയില്‍പ്പാളത്തിലെ മെറ്റല്‍ക്കൂനയില്‍
മറയുന്ന ബോധത്തിനപ്പുറം
രണ്ടു മിഴികള്‍ എന്നിലേയ്ക്ക് നീളുന്നു.
രക്തപ്പൂക്കളം തീര്‍ത്തൊരു ജീവന്‍ നിരത്തില്‍
നീണ്ടു നിന്ന പിടച്ചിലിനൊടുവില്‍
എന്നെ വിളിച്ചു കടന്നു പോകുന്നു
ഇല്ല
എന്റെ തലച്ചോറില്‍
യന്ത്രങ്ങളുടെ മുരള്‍ച്ച മാത്രം
പൊട്ടിത്തെറിക്കുന്ന കാഴ്ച്ചകള്‍ക്കും
കരള്‍ പറിയ്ക്കുന്ന നിലവിളികള്‍ക്കും നടുവില്‍
മരിയ്ക്കാന്‍ മറന്ന ഞാന്‍ മാത്രം ....
--------------ബിജു ജി നാഥ്

2 comments:

  1. ഫൈനൽ ഡെസ്റ്റിനേഷൻസ്!!!!

    ReplyDelete
  2. പകലിലും റാന്തല്‍ വിളക്കും തെളിയിച്ച് മനുഷ്യനെ തേടിനടന്നൊരാള്‍....
    അതിപ്പോഴും തുടരുന്നു......
    ആശംസകള്‍

    ReplyDelete