വായനയുടെ ചതുപ്പ് നിലങ്ങളില്‍ താഴ്ന്നു പോകുന്നത് ഒരു സുഖമാകുന്നത് ആ എഴുത്തിന്റെ മനോഹാരിത ഒന്നുകൊണ്ടു മാത്രമാകും . നമ്മുടെ ചിന്തകളെ, പ്രതീക്ഷകളെ ഒക്കെ അവ വല്ലാതെ ചുറ്റിപ്പിടിച്ചു കളയും . ഇരുണ്ട തീരങ്ങളില്‍ പോലും നമ്മള്‍ വെളിച്ചം കണ്ടു കോള്‍മയിര്‍ കൊള്ളും. വായനയുടെ തീരങ്ങളില്‍ നിലാവിന്റെ പുതപ്പു വിരിച്ചു നാം വിശ്രമിക്കുന്ന പ്രതീതി നല്‍കും .
ഇന്ന് വായനയ്ക്ക് തിരഞ്ഞെടുത്തത് മണ്‍മറഞ്ഞു പോയ വസന്തം മാധവിക്കുട്ടിയെ ആണ് . കമലാസുരയ്യായും കമലാദാസായും മാധവിക്കുട്ടിയായും ആമിയായും മലയാളിയുടെ മാത്രമല്ല ലോകസാഹിത്യപ്രണയിതാക്കളുടെ മനസ്സില്‍ എന്നും ജീവസ്സുറ്റ് നില്‍ക്കുന്ന ആ മലയാളിയുടെ അഭിമാനം .അവരെ വായിക്കുക ഒരു ഹരമാണ് . മനസ്സ് നിറഞ്ഞു തുളുമ്പുന്ന ഒരു സുഖം .
"ഭയം എന്റെ നിശാവസ്ത്രം " എന്ന ഈ പുസ്തകത്തില്‍ മാധവിക്കുട്ടിയുടെ കഥകളും കവിതകളും ഇഴകളര്‍ന്നു കിടക്കുന്നുണ്ട് . കഥകള്‍ എന്നവയെ പറയാമോ എന്ന് സംശയമാണ് കാരണം അവ വായിക്കപ്പെടുന്നത് ഡയറിക്കുറിപ്പുകള്‍ പോലെ ആണ് . ഡി സി പുറത്തിറക്കിയ ഈ പുസ്തകത്തിന് എഴുപതു രൂപ ആണ് വിലയിട്ടിരിക്കുന്നത് .
ഈ വായനയില്‍ മനസ്സില്‍ തടഞ്ഞ പ്രധാന വിഷയം ഒരു കവയിത്രിയായി ലോകം അറിയുന്ന ഈ കലാകാരിയിലെ രാഷ്ട്രതന്ത്രജ്ഞയെയും അവരിലെ ആശയസമ്പുഷ്ടതയും ആണ് . എത്ര കാതലായ വിഷയങ്ങള്‍ ആണ് അവര്‍ ഇതില്‍ പറയുന്നത് എന്ന് കാണാം . ഇന്ത്യയുടെ മതേതര കാഴ്ചപ്പാടും , വിദേശ നയങ്ങളും ഇന്ദിര ഗാന്ധിയുടെ ഭരണവും ലങ്കയിലെ താമസവും അവര്‍ക്കിടയില്‍ പങ്കു വയ്ക്കപ്പെട്ട ആശങ്കകളും അതുപോലെ അവര്‍ നടത്തിയ ഇലക്ഷന്‍ യാത്രകളും വായിക്കുമ്പോള്‍ അവരുടെ ഉള്ളിലെ ആ വലിയ ചിന്തകളെ അസൂയയോടെ നോക്കി കാണേണ്ടി വരുന്നു . ഒരു സ്ത്രീ എന്ന തലത്തില്‍ അവര്‍ക്ക് അപ്രാപ്യമാകാത്ത വിഷയമല്ല രാഷ്ട്രീയം എങ്കിലും അതിന്റെ ഉള്ളറകളില്‍ അവര്‍ എത്ര ആഴത്തില്‍ അറിവ് നേടിയിരുന്നു എന്ന ചിന്ത തരുന്നതു ആ വേര്‍പാടിന്റെ ആഴം കൂടി ആകുന്നു .
"പുരോഗതി പല വിധത്തിലുണ്ട് . ശാസ്ത്രീയമായ പുരോഗതി , സാമുദായികമായ പുരോഗതി . ഇതിലെല്ലാമുപരി സാംസ്കാരിക പുരോഗതി എന്നൊരു വിശേഷമുണ്ട് . അത് ഇന്ത്യക്ക് നേടേണ്ടതുണ്ട് എങ്കില്‍ മതപരിശീലനം നിയമ വിധേയമാക്കിയേ തീരൂ. അവനനവന്റെ ഗൃഹത്തില്‍ വച്ച് പ്രാര്‍ത്ഥിക്കുകയോ പൂജിക്കുകയോ ചെയ്യാം . പക്ഷെ പബ്ലിക്കായ സ്ഥലങ്ങളില്‍ വച്ച് പ്രാര്‍ത്ഥനയും പ്രാര്‍ത്ഥനായോഗവും മതപ്രസംഗവും നടത്താതിരിക്കുക ! പള്ളികളും വിഹാരങ്ങളും ക്ഷേത്രങ്ങളും അടച്ചു പൂട്ടുക! അല്ലെങ്കില്‍ അവയെ യാചകരുടെ വിശ്രമസ്ഥലങ്ങളാക്കുക ! എന്നാല്‍ നാം കുടുംബാസൂത്രണം കൊണ്ടോ ബോംബുത്പാദനം കൊണ്ടോ ചേരി ചേരാനയം കൊണ്ടോ സാധിചെടുക്കാത്ത പുരോഗതി നമ്മുടെ രാജ്യത്തിന് താനെ കൈവരും . എല്ലാവരും ഇന്ത്യക്കാര്‍ മാത്രമായി തീരും . സ്നേഹം മാത്രമാവട്ടെ നമ്മുടെ മതം ."
ഈ പറയുന്ന വരികളില്‍ കൂടി നമ്മള്‍ സഞ്ചരിക്കുമ്പോള്‍ ആ ക്രാന്ത ദര്‍ശിയുടെ വാക്കുകളെ ആര്‍ക്കാണ് നിഷേധിക്കാനാകുക ?
സ്വര്‍ണ്ണ പട്ടുകുട എന്ന കഥ വായിക്കുമ്പോള്‍ (പിന്നെയും കഥ എന്ന് പറയുന്നത് തെറ്റ് തന്നെ ആണ് ) തനിക്കു നഷ്ടമായ തന്റെ പ്രിയതമന്‍ തനിക്ക് സമ്മാനിച്ച ആ സമ്മാനം ആരോ കട്ടെടുത്തതില്‍ ഉള്ള പരാധി അല്ല പകരം അതിന്റെ സ്വര്‍ണ്ണനിറമുള്ള കവര്‍ കൂടി കൊണ്ട് പോകാന്‍ വേണ്ടി പുറത്തു എടുത്തു വയ്ക്കുന്ന ആ മനസ്സിനെ നൊമ്പരത്തോടെ ആണ് കാണുന്നത് വായനക്കാരന്‍ . "പണയം വയ്ക്കപ്പെട്ടവള്‍ " എന്ന ശീര്‍ഷകത്തിനു താഴെ ഒരു വീട്ടമ്മയുടെ ചലനങ്ങളെ ഒരു ചലച്ചിത്രത്തില്‍ എന്ന പോലെ വരച്ചിടുന്നു . ശരിക്കും സ്ത്രീയോട് ബഹുമാനം തോന്നിപ്പിക്കുന്ന ആ വായന മനസ്സില്‍ വല്ലാതെ കല്ലിച്ചു കിടക്കുന്നു . കവിതകള്‍ വളരെ മനോഹരമായ ചെറിയ പദങ്ങളുടെ സമന്വയങ്ങള്‍ ആയി വികാസം പ്രാപിക്കുന്ന കാഴ്ചയും മനോഹരം തന്നെ .
വാര്‍ദ്ധക്യത്തിന്റെ വേദന വളരെ നന്നായി തന്നെ പറയുന്ന ഒത്തിരി എഴുത്തുകള്‍ ഇതില്‍ കാണാം . വായനയില്‍ മാധവിക്കുട്ടിയുടെ മനസ്സിനെ തൊട്ടു നില്‍ക്കുമ്പോള്‍ ആമി മരിച്ചിരുന്നില്ലെങ്കില്‍ എന്ന് ആശിച്ചു പോകുന്നു പലപ്പോഴും . ലഭിക്കാതെ പോയ സ്നേഹത്തിന്റെ ആ വിങ്ങല്‍ വായനക്കാരിലും പടരുന്നുണ്ട് .
"നിന്റെ ശരീരം എനിക്കൊരു തടവറയാണ്
അതിനപ്പുറം കാണാന്‍ എനിക്ക് കഴിവില്ല
നിന്റെ കറുപ്പ് എന്നെ അന്ധയാക്കുന്നു
നിന്റെ പ്രേമ വചനങ്ങള്‍ നിമിത്തം
വിവേകിയായ ലോകത്തിന്റെ മര്‍മ്മരം
ഞാന്‍ കേള്‍ക്കാതെ പോകുന്നു ..."
അതെ നാം അത് അറിയുന്നു . ആ അറിവില്‍ നിന്നുകൊണ്ട് ഈ വായന എല്ലാര്‍ക്കും വേണ്ടി ഞാന്‍ പങ്കു വയ്ക്കുന്നു . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല
കഴിഞ്ഞ അവധിക്കാലത്ത് മാധവിക്കുട്ടിയുടെ ഒരു കഥാസമാഹാരം വായിച്ചു. നാലു പതിറ്റാണ്ടുകൾക്ക് മുൻപ് എഴുതിയ കഥകളാണെങ്കിലും ഈ കാലത്തിനും യോജിച്ചവയാണല്ലോ എന്ന് അതിശയിച്ചു. കാലാതിവർത്തിയായ കലാകാരി.
ReplyDeleteആശംസകള്‍
ReplyDelete