Sunday, January 31, 2016

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്



വിധിപറയാന്‍
നാം മുന്നിലാണെന്നും .
വിധി പറയുമ്പോള്‍
നാം പക്ഷെ ഒന്ന് നോക്കും .
പരിസരത്തൊരു പെണ്ണിന്‍
മാനം കവര്‍ന്നാലവന്
നാം നല്‍കും നിയമ പരിരക്ഷ.

അയലോക്കത്തൊരു കുഞ്ഞു
ജനനേന്ദ്രിയം തകര്‍ന്നാല്‍
അവനേകും കണ്ണ് കെട്ടിയ ത്രാസ്സില്‍
പകുത്തു വച്ച നീതി.
എങ്ങാണ്ടൊരുവന്‍ വെട്ടേറ്റു വീണാല്‍
കാക്കിയുടെ മുന്നിലടിയറവ് വയ്ക്കും
കറുത്ത കോട്ടുകള്‍ വിധി വായിക്കും .

പക്ഷെ
കാവിയിലോ
പച്ചയിലോ
വെള്ളയിലോ
എന്തിന്
ചായം തേച്ച കൊടിയിലോ
വേഷം കെട്ടിയ മതകൗപീനങ്ങളിലോ
അനീതി കണ്ടാല്‍
നാം നിയമജ്ഞരാകും

വാളും
ബോംബും
തോക്കുകളുമായി
നാം തെരുവ് കത്തിക്കും .
എണ്ണം പറഞ്ഞു
ജീവനുകളെടുക്കും .
ഇന്നലെ വരെ കണ്ട പെങ്ങള്‍
കടിച്ചു കീറാനുള്ള ഉടലാകും .
കൂടെ കളിച്ചു വളര്‍ന്നവന്‍
ശത്രുവിന്റെ മുഖമാകും .

വിധി പറയുന്നവന്റെ
ശബ്ദം ഒന്നാണ് .
മുഖം പലതെങ്കിലും .
കാരണം
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് .

------------------ബിജു ജി നാഥ്

Saturday, January 30, 2016

യാത്ര പറയണമെനിക്ക്

മെല്ലെ
മെല്ലെ മെല്ലെ
ഒരു നിശാശലഭത്തിന്റെ ചിറകേറി
വന്യമാം കാമനകളിലൂടെ
ഒരു യാത്രപോകണം !
സുരതത്തിന്റെ അവസാന
നിമിഷങ്ങളിലെന്ന പോലെ
ഉന്മാദത്തിന്റെ പരകോടിയില്‍
ഒരു ഞെട്ടി വിറയല്‍ ....
ഒടുക്കം കണ്ടു നില്‍ക്കാന്‍ വയ്യിനി.
തുടക്കത്തിലേ മറക്കണം
മധുരത്തിന്റെ എല്ലാ ചവര്‍പ്പുകളും.

പിന്‍വിളി കേള്‍ക്കരുത്‌ .
പിഞ്ചു കുഞ്ഞുങ്ങള്‍ കീറി മുറിക്കപ്പെടുന്നുണ്ടാകും
പെണ്ണുടലില്‍
അംഗഭംഗങ്ങള്‍ വരുന്നുണ്ടാകും .
ജീവനില്ലാത്ത പൊങ്ങുത്തടികള്‍ പേറി
പുഴകള്‍ ആര്‍ത്തനാദം മുഴക്കി
ഒഴുകുന്നുണ്ടാകും
രതിനദിയുടെ ശിലകള്‍
ആറ്റിന്‍ ചുഴികളില്‍ മറയുന്നുണ്ടാകും
അധികാര കസേരകള്‍ക്ക് പിന്നിലായ്
ആടകള്‍ ഊരിയെറിയപ്പെടുന്നുണ്ടാകും
അടിച്ചമര്‍ത്തുന്ന
മതചിന്തകളില്‍
മാതൃത്വങ്ങള്‍ തലയോട്ടി
പിളര്‍ന്നു വീഴുന്നുണ്ടാകും.
ചാതുര്‍വര്‍ണ്ണ്യം
പുഞ്ചിരിച്ചു നില്‍ക്കുന്ന പഴംമനസ്സുകളില്‍
അടിയാത്തികളുടെ
വിയര്‍പ്പു നാറുന്നുണ്ടാകും. 
ഒന്നിലും മനമുടക്കാതെ
പിന്തിരിഞ്ഞു നോക്കാതെ
ഒരു നിശാശലഭച്ചിറകില്‍
യാത്രയാകണമെനിക്കു .
രതിമൂര്‍ച്ഛയുടെ അവസാന വിറയല്‍ പോലെ
കടന്നുപോകണം.
--------------ബിജു ജി നാഥ് 

Friday, January 29, 2016

ഭയം എന്റെ നിശാവസ്ത്രം.... മാധവിക്കുട്ടി

വായനയുടെ ചതുപ്പ് നിലങ്ങളില്‍ താഴ്ന്നു പോകുന്നത് ഒരു സുഖമാകുന്നത് ആ എഴുത്തിന്റെ മനോഹാരിത ഒന്നുകൊണ്ടു മാത്രമാകും . നമ്മുടെ ചിന്തകളെ, പ്രതീക്ഷകളെ ഒക്കെ അവ വല്ലാതെ ചുറ്റിപ്പിടിച്ചു കളയും . ഇരുണ്ട തീരങ്ങളില്‍ പോലും നമ്മള്‍ വെളിച്ചം കണ്ടു കോള്‍മയിര്‍ കൊള്ളും. വായനയുടെ തീരങ്ങളില്‍ നിലാവിന്റെ പുതപ്പു വിരിച്ചു നാം വിശ്രമിക്കുന്ന പ്രതീതി നല്‍കും .

ഇന്ന് വായനയ്ക്ക് തിരഞ്ഞെടുത്തത് മണ്‍മറഞ്ഞു പോയ വസന്തം മാധവിക്കുട്ടിയെ ആണ് . കമലാസുരയ്യായും കമലാദാസായും മാധവിക്കുട്ടിയായും ആമിയായും മലയാളിയുടെ മാത്രമല്ല ലോകസാഹിത്യപ്രണയിതാക്കളുടെ മനസ്സില്‍ എന്നും ജീവസ്സുറ്റ് നില്‍ക്കുന്ന ആ മലയാളിയുടെ അഭിമാനം .അവരെ വായിക്കുക ഒരു ഹരമാണ് . മനസ്സ് നിറഞ്ഞു തുളുമ്പുന്ന ഒരു സുഖം .

"ഭയം എന്റെ നിശാവസ്ത്രം " എന്ന ഈ പുസ്തകത്തില്‍ മാധവിക്കുട്ടിയുടെ കഥകളും കവിതകളും ഇഴകളര്‍ന്നു കിടക്കുന്നുണ്ട് . കഥകള്‍ എന്നവയെ പറയാമോ എന്ന് സംശയമാണ് കാരണം അവ വായിക്കപ്പെടുന്നത് ഡയറിക്കുറിപ്പുകള്‍ പോലെ ആണ് . ഡി സി പുറത്തിറക്കിയ ഈ പുസ്തകത്തിന്‌ എഴുപതു രൂപ ആണ് വിലയിട്ടിരിക്കുന്നത് .

ഈ വായനയില്‍ മനസ്സില്‍ തടഞ്ഞ പ്രധാന വിഷയം ഒരു കവയിത്രിയായി ലോകം അറിയുന്ന ഈ കലാകാരിയിലെ രാഷ്ട്രതന്ത്രജ്ഞയെയും അവരിലെ ആശയസമ്പുഷ്ടതയും ആണ് . എത്ര കാതലായ വിഷയങ്ങള്‍ ആണ് അവര്‍ ഇതില്‍ പറയുന്നത് എന്ന് കാണാം . ഇന്ത്യയുടെ മതേതര കാഴ്ചപ്പാടും , വിദേശ നയങ്ങളും ഇന്ദിര ഗാന്ധിയുടെ ഭരണവും ലങ്കയിലെ താമസവും അവര്‍ക്കിടയില്‍ പങ്കു വയ്ക്കപ്പെട്ട ആശങ്കകളും അതുപോലെ അവര്‍ നടത്തിയ ഇലക്ഷന്‍ യാത്രകളും വായിക്കുമ്പോള്‍ അവരുടെ ഉള്ളിലെ ആ വലിയ ചിന്തകളെ അസൂയയോടെ നോക്കി കാണേണ്ടി വരുന്നു . ഒരു സ്ത്രീ എന്ന തലത്തില്‍ അവര്‍ക്ക് അപ്രാപ്യമാകാത്ത വിഷയമല്ല രാഷ്ട്രീയം എങ്കിലും അതിന്റെ ഉള്ളറകളില്‍ അവര്‍ എത്ര ആഴത്തില്‍ അറിവ് നേടിയിരുന്നു എന്ന ചിന്ത തരുന്നതു ആ വേര്‍പാടിന്റെ ആഴം കൂടി ആകുന്നു .

"പുരോഗതി പല വിധത്തിലുണ്ട് . ശാസ്ത്രീയമായ പുരോഗതി , സാമുദായികമായ പുരോഗതി . ഇതിലെല്ലാമുപരി സാംസ്കാരിക പുരോഗതി എന്നൊരു വിശേഷമുണ്ട്‌ . അത് ഇന്ത്യക്ക് നേടേണ്ടതുണ്ട് എങ്കില്‍ മതപരിശീലനം നിയമ വിധേയമാക്കിയേ തീരൂ. അവനനവന്റെ ഗൃഹത്തില്‍ വച്ച് പ്രാര്‍ത്ഥിക്കുകയോ പൂജിക്കുകയോ ചെയ്യാം . പക്ഷെ പബ്ലിക്കായ സ്ഥലങ്ങളില്‍ വച്ച് പ്രാര്‍ത്ഥനയും പ്രാര്‍ത്ഥനായോഗവും മതപ്രസംഗവും നടത്താതിരിക്കുക ! പള്ളികളും വിഹാരങ്ങളും ക്ഷേത്രങ്ങളും അടച്ചു പൂട്ടുക! അല്ലെങ്കില്‍ അവയെ യാചകരുടെ വിശ്രമസ്ഥലങ്ങളാക്കുക ! എന്നാല്‍ നാം കുടുംബാസൂത്രണം കൊണ്ടോ ബോംബുത്പാദനം കൊണ്ടോ ചേരി ചേരാനയം കൊണ്ടോ സാധിചെടുക്കാത്ത പുരോഗതി നമ്മുടെ രാജ്യത്തിന് താനെ കൈവരും . എല്ലാവരും ഇന്ത്യക്കാര്‍ മാത്രമായി തീരും . സ്നേഹം മാത്രമാവട്ടെ നമ്മുടെ മതം ."

ഈ പറയുന്ന വരികളില്‍ കൂടി നമ്മള്‍ സഞ്ചരിക്കുമ്പോള്‍ ആ ക്രാന്ത ദര്‍ശിയുടെ വാക്കുകളെ ആര്‍ക്കാണ് നിഷേധിക്കാനാകുക ?
സ്വര്‍ണ്ണ പട്ടുകുട എന്ന കഥ വായിക്കുമ്പോള്‍ (പിന്നെയും കഥ എന്ന് പറയുന്നത് തെറ്റ് തന്നെ ആണ് ) തനിക്കു നഷ്ടമായ തന്റെ പ്രിയതമന്‍ തനിക്ക് സമ്മാനിച്ച ആ സമ്മാനം ആരോ കട്ടെടുത്തതില്‍ ഉള്ള പരാധി അല്ല പകരം അതിന്റെ സ്വര്‍ണ്ണനിറമുള്ള കവര്‍ കൂടി കൊണ്ട് പോകാന്‍ വേണ്ടി പുറത്തു എടുത്തു വയ്ക്കുന്ന ആ മനസ്സിനെ നൊമ്പരത്തോടെ ആണ് കാണുന്നത് വായനക്കാരന്‍ . "പണയം വയ്ക്കപ്പെട്ടവള്‍ " എന്ന ശീര്‍ഷകത്തിനു താഴെ ഒരു വീട്ടമ്മയുടെ ചലനങ്ങളെ ഒരു ചലച്ചിത്രത്തില്‍ എന്ന പോലെ വരച്ചിടുന്നു . ശരിക്കും സ്ത്രീയോട് ബഹുമാനം തോന്നിപ്പിക്കുന്ന ആ വായന മനസ്സില്‍ വല്ലാതെ കല്ലിച്ചു കിടക്കുന്നു . കവിതകള്‍ വളരെ മനോഹരമായ ചെറിയ പദങ്ങളുടെ സമന്വയങ്ങള്‍ ആയി വികാസം പ്രാപിക്കുന്ന കാഴ്ചയും മനോഹരം തന്നെ .

വാര്‍ദ്ധക്യത്തിന്റെ വേദന വളരെ നന്നായി തന്നെ പറയുന്ന ഒത്തിരി എഴുത്തുകള്‍ ഇതില്‍ കാണാം . വായനയില്‍ മാധവിക്കുട്ടിയുടെ മനസ്സിനെ തൊട്ടു നില്‍ക്കുമ്പോള്‍ ആമി മരിച്ചിരുന്നില്ലെങ്കില്‍ എന്ന് ആശിച്ചു പോകുന്നു പലപ്പോഴും . ലഭിക്കാതെ പോയ സ്നേഹത്തിന്റെ ആ വിങ്ങല്‍ വായനക്കാരിലും പടരുന്നുണ്ട് .

"നിന്റെ ശരീരം എനിക്കൊരു തടവറയാണ്
അതിനപ്പുറം കാണാന്‍ എനിക്ക് കഴിവില്ല
നിന്റെ കറുപ്പ് എന്നെ അന്ധയാക്കുന്നു
നിന്റെ പ്രേമ വചനങ്ങള്‍ നിമിത്തം
വിവേകിയായ ലോകത്തിന്റെ മര്‍മ്മരം
ഞാന്‍ കേള്‍ക്കാതെ പോകുന്നു ..."
അതെ നാം അത് അറിയുന്നു . ആ അറിവില്‍ നിന്നുകൊണ്ട് ഈ വായന എല്ലാര്‍ക്കും വേണ്ടി ഞാന്‍ പങ്കു വയ്ക്കുന്നു . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

കഴുതകളുടെ നാട്


ഇസങ്ങള്‍ പലതാണ്
വിശ്വാസങ്ങള്‍ കൊണ്ടും
ശാസനകള്‍ കൊണ്ടും
നമ്മെ വരിഞ്ഞു മുറുക്കുന്നവ.
ഫാസിസം എന്നാല്‍ എന്താണ് ?
അര്‍ത്ഥം തിരഞ്ഞു
നാം നടക്കണമേറെ ദൂരം ..
മതമെന്നാല്‍
രാഷ്ട്രീയമെന്നാല്‍
ജാതിയെന്നാല്‍
അഭിപ്രായമെന്നാല്‍
എല്ലാം ഫാസിസമാണ്‌ ഇന്ന് .
സദാചാരം കിട്ടാത്തവന്റെ കഴപ്പാണെങ്കില്‍
ഫാസിസം അനുസരണയുടെ വാള്‍ ആണ് !
.
അതുകൊണ്ടാണ്
പര്‍ദ്ദയെ വിമര്‍ശിച്ചാല്‍ വിശ്വാസവും
സ്റ്റുഡിയോ തകര്‍ത്താല്‍ ആശ്വാസവും ആകുന്നതു .
അതുകൊണ്ടാണ്
ആഗോളവത്കരണം ബൂര്‍ഷ്വവും
മക്കളുടെ അന്താരാഷ്ട്രവിദ്യാഭ്യാസം ആവശ്യവും ആകുന്നതു .
യന്ത്രവത്കരണം നാശമാകുകയും
വികസനം അഴിമതിയാകുകയും ചെയ്യുന്നത് .
അതുകൊണ്ടാണ്
ഫാസിസം കടല്‍ കടന്നു വരുമെന്ന് നിനയ്ക്കുന്നത് .
കാവിയെ വിമര്‍ശിക്കുന്നവര്‍
ചെങ്കൊടിയില്‍ അന്‍പത്തൊന്നു വെട്ടുകള്‍ പൊതിയുന്നത് .

അഴിമതിയുടെ വേരറുക്കാന്‍
വളഞ്ഞു വയ്ക്കുന്ന സെക്രട്രിയേറ്റുകള്‍
പാതിരാവില്‍ സമവാക്യങ്ങളിള്‍ പൊളിച്ചും
ബജറ്റുകള്‍ നുള്ളലും പിച്ചലും ആയി
ആട്ടക്കഥകള്‍ ചമയ്ക്കുന്നത് .
ഫാസിസം ഭയന്ന്
അഴിമതിയും ബൂര്‍ഷ്വാസിയും
ഇരുളില്‍ ബാന്ധവം നടത്തുന്നത്

കേരളമെന്നാല്‍
പാവാടച്ചരടില്‍ പൊതിഞ്ഞ രാഷ്ട്രീയമാണ് .
പറങ്കിപ്പുണ്ണ്‍ പിടിച്ച തുടയിടുക്കൊളിപ്പിച്ച
പാവാടയെ
വാസനിച്ചധികാരമുറപ്പിക്കുന്നവരുടെയും
അധികാരം കൊതിക്കുന്നവരുടെയും
സ്വന്തം നാട് .
-------ബിജു ജി നാഥ്

Tuesday, January 26, 2016

നോവു തിന്നും പക്ഷി


പ്രാണൻ പിടയുന്ന വേദന
തൻ പ്രാലേയമേറുമ്പോഴും
ഭദ്രേ,നിൻ പുഞ്ചിരി മായാതെ
നില്കുവാനസ്തമിക്കട്ടെയിനി .


കാത്തു നില്ക്കുന്നില്ല ജീവ-
ന്റെ തിരിയതു കെട്ടുപോകും
നാൾ വരുമെന്ന ചിന്തയിൽ .
ഓർത്തു വയ്ക്കട്ടെ നമ്മൾ
പരസ്പരം കോർത്തു വച്ച
മുല്ലമാലയൊന്നു ഹൃത്തിലായ് .

നേർത്ത നിലാവിന്റെ ചേല
നഭസ്സിന്റെ നഗ്നത മറയ്ക്കവേ,
കാറ്റു മൂളുന്ന സംഗീതധാരയിൽ
കാലമകന്നു പോകുന്നു മൂകം.

വാക്ക് മറന്ന വഴികൾ തേടി
യാത്ര തുടങ്ങുവാൻ നോക്കവേ
വാക്കുകൾ തൻ കൂട്ടിൽ നിൻ
മൗനമുടഞ്ഞു കിടപ്പല്ലോ.

മുട്ടിവിളിച്ചു നിന്നിലെ തേങ്ങും
ഗദ്ഗദങ്ങളെ ഉണർത്തുവാൻ
ഇല്ല മനമത് തന്നതില്ല ഞാൻ
മെല്ലെയകലുന്നു മൗനമായ് .

നിന്റെ വിരലുകൾ നല്കീടുമാ
കുഞ്ഞു സുന്ദരലോകത്തെ
കണ്ടു ഞാനിനിയിരുന്നിടാം മമ
പ്രണയചിത്തത്തെയമർത്തിടാം
............................ ബിജു ജി നാഥ്

സമാശ്വാസം


നിന്നെ വായിക്കുമ്പോൾ ഞാന-
റിയുന്നു നിന്നിലെത്ര ഞാനുണ്ടെന്നു .
നിന്നെയറിഞ്ഞു തീരുമ്പോൾ എന്നി-
ലെന്നെ തിരയാൻ മറക്കുന്നു.
കണ്ടു തീരുമ്പോൾ ഉള്ളിലുറയും
ഇണ്ടലൊന്നടക്കീടുവാൻ മമ
ചുണ്ടുകൾ കൊതിക്കുന്നു ദുഗ്ധ
മേരുവത് നുകർന്നമർന്നീടുവാൻ.
ഉള്ളുലയുന്ന വേദനയാൽ നിൻ
മിഴികൾ രണ്ടും നനയുകിൽ
അംഗുലീയമതിന്നാലാ ചെറു
ബിന്ദുവെ തഴുകിടാം ഞാനോമലേ ...''
................................ ബിജു ജി നാഥ്

തിരിച്ചറിവുകള്‍


ഇല്ല പ്രണയത്തിനപ്പുറം ജീവിതം
ഇല്ലില്ല പ്രണയത്തിനിപ്പുറവും
എങ്കിലെന്തിനു ജീവിതമേ നീ -
യെന്നെ നടത്തുന്നീയിരുളിലിന്നുമേ.!
.......................... ബി.ജി.എൻ വർക്കല

Saturday, January 23, 2016

മരിച്ചവന്റെ കണ്ണുകൾ .


പതം പറഞ്ഞു കരയുന്ന
ബന്ധങ്ങളുടെ
പുളിപ്പിക്കുന്ന ഗന്ധം
ചുറ്റും നിറയുമ്പോൾ
ആത്മാവിലെ
ഉണ്മ വായിച്ചറിയുവാൻ
കേവലത
കണ്ടറിയാൻ
എന്റെ മിഴികൾ
നിങ്ങൾ അടച്ചിടായ്ക .

വായിച്ചു തീർന്നിട്ടില്ലാത്ത
നിൻ മുഖത്ത്
അന്നു വിടരുന്ന ഭാവത്തിൻ
അവസാന വായനയ്ക്കായി
എന്റെ മിഴികൾ
തുറന്നിരിക്കണം .
എന്റെ മിഴികളെ
നേരിടാനാവാത്ത നിനക്ക്
അന്നു പക തീർക്കാം !
അനുസരണയില്ലാത്ത
എന്റെ മിഴികളിൽ നിന്ന്
ആദ്യമായി നിനക്ക്
നിന്റെ നഗ്നതയെ ഉടുപ്പിക്കാം.
ലജ്ജയില്ലാത്ത നോട്ടങ്ങളിൽ
നാണത്തിന്റെ പൂക്കൾ
വിടർത്താതെ
നിനക്കെന്റെ മുന്നിൽ നില്ക്കാം.
നിന്റെ മറുകുകളിൽ
നിന്റെ വടിവുകളിൽ
നിന്റെ ലജ്ജയിൽ
ഇനി പടരില്ലവയുടെ സൂചിമുനകൾ.
ഇനിയുണരാത്ത ഉറക്കത്തി-
ലേയ്ക്കാഴുമ്പോൾ
എന്റെ മിഴികൾ
തുറന്നു വയ്ക്കേണം.
അഗ്നി തിന്നു തീർക്കും വരെ
നിന്നെയെനിക്ക് കാണുവാൻ മാത്രം.
............................. ബിജു ജി നാഥ്

Wednesday, January 20, 2016

കണക്കുകള്‍


പത്തുമാസം ചുമന്ന
കണക്കിന്റെ
കെട്ടുമായാണ് പിറന്നത്
ഭൂമിയില്‍ .
ഇത്തിരി ക്കൂടി വളര്‍ന്നപ്പോള്‍
പഠിക്കുവാന്‍
കണക്കില്ലാതെ പറ്റാതെ വന്നു .
പഠിപ്പിക്കാന്‍ മുതലാക്കിയ
കണക്കിന്
ഉത്തരം ഇല്ലാത്ത ദിനങ്ങള്‍ .
പിന്നെയും കാലം കടന്നപ്പോള്‍
ചെക്കനു 
കണക്കിന് കിട്ടാത്ത കുഴപ്പമേന്നോതി
ലോകം.
കണക്കറ്റു കുടിക്കല്ലെന്നു
ഉപദേശകര്‍
പ്രണയത്തിന്റെ കണക്കു
മറക്കാതിരിക്കാന്‍
മാര്‍ഗ്ഗമില്ലാതെ ജന്മം
കെട്ടു താലിയുടെ കണക്കു
ചോദിച്ചതും
മക്കളെ പോറ്റാന്‍
കണക്കു പറഞ്ഞതും
കാലത്തിന്റെ കണക്കു പുസ്തകത്തില്‍
കാണാതെ പോയതാകാം .
പ്രണയത്തിനും
സൗഹൃദത്തിനും
ബന്ധങ്ങള്‍ക്കും
കണക്കുകള്‍ കൂടി വന്നു .
കണക്കു പറയാന്‍ അറിയാത്ത ഞാന്‍
കണക്കുകള്‍ നോക്കുന്നവരുടെ
ലോകത്ത്
കണക്കുകള്‍ അറിയാതെ നില്‍ക്കെ
കാലന്റെ കണക്കു പുസ്തകത്തില്‍
എന്റെ നമ്പര്‍ എത്രയെന്നു
അറിയാന്‍
തെക്കോട്ട്‌ നോക്കിയിരിപ്പാണിന്നു. 
--------------------ബിജു ജി നാഥ്

Tuesday, January 19, 2016

ഓന്ത്


ഉദ്യാനമതില്‍ പൂവിട്ടു നില്കും
മധുരമനോജ്ഞസുമത്തെ
കൊതിക്കുമ്പോഴൊന്നുമേ 
ഓര്‍ത്തിരുന്നില്ലതിന്‍
വര്‍ണ്ണവും വിത്തവും .

പ്രണയം പറഞ്ഞും
മധുരം നല്‍കിയും 
അകലുവാനാകാതെ നിന്നപ്പോഴും
അറിഞ്ഞില്ലതിന്‍
വര്‍ണ്ണവും വിത്തവും .

ഒടുവില്‍ മുഖാമുഖം 
നിന്ന് നീയന്നൊരു
ഒഴിവാക്കുവാന്‍ കഴിയാത്ത
മുഹൂര്‍ത്തത്തില്‍
ആദ്യമായി തിരഞ്ഞു
ജാതി
മതം
സമ്പത്ത്.

മണ്ണില്‍ വലിച്ചെറിഞ്ഞു 
തിരികെ നടക്കുമ്പോള്‍
മനസ്സില്‍
കനവു കാണുന്നുണ്ടായിരുന്നു
മഞ്ഞിച്ച
പൂവനമൊന്നു
നിനക്ക് ചേര്‍ന്നതായ് .
------------ബിജു ജി നാഥ്

Monday, January 18, 2016

ആലിന്‍ ചുവട്ടിലെ ആകാശം ... ശാന്ത തുളസീധരന്‍

ചെറു കഥകളും കവിതകളും വായിക്കുന്നത് പോലെ എളുപ്പമല്ല നോവലുകള്‍ വായിക്കുക എന്നത് ഒരു സത്യമാണ് . പലപ്പോഴും അപാരമായ ക്ഷമയും സമയവും അതിനായി വായനക്കാരന് നീക്കി വയ്ക്കേണ്ടതായി വരും . പലപ്പോഴും അത്തരം സമയങ്ങളും ക്ഷമയും നമ്മെ നിരാശരാക്കും എങ്കിലും വീണ്ടും വീണ്ടും നാം ആ കര്‍ത്തവ്യം ഒരു കടമ പോലെ നിര്‍വ്വഹിക്കുന്നത് നമുക്ക് എന്തെങ്കിലും ലഭിക്കും ആനന്ദം നല്‍കുന്നത് എന്ന ചിന്തയില്‍ തന്നെയാണ് . വായനക്കാരനെ നിരാശനാക്കാനും ,സന്തോഷിപ്പിക്കാനും നോവല്‍ എഴുത്തുകാരന് കഴിയും .
ഇന്നത്തെ വായന ശ്രീമതി 'ശാന്ത തുളസീധര'ന്റെ (Santha Thulasidharan ) "ആലിന്‍ ചുവട്ടിലെ ആകാശം" എന്ന നോവല്‍ ആയിരുന്നു . ഏകദേശം പതിമ്മൂന്നോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ഒരുപാട് പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത ഈ എഴുത്തുകാരി തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിനിയാണ്, അദ്ധ്യാപികയായും ജി വി രാജ സ്പോര്‍ട്സ് സ്കൂള്‍ പ്രിന്‍സിപ്പലായും സേവനം അനുഷ്ടിച്ച ഈ എഴുത്തുകാരിയുടെ വളരെ മനോഹരമായ ഒരു പ്രണയകാവ്യം ആണ് ആലിന്‍ ചുവട്ടിലെ ആകാശം എന്ന് പറയുന്നതില്‍ സന്തോഷം ആണുള്ളത് .
നാം കണ്ടു മടുത്ത , വായിച്ചു മടുത്ത പ്രണയ കഥകള്‍ ഭൂരിഭാഗവും നമ്മില്‍ ഉണര്‍ത്തുന്ന വിഷയദാരിദ്ര്യം ഇവിടെ എഴുത്തുകാരിയില്‍ കാണുന്നില്ല എന്നതാണ് ഈ വായനയുടെ പ്രത്യേകത ആയി കാണാവുന്നത്‌ . ഇത്ര മനോഹരമായി വാക്കുകളെ ഉപയോഗിച്ച് പ്രണയത്തെ അടയാളപ്പെടുത്തുക വളരെ സന്തോഷപ്രദമായി അനുഭവപ്പെടുന്നു . സാമൂഹ്യവും രാഷ്ട്രീയവും മതവും എല്ലാം തന്നെ ഇതില്‍ ഉണ്ട് .
ഒരേ ഓഫീസില്‍ വളരെ കുറച്ചു നാളുകള്‍ മാത്രം ഒരുമിച്ചു ജോലി ചെയ്ത സമീറയും ജോസഫും തമ്മില്‍ ഉള്ള പ്രണയത്തിന്റെ നനുത്ത നൂലുകളെ മനോഹരമായി കൂട്ടിത്തുന്നുവാന്‍ സമീറയുടെ മകന്‍ കണ്ണന്‍ എന്ന സമീര്‍ എത്തുന്നിടത്ത് നിന്നും തുടങ്ങുന്നു നോവല്‍ .. അമ്മയുടെ ഡയറികളില്‍ കൂടി അമ്മയുടെ ജീവിതമറിഞ്ഞു അതിന്റെ സാക്ഷിയാകാന്‍ വന്നെത്തുന്ന കണ്ണന്‍ പപ്പാ എന്ന് വിളിക്കുന്ന ജോസഫുമായി തന്റെ അമ്മ നടന്ന വഴിത്താരകളില്‍ കൂടി നടക്കുന്നകാഴ്ച എത്ര വിസ്മയകരമാണ് . അമ്മയുടെ ഓരോ നിമിഷവും പുനര്‍ നിര്‍മ്മിച്ച്‌ ജോസഫില്‍ ഉണ്ടാകുന്ന ഓരോ വികാരങ്ങളെയും അളന്നു തിട്ടപ്പെടുത്തുന്ന കണ്ണന്‍ ഒരു നോവായി മനസ്സില്‍ നില്‍ക്കുന്നു .
തനിക്കു നഷ്‌ടമായ സ്നേഹം ആണ് അവര്‍ എന്ന തിരിച്ചറിവില്‍ അവന്‍ വേദനിക്കുമ്പോള്‍ വായനക്കാരനും അവനെ മനസ്സിലാക്കുന്നു . പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കാടും , ആലും കനാലിന്റെ നിര്‍മ്മാണവും ഒക്കെ ചേര്‍ത്ത് വരച്ചു ചേര്‍ത്തിരിക്കുന്നത് വളരെ നന്നായി അനുഭവപ്പെട്ടു . അതുപോലെ തന്നെ അധികാര സ്ഥാനങ്ങളില്‍ ഉള്ള കുതികാല്‍ വെട്ടും ദുര്‍വിനിയോഗങ്ങളും , ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതവും കഥാപാത്രങ്ങളും ഒക്കെ നന്നായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു .
രതിയില്‍കൂടി പൂര്‍ണ്ണത നല്‍കുന്ന പ്രണയ സങ്കല്‍പ്പത്തെ ഇവിടെ എഴുത്തുകാരി തള്ളിക്കളയുന്നു . അടുത്ത ജന്മത്തില്‍ അങ്ങനെ ഒന്നുണ്ടെങ്കില്‍ അന്നത്തേക്ക്‌ വേണ്ടി മാറ്റി വച്ചുകൊണ്ട് എന്റെ കുട്ടിയെ കളങ്കപ്പെടുത്താന്‍ ആകില്ല എന്ന് പറഞ്ഞു സമീറ തന്റെ വ്യെക്തിത്വത്തില്‍ ഉറച്ചു നില്‍ക്കുന്നു . മരണത്തിലേക്ക് അവള്‍ നടന്നു പോകുമ്പോഴും അയാളുടെ സാന്നിദ്ധ്യത്തില്‍ അവള്‍ അനുഭവിക്കുന്ന സന്തോഷവും നിര്‍വൃതിയും പ്രണയത്തിന്റെ നനുത്ത തൂവലാല്‍ ഹൃദയത്തില്‍ തലോടുന്ന അനുഭൂതി നല്‍കുന്നു .
യാഥാസ്ഥികമുസ്ലീം കുടുംബത്തില്‍ ജനിച്ച ഒരു സ്ത്രീയുടെ പരിമിതികളും വേദനകളും സമീറയില്‍ കൂടി അവതരിപ്പിക്കുന്നുണ്ട് . ഭര്‍ത്താവിന്റെ മറ്റൊരു വിവാഹവും അവളോടുള്ള അകല്‍ച്ചയും വളരെ ചെറിയ വിവരണങ്ങള്‍ മാത്രം ആയി ഒതുങ്ങുന്നു എങ്കിലും അവയ്ക്കിടയില്‍ വലിയ വായനകള്‍ ഒളിഞ്ഞു കിടക്കുന്നത് വായനക്കാരന് തൊട്ടറിയാന്‍ കഴിയുന്നുണ്ട് .
വായനയുടെ കൂട്ടത്തിലേക്ക് സധൈര്യം കൂട്ടി ചേര്‍ക്കാവുന്ന ഒരു വായന അനുഭവം ആകും ഈ നോവല്‍ . ആശംസകള്‍ ബി ജി എന്‍ വര്‍ക്കല

ഇന്ത്യയുടെ ആത്മാവ്


"ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് "
പറഞ്ഞു പഴകിയ
ഗാന്ധി സൂക്തം....!
അതെ
ഇന്ത്യ എന്നാല്‍
ഗ്രാമങ്ങള്‍ തന്നെയാണ്
ശൂദ്രയോനിയില്‍ പിറന്നവരുടെ
ഗതികേടിന്റെ നാട് .
പൂണൂല്‍ ധരിച്ചവന്റെ ധാര്‍ഷ്ട്യം
ശിരസ്സില്‍ ചവിട്ടി താഴ്ത്തുംബോഴും
മിണ്ടാതെ
കരയാതെ
അനുസരിക്കുന്നവന്റെ നാട് .
തോട്ടിയുടെ മകന്‍
തോട്ടിപ്പണി മാത്രം ചെയ്യാന്‍
കുശവന്റെ മകന്‍
കുശവപ്പണി മാത്രം ചെയ്യാന്‍
കൊല്ലന്റെ മകന്‍
കൊല്ലപ്പണി മാത്രം ചെയ്യാന്‍
വിധിയ്ക്കപ്പെട്ടവന്റെ നാട് .
രണ്ടക്ഷരം പഠിച്ചുപോയാല്‍
തണ്ടെല്ല് പൊട്ടിക്കാന്‍
തക്കം പാര്‍ക്കുന്നവന്റെ നാട് ,
തൊലി കറുത്തു പോയ തെറ്റിനാല്‍
കവ തുറന്നു കൊടുക്കേണ്ടി വരുന്നവരുടെ നാട്
ചാണകവെള്ളം തളിച്ച്
ആസനസ്ഥനാകുന്ന
വരേണ്യവര്‍ഗ്ഗത്തിന്റെ നാട് .
അതെ
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്
ഇന്ന് ഇന്ത്യ അതിനാല്‍ തന്നെ
ആത്മാവ് നഷ്ടപ്പെട്ട
വെറും ജഡം മാത്രം .
---------ബിജു ജി നാഥ്

Sunday, January 17, 2016

കനല്‍ക്കാഴ്ചകള്‍


എനിക്ക് മുന്നില്‍ കാലം മറയുന്നു .
ചിലപ്പോള്‍ ഞാന്‍ സിറിയയില്‍
മറ്റു ചിലപ്പോള്‍ ഫ്രാന്‍സിന്റെ തെരുവില്‍
അതുമല്ലങ്കില്‍ ഗോദ്രയുടെ ഗലികളില്‍
മൊസപ്പൊട്ടാമിയന്‍ തീരങ്ങളില്‍
ലാഹോറിലെ ശവകുടീരങ്ങളില്‍
മുസഫര്‍ നഗറില്‍
മുംബൈ തെരുവില്‍
നൈജീരിയന്‍ കാടുകളില്‍
ഞാനെന്നെ തിരഞ്ഞു പോകുന്നു .
മുറിഞ്ഞു വീണ ശരീരങ്ങള്‍
തക്ബീര്‍വിളികളില്‍
തകര്‍ന്നു പോകുന്ന തലച്ചോറുകള്‍
ശൂലത്തില്‍ കൊരുത്തു പിടയുന്ന ഭ്രൂണങ്ങള്‍
കടല്‍ത്തീരങ്ങളില്‍
അടിഞ്ഞു കൂടുന്ന പാവക്കുട്ടികള്‍
തെരുവില്‍ വിലപേശപ്പെടുന്ന മാതൃത്വങ്ങള്‍ .
എന്റെ മുഷ്ടികള്‍ ഞെരിയുന്നു
ഒരായുധത്തിനായി ഞാന്‍ തിരയുന്നു
സ്വയമൊരു അഗ്നികുണ്ഡമാകുവാനും
ഭൂഗോളമൊരു നൊടിയില്‍ കരിച്ചു കളയാനും
എന്റെ കണ്ണുകള്‍ ദാഹിക്കുന്നു
ചുറ്റിനുമുയരുന്ന
എന്റേതു എന്ന അവകാശവാദങ്ങളില്‍
എന്റെ ദൈവം
എന്റെ മതമെന്ന ആക്രോശങ്ങളില്‍
ഞാന്‍ തകരുന്നു .
തെരുവുകള്‍ തോറും
ഞാനൊരു മനുഷ്യനെ തേടി അലയുന്നു
ഗര്‍ഭപാത്രം പറിച്ചെറിയപ്പെട്ട പെണ്ണൊരുത്തി
മഞ്ഞണിഞ്ഞ പുല്‍പ്പടര്‍പ്പില്‍ എന്നെ നോക്കി കൈ നീട്ടുന്നു.
റെയില്‍പ്പാളത്തിലെ മെറ്റല്‍ക്കൂനയില്‍
മറയുന്ന ബോധത്തിനപ്പുറം
രണ്ടു മിഴികള്‍ എന്നിലേയ്ക്ക് നീളുന്നു.
രക്തപ്പൂക്കളം തീര്‍ത്തൊരു ജീവന്‍ നിരത്തില്‍
നീണ്ടു നിന്ന പിടച്ചിലിനൊടുവില്‍
എന്നെ വിളിച്ചു കടന്നു പോകുന്നു
ഇല്ല
എന്റെ തലച്ചോറില്‍
യന്ത്രങ്ങളുടെ മുരള്‍ച്ച മാത്രം
പൊട്ടിത്തെറിക്കുന്ന കാഴ്ച്ചകള്‍ക്കും
കരള്‍ പറിയ്ക്കുന്ന നിലവിളികള്‍ക്കും നടുവില്‍
മരിയ്ക്കാന്‍ മറന്ന ഞാന്‍ മാത്രം ....
--------------ബിജു ജി നാഥ്

ദേവീ സ്തോത്രം


പത്മിനീ ദേവീ പീനസ്തനി നിന്‍
പാദപത്മങ്ങള്‍ തൊഴുന്നേന്‍.
മാനിനി ദേവീ നീള്‍മിഴിയാളെ
മാനസേയരുതേ കോപതാപവും .
യാമിനീ നിന്‍ ഘനജഘനം
മോഹനനടന ചാരുതയാര്‍ന്നു നീ
വാഴുക മമ ചിത്തത്തിലെന്നും
ചാരുതേ മംഗളദര്‍ശിനിയായിനി.
----------------------ബിജു ജി നാഥ്

Friday, January 15, 2016

തിരുമുറിവുകള്‍


ഹൃദയത്തില്‍ നിന്റെ വിരല്‍ തൊട്ടു
നനുത്ത മഞ്ഞിന്റെ തണുപ്പിനാല്‍ .
പ്രണയം എന്നതിനെ പേരിട്ടു ഞാന്‍
ഓര്‍മ്മകള്‍ക്കുള്ളില്‍ ഒളിച്ചു വച്ചു .

ഇരുണ്ട രാവിന്റെ കൂടുകളില്‍ നാം
ഉരിഞ്ഞു നമ്മിലെ പുറം കൂടുകള്‍
തെളിഞ്ഞ വെളിച്ചത്തില്‍ ശലഭങ്ങള്‍
ചിറകു നഷ്ടമായി കരിഞ്ഞു വീണു .

രാവുകള്‍ മാറി പകലുകള്‍ വന്നു
നിന്‍ ഭാവവും മാറി രസങ്ങളും പോയ്‌ .
വേതാളം പോല്‍ ചുമക്കും പ്രണയ-
ത്തിന്‍ വേദന നിന്നിലും പടര്‍ന്നുവോ .

ഏകിയെനിയ്ക്കൊരു മുള്‍ക്കിരീടം
വാക്കിന്റെ മുള്‍മുന കൊണ്ടാദ്യം നീ.
പ്രണയമാം കുരിശില്‍ കിടത്തി നീയാ-
ദ്യത്തെയാണിയും തറച്ചു വലംകൈയ്യില്‍.

കൗതുകമോടെ നീ നോക്കിനിന്നൂ
എന്റെ ഊര്‍ന്നു വീഴും ചോരയില്‍.
ഒട്ടൊരു വേദന മാറിവരുമ്പോഴിടം 
കൈയ്യില്‍ തറച്ചു മറ്റൊരാണിവീണ്ടും.

പാദങ്ങള്‍ ചേര്‍ത്തൊരാണി തറയ്ക്കുവാന്‍
കാതരേ നീ കൈയ്യുയര്‍ത്തിടുമ്പോള്‍
വേദനയില്ലാത്ത ഹൃദയവുമായി ഞാന്‍
കാത്തിരിയ്ക്കുന്നു നിന്‍ സ്പര്‍ശനവും .

ഒരു വാരിക്കുന്തമെന്‍ ഇടനെഞ്ചില്‍
കുത്തി നീ ജീവന്‍ തിരയുന്ന നേരം
ഓര്‍ക്കുക മെല്ലെ നീയാഴ്ത്തുക നിന്നുടെ
ഓര്‍മ്മകള്‍ നിറയുമീ ഹൃത്തിലേയ്ക്കായി .
-------------------------ബിജു ജി നാഥ്

Thursday, January 14, 2016

മായക്കാഴ്ച

വിരലഴകിലാണ് വീണത്
മാറഴകില്‍ മാതൃത്വം കണ്ടും
ചുണ്ടഴകില്‍ പെണ്ണത്വം കണ്ടും
മനസ്സിലേയ്ക്ക് കയറി വന്നതാണ് .
സൂക്ഷിക്കാന്‍ മയില്‍‌പ്പീലി
ചോദിച്ച ബാല്യം പോലെ
കരുതിവയ്ക്കാനൊരു നിമിഷം !
ഇല്ല , ജീവിതത്തിലെ വേദനകള്‍
പലപ്പോഴും ഒരു വാക്കിലോ
ഒരു നോട്ടത്തിലോ തുടങ്ങുന്നു .
വിളറിയ പകലിലേയ്ക്ക്
മിഴി തുറക്കുന്ന
ഭ്രാന്തന്‍ നായയെ പോലെ ഞാനും
---------------------ബിജു ജി നാഥ് 

Wednesday, January 13, 2016

ശുദ്ധി


ഉമ്മറമലങ്കരിക്കുന്നുണ്ട് ദേവി തൻ
തീണ്ടാരിത്തുണിയെങ്കിലും പിന്നിലെ
ചാമ്പൽപ്പുരയിൽ ഭയന്നൊളിവിലാണ്
കുടുംബിനി തൻ മുഷിഞ്ഞ തുണി.
'................... ബി.ജി.എൻ വർക്കല

ഒഴുക്ക് വെള്ളത്തിലൊരില


വിരസമാര്‍ന്ന ഇരവുകളിലൊന്നില്‍
സരസമായ പുഞ്ചിരിയുമായ് നീ വന്നു .
പ്രണയപൂര്‍വ്വം ആനയിച്ചിരുത്തുമ്പോള്‍
ഹൃദയത്തില്‍ ആനന്ദവര്‍ഷമുണര്‍ന്നു.

താമരപോലധരങ്ങള്‍ വിടരുമ്പോള്‍
ഭാവസാന്ദ്രമായൊരു ഓര്‍മ്മപോല്‍
മനസ്സില്‍ ഏദന്‍തോട്ടം തെളിഞ്ഞു
ഹൃദയമൊരു ദ്രുതതാളം കൊട്ടിയാടി.

മറുകുകള്‍ കഥ പറഞ്ഞു തുടങ്ങിയ
അറേബ്യന്‍ രാവുകള്‍ക്ക്‌ ശേഷം
ശീതക്കാറ്റ് ഒഴിഞ്ഞു പോവുകയും
നനഞ്ഞ തൂവലുകള്‍ മറയുകയും ചെയ്തു .

ശൈശവത്തിന്റെ ഭാവന കടമെടുത്തു
മാറിലെ മറുകില്‍ വിരല്‍ തൊട്ടു ഞാന്‍.
തുടിച്ചുയരും ആനന്ദത്താലാകാമവള്‍
തൊഴിച്ചെറിഞ്ഞതെന്നെയീ പുഴയില്‍ .

ഇനിയീ ഒഴുക്കു വെള്ളത്തില്‍ ഞാനെന്‍
തിരസ്കൃതജന്മത്തിന്‍ കഥകള്‍ ചൊല്ലാം
എഴുതുവാനാകാതെ പോയ വരികള്‍
അസ്തമിക്കട്ടെ എനിക്കൊപ്പമീ കടലില്‍ !
--------------------------ബിജു ജി നാഥ്

Tuesday, January 12, 2016

കുഴിയാന


പിന്നോട്ട് പിന്നോട്ട് പായുമ്പോഴും
ഉള്ളോട് ഉള്ളിൽ വലിയുമ്പോഴും
നിന്നെ വിളിക്കുവാൻ ഗമയുണ്ട്.
നിന്നിലുറങ്ങുമീ  ഗജരാജമയം.
------------------ബി ജി എന്‍ വര്‍ക്കല

Monday, January 11, 2016

പിറവി

കഥ : പിറവി
ബിജു ജി നാഥ് വര്‍ക്കല
---------------------------------
തണുത്ത സിമന്റു തറയില്‍ വെറും നിലത്തു ഇരുട്ടിനു സമാന്തരമായി അയാള്‍  കുന്തിച്ചിരിക്കുകയായിരുന്നു . നീണ്ട മുടിയിഴകള്‍ തോളില്‍ വീണു കിടപ്പുണ്ട് . താടിരോമങ്ങളില്‍ വിരലോടിച്ചു കൊണ്ട് അവന്‍ പുറത്തെ ഇരുട്ടിനോട്‌  എന്തോ പറയുന്നത് കാണാം . പ്രത്യക്ഷത്തില്‍ ഒരു ഭ്രാന്തനെ പോലെ തോന്നിക്കുന്ന ഈ യുവാവിനെ നമുക്ക് വേണു എന്ന് വിളിക്കാം . ജീവിതത്തിന്റെ തീക്ഷ്ണത കണ്ണുകളില്‍ ഉറഞ്ഞു കിടക്കുന്ന ഈ യുവാവിന്റെ തടവറയിലെ ജീവിതം നാളെ കഴിയുകയാണ് . എന്നാല്‍ ആ സന്തോഷം ആ മിഴികളില്‍ കാണാന്‍ കഴിയുന്നില്ല , പകരം ആശങ്കകള്‍ ഇല്ലാത്ത നിസ്സംഗത മാത്രമാണ് അവിടെ തളംകെട്ടിക്കിടക്കുന്നത് . ഈ കരുത്തുറ്റ യൗവ്വനം എങ്ങനെ ഇതിനുള്ളില്‍ വേണുവിനെ എത്തിച്ചു എന്ന് അറിയാന്‍ ഉള്ള ആകാംക്ഷ വായനക്കാരാ നിന്നെ പോലെ എന്നിലും ഉണ്ട് . നോക്കാം നമുക്കാ ചെറുപ്പക്കാരന്റെ ഉള്ളിലേക്ക് കടന്നു കയറാന്‍ കഴിയുമോ എന്ന് . വിജയിച്ചാല്‍ നമുക്കും അയാള്‍ക്കൊപ്പം അയാളുടെ പിന്‍കാലങ്ങളില്‍ ഒരു യാത്ര പോകാം .

അല്ലയോ വായനക്കാരാ , നിങ്ങളുടെ കണ്ണിലെ ആകാംക്ഷ എനിക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് . എന്നെ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നു വയ്ക്കട്ടെ . ഒരുപക്ഷെ ഇതൊരു കുമ്പസാരം പോലെ തീവ്രവും പച്ചയായ യാഥാര്‍ത്ഥ്യവും ആയി നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം . അതെ നിങ്ങള്‍ ശരിയാണ് . എന്റെ ജീവിതം കൊണ്ട് ഞാന്‍ കൊരുത്തു കൂട്ടിയ ഈ ഏടുകള്‍ നിങ്ങളെ ഒരുപക്ഷെ എന്റെ ശത്രുവാക്കിയേക്കാം . എന്നെ പിച്ചിചീന്തി എറിയുവാന്‍ നിങ്ങള്‍ വായനയുടെ ഒരു ഘട്ടത്തില്‍ ഒരുങ്ങിയേക്കാം . ക്ഷമിക്കുക ഞാന്‍ അതര്‍ഹിക്കുന്നു . എന്റെ ജീവിതം കൊണ്ട് ഞാന്‍ തീര്‍ക്കുന്ന ഈ പശ്ചാത്താപം എന്റെ തെറ്റുകള്‍ക്കുള്ള ശിക്ഷ അല്ല എന്നറിയാവുന്നതിനാല്‍ ഞാന്‍ നിങ്ങളെ തടയുകയില്ല ഒരു നിമിഷം പോലും .

നിറഞ്ഞ ശാന്തമായ ഈ തടവറയുടെ ഇരുളിനെ സാക്ഷി നിര്‍ത്തി ഞാന്‍ എന്നെക്കുറിച്ച് നിങ്ങളോട് പറയുകയാണ്‌ .

വേണു എന്ന ഞാന്‍ ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും അനുഭവിച്ചു വളര്‍ന്ന ഒരു കുട്ടിയായിരുന്നു എന്റെ കഴിഞ്ഞ കാലത്ത് . അന്യനാട്ടില്‍ വിയര്‍പ്പൊഴുക്കി അച്ഛന്‍ അയച്ചിരുന്ന പണം കൊണ്ട് അല്ലലില്ലാതെ വളര്‍ന്ന കുട്ടിക്കാലം . കളി ചിരിക്ക് ഒരു കൂട്ടില്ലായിരുന്നു എന്നതായിരുന്നു അന്നെന്റെ ദുഃഖം . ഒറ്റ മകന്റെ ജീവിതത്തെ സുരഭിലമാക്കുവാന്‍ മാതാപിതാക്കള്‍ നന്നേ പാടുപെട്ടിരുന്നു എന്ന് ഇന്നു ഞാന്‍ ഓര്‍ത്തെടുക്കുന്നു . ശൈശവത്തിന്റെ കുട്ടിക്കളികള്‍ മാറി വരികയും കൗമാരത്തിന്റെ പടവുകള്‍ കയറിത്തുടങ്ങുകയും ചെയ്ത സ്കൂള്‍ കാലം കഴിഞ്ഞു കോളേജില്‍ എത്തുന്നിടത്താണ് എന്റെ ജീവിതവും വഴി തിരിഞ്ഞു പോയതെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ് . അരുതുകളും നിയന്ത്രണങ്ങളും നിറഞ്ഞ സ്കൂള്‍ ജീവിതത്തില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ  ആകാശത്തേക്ക് കൂട് തുറന്നു വിടുന്ന പക്ഷികള്‍ ആയിരുന്നു ഞാനും കൂട്ടുകാരും . അറിയേണ്ടതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങള്‍ നിയന്ത്രണം ഇല്ലാതെ പഠിക്കാനും അനുഭവിക്കാനും തുടങ്ങിയ കാലം .

കൂട്ടുകെട്ടുകള്‍ എനിക്കൊരു ഹരമായിരുന്നു . ക്ലാസ്സുകള്‍ കട്ട് ചെയ്ത് കൂട്ടുകാരുമൊത്ത് കോളേജിന്റെ ഒഴിഞ്ഞ കോണുകള്‍ ആവാസകേന്ദ്രമാക്കിയ നാളുകളില്‍ കൂട്ടുകാരിലൊരുവനാണ് പുകയുന്ന ഒരു തിരി എന്റെ ചുണ്ടിലും തിരുകി വച്ചത് . കണ്ണുകള്‍ തുറിച്ചു , ശ്വാസം വിലങ്ങി ചുമച്ചു തളര്‍ന്ന ഞാന്‍ പക്ഷേ ആ സുഖം വീണ്ടും കൊതിച്ചു പോയത് അത് നല്‍കിയ ആനന്ദം തന്നെയായിരുന്നു . വെളുത്ത പുകയില്‍ മുങ്ങി നിവര്‍ന്നു പറവകളെ പോലെ ഞങ്ങള്‍ സ്നേഹിതര്‍ ആകാശത്തു ഊളിയിട്ടു പറന്നു നടന്നു .

കഞ്ചാവിന്റെ ലഹരി ഉള്ളില്‍ പടര്‍ന്നു കഴിയുമ്പോഴാകും കഥകളുടെ ചെപ്പുകള്‍ ഓരോരുത്തരായ് തുറക്കുക . അയലത്തെ ചേച്ചിയുടെ അവയവങ്ങള്‍ ഒളിഞ്ഞു കണ്ടും , അവരെ സ്വപ്നം കണ്ടും ലൈംഗികദാഹം തീര്‍ത്തിരുന്ന കൂട്ടുകാരന്‍ . ചേട്ടന്റെ ഭാര്യയില്‍ മതിയാവോളം കാമത്തിന്റെ ഹരിശ്രീ പഠിച്ച മറ്റൊരുവന്‍ . അറിയപ്പെടുന്ന എല്ലാ വേശ്യകളിലും കുറഞ്ഞ കാലം കൊണ്ട് ശരീരശാസ്ത്രം പഠിച്ചവന്‍ , കാമുകിയുമായി മരച്ചീനി തോട്ടത്തില്‍ രാവ് പകലാക്കിയവന്‍ .

കഥകളുടെ സുഖാലസ്യത്തില്‍ പരസ്പരം നല്‍കിപ്പോന്ന രതിസുഖത്തില്‍ ജീവിതം ഒരു മായാലോകം പോലെ അനുഭവപ്പെട്ടു . അനുഭവങ്ങളുടെ ഭാണ്ഡങ്ങള്‍ വിതറിയിടുന്ന കൂട്ടര്‍ക്കിടയില്‍ കന്യാചര്‍മ്മം പൊട്ടാത്ത പുതുപ്പെണ്ണിനെ പോലെ ലജ്ജിച്ചു നിന്ന പകലുകള്‍ .

രാത്രികളില്‍ പുസ്തകങ്ങള്‍ വലിച്ചെറിഞ്ഞു മുഷിഞ്ഞു കീറിയ കൊച്ചു പുസ്തകങ്ങളും , നിറം മങ്ങിയ നഗ്ന സുന്ദരികളെയും കണ്ടു ഉറക്കം വരാതെ കിടന്ന രാവുകള്‍ . ഈ വിഷമതകള്‍ മനസ്സില്‍ നെരിപ്പോടായി എരിയുന്ന കാലത്താണ് അടുത്ത വീട്ടില്‍ അവര്‍ എത്തിയത് . നിമ്മി ആന്റിയും ആലീസുമോളും. പൂട്ടിക്കിടന്ന വീടിന്റെ മുറ്റത്തും വേലിക്കരികിലും ചിലപ്പോള്‍ ഞങ്ങളുടെ വീടിനുള്ളിലും ഒരു പൂമ്പാറ്റയെ പോല്‍ ആലീസ് ഓടി നടന്നു . അഞ്ചാം ക്ലാസ്സുകാരിയായ ആ കുഞ്ഞിന്റെ ഓമനത്വത്തില്‍ ഉറങ്ങി കിടന്ന വീട് ഉണര്‍ന്നു .

പട്ടണത്തിലെ ബാങ്കിലേക്ക് പുതുതായി സ്ഥലം മാറി വന്ന ഉദ്യോഗസ്ഥ ആയിരുന്നു നിമ്മി ആന്റി . ഭര്‍ത്താവില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന നിമ്മി ആന്റി ചോദിച്ചു വാങ്ങിയതാണ് ഈ സ്ഥലമാറ്റം . സ്വരചേര്‍ച്ചയില്ലാത്ത അവരുടെ ദാമ്പത്യത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം പോലെ . അമ്മയും ആയി വളരെ വേഗം അടുത്ത നിമ്മി ആന്റി . ഒഴിവു ദിനങ്ങള്‍ അവര്‍ ഞങ്ങളുടെ വീട്ടില്‍ ആയിരുന്നു എന്ന് തന്നെ പറയാം . ആലീസ് വളരെ വേഗം എന്നോട് അടുത്തു .

മകള്‍ക്ക് ഇംഗ്ലീഷ് അക്ഷരങ്ങള്‍ പഠിപ്പിച്ചു കൊടുക്കാന്‍ നിമ്മി ആന്റി ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് സന്തോഷം ആയി .  വീട്ടില്‍ മറ്റൊരാള്‍ കളിക്കൂട്ടിനില്ലായിരുന്നതും , അനിയത്തികുട്ടിയെ പോലെ ആലീസ് മനസ്സില്‍ കയറി കൂടിയതും വളരെ പെട്ടെന്നായിരുന്നല്ലോ .

അന്ന് കോളേജ് സമരമായിരുന്നു . മഴ ആയതിനാല്‍ എല്ലാരും വീട് പിടിച്ചു , വീട്ടില്‍ എത്തുമ്പോള്‍ ആണ് അമ്മയും നിമ്മി ആന്റിയും കൂടി പുറത്തു പോകാന്‍ തയ്യാറായി നില്‍ക്കുന്നു . അടുത്തെവിടെയോ ഒരു മരണം . ഏതോ ഒരു ചേച്ചി തൂങ്ങി മരിച്ചതാണ് . അതിനാല്‍ മോളെ കൊണ്ട് പോകണ്ട എന്ന് തീരുമാനിച്ചു . എന്റെ സംരക്ഷണയില്‍ അവളെ നിര്‍ത്തി അവര്‍ യാത്രയായി . ടിവി യില്‍ സിനിമ ഇട്ടു കൊടുത്ത് കിട്ടിയ അവസരം കളയാതെ ഞാന്‍ ഒരു കഞ്ചാവ് ബീഡി എടുത്തു പുകയ്ക്കാന്‍ തുടങ്ങി . മുറിയില്‍ ലഹരിയുടെ പുക നിറഞ്ഞു കണ്ണുകളില്‍ ചുവപ്പ് രാശി തെളിഞ്ഞു തുടങ്ങി . ഒരു പഞ്ഞിക്കെട്ടു പോലെ മുകളിലേക്ക് പറന്നു പോകുമ്പോള്‍ ആണ് ആലീസ് മുറിയിലേക്ക് വന്നത് .

"അയ്യേ ചേട്ടന്‍ ബീഡി വലിക്കുന്നോ" എന്ന ചോദ്യം കേട്ട് ഞാന്‍ നോക്കുമ്പോള്‍ കണ്ടത് വാതില്‍ക്കല്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്ന ആലീസിനെ ആണ് .

"നോക്കിക്കോ ഞാന്‍ ആന്റി വരുമ്പോള്‍ പറഞ്ഞു കൊടുക്കുമല്ലോ" എന്ന് പറഞ്ഞു അവള്‍ അവിടെ നിന്നും തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ഒരു പേടി ഉറഞ്ഞു കൂടി .

"അയ്യോ ആലീസേ, മോളെ പറയല്ലേ പ്ലീസ്" എന്ന് പറഞ്ഞു അവളെ സമീപിച്ച ഞാന്‍ അവളുടെ കൈകള്‍ കൂട്ടിപ്പിടിച്ചു കേണു .

"എനിക്കിഷ്ടമല്ല ഈ നാറ്റം" എന്ന് പറഞ്ഞു പിന്തിരിഞ്ഞു പോകാന്‍ തുടങ്ങിയ അവളെ ബലമായി പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കുതറി മാറി .

ഉള്ളിലെ വാശിയും , ദേഷ്യവും ഭയവും അവളെ ചുറ്റിപ്പിടിച്ചു അകത്തേക്ക് തന്നെ കൊണ്ട് വന്നു . കുതറിക്കൊണ്ട് അവള്‍ പറഞ്ഞു "ഞാന്‍ പറയും സത്യമായിട്ടും പറയും ".

കഞ്ചാവ് ലഹരി പൂത്തു നിറഞ്ഞ എന്റെ തലച്ചോറില്‍ പക്ഷെ അവളുടെ വാക്കുകള്‍ക്കു പകരം മറ്റൊരു ഗന്ധം നിറഞ്ഞു . അമര്‍ത്തി ചേര്‍ത്തുപിടിച്ചിരുന്ന ശരീരം പെട്ടെന്ന് ആലീസല്ലാതായി മാറി . ഒരു പെണ്ണുടല്‍ മാത്രമായി ആ മാര്‍ദ്ദവം മനസ്സിലും ശരീരത്തിലും കാമത്തിന്റെ പരാഗങ്ങള്‍ പൊടിയിച്ചു .അയ്യോ എനിക്ക് വേദനിക്കുന്നു , എന്നെ വിടൂ സത്യമായും നോവുന്നു ചേട്ടാ , ഞാന്‍ പറയൂല ആന്റിയോട്‌ പറയൂല എനിക്ക് നോവുന്നു ............കാതുകള്‍ കൊട്ടിയടയ്ക്കപ്പെട്ട എന്റെ ഉള്ളില്‍ പക്ഷെ ആ ഞരക്കങ്ങളോ കരച്ചിലോ കടന്നു ചെന്നില്ല .

മനസ്സ് കൈ വിട്ടുപോയ ഞാന്‍ അവളെ വാരിയെടുത്തു കിടക്കയിലേക്ക് ഇടുമ്പോള്‍ ചെന്നായയുടെ ക്രൗര്യമായിരുന്നു കണ്ണുകളിലുറഞ്ഞത്‌ . ഭയന്ന് ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ അവളുടെ വായ പൊത്തിപ്പിടിച്ചു ശബ്ദം പുറത്തു വരാതിരിക്കാന്‍ നോക്കി . മൂക്കും വായും അമര്‍ത്തിപ്പിടിച്ചു കൊണ്ടു അവളുടെ പുറത്തേക്ക് അമര്‍ന്നപ്പോള്‍ താഴെ പിടയുന്ന പിഞ്ചു ശരീരം  മനസ്സില്‍ വെറുമൊരു പെണ്ണുടല്‍ മാത്രമായിരുന്നു. പിടച്ചിലുകള്‍ നിലച്ചു നിശബ്ദം കിടന്ന ആ ഉടലിനെ വലിച്ചു കീറുമ്പോള്‍ മുന്നില്‍ കൂട്ടുകാര്‍ക്ക് മുന്നില്‍ ജേതാവായി നില്‍ക്കുന്ന നായകന്റെ മനസ്സായിരുന്നു എനിക്ക് .പുരുഷന്‍ ആകുന്ന അഹന്ത , കാമത്തിന്റെ ഗന്ധം നിറഞ്ഞ മുറി ശബ്ദമില്ലാതെ തേങ്ങിക്കരയുന്നത് പോലെ ഒരു നേര്‍ത്ത മുരള്‍ച്ചയോടെ ഫാന്‍ കറങ്ങിക്കൊണ്ടിരുന്നു .

സമയം കുറെ അകന്നു പോയി . എപ്പോഴോ ബോധം വരുമ്പോള്‍ കിടക്കയില്‍ ചിതറിക്കിടക്കുന്ന ഒരു രക്തപുഷ്പം പോലെ ആലീസ് ഉണ്ടായിരുന്നു . കുറെ തട്ടി വിളിച്ചു നോക്കി അനക്കമില്ലാത്ത ആ കണ്ണുകള്‍ എന്റെ നേരെ നോക്കി കിടക്കുന്നു . മേശമേല്‍ ഇരുന്ന ഫ്ലാസ്കില്‍ നിന്നും വെള്ളം എടുത്തു ആലീസിന്റെ മുഖത്ത് കുടഞ്ഞു നോക്കി . ഇല്ല അവള്‍ മിണ്ടുന്നില്ല . എന്റെ ശരീരം തളരാന്‍ തുടങ്ങി . മഴ നനഞ്ഞവനെ പോലെ ശരീരം നനഞ്ഞു കുളിച്ചു വിറയല്‍ പൂണ്ടു ഞാന്‍ ആ കട്ടിലിന്റെ മൂലയ്ക്ക് അവളുടെ മുഖത്ത് നോക്കാന്‍ ഭയന്ന് കുനിഞ്ഞിരുന്നു . ഇനി എന്ത് , ഞാന്‍ എങ്ങനെ അമ്മയുടെയും ആന്റിയുടെയും മുഖത്തു നോക്കും ഇനി . എന്നെ പോലീസ് പിടിയ്ക്കും . തൂക്കി കൊല്ലും . വിവിധ ചിന്തകളാല്‍ തലച്ചോര്‍ പഴുത്തുതുടങ്ങി . ഇനി എന്തെന്ന് ഓര്‍ത്ത്‌ നിര്‍ജ്ജീവനായി ഇരുന്ന എന്റെ ചെവിയിലേക്ക് പുറത്ത് നിന്നും അമ്മയുടെ ശബ്ദം തീക്കുടുക്ക പോലെ വീണു ചിതറി . എല്ലാം അപ്പോഴേക്കും വൈകിപ്പോയിരുന്നു .

കാലത്തിനു മാപ്പ് നല്‍കാന്‍ കഴിയാത്ത ആ മൂകസത്യത്തിനു മുന്നില്‍ നിയമം പ്രായപൂര്‍ത്തി ആകാത്ത ആനുകൂല്യം നല്‍കി വധശിക്ഷ ഒഴിവാക്കി . ദുര്‍ഗ്ഗുണ പരിഹാരശാലയില്‍ രണ്ടു കൊല്ലം നരകജീവിതം നയിക്കുമ്പോള്‍ ഞാന്‍ എന്റെ തെറ്റുകള്‍ പൂര്‍ണമായും മനസ്സിലാക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ അടയ്ക്കാന്‍ കഴിയാതെ ,ഒന്നുറങ്ങാന്‍ കഴിയാതെ കഴിച്ചുകൂട്ടിയ രാത്രികള്‍, പകലുകള്‍ .ഒന്ന് കണ്ണുകള്‍ അടച്ചാല്‍, വെളിച്ചം മങ്ങിയാല്‍ ആലീസ് മോളുടെ കണ്ണുകള്‍ എന്നെ നോക്കി നില്‍ക്കും പോലെ . കുപ്പിചില്ല് വീണുടയും പോലുള്ള അവളുടെ നിലവിളി കേട്ട് ഉറക്കം ഞെട്ടി ഉണര്‍ന്ന എത്രയോ രാത്രികള്‍ . എന്റെ മനസ്സില്‍ വച്ച് എത്രവട്ടം ,എത്ര ആയിരം പ്രാവശ്യം ഞാന്‍ ആ കാലു പിടിച്ചു മാപ്പ് പറഞ്ഞു എന്നറിയില്ല .ഈ കഴിഞ്ഞ വര്‍ഷങ്ങള്‍ ഏകാന്തതയില്‍ ആരോടും കൂട്ട് കൂടാതെ സ്വയം ഒരുക്കിയ കൂട്ടിനുള്ളില്‍  മനസ്സില്‍ എന്നും ആവര്‍ത്തിച്ചു കണ്ടു തെറ്റിന്റെ ആഴങ്ങളെ ,അതിന്റെ ആവര്‍ത്തനങ്ങളെ . നഷ്‌ടമായ അമ്മയെ , നിമ്മിആന്റിയുടെ ശാപം ,സുഹൃത്തുക്കളും നാട്ടുകാരും കൂവി ആര്‍ത്ത നിമിഷങ്ങള്‍ ,കോടതി വരാന്തയിലും മറ്റും ഒരു പുഴുത്ത പട്ടിയെ പോലെ കേട്ട ശാപവാക്കുകള്‍ ,തെറികള്‍ ,മര്‍ദ്ധനങ്ങള്‍... ഒന്നും തന്നെ അധികം ആയിരുന്നില്ല . എന്റെ തെറ്റിന്റെ ത്രാസ് അപ്പോഴും താഴ്ന്നു തന്നെ ഇരിക്കുന്നു . ഒരു കോടതിക്കും തരാന്‍ ആകില്ല എന്റെ തെറ്റുകള്‍ക്കുള്ള ശിക്ഷ . മരണം കൊണ്ട് അടിവരയിടാന്‍ പലവട്ടം ശ്രമിച്ചു . കണ്ണുകള്‍ക്ക് മുന്നില്‍ ദൈന്യതയോടെ നില്‍ക്കുന്ന ആ രണ്ടു മിഴികള്‍ , ഉറങ്ങാന്‍ കഴിയാതെ , ഇരുട്ടില്‍ സ്വയം നഷ്ടപ്പെട്ട ദിനരാത്രങ്ങള്‍ . മനോരോഗത്തിന്റെ ആഴങ്ങളില്‍ പെട്ട്  ആശുപത്രിയിലെ ഇരുമ്പ് കട്ടിലില്‍ കഴിച്ചു കൂട്ടിയ നാളുകള്‍ . ഒരിക്കല്‍ പോലും തിരിച്ചു നല്കാന്‍ ആകില്ല എന്ന ഓര്‍മ്മ , അമ്മയെ ,ആന്റിയെ , ആലീസിനെ ഓര്‍മ്മകളില്‍ എന്നും അവരോടു മാപ്പപേക്ഷിച്ചു കടന്നു പോകുന്ന ദിനങ്ങള്‍ക്ക് ഭ്രാന്ത് നല്ലൊരു മരുന്നായിരുന്നു . കുറച്ചു കാലം പിന്നെ ഞാന്‍ ഒന്നും അറിഞ്ഞില്ല . ഇടയിലെപ്പോഴോ തലച്ചോര്‍ കലങ്ങുന്ന ഷോക്ക് മാത്രം ഓര്‍മ്മകളെ പിറകില്‍ നിന്നും വലിച്ചു നീക്കി മുന്നിലേക്ക് ഇട്ടു തന്നു കൊണ്ടിരുന്നു . കാലം തന്ന മറവി എന്ന അനുഗ്രഹം അതോ മരുന്നുകളോ ഇപ്പോള്‍ ആലീസിന്റെ കണ്ണുകള്‍ എന്നെ വേട്ടയാടുന്നില്ല . എനിക്ക് പക്ഷെ മറക്കാന്‍ കഴിയുന്നില്ല ഇന്നും . ഞാന്‍ ഒരു തെറ്റുകാരന്‍ ആയതു എന്റെ അറിവില്ലായ്മയുടെ ആഴം ഇവയൊക്കെ എന്നെ വീണ്ടും വീണ്ടും ചിലപ്പോഴൊക്കെ ആ ഭ്രാന്തിന്റെ ചങ്ങല കിലുക്കം കേള്‍പ്പിക്കാറുണ്ട് .

അവിടെ നിന്നും വീണ്ടും ജയിലിലേക്ക് . ജയിലിലെ അന്തരീക്ഷം കുറെ കൂടി നന്നായി തോന്നി . തെറ്റുകള്‍ മനസ്സില്‍ ഏറ്റുപറഞ്ഞുള്ള കുമ്പസാരത്തിന്റെ ചുവന്ന നാളുകള്‍ക്കൊടുവില്‍ മനസ്സ് വായനയിലേക്ക് തിരിച്ചു വിട്ടു . ജയിലില്‍ വായിക്കാന്‍ പുസ്തകം കിട്ടിത്തുടങ്ങിയപ്പോള്‍ പിന്നെ കാലവും സമയവും എന്നില്‍ നിന്നകന്നു പോയി എന്ന് തന്നെ പറയാം . പരിമിതികള്‍ ഇല്ലാത്ത വായനയായിരുന്നു മുന്നില്‍ . വായനയുടെ ലോകത്ത് , ജീവിതത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും നിസ്സഹായതയും വരച്ചിട്ട കാലം .

നല്ല നടപ്പിന്റെ ആനുകൂല്യം നേടി നാളെ ഈ തടവറ വിട്ടു പോകേണ്ട കാലം ആയിരിക്കുന്നു . ഇന്നെന്റെ ചിന്തകള്‍ നാളെയെക്കുറിച്ചാണ് . ഈ രാവു കഴിയുമ്പോള്‍ വീണ്ടും ഞാന്‍ പോകുന്നത് കുറുക്കന്മാരുടെ നഗരങ്ങളിലേയ്ക്കാണ്. കൊലയാളിയെന്ന പേര് ചാര്‍ത്തിയ എനിക്ക് എവിടെയാണ് മനുഷ്യനായി ജീവിക്കാന്‍ ഒരു അവസരം ലഭിക്കുക . ? ഇല്ല പക്ഷെ എനിക്ക് ഇനി വിശ്രമിക്കാന്‍ ആകില്ല . വര്‍ഷങ്ങളുടെ നഷ്ടം കൊണ്ട് ഞാന്‍ നേടിയ ഒരു അറിവ് ഉണ്ട് . എന്റെ വായനകള്‍ എനിക്ക് തന്ന ശക്തി , എന്റെ മനസ്സിന്റെ ഓരോ അറയിലും ഞാന്‍ ആവര്‍ത്തിച്ചു ഉറപ്പിച്ച ഒരു ലക്‌ഷ്യം ഉണ്ട് ഇന്നെനിക്കു .

കൗമാരമനസ്സിനെ തെറ്റുകളിലേക്ക് വലിച്ചു കൊണ്ട് പോകുന്ന മയക്കു മരുന്നുകളെ കുറിച്ചും അവയുടെ ദോഷങ്ങളെക്കുറിച്ചും എനിക്ക് പറഞ്ഞു കൊടുക്കണം .ഇനി ഉള്ള എന്റെ ലക്‌ഷ്യം അതാണ് . ഓരോ കോളേജു  കാമ്പസുകളിലേക്കും ഇനി ഞാന്‍ നടന്നു ചെല്ലും . ഓരോ ചെറുപ്പക്കാരെയും ഞാന്‍ എന്റെ കഥ പറഞ്ഞു കേള്‍പ്പിക്കും . ഓരോ മനസ്സിലേക്കും ഞാന്‍ എന്നെ കയറ്റി വിടും . എന്റെ ജീവിതം എന്റെ സന്ദേശം ആകും . അതെ ആലീസുമാര്‍ ഇനി ഉണ്ടാകരുത് . ഒരമ്മയ്ക്കും ഇനി മക്കള്‍ നഷ്ടമാകരുത് . ഒരു കുരുന്നു പോലും ഇനിയും ഞെട്ടറ്റു വീഴാന്‍ പാടില്ല . ഇനി എന്റെ ജീവിതം അതിനുള്ളതാണ് .....!

Sunday, January 10, 2016

കടലാസ് പൂവുകള്‍

വാനിലൊരമ്പിളി വിടരും പോലെ
ശാരിക നിന്നുടെ വദനം കാണ്‍കെ

പാരിതിലെന്തിനു പരിഭവമിനിയും
പാഴിലയായ് നാം മണ്ണിതിലലിയേ.

കാണുവതെന്തിത് ഭുവനം തന്നില്‍
കാമമിയന്നൊരു മന്നവര്‍ തന്നുടെ

കാതരമാമൊരു പ്രണയം മാത്രം
കാലവിപഞ്ചിയില്‍ യാത്രയിതല്ലോ .

ഒന്നതിരുട്ടി വെളുത്തീടുമ്പോള്‍
നമ്മിലുരുവാം അപരിചിതത്വം

ഇന്നലെയേകിയ സ്നേഹതമതൊക്കെ
ഇന്നൊരു സ്വപ്നമായ് മാറും വെറുതെ .

ഒന്നായ്‌ കണ്ട കനവുകള്‍ പോലും
ഇന്നിന്‍ പകലില്‍ നൊമ്പരമാകേ

കണ്ടതിനപ്പുറം മിണ്ടിയതൊക്കെയും
കാണാതറിയാതെങ്ങനെ പോകും .

നിന്നുടെ വഴികളില്‍ നിന്നിനിയെന്നും
അന്യനൊരാളായി നിന്നിടുമെന്നാല്‍

നിന്നെ മറക്കാന്‍ ചൊല്ലരുതിനിയും
നിന്നെ മറക്കുക മരണമതത്രേ .
-------------------ബിജു ജി നാഥ് 

Saturday, January 9, 2016

എനിക്ക് ഞാനന്യനാകുമ്പോള്‍


എനിക്ക് ഞാനന്യനാകുമ്പോള്‍
-------------------------------------
പറയുവാനാകാത്ത സങ്കടക്കടലിലെ
പരലുകള്‍ നുള്ളിയെടുത്തിന്നു ഞാന്‍
എഴുതുന്നു വരികളില്‍ മൗനം നിറച്ച
ചഷകം ചുണ്ടോടടുപ്പിക്കുമീ രാവില്‍ .

പറയാന്‍ എളുതല്ല പലതുമീ ലോക
ക്കടലിന്‍ നടുക്ക് ഞാന്‍ ഏകനല്ല .
ഇടറിയ പാദങ്ങള്‍ മുന്നോട്ടു വയ്ക്കുവാന്‍
എളുതല്ല എന്‍ വഴിയും തുറന്നതല്ല .

പ്രണയം മരിച്ചോരു പാതയിലിന്നു
പരിഭവമില്ലാതെ പതുങ്ങി നില്‍ക്കും
ഇടവഴിയിരുളിന്റെ കനമുള്ള മുഖമായ്
ഇവിടെയൊരു നിശബ്ദശബ്ദമായിന്നു ഞാന്‍  .

നീ അകലുന്ന നിഴല്‍ വീണു മന്ദിച്ച
ചരല്‍പ്പാതയിരുളില്‍  മറയുമ്പോഴും
കാറ്റില്‍ നിറഞ്ഞു നില്‍ക്കുന്ന നിന്‍
ഗന്ധത്താല്‍ നിന്നേയറിയുന്നു ഞാനും.

രാവസ്തമിക്കുവോളം നിന്‍ കിടപ്പറ
വാതില്‍ക്കല്‍ നിന്നൊരു യാചകന്‍
നിന്‍ പാദമുമ്മവച്ചൊന്നുറങ്ങീടുവാന്‍
കൊതിയോടെ കാത്തിരുന്നോന്‍ ഞാന്‍ .

മറുവാക്കില്ലാതെയിന്നു ഞാന്‍ മെല്ലെ
മറയുവാന്‍ കൊതിക്കുന്നീ ഭൂവില്‍ നിന്നും
ഒരു പുലരിയില്‍ തിരഞ്ഞു വരുന്നൊരു
സന്ദേശമായി നിന്നെ എതിരേല്ക്കുവാന്‍ .
-----------------------------ബിജു ജി നാഥ്

Friday, January 8, 2016

"സ്വപ്നാക്ഷരങ്ങള്‍" രാധാമീരയുടെ കവിതാസമാഹാരം

ചില വായനകളെ നാം സമീപിക്കുക വളരെ ആര്‍ത്തിയോടെ ആകും . നമ്മെ പൊതിയുന്ന സുഗന്ധം പോലെ , ആനന്ദകരമായ ഒരു അനുഭൂതിയെ കരഗതമാക്കാന്‍ ഉള്ള പ്രയാണം പോലെ ചില വായനകളില്‍ നാം മുങ്ങാം കുഴി ഇടും. മുത്തും പവിഴവും തിരഞ്ഞു നാം ആഴിയുടെ അഗാധതകളില്‍ എന്ന പോലെ അവയില്‍ തിരഞ്ഞുകൊണ്ടേയിരിക്കും. ഭാഗ്യാന്വേഷിയായ മുങ്ങല്‍ക്കാരന് കിട്ടുന്ന ഓരോ ചിപ്പിയും അത്യധികമായ ആകാംഷയോടെ അവന്‍ പൊളിച്ചു നോക്കിക്കൊണ്ടേയിരിക്കും . ആയിരം ചിപ്പികള്‍ തിരയുമ്പോള്‍ അഞ്ചോ പത്തോ മുത്തുകള്‍ കിട്ടുക അവനു എന്നത് പോലെ വായനയും .
ഇന്നെന്റെ വായനയില്‍ വിരുന്നുകാരി ആയതു ശ്രീമതി "രാധാ മീര"യുടെ "സ്വപ്നാക്ഷരങ്ങള്‍" എന്ന കാവ്യസമാഹാരം ആണ് . ഹോറിസണ്‍ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ഈ കവിതാ സമാഹാരത്തിനു നൂറു രൂപയാണ് മുഖവില . കവര്‍ പേജ് ഡിസൈന്‍ നന്നായിട്ടുണ്ട് . അവതാരിക എഴുതിയിരിക്കുന്നത് ഒരു കവിത കൊണ്ട് വൈകിയെങ്കിലും ലോകം അറിഞ്ഞ പ്രശസ്ത കവി ഇഞ്ചക്കാട്ട് ബാലചന്ദ്രന്‍ ആണ് . വളരെ മനോഹരമായ ഒരു അവതാരിക ആയിരുന്നു . അതിനൊപ്പം സന്തോഷ്‌ വര്‍മ്മയുടെ ആസ്വാദനക്കുറിപ്പും കടന്നു നാം കടന്നു ചെല്ലുന്നത് രാധാമീര എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ചന്ദ്രബിന്ദു എന്ന എഴുത്തുകാരിയുടെ എണ്‍പത്തിഅഞ്ചു കവിതകളുടെ കടലിലേയ്ക്ക് ആണ് .
ഗൗരവപരമായ ഒരു വായന ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും രാധാമീര പിശുക്കിന്റെ പാനപാത്രം ആണ് നല്‍കുന്നത് . ഗ്രാമീണത തുളുമ്പി നില്‍ക്കുന്ന ഒരു നാടന്‍ പെണ്ണിന്റെ മനസ്സില്‍ കൂടി സഞ്ചരിക്കുന്ന പ്രതീതി പലപ്പോഴും തോന്നിപ്പിക്കുന്ന എഴുത്തുകള്‍ ആണ് ഈ കവിത സമാഹാരത്തില്‍ വായനക്കാരനെ കാത്തിരിക്കുന്നത് .
ചിലപ്പോള്‍ മാതൃത്വം നിറഞ്ഞ ഒരു മനസ്സ് നമുക്ക് അവിടെ കാണാം . ലോകത്തോട്‌ കലഹിക്കുന്ന അമ്മ മനസ്സിനെ വായനകളില്‍ കണ്ടെത്താന്‍ കഴിയും . പ്രണയത്തിന്റെ അസ്കിതകള്‍ എല്ലാം ഒളിപ്പിച്ച പെണ്മനം നിറഞ്ഞ കവിതകള്‍ ആണ് കൂടുതലും എന്നതും അവയില്‍ ഭൂരിപക്ഷവും രാധികമാരുടെ പ്രിയങ്കരനായ കൃഷ്ണന്‍ ആണെന്നതും വളരെ കൗതുകം പകരുന്ന സംഗതി ആണ് . മൂന്നാമനെ തേടുന്ന ഏതൊരു പെണ്ണും ലോകത്തിന്റെ മുന്നില്‍ മനോഹരമായി എല്ലാരെയും പറ്റിക്കാന്‍ ഉപയോഗിക്കുന്ന ആ ഐക്കണ്‍ ഇവിടെ രാധാമീരയും നിര്‍ലോഭം ഉപയോഗിക്കുന്നുണ്ട് കവിതകളില്‍ . പ്രണയം , വിരഹം , ലാളനം , കാമം , വിദ്വേഷം , കലഹം തുടങ്ങി എല്ലാ സ്ത്രീമനസ്സിലെ വികാരങ്ങളെയും രാധാമീര വരച്ചിടുന്നു കവിതകളില്‍ .
ചിലപ്പോള്‍ അനീതിക്കെതിരെ കലഹിക്കുന്ന സ്ത്രീയുടെ കോപം വായനക്കാരന് കാണാന്‍ കഴിയുന്നു ചിലപ്പോള്‍ വ്യവസ്ഥിതിയോടു ഹാസ്യം നിറഞ്ഞ അമ്പുകള്‍ തൊടുക്കുന്നു .
തുടക്കത്തില്‍ എഴുത്തുകാരി പറയും പോലെ തുടക്കക്കാരിയുടെ പോരായ്മകള്‍ പലതുണ്ട് എങ്കിലും വളരെ സ്പാര്‍ക്ക് മനസ്സില്‍ ഉള്ള എഴുതി പിടിപ്പിക്കുവാന്‍ ഒരുപാട് ആഗ്രഹിക്കുന്ന ഒരു എഴുത്തുകാരിയെ ഈ കവിത സമാഹാരത്തില്‍ വായനക്കാരന്‍ കണ്ടേയ്ക്കും . വലിയ കവിതകളില്‍ നിറയ്ക്കാന്‍ കഴിയാതെ പോകുന്ന വാക്കിന്റെ മന്ത്രജാലം പക്ഷെ കുഞ്ഞു വരികള്‍ കൊണ്ട് നിറച്ച കവിതാശകലങ്ങളില്‍ കണ്ടു നാം അത്ഭുതപ്പെട്ടേയ്ക്കാം .....

ഇനിയുമുണ്ടേറെ നോവുകള്‍
ഇരുണ്ട ഭൂതകാലങ്ങളില്‍
ചൊരിഞ്ഞിടാമെന്നെങ്കിലും
എന്നാത്മകഥയിലോരെടായി
വിങ്ങി വിതുമ്പുമോര്‍മ്മകളെന്‍
കൈ വിറപ്പിക്കാതിരിക്കുകില്‍! എന്ന ചെറു കവിതയില്‍ കോറി ഇടുന്ന വാഗ്മയചിത്രം വലിയ വിശാലമായ കടലിന്റെ ചെറുതുള്ളി പോലെ മനോഹരമായി അനുഭവപ്പെട്ടു . അതുപോലെ

എന്തിനെന്നോട് കൂട്ടുകൂടി
മരണത്തിലേയ്ക്ക് മറയാനെങ്കില്‍
ചേതനയറ്റ നിന്‍ ജഡത്തില്‍
ആര്‍ത്തലച്ചു പെയ്യുവാനോ ........

എന്നെ നിറുത്തിയിട്ടു പോയൊരാ വഴിയിലുണ്ട് ഞാന്‍ ,
നീ ഏറെ കാതം മുന്നോട്ടു കടന്നു പോയല്ലോയിനി മടങ്ങൂ ..\

തുടങ്ങി ഒരു പിടി മുത്തുകള്‍ ഇതിന്റെ ഹൈ ലൈറ്റ് ആയി നില്‍ക്കുന്നു വായനയില്‍ . അതുപോലെ എടുത്തു പറയേണ്ട കവിതകള്‍ ആണ് നാടന്‍ ശീലുകള്‍. വളരെ മനോഹരം ആയി അവ വായനാസുഖം നല്‍കി നമ്മെ രസിപ്പിക്കുന്നുണ്ട് . "പെണ്ണിന്റെ മാരന്‍", "പറയന്റെ പെണ്ണേ" , "പെണ്ണാളെ" തുടങ്ങിയ എഴുത്തുകള്‍ നമ്മെ രസിപ്പിക്കുന്ന അത്തരം രചനകള്‍ ആണ് .
എടുത്തു പറയേണ്ട മറ്റൊരു രചന ആണ് "തിരസ്കാരം" . വളരെ മനോഹരമായി അത് പറഞ്ഞിട്ടുണ്ട് . നിരാകരിക്കപ്പെടുന്ന പ്രണയം , അസ്ഥിത്വം ഒക്കെ വളരെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട് അതില്‍ സ്ത്രീയുടെ , പ്രണയിനിയുടെ . അതുപോലെ തന്നെ മറ്റൊരു കവിത "എഴുതട്ടെ" , "മഴവഴികളിലെ പ്രണയം" എന്നിവ .
വായനയുടെ തീരത്ത് നിങ്ങള്‍ക്ക് ബോറടിക്കാതെ വായിച്ചു മടക്കി വയ്ക്കാവുന്ന ഒരു കവിത സമാഹാരം ആണ് രാധാമീരയുടെ സ്വപനാക്ഷരങ്ങള്‍ . വായിക്കുക
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല


.

Wednesday, January 6, 2016

കാലം സാക്ഷി


മൗനം ഒളിപ്പിച്ചു നീയും
മനം ഒളിപ്പിച്ചു ഞാനും
പറയാന്‍ കഴിയാതെയോ
അറിയാന്‍ കഴിയാതെയോ.
കാലമതു കണ്ടു ചിരിക്കുന്നു  .
ഒടുവിലെന്നോ ഒരു നാള്‍
നീയുടയ്ക്കുന്നു മൗനം
ഞാന്‍ തുറക്കുന്നു മനം
നനവ്‌ വറ്റിയ മണ്ണിന്‍
ഇരുള്‍ക്കയത്തിന്നാഴങ്ങളില്‍ .
കാലമതു കണ്ടു വീണ്ടും ചിരിക്കുന്നു .-------------ബിജു ജി നാഥ് 

പ്രണയ ചുംബനം ..

നീ തൊട്ട വിരലും
നീ മുത്തിയ വിരലും
നീ മണത്ത ഗന്ധവും
എന്റേതായിരുന്നു .
അതില്‍ പിന്നെയാണ്
കാലം മുന്നോട്ടൊഴുകിയതും
കാട്ടാറിലെ ജലം വറ്റിയതും
കാറ്റ് കടലെടുത്തതും
നിശബ്ദത തന്നുകൊണ്ട്
എന്റെ പ്രണയമേ
നീ മറഞ്ഞതും .
എങ്കിലും ഓര്‍മ്മതന്‍
വാതായനം തുറന്നിന്നും
നിന്നധരങ്ങള്‍ എന്നെ ചുംബിക്കുമ്പോള്‍
പറയൂ പകരം എന്ത് നല്‍കണം
----------------ബിജു ജി നാഥ്
മലയാളം ബ്ലോഗേര്‍സ് ഈ മഷിക്ക് അയച്ചു ഫെബ്രുവരി ലക്കത്തിനായ് 06/01/16


Tuesday, January 5, 2016

വഴിയരികില്‍ ഒരാള്‍


ചിറകൊടിഞ്ഞൊരു കിനാവുപോല്‍
എഴുതി മുഴുമിക്കാത്ത കവിതപോല്‍
കീറിയെറിഞ്ഞൊരു കടലാസ് പോല്‍
നിങ്ങള്‍ കണ്ടേയ്ക്കാം യാത്രയില്‍ .

കരയാന്‍ കണ്ണുനീര്‍ കടം ചോദിക്കും കണ്ണുകളും
ചിരിയ്ക്കുവാന്‍ നിലാവ് കൊതിക്കുന്ന ചുണ്ടുകളും
ഒന്ന് തേങ്ങുവാന്‍ ഒളിയിടം കൊതിക്കുന്ന മനസ്സുമായി
നിങ്ങള്‍ കണ്ടേക്കാം ഒരാളെ.

ജന്മഭാരത്തിന്‍ ചുമടാല്‍
കുനിഞ്ഞ നടുവില്‍ കൈ കുത്തി ,
നടന്നു തീരാന്‍ കഴിയാത്ത വഴികളെ
വലിച്ചളന്നു പാദങ്ങള്‍ ഇഴച്ചും
അവഗണയുടെ വേദനപ്പുഴുക്കളാല്‍
ചുളിഞ്ഞു പോയ മുഖം കുനിച്ചും
വഴിയരികില്‍ നിങ്ങള്‍ കണ്ടേയ്ക്കാം .

ഒരിക്കലും ദാഹനീര്‍ നല്‍കിയോ
വിശപ്പാറ്റിയോ
തണലേകിയോ
നിങ്ങള്‍ അയാളെ സ്നേഹിക്കരുത് .

നിങ്ങള്‍ക്ക് മുന്നിലെ കല്‍ക്കൂമ്പാരത്തില്‍ നിന്നും
ആദ്യത്തെ കല്ലെടുത്ത് എറിയുക
പൊട്ടിയ തലയോടില്‍ നിന്നും
ചീറ്റിത്തെറിക്കുന്ന ചോര നിങ്ങള്‍ക്ക് പറഞ്ഞു തരും
അനീതിയോട് കലഹിച്ച,
അസമത്തങ്ങളെ പുലഭ്യം പറഞ്ഞ,
അമാനവരെ അവഗണിച്ച,
മതാന്ധതയെ ആട്ടിയകറ്റിയ
മനുഷ്യനെന്ന പേരുള്ളൊരുവന്‍.
ഇവന്‍ വെറുക്കപ്പെടേണ്ടവന്‍.!
--------------ബിജു ജി നാഥ് 

Monday, January 4, 2016

ഭിക്ഷാംദേഹികള്‍


ആരാധനാലയ മുറ്റത്തു കാണാം
അംഗഭംഗം വന്ന ജന്മങ്ങള്‍
അന്ധരും ബധിരരുമായോര്‍
രോഗപീഡയാല്‍ വലഞ്ഞോര്‍
ആലംബമില്ലാത്ത വയോധികര്‍
കാപട്യമുറിവിന്റെ കെട്ടുമാറാപ്പുകള്‍.

ഒക്കെയും കേവലമിരുകൈ നീട്ടി
യാചിക്കുന്നുണ്ട് നിത്യവും .
പശിയകറ്റാന്‍ തുട്ടുകള്‍ തേടി .
മുഖപുസ്തകവും തത്വത്തില്‍ നോക്കിയാല്‍
ആരാധനാലയ മുറ്റമല്ലോ പാരില്‍ .

തുട്ടുകളല്ല ലൈക്കുകള്‍ മാത്ര'മീ' 
ലോകത്ത് വിലയുള്ളതൊന്നു .
--------------ബിജു ജി നാഥ്

Saturday, January 2, 2016

രാച്ചിയമ്മ . ഉറൂബിന്റെ കഥാ സമാഹാരം

ഓരോ വായനകളും ഓരോ അനുഭവങ്ങള്‍ ആണ് . വായനയില്‍ പഴമയും പുതുമയും വ്യത്യസ്തതകളും അനുഭവവേദ്യം ആകുന്നതു വായിക്കാന്‍ തിരഞ്ഞെടുക്കുന്നവയുടെ രീതി അനുസരിച്ച് മാറും .ഇന്നത്തെ വായന അത്തരം ഒരു പഴയ വായന ആണ് എന്ന് പറയാം .പുതിയ ആളുകളില്‍ വായന തടഞ്ഞു നിന്നതിനാല്‍ ആണോ അതോ ഒരുപാട് നാളുകള്‍ക്കു ശേഷം പഴമയുടെ മണം ഉള്ള ഒരു വായന തടഞ്ഞതിനാല്‍ ആണോ എന്നറിയില്ല 'ഉറൂബി'ന്റെ "രാച്ചിയമ്മ" വളരെ രസാവഹമായ ഒരു വായനയായി അനുഭവപ്പെട്ടു . പൂര്‍ണ്ണ പബ്ലിക്കേഷന്‍ ഇറക്കിയ രാച്ചിയമ്മ എന്ന കഥാ സമാഹാരത്തില്‍ അഞ്ചു കഥകള്‍ ഉണ്ട് . രാച്ചിയമ്മ , ഓണം കഴിഞ്ഞു , സുഗന്ധമുള്ള ദിവസം , സൂചിമുന , കൊതുകുവലയ്ക്കുള്ളിലെ കൊതു .
ഓരോ കഥയും വ്യത്യസ്തമായ പ്രമേയങ്ങള്‍ ആണ് എന്ന് പറയാന്‍ കഴിയും . ആദ്യ കഥയായ രാച്ചിയമ്മ നാം സ്ഥിരം കണ്ടു പഴകിയ ഒരു പ്രണയ കഥ ആണെങ്കിലും അതില്‍ അവതരണത്തിന്റെ പുതുമ കൊണ്ട് അതൊരു വേറിട്ട്‌ നില്‍ക്കുന്ന കാഴ്ച ആകുന്നു . പാല്‍ക്കാരിയായ മലയാളിയുടെ വേരുകള്‍ ഉള്ള കറുത്തിരുണ്ട രാച്ചിയമ്മ എന്ന കന്നഡപ്പെണ്ണ്‍ മുഖ്യ കഥാപാത്രമാകുന്ന കഥയില്‍ പ്രണയവും കാമവും വാത്സല്യവും എല്ലാം ഇഴചേര്‍ന്നു കിടക്കുന്നത് കാണാം . രാച്ചിയമ്മ എന്ന പാല്‍ക്കാരിയായ തന്റേടി പെണ്ണ്‍ നായകന്‍റെ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍ അവര്‍ക്കിടയില്‍ ലോല വികാരങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . അവളിലെ കറുത്തശിലപോലുള്ള ശരീരം അയാളില്‍ ഒന്നും തന്നെ ഉണര്‍ത്തിയില്ല എന്ന് തന്നെ പറയാം . പക്ഷെ സുഖമില്ലാതെ കിടന്ന അയാളെ ശുശ്രൂക്ഷിച്ചു കൊണ്ട് അവള്‍ അയാളുടെ മനസ്സിലേക്ക് കടന്നു ചെല്ലുന്നു . ഒടുവില്‍ ഒരു മുഹൂര്‍ത്തത്തില്‍ അവര്‍ മനസ്സ് തുറന്നു സംസാരിക്കുമ്പോള്‍ അവള്‍ മരിച്ചു പോയ ആങ്ങളയുടെ മുഖം അയാളില്‍ തേടുമ്പോള്‍ അയാള്‍ അവളില്‍ ഒരു പെണ്ണുടല്‍ മാത്രമാകുന്നു . അവള്‍ പറയുന്നുണ്ട് എന്റെ അമ്മയ്ക്ക് കൊടുത്ത വാക്കുണ്ട് പിഴയ്ക്കില്ല എന്ന് പക്ഷെ നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടാല്‍ ഞാന്‍ വഴങ്ങും . പിന്നീട് ഞാന്‍ ജീവിക്കില്ല പക്ഷെ . അയാള്‍ അപ്പോള്‍ മനസ്സില്‍ പറയുന്നുണ്ട് നിന്നെ എനിക്ക് മരിച്ചു പോയ പെങ്ങളായി കാണാന്‍ കഴിയുന്നില്ല എന്ന് .കാലം കുറച്ചു കടന്നു പോയി . വീണ്ടും അവര്‍ തമ്മില്‍ കാണുന്നു . പക്ഷെ അയാളുടെ എല്ലാ വിവരങ്ങളും അറിഞ്ഞുകൊണ്ടിരിക്കുന്ന അവള്‍ അയാളുടെ മകളുടെ പേരില്‍ തന്റെ നോമിനി ആയി തീരുമാനിച്ചതും ഇനിയും വിവാഹം കഴിക്കാതെ കാത്തിരിക്കുന്ന കാര്യവും അയാളെ അറിയിക്കുന്നത് അവര്‍ വീണ്ടും കാണുന്ന വേളയില്‍ ആണ് . താന്‍ അമ്മയ്ക്ക് കൊടുത്ത വാക്കു തെറ്റിച്ചില്ല ആ കുങ്കുമമില്ല ഇപ്പോള്‍ ചന്ദനമല്ലേ നെറ്റിയില്‍ എന്ന് ചോദിച്ചു കൊണ്ട് അവളെ അയാള്‍ക്ക്‌ സമര്‍പ്പിക്കുന്നു അന്ന് രാത്രിയില്‍ . പിന്നെ ആ ഓര്‍മ്മയുമായി അയാള്‍ തിരികെ പോകുകയും ചെയ്യുന്നു . ഇവിടെ കഥാകൃത്ത്‌ സ്വീകരിച്ച സങ്കേതം ആണും പെണ്ണും തമ്മില്‍ എത്ര കണ്ടു ശ്രമിച്ചാലും അവര്‍ അന്യരാണെങ്കില്‍ അവര്‍ക്കൊരിക്കലും സാഹോദര്യം പറ്റില്ല എന്നും അവര്‍ക്കിടയില്‍ പ്രണയവും രതിയും ഉണ്ടാകേണ്ടത് ഒരു പ്രകൃതി നിയമം ആണെന്നുമുള്ള തോന്നല്‍ ആണ് . ആ ഒന്നിച്ചു ചേരലില്‍ കൂടി വായനയില്‍ അവസാനം കരുതി വച്ച ത്രില്‍ ഉറൂബ് നഷ്ടപ്പെടുത്തുന്നു .
ഓണം കഴിഞ്ഞു എന്ന കഥയിലൂടെ വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലിന്റെ ദയനീയത വരച്ചു കാണിക്കുന്നു . മക്കള്‍ പുറം നാടുകളിലേക്ക് ജോലിയും ജീവിതവും പറിച്ചു നടപ്പെടുമ്പോള്‍ ഭാര്യ കൂടി നഷ്ടമായ ഒരു വൃദ്ധന്റെ ജീവിതത്തിലെ വിഷമതകളും ചിന്തകളും വരച്ചു കാണിക്കുന്നു . സുഗന്ധമുള്ള ദിവസം എന്ന കഥയാകട്ടെ ഭര്‍ത്താവിനെ പങ്കു വയ്ക്കപ്പെടുന്ന രണ്ടു സ്ത്രീകളുടെ അവസ്ഥകളും അവരുടെ സംഗമവും ആണ് പ്രതിനിധാനം ചെയ്യുന്നത് . സൂചിമുന വളരെ നല്ലൊരു പ്രമേയം ആയിരുന്നു . ക്യാന്‍സര്‍ മൂലം മരണ ശയ്യയില്‍ കിടക്കുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ആ കഥയില്‍ അയാള്‍ തന്റെ കാമുകിയെ ഒഴിവാക്കാന്‍ വേണ്ടി തന്നെ ചികിത്സിക്കുന്ന നഴ്സിനെ പ്രണയിക്കുന്നു എന്നൊരു കളവു പറയുന്നു . അത് അവളോടും അയാള്‍ പറഞ്ഞു കൊടുക്കുന്നുണ്ട് . ഒടുക്കം കാമുകിയുടെ വിവാഹം കഴിഞ്ഞ ശേഷം അവരുടെ ഫോട്ടോ നഴ്സിനെ കാണിച്ചു സൂക്ഷിച്ചു വയ്ക്കാന്‍ പറഞ്ഞു അയാള്‍ മരണത്തിലേക്ക് കടന്നു പോകുന്നു . കൊതുകുവലയ്ക്കുള്ളിലെ കൊതുക് പതിവുപോലെ കണ്ടു മറന്ന കഥയാണ് . ഉന്നതിയിലേയ്ക്ക് പോകാന്‍ ഭര്‍ത്താവ് ഭാര്യയെ ഏണി ആക്കുന്ന കഥ . അവളുടെ മാനസിക സംഘര്‍ഷങ്ങള്‍ , വികാര വിചാരങ്ങള്‍ എന്നിവയിലൂടെ ആ കഥ കടന്നു പോകുന്നു .
നല്ലൊരു വായന അനുഭവം ആകും ഈ കഥാ സമാഹാരം . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

ലിംഗ മാനസ്സര്‍

മാംസപുഷ്പങ്ങള്‍ തേടി
അവര്‍ വരവായി .
തെരുവിന്റെ ഓരങ്ങളില്‍
കടത്തിണ്ണകളില്‍
ഒഴിഞ്ഞ വിശ്രമകേന്ദ്രങ്ങളില്‍
തീവണ്ടി മുറികളില്‍
വീടിന്റെ അബലവാതിലുകളില്‍
വിദ്യാലയമുറികളില്‍
കാട്ടു പൊന്തകളില്‍
അവര്‍ പതിയിരിക്കുന്നുണ്ട് .

സിഫീലിസ് പിടിച്ചതോ
ജരാനരവന്നതോ
മനസ്സിന്റെ ചങ്ങല പൊട്ടിയതോ
പിഞ്ചിളമുടലോ
എന്തുമാകാം.

അവര്‍ക്ക് മുന്നില്‍
ദയയില്ല
ഇരകളുടെ രൂപമില്ല
ഉദ്ധരിക്കപ്പെട്ട ലിംഗങ്ങളുമായ്
അവര്‍ കാത്തിരിക്കുകയാണ്

ആരുടെയൊക്കെയോ
മകള്‍
അമ്മ
ചേച്ചി
അനിയത്തി
ഭാര്യ
ലിംഗങ്ങള്‍ക്ക് കണ്ണുകള്‍ ഇല്ല
ഭയക്കേണ്ടത് പുരുഷനെയല്ല
പുരുഷാകാരം പൂണ്ട ലിംഗമനസ്സുകളെയാണ് .---------------ബിജു ജി നാഥ്

Friday, January 1, 2016

അഫ്രോഡിറ്റിസ്‌



ഹേ സുന്ദരി
സ്നേഹത്തിന്‍ ദേവതേ
നിന്റെ അരഞ്ഞാണം
എനിക്ക് കടം തരിക.
ഞാന്‍ നിന്റെ ഉപാസകനാകട്ടെ .!

ഹേ ദേവീ
യുറാനസിന്‍ ലിംഗം വീണ
കടല്‍പ്പതയില്‍ നിന്നുയിര്‍ത്തവളെ
നിന്റെ ഒരുരാവ്
എനിക്ക് വീതിക്കുമോ ?

ഹേ തന്വി
വീനസില്‍ അസൂയ വളര്‍ത്തും
സുന്ദരഗാത്രമേ വരിക
ഈ നിലാവ് നമുക്കുള്ളതല്ലേ .

ഹേ യവന സുന്ദരീ
ഈ നിലാവും രാവിന്‍ സംഗീതവും
മഞ്ഞിന്‍ മഴയും ചേരുമ്പോള്‍
നിന്നിലലിഞ്ഞു തീരാന്‍ കൊതിക്കുന്നു ഞാന്‍ !

ഹേ ഊര്‍വ്വരതേ,
ദേവകള്‍ യുദ്ധം ഭയന്ന്‍
കിഴവന്‍ ഹെഫാസ്റ്റസിന് കൊടുക്കുബോള്‍
നിന്റെ വിശപ്പ്‌ സ്യൂസിനറിയില്ലായിരുന്നു .
മനുഷ്യരിലും ദേവകളിലും
നീ നിന്റെയാഹാരം തിരഞ്ഞതും
അറിയപ്പെടാത്ത കഥകള്‍ .

ഹേ ആനന്ദദായികേ,
സ്യൂസിനോടുള്ള പക
നീന്റെ കാന്തിക നയനങ്ങളില്‍
അറീസിനു കണ്ടെത്താനായിരുന്നില്ല
നിന്റെ മനവും !

ഹെര്‍മിസിനോപ്പം
ദേവ ദൂതുകള്‍ വായിക്കുമ്പോള്‍
രണ്ടും കേട്ടൊരു മകനെ
ദാനം കിട്ടുമെന്നോര്‍ത്തില്ല നീ.

നിന്നെയറിയാന്‍
നിന്നിലെ ഉഷ്ണമകറ്റാന്‍
നിന്റെ വന്യതയില്‍
അലിഞ്ഞില്ലാതാകാന്‍
നിന്റെ ദാസനാകുന്നു ഞാന്‍ .
------------ബിജു ജി നാഥ്

ഗ്രീക്ക് കഥകളിലെ പ്രണയത്തിന്റെ , രതിയുടെ , സൗന്ദര്യത്തിന്റെ ദേവതാ സങ്കല്‍പം ആണ് അഫ്രോഡിറ്റിസ്‌ .
http://en.wikipedia.org/wiki/Aphrodite