എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Sunday, March 31, 2019
മാര്‍ച്ച് മാസം പതിവ് തെറ്റിച്ചിട്ടില്ല
Friday, March 29, 2019
വിടപറയുമ്പോൾ
വിടപറയുമ്പോൾ
............................
ഇനിയെന്റെ രസനയിൽ നീ പകർന്നീടുക
മൃതിയുടെ കറുത്ത വിഷ ബീജങ്ങളെ.
ഇനിയില്ല മഴയും മഴക്കാറുമീയാകാശമാം
പ്രണയ ഹൃത്തിലെന്നറിഞ്ഞീടുക.
ഒരു കാലമുണ്ടാം നമുക്കായി വീണു പോം
ഇലകൾക്കു പറയുവാൻ കഥകളായി.
അതിലെവിടെയോ നാം പതിഞ്ഞു കിടപ്പുണ്ട്
ഒരു നേർത്ത തേങ്ങലിൽ കുരുങ്ങി വീണോർ.
....... ബി.ജി.എൻ വർക്കല
വികൃതിവിശേഷങ്ങൾ ........ വിരോധാഭാസൻ
വികൃതിവിശേഷങ്ങൾ (നര്‍മ്മം)
അജി വിരോധാഭാസന്‍
സൈകതം ബുക്സ്
വില : 160 രൂപ
ഓര്‍മ്മകളെ ഓര്‍ത്ത് വയ്ക്കാനും അത് പങ്കുവയ്ക്കാനും മനുഷ്യനു കിട്ടിയിട്ടുള്ള ഏറ്റവും വലിയ ഉപാധിയാണ് എഴുത്ത്. ഈ ഒരു കഴിവ് മനുഷ്യന്‍ വികസിപ്പിച്ചെടുത്തത് കൊണ്ടുമാത്രമാണ് ഇന്നത്തെ ജനത പോലും ഈ പുതിയ കാലത്ത് പോലും മതം, ദൈവം തുടങ്ങിയ ഇല്ലായ്മകളുടെ വിഡ്ഢിത്തങ്ങള്‍ ചുമക്കുകയും ജീവിതം പലപ്പോഴും ദുസ്സഹമാക്കുകയും ചെയ്യുന്നത് എന്നതും ഒരു വിരോധാഭാസമായി കാണാവുന്ന കാര്യമാണ്. കുട്ടിക്കാലം എന്നാല്‍ അമ്മൂമ്മക്കഥകള്‍ കേട്ടു വളരുന്ന കാലം ആയിരുന്നു കഴിഞ്ഞ തലമുറ വരെയും. ഇന്നത് മാറിപ്പോയിരിക്കുന്നൂ എന്നത് കാലത്തിന്റെ ഒരു വിനോദം മാത്രമാണു. വായനയുടെ ലോകം വികസിച്ചു വന്നത് വളരെ വേഗത്തില്‍ ആയിരുന്നു എങ്കില്‍ ഇന്നത് മുരടിക്കുന്നതും വളരെ വേഗത്തില്‍ ത്തന്നെയാണ് . വിനോദസങ്കേതങ്ങള്‍ വികസിച്ചപ്പോള്‍ പുസ്തകങ്ങള്‍ക്ക് മരണം സംഭവിച്ചു തുടങ്ങുകയായി. പോരാത്തതിന് ഇന്ന് വായന ഡിജിറ്റല്‍ സങ്കേതങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് . അതിനാല്‍ തന്നെ പുസ്തകവായന മരണപ്പെടുന്നു. സമയമില്ലായ്മയാണ് ഇന്ന് വായനയുടെ പ്രധാന ശത്രു. എങ്കിലും ദിനേന ഒരുപാട് പുസ്തകങ്ങള്‍ മലയാളത്തില്‍ ജന്മം എടുക്കുന്നുണ്ട് . അവയില്‍ എത്രയെണ്ണമുണ്ട് വായനക്ക് ഉതകുന്നവ എന്നൊരു ചോദ്യം എഴുത്തുകാരോ പ്രസിദ്ധീകരണസ്ഥാപനങ്ങളോ തിരക്കാറില്ല. കാരണം അതൊരു വ്യവസായം ആണ് അവര്‍ക്ക്. ഉത്പന്നത്തിന്റെ ഗുണമേന്‍മയോ , മൂല്യമോ അവരെ ഉത്കണ്ഠപ്പെടുത്തുന്നില്ല. പണം വാങ്ങി പണി ചെയ്തുകൊടുക്കുക എന്നതിനപ്പുറം എന്തു ബാധ്യതയാണ് അവര്‍ക്കുള്ളത്.
ഓര്‍മ്മകളെ എഴുതിപ്പിടിപ്പിക്കുക എന്നത് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ക്ക് അല്പമെങ്കിലും സാഹിത്യം കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ക്ക് വളരെ എളുപ്പം സാധിക്കുന്ന ഒരു കാര്യമാണ് . പ്രത്യേകിച്ചും നര്‍മ്മ ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ ആണെങ്കില്‍ വളരെ മനോഹരമായ ഒരു സംഗതിയാകും അത്. വി കെ എന്‍ ഭാഷ വളരെ പ്രശസ്തമായ ഒരു പ്രയോഗം ആണ് . ഭാഷയില്‍ അതിനെ അത് പോലെ കൈകാര്യം ചെയ്യാനാകുന്ന എഴുത്തുകാര്‍ ഇന്നുണ്ടോ എന്നു സംശയം ആണ് . ഇവിടെ വിരോധാഭാസന്‍ എന്ന തൂലികാനാമത്തില്‍ അജി എഴുത്തുന്ന വികൃതിവിശേഷങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ ഓര്‍മ്മകള്‍ ആണ് . ദുബായിലും നാട്ടിലും ആയി അദ്ദേഹം കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ വിശേഷങ്ങള്‍ വളരെ നന്നായി പറഞ്ഞു പോകുന്നു. ഈ കുറിപ്പുകള്‍ പലതും സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകള്‍ ആയിരുന്നു എന്നു സംശയിക്കത്തക്ക വിധത്തില്‍ അങ്ങനെ അഡ്രസ്സ് ചെയ്യപ്പെട്ടവയാണ്. ചിലവയൊക്കെ ചെറുകഥകള്‍ എന്നു വിശേഷിപ്പിക്കാവുന്നതും ചിലവ അനുഭവക്കുറിപ്പുകള്‍ എന്നു പറയാവുന്നതും ആണ് . പ്രവാസിയായ ഒരാള്‍ക്ക് നാട്ടില്‍ എത്തുമ്പോള്‍ അനുഭവിക്കേണ്ടി വരുന്നതും അഭിമുഖീകരിക്കേണ്ടി വരുന്നതും ആയ വിശേഷങ്ങള്‍ , ചോദ്യങ്ങള്‍ അനുഭവങ്ങള്‍ എന്നിവയും , കുട്ടിക്കാലത്തെ ഓര്‍മ്മകളും കൂട്ടുകാരുടെ വിശേഷങ്ങളും ഒക്കെ ചേര്‍ന്നുള്ള കുറെ വിശേഷങ്ങള്‍ നിറഞ്ഞ ഒരു പുസ്തകം എന്നതിനപ്പുറം ഇതില്‍ വായിക്കാനോ പങ്കുവയ്ക്കാനോ അധികം വിശേഷങ്ങള്‍ ഇല്ല തന്നെ. എന്തുകൊണ്ട് ഇതുനിങ്ങള്‍ വായിക്കണം എന്ന്‍ എഴുത്തുകാരന്‍ തുടക്കത്തില്‍ പറഞ്ഞിട്ടുണ്ട് . മനസ്സ് വിഷമിച്ചിരിക്കുമ്പോള്‍ ഒന്നു ചിരിക്കാന്‍ , വിഷമമകറ്റാന്‍ ഈ വരികള്‍ക്കും വായനയ്ക്കും കഴിയുമെങ്കില്‍ അത്രയും ആയി എന്നുള്ള ആ ഒരു വാചകത്തില്‍ ഇതിനെ വിലയിരുത്താം. അതേ, സമയം പോക്കാനായുള്ള നര്‍മ്മ രസപ്രധാനമായ എഴുത്തുകാരന്റെ അനുഭവങ്ങളെ ഒരു സുഹൃത്തിന്റെ വിവരണം ആയി കാണാനോ , അനുഭവിക്കാനോ കഴിയും ഈ വായനയില്‍. തള്ളുകളൊന്നും ഇല്ലാതെ സത്യസന്ധമായി കാര്യങ്ങള്‍ പറയുന്ന അപൂര്‍വ്വം നര്‍മ്മ / ഓര്മ്മ എഴുത്തുകളുടെ കൂട്ടത്തില്‍ ഉള്ള ഒരു പുസ്തകം എന്നാണ് ഇതിനെ വിശേഷിപ്പിക്കാന്‍ തോന്നുന്നത് . ഒറ്റവായനക്ക് ഉതകുന്ന ഒരു പുസ്തകം എന്നതിനപ്പുറം ഇതില്‍ എടുത്തുപറയാനായി ഒന്നും തന്നെയില്ല. ആശംസകള്‍ ബി.ജി.എന്‍ വര്‍ക്കല
Thursday, March 28, 2019
മരണാനന്തരം
മരണാനന്തരം
........................
എന്റെ പ്രണയവും
എന്റെ വാക്കുകളും
നിനക്ക് തമാശയാകും.
ആകണം..
കാരണം,
ഒരിക്കൽ
ഞാൻ അത് തെളിയിക്കുമ്പോൾ
നിന്റെ മുഖത്ത് വിടരുന്ന ഭാവം
എനിക്ക് കാണാനായില്ലെങ്കിലും
ലോകം കാണും.
എന്റെ പ്രണയം
പൂവണിയുന്നത് അന്നാകും.
അന്ന്
നിന്റെ കണ്ണീരിൽ
എന്റെ മുഖം തെളിഞ്ഞു നില്കും
അതോടെ ഞാൻ
അനശ്വരനാകും.
അപ്പോൾ എന്റെ ഇഷ്ട കവിതയായ
ചുള്ളിക്കാടിന്റെ വരികൾ നീ ഓർക്കും
ഒടുവിൽ .... അമംഗളദർശിനിയായ് .......
..... ബിജു.ജി.നാഥ് വർക്കല
Wednesday, March 27, 2019
മഴയാണ് ഞാൻ.
മഴയാണ് ഞാൻ.
...........................
ഓർമ്മയിലേക്ക് ചാഞ്ഞു പെയ്യുന്ന
ഒരു മഴയാകണമെനിക്ക്.
നീയെത്ര തന്നെ ശ്രമിച്ചാലും ,
നിന്നെ നനച്ചും
വശം കെടുത്തിയും
ശാപവാക്കുകൾ പറയിപ്പിക്കുന്ന
പിശറൻ മഴ.
നനയാൻ കൊതിക്കാതെ
നനയേണ്ടി വരുന്ന മഴ!
എത്ര മനോഹരമായൊരു പ്രതികാരമാണത്.
എന്നെ മറക്കാനും
എന്നിൽ നിന്നകലാനും
നീ ശ്രമിക്കുമ്പോഴൊക്കെ
എന്നെ ഓർമ്മിപ്പിക്കാൻ
ഞാനിനി മഴയായേ പറ്റൂ.
ഉഷ്ണം കൊണ്ടു പൊതിയുന്ന
നിന്റെ ഉടലിനെ
മഴ കൊണ്ടു സ്നേഹിക്കുകയാണ് ഞാൻ.
നിനക്കതരോചകമാകിലും....
നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി
ചിറക് നനഞ്ഞ കിളിയെ ഓർമ്മിപ്പിച്ച്
പിടിക വരാന്തയിൽ നിൽക്കുമ്പോൾ
നിന്റെ മുഖത്ത് വിരിയുന്നത്
എന്നോടുള്ള പ്രിയമാകില്ല.
വെറുപ്പിന്റെ തിരമാലകളാൽ
നീയെന്നെ മറക്കുവാൻ ശ്രമിക്കും.
ഓർമ്മിക്കാൻ ശ്രമിക്കലാണ്
മറക്കുവാനുള്ള ഏകമാർഗ്ഗമെന്ന് ഞാനും.
അങ്ങനെ
ഓർമ്മിച്ചും വെറുത്തും
നീയെന്നെ കടന്നു പോകും
നിനക്ക് പ്രിയമായിരുന്ന,
ഇന്നപ്രിയമായ
ചാറ്റൽ മഴയായി ഞാൻ പെയ്തു കൊണ്ടേയിരിക്കും
നീ നടക്കുന്ന വഴിയോരങ്ങളിലൊക്കെയും.
...... ബിജു.ജി.നാഥ് വർക്കല
Tuesday, March 26, 2019
ഒരില കഥ പറയുന്നു.
ഒരില കഥ പറയുന്നു.
.......
എന്റെ കുറ്റം കൊണ്ടായിരുന്നില്ല
പക്ഷേ ഞാൻ ജനിച്ചു
ഇനി വളർന്നേ പറ്റൂ
പൊരുതി നിന്നേ പറ്റൂ.
ഹൃദയം തുറന്നേ പറ്റൂ
മിഴികൾ തുറന്നേ പറ്റൂ.
ഇളം നാമ്പല്ലേന്ന് കരുതി
പുഴുക്കൾ തിന്നാൻ നോക്കി
കുഞ്ഞിലയല്ലേന്ന് കരുതി
കിളികൾ കവരാൻ നോക്കി
അഹങ്കാരിയല്ലേന്നോർത്ത്
കാറ്റെന്നെ വീഴ്ത്താൻ നോക്കി.
ജനിച്ചു പോയില്ലേ
വളരണമെന്നുറച്ചു പോയില്ലേ
പൊരുതി നിന്നേ പറ്റൂ.
ഒരു പാട് കാലമൊന്നും
ഒരിലക്കും പിടിച്ചു നില്ക്കാനാവില്ല തന്നെ.
തലയുയർത്തി നിന്നപ്പോൾ
വെയിലടിച്ചു നിന്നപ്പോൾ
തിളക്കമുറ്റുനിന്നപ്പോൾ
ഒടുക്കമുണ്ടാകുമെന്നോർത്തില്ല.
നിറം മങ്ങിയതറിഞ്ഞില്ല
കാൽ തളർന്നതറിഞ്ഞില്ല
വൻകാറ്റിൽ പിടിച്ചു നിന്ന ഹുങ്ക്
ചെറുകാറ്റിൽ കടപുഴക്കിയെറിഞ്ഞു.
വെറും മണ്ണിൽ ആകാശം നോക്കി കിടക്കുമ്പോൾ
വീണല്ലേ പറ്റൂ.
ഇനിയഴുകിപ്പോയല്ലേ പറ്റൂ
മണ്ണുതിന്നല്ലേ പറ്റൂ
എന്നു ചിന്തിക്കുവാൻ കഴിയാത്തതെന്തേ .?
...... ബിജു.ജി.നാഥ് വർക്കല
Monday, March 25, 2019
മരുന്ന്
മരുന്ന്
...........
വേനലാണെന്നതു മറന്നുവോ കാറ്റേ
വേഗത്തിൽ യാത്ര തുടങ്ങീടുക .
പാരിടമാകെ തീമഴ പെയ്യവേ, നീ-
യെൻ പ്രേയസിക്കു കുടയാവുക.
...... ബി.ജി.എൻ വർക്കല
Sunday, March 24, 2019
തുടയ്ക്കുക നിന്റെ കണ്ണുനീർ.
തുടയ്ക്കുക നിന്റെ കണ്ണുനീർ.
...............................................
മെല്ലെ
വളരെ മെല്ലെ
നിന്റെ പ്രണയത്തിന്റെ ഉപ്പു ഭരണിയിലേക്ക്
ഞാൻ മുറിവുകൾ തുന്നിക്കെട്ടിയ
ഏറ്റം ദുർബലമായൊരു ഹൃദയം
ഏറെ പ്രിയത്തോടെ ഇറക്കി വയ്ക്കുന്നു.
നിന്റെ കണ്ണീരിനും
പരിഭവത്തിന്റെ നഖമുനകൾക്കും
കോപത്തിന്റെ വാക്ശരങ്ങൾക്കും
ഒരിക്കലും പരിചയാകാതെ
ഏറ്റുവാങ്ങാനായാ ഹൃദയം മിടിക്കുന്നുണ്ട്.
കർഷകർ ആത്മഹത്യ ചെയ്യുന്നതറിഞ്ഞും
പെൺകുട്ടികൾ ഉടഞ്ഞു ചിതറുന്നത് കേട്ടും
പാകിസ്താനിലേക്ക് പോകാനലറിയവർ
ഇരുമ്പ് ദണ്ഡിനാൽ പ്രഹരമേൽപ്പിക്കുമ്പോഴും
ദേശീയത തെളിയിക്കാനാവാതെ പിടയുന്നവരെയോർത്തും
നിന്റെ ഉള്ളു കത്തുന്നത് കാണുന്നുണ്ട് ഞാൻ .
തൊലി പൊളിയുന്ന ഉഷ്ണവും
വറ്റിവരണ്ട ഭൂഗർഭവും
ഒഴുകിയുണങ്ങിയ പുഴകളും
മരുഭൂമിയെ ഓർമ്മിപ്പിക്കുന്നു എന്ന് നീ പറയുമ്പോൾ
പൂക്കാതെ പോയ കിനാവുകളുടെ
ഉള്ളുരുക്കങ്ങളിൽ നിന്നു കത്തുന്നയെന്നിൽ
സൂര്യതാപം സുമ സ്പർശം മാത്രമാണല്ലോ!
എല്ലാം ഉപേക്ഷിച്ചു കൊണ്ട്
പിന്നിലെല്ലാം ഇട്ടെറിഞ്ഞു കൊണ്ട്
അജ്ഞാതമായൊരിടത്തിലേക്ക് നിന്നെയൊളിപ്പിക്കാൻ,
അതുമല്ലെങ്കിൽ
ഏറ്റമടുത്തൊരു നിമിഷത്തിൽ
ഒരു വിറകു കൊള്ളിപോൽ എരിഞ്ഞുതീരാൻ
സ്വപ്നം കാണുന്നു നീയപ്പോഴും.
ലോകം എത്ര ചെറുതാണല്ലേ?
നമ്മൾ മാത്രമില്ലാത്ത
നമ്മുടെ ലോകം.!
നോക്കൂ
ഇവിടെ നാം അന്യരാണ്.
പരസ്പരം വിരലുകൾ കോർത്തിരിക്കുമ്പോഴും
ഉള്ളു കൊണ്ടായിരം വട്ടം പ്രണയം പറയുമ്പോഴും
നോക്കിലോ വാക്കിലോ
പരിചയം ഭാവിക്കാൻ ഭയന്നു
നാം മുഖം തിരിക്കുന്നു നിരന്തരം.
മൂടുപടങ്ങൾ വലിച്ചെറിയുന്ന കാലം വരും.
മുഖമില്ലാത്ത ഒരു ലോകം വരും.
അന്ന് നാം മാത്രം
നമ്മൾ മാത്രം
മുഖമുള്ളവരായിരിക്കും.
മനസ്സിൽ നെയ്തുകൂട്ടിയ
വരികളിൽ കൊരുത്തു ചേർത്ത
സ്വപ്നങ്ങൾക്ക് നിറം കൊടുക്കണമന്ന് നമുക്ക്.
മരണത്തിന്റെ നരച്ച വർണ്ണങ്ങൾ
കാഴ്ചയുടെ തിമിരം നിറയ്ക്കും മുന്നേ
നമുക്കൊരു കാലം വരുമോ?
ചുളിവുകൾ വീണ ചർമ്മങ്ങൾക്ക്
കറുത്തപാടുകൾ പതിഞ്ഞ് തിളങ്ങുന്നതിൻ മുന്നേ
നമുക്കു നനയാൻ മാത്രമായൊരു മഴ.
തുടയ്ക്കുക നിന്റെ കണ്ണുനീർ
കാലം ക്രൂരമായിരിക്കില്ല ദീർഘ നാൾ.
തുടയ്ക്കുക നിന്റെ കണ്ണുനീർ.
.... ബിജു.ജി.നാഥ് വർക്കല
Saturday, March 23, 2019
സ്നേഹത്തിന്റെ വില
ചിരിക്കും കുഞ്ഞിനും
പാലില്ലാത്ത മുലകള്‍ ചുരത്തി
ചിരിക്കും പെണ്ണിനും
സ്നേഹത്തിന്റെ വിലയറിയാം.
-------------ബിജു ജി നാഥ് വര്‍ക്കല
(ബുക്കിഷ് 2018 ല്‍ പ്രസിദ്ധീകരിച്ചു)
Thursday, March 21, 2019
വിശ്രമം
സൂര്യനൊരു തീമഴയായി,
Tuesday, March 19, 2019
ക്ഷണികമാണീ പ്രണയവും ജീവനും.
ക്ഷണികമാണീ പ്രണയവും ജീവനും.
............................................................
ക്ഷണമാത്രയിൽ അപരിചിതരാകുന്നവർ
ഓർമ്മകളിൽ, തീക്കുട ചൊരിയുമ്പോഴാകണം
പ്രണയം എത്ര പൊള്ളിക്കുന്നതൊന്നെന്ന്
പ്രപഞ്ചം അറിയുന്നതും അലയുന്നതും.
അച്ചുതണ്ട് നഷ്ടമായ ഭൂമിക്ക് കറങ്ങാൻ
ആകാശമേ ! നീ ഒരു കുടയായിടുകിനി.
ദിശ നഷ്ടമായൊരതിൻ യാത്രയിൽ തുണ-
യായി, വെളിച്ചമണക്കാതിരിക്കുക തെല്ലുമേ.
പതിച്ചീടുന്നുവോ അന്ധകാരഗുഹയിൽ
കുഞ്ഞു വെളിച്ചവും വായുവുമില്ലാതെ.
ജലമാണ് ജീവനെന്നോർത്താകാം നാവു
വരളുമ്പോഴും കണ്ണു നനഞ്ഞങ്ങിരിപ്പത്.
പരിഭവങ്ങൾക്കില്ല തെല്ലും നേരവും, കാല-
പരിരംഭണത്തിൻ കാത്തിരിപ്പിന്നസാദ്ധ്യവും.
ഇരുളട്ടെ, പതിവുപോൽ പുലരട്ടെയെങ്കിലും
പഴുതൊട്ടുമില്ലതു കാൺകിലെത്ര മനോഹരം.
...... ബിജു.ജി.നാഥ് വർക്കല
ജൈവകൃഷി
ജൈവകൃഷി
....................
പച്ച ഞരമ്പുകൾ തെളിഞ്ഞു കാണും
നെൽപ്പാടമത് ഞാൻ കണ്ടു നിൽക്കേ.
ഉത്തര ദക്ഷിണ ദിക്കുകൾ തേടുമാ-
നൽക്കുളിർ മൊട്ടുകൾ തുടിച്ചുണർന്നൂ.
വിസ്തൃതമാകുമാ സമതലമാകയും ഇളം-
കാറ്റിൻ സുഗന്ധം ഒഴുകിപ്പരക്കവേ.
ഉത്ഭവിക്കുന്നൊരു കുഞ്ഞരുവി മെല്ലെയാ
വന്യവനാന്തനിഗൂഢതയിൽ നിന്നുമേ !
ഉയരുന്നുദ്ദീപന സംഗീതമായെന്നിൽനി-
ന്നൊരു കരിനാഗമാ ജലപാത തേടി.
ഇഴയുകയാണഗ്നിപോൽ പൊള്ളു-
മുടലിനെയാകെ നനയ്ക്കുമായരുവിയിൽ.
അതിഥിയാകാൻ, ആഞ്ഞു ദംശിക്കുവാൻ,
വിഷത്താലുറവയൊന്നാകെയും മൂടുവാൻ.
.......... ബിജു.ജി.നാഥ് വർക്കല
Monday, March 18, 2019
പ്രണയസ്വർഗ്ഗം
പ്രണയസ്വർഗ്ഗം
.........................
നിന്റെ മുടിയിഴകളിലൂടെ സഞ്ചരിക്കുമ്പോൾ
എന്റെ വിരലുകൾ മടിയന്മാരാകുന്നു.
നിന്നെ ചേർത്തു പിടിക്കുമ്പോൾ
ഞാനൊരു പിശുക്കനാകുന്നു.
നിന്നെക്കുറിച്ച് ചിന്തിക്കുമ്പോഴാകട്ടെ
ഞാൻ മലർപ്പൊടിക്കാരനാകുന്നു.
നിന്റെ വിരൽത്തുമ്പ് തൊടുമ്പോൾ
ഞാൻ വാകപ്പൂമരം പോലാകുന്നു.
നിന്നെ കാത്തിരിക്കുമ്പോഴാകട്ടെ
ഞാൻ സമയത്തെ പഴിക്കുന്നു.
നിന്റെ ഗന്ധമോർക്കുമ്പോൾ
ഞാൻ അറേബ്യൻ അത്തറുകൾ തേടുന്നു.
നിന്റെ സ്വരം കേൾക്കവേ
ഞാൻ ബാവുൾ ഗീതം ഉപേക്ഷിക്കുന്നു.
നിന്റെ മിഴികളിൽ നോക്കുമ്പോൾ
ഞാൻ നക്ഷത്രങ്ങളെ മറക്കുന്നു.
നിന്റെ കവിത വായിക്കുമ്പോൾ
ഞാൻ സോളമനെ മറക്കുന്നു.
...... ബിജു.ജി.നാഥ് വർക്കല