ഭൂമിയിലെ ഏറ്റവും
മഹത്തായ ദൃശ്യവിസ്മയം (സയന്‍സ്)
സി
രവിചന്ദ്രന്‍
ഡി സി ബുക്സ്
വില : 475
രൂപ
ശാസ്ത്രവും മതവും
തമ്മില്‍ തങ്ങളുടെ ആശയപരമായ പൊരുത്തക്കേടുകള്‍ തുടങ്ങിയത് മതം സമൂഹത്തില്‍
ഉത്ഭവിച്ച കാലം മുതല്‍ക്കാണ് . അന്നുവരെ ശാസ്ത്രം എന്നത് മനുഷ്യന്റെ വികാസ പരിണാമങ്ങളുടെ
അടയാളമായി ഒറ്റയ്ക്ക് തലയുയര്‍ത്തി നില്‍ക്കുന്നതായിരുന്നു . കാലാന്തരത്തില്‍ മതവും,
മതസങ്കല്‍പ്പങ്ങളും ജീവിതത്തിന്റെ ഭാഗമായി നാഗരിക മനുഷ്യന്‍ വളര്‍ത്തിയെടുത്തപ്പോള്‍
ശാസ്ത്രചിന്ത അതിനോട് പൊരുത്തപ്പെടാതെ വിഘടിച്ചു നില്‍ക്കുകയും നിരന്തരം
ചോദ്യങ്ങള്‍ ചോദിക്കുവാന്‍ തുടങ്ങുകയും ചെയ്തു. പിടിച്ചു നില്‍ക്കലിന്റെ , നിലനില്‍പ്പിന്റെ
ആവശ്യകതയില്‍ കേവലയുക്തിപോലും ഉപയോഗിക്കാതെ മതം ശാസ്ത്രത്തെ പലപ്പോഴും തങ്ങളുടെ
വണ്ടിയില്‍ കെട്ടി യാത്ര ചെയ്യുവാന്‍ തുടങ്ങിയത് ശാസ്ത്രത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍
കഴിയാതെ വരുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് .
ഭൂമിയും
പ്രപഞ്ചവും ജീവനും മനുഷ്യന്റെ സമസ്യക്ക് അപ്പുറം ആയിരുന്ന ഒരു കാലഘട്ടത്തില്‍
ആയിരുന്നു മതങ്ങളുടെ ഉത്ഭവം എന്നതുകൊണ്ട് തന്നെ ഈ കൂട്ടിക്കെട്ടലുകള്‍ പലപ്പോഴും
യുക്തിരാഹിത്യം നിറഞ്ഞതും ചോദ്യങ്ങള്‍ കൊണ്ട് ആക്രമിക്കപ്പെടുന്ന അവസ്ഥകള്‍
സംജാതമാക്കുന്നതും ആയിരുന്നു . അന്ന് ലഭ്യമായ അറിവുകള്‍, അതും പ്രായോഗികമായ
കണ്ടുപിടിത്തങ്ങളേക്കാള്‍ അനുമാനങ്ങളും , സങ്കല്‍പ്പങ്ങളും ഉപയോഗിച്ച് മതം പ്രപഞ്ച
സൃഷ്ടിയും , ജീവനും, ജീവജാലങ്ങളും ഉണ്ടാക്കി ആനന്ദം കൊണ്ടു . ഓരോ കുഞ്ഞും ജനിച്ചു
വീഴുമ്പോള്‍ തന്നെ അവന്റെ മനസ്സിലേക്ക് അടിസ്ഥാന അറിവുകള്‍ ആയി ഇത്തരം അപക്വമായ
അറിവുകളെ കുത്തിനിറച്ചു കൊണ്ട് മതം തന്റെ ജൈത്രയാത്ര തുടരുകയും ഭൂരിപക്ഷത്തിന്റെ
മുഷ്ക് ഉപയോഗിച്ച് ശാസ്ത്രത്തെ അടിച്ചമര്‍ത്തുകയും ചെയ്തു.
പതിനെട്ടാം നൂറ്റാണ്ടിന്റെ
അവസാനത്തോടെ ആണ് ശാസ്ത്രം പതിയെ തലയുയര്‍ത്തിത്തുടങ്ങിയത് . മനുഷ്യകുലത്തിന്
ഒരുപാട് ഉന്നതി നേടിക്കൊടുത്ത അറിവുകളും സാഹചര്യങ്ങളും സംവിധാനങ്ങളും ശാസ്ത്രം
കണ്ടുപിടിക്കുകയും സംഭാവന ചെയ്യുകയും ചെയ്തത് അതിനു ശേഷമാണു എന്നു കാണാം . മതം തങ്ങളുടെ
സ്വന്തമാക്കി അഭിമാനിക്കല്‍ പ്രക്രിയ അഭംഗുരം തുടര്‍ന്നെങ്കിലും ഇരുപതാം
നൂറ്റാണ്ടു കഴിഞ്ഞപ്പോഴേക്കും ശാസ്ത്രത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു
നില്‍ക്കാന്‍ കഴിയാതെ മതം കിതച്ചു തുടങ്ങുന്ന കാഴ്ച ആണ് നമുക്ക് കാണാന്‍
കഴിയുന്നത് .
പൊതുവായ
മതത്തിന്റെ യുദ്ധം ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തോട് ആയിരുന്നു . പതിനെട്ടാം
നൂറ്റാണ്ടില്‍ ഗാലപ്പോ ദ്വീപിനെ സാക്ഷി നിര്‍ത്തി ഡാര്‍വിന്‍ കണ്ടെത്തിയ അറിവുകള്‍
വളരെ വേഗം വികസിച്ചു തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും ഒക്കെ ആയി ഒരു വലിയ പര്‍വ്വതം
പോലെ വളര്‍ന്നപ്പോള്‍ മതം ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുവാന്‍
തുടങ്ങി . സ്റ്റീഫൻ ഹോക്കിംഗ് പറഞ്ഞത് പോലെ ഇനി ഒരു നൂറ്റാണ്ടു കൂടി കഴിഞ്ഞാല്‍
ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാകുന്ന പ്രധാനവസ്തുത മതം ആയിരിക്കും . ഇത്
ശരിവയ്ക്കുന്ന രീതിയില്‍ ശാസ്ത്രം മുന്നേറുമ്പോള്‍ മതം തങ്ങളുടെ ആശയങ്ങളുമായി
കിതച്ചും തുമിച്ചും കാസരോഗിയെ പോലെ വഴിവക്കില്‍ തളര്‍ന്നു കിടക്കുന്നത് ഇന്നിന്റെ
കാഴ്ചയാണ് .
കേംബ്രിയൻ കാലഘട്ടത്തില്‍ ഒരു മുയലിന്റെ ഫോസില്‍ കിട്ടിയാല്‍ തീരും പരിണാമസിദ്ധാന്തം എന്ന റിച്ചാര്‍ഡ് ഡ്വാക്കിൻസിന്റെ വെല്ലുവിളി ശാസ്ത്രത്തിന്റെ വിജയവും മതത്തിന്റെ പരാജയവും ആകുന്നതു
അതുകൊണ്ടാണ് . പരിണാമം എന്നത് ഒരു ദിവസം കൊണ്ട് ഉണ്ടായ ഒന്നല്ല എന്നത് കൊണ്ട്
തന്നെ സൃഷ്ടി വാദത്തിന്റെ വക്താക്കള്‍ക്ക് ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍
കഴിയാതെ ഇരുട്ടില്‍ തപ്പുന്നത് കാണാന്‍ കഴിയുന്നു . ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും
ഉള്ള 64 ക്രോമസോമിന്റെ സമാനതയും സങ്കീര്‍ണ്ണതയും അതിനു എതിരായി ഒരെണ്ണം കണ്ടെത്താന്‍
ഇതുവരെയും കഴിയാതെ പോകുന്നതിന്റെ തെളിവും, എല്ലാം ഒന്നില്‍ നിന്നു തന്നെയാണ്
പരിണമിച്ചു വന്നത് എന്ന ശാസ്ത്രസത്യത്തെ അടിവരയിട്ടു തെളിയിക്കുന്നു . പരിണാമം
കണ്മുന്നില്‍ തെളിയിക്കാന്‍ ലാബോറട്ടറിയില്‍ നടത്തിയ അണുപരീക്ഷണം ശാസ്ത്രം
ശരിയെന്ന വാദത്തെ ബലം വരുത്തുന്നു .
പരിണാമത്തെ
കുറിച്ച് അറിവില്ലാത്ത മനുഷ്യന്റെ എല്ലാ സംശയങ്ങളും തീര്‍ക്കാന്‍ ഒരു
വഴികാട്ടിയായി ഒരു പുസ്തകം ഉണ്ടോ എന്ന അന്വേഷണത്തിന് ഉള്ള ഉത്തരമാണ് “ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം” എന്ന ഈ പുസ്തകം . ഇംഗ്ലീഷ് പുസ്തകമായ The Greatest
Show on Earth എന്ന റിച്ചാര്‍ഡ് ഡ്വാക്കിന്സിന്റെ പുസ്തകത്തിന്റെ
മലയാള പരിഭാഷയാണ് . ശാസ്ത്രത്തിനു മനുഷ്യന്റെ സംഭാവനകളെ ആംഗലേയ സാഹിത്യത്തില്‍
ഒരുപാട് ഖനികളില്‍ നിറച്ചു വച്ചിട്ടുണ്ട് എങ്കിലും മലയാളിക്ക് അതു പലപ്പോഴും
കിട്ടാക്കനിയാണ് . ഈ സന്ദര്‍ഭത്തില്‍ ആണ് കോളേജ് പ്രൊഫസര്‍ ആയ ശ്രീ “രവി ചന്ദ്രന്‍ സി” അവയില്‍
മഹത്തും അവശ്യം അറിഞ്ഞിരിക്കേണ്ടതും ആയ പുസ്തകങ്ങളെ മലയാളത്തില്‍ മൊഴിമാറ്റം
നടത്തി കൂടുതല്‍ ആള്‍ക്കാരിലേക്ക് അറിവ് എത്തിച്ചു കൊടുക്കുന്ന കര്‍മ്മം
നടത്തുന്നത് എന്നത് ശ്ലാഘനീയമായ കാര്യമാണ് .
മലയാളത്തില്‍ കിട്ടാവുന്ന അറിവുകളുടെ ശേഖരത്തില്‍ എന്തുകൊണ്ടും
പ്രഥമസ്ഥാനം അലങ്കരിക്കാന്‍ യോഗ്യതയുള്ള ഈ പുസ്തകം എല്ലാ വീടുകളിലും കുട്ടികള്‍ക്ക്
വായിക്കാന്‍ കൊടുക്കേണ്ടത് ഒരു വലിയ ആവശ്യമാണ് എന്ന് കരുതുന്നു . സ്കൂള്‍ കോളേജ്
ലൈബ്രറികളില്‍ ഇവയുടെ സാന്നിധ്യം ഉറപ്പാക്കുന്നത് വിദ്യാഭ്യാസപരമായ
മുന്നേറ്റത്തിനു വെളിച്ചം നല്‍കും . രക്ഷകര്‍ത്താക്കളും സമൂഹവും കുട്ടികളില്‍
കുത്തിവയ്ക്കുന്ന മതപരമായ അപക്വത അറിവെന്നു പറഞ്ഞു കുട്ടികള്‍ മനസ്സിലാക്കി
അന്ധതയില്‍ ജീവിക്കുന്നതില്‍ നിന്നും അവരെ രക്ഷിക്കുവാനും സത്യം അറിയുകയും
മനസ്സിലാക്കുകയും ചെയ്യുകയാണെങ്കില്‍ മതം എന്ന ക്യാന്‍സറില്‍ നിന്നും വരും തലമുറ
രക്ഷ നേടുകയും അവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും
കഴിയുകയും ചെയ്യും. വികസനം , മെച്ചപ്പെട്ട ആരോഗ്യം , സാമ്പത്തികം , സമൂഹം എന്നിവ
അതുകൊണ്ട് പുഷ്ടിപ്പെടുകയും മനുഷ്യന്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തിച്ചേരുകയും
ചെയ്യും .
നല്ലൊരു വായന തന്ന പുസ്തകം . എല്ലാര്‍ക്കും വായിക്കാന്‍ ,
സൂക്ഷിക്കാന്‍ റഫര്‍ ചെയ്യുന്ന ഒരു പുസ്തകം . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment