Saturday, November 18, 2017

എന്റെ ലോകം ................അയ്യപ്പന്‍ അടൂര്‍



എന്റെ ലോകം (കവിതകള്‍ )
അയ്യപ്പന്‍ അടൂര്‍
ലിപി പബ്ലിക്കേഷന്‍സ്
വില : 10 ദിര്‍ഹം

കവിതകള്‍ സഞ്ചരിക്കുന്ന വഴികള്‍ പലപ്പോഴും വായനക്കാരുടെ ഭാവനയുടെ ലോകത്ത് നിന്നും വളരെ വളരെ ദൂരെയായിരിക്കും . ചിലപ്പോള്‍ അത് വായനക്കരനൊപ്പം ആകാം മറ്റു ചിലപ്പോള്‍ വായനക്കാരന്‍ വഴിയില്‍ ഉപേക്ഷിക്കുന്ന പാഴ് വസ്തുവും ആകാം . എന്തുകൊണ്ടാണ് കവിതകള്‍ ഒരേപോലെ വായനക്കാരന് ഹൃദിസ്ഥമാക്കാന്‍ കഴിയാതെ പോകുന്നത് എന്നത് എഴുത്തുകാരനില്‍ നിക്ഷിപ്തമായ ഒരു വസ്തുതയാണ് . ദുരൂഹമായ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടു തനിക്കു പറയാനുള്ളത് പറയുന്ന കവിയില്‍ നിന്നും ഒരു സാധാരണ വായനക്കാരന് ഒന്നും തന്നെ ലഭിക്കുന്നില്ല . അവന്‍ നിസ്സഹായനായി നില്‍ക്കുകമാത്രമേ കരണീയമാകുന്നുള്ളൂ അവിടെ . ചില ബുദ്ധിമാന്മാരായ കവികള്‍ വായനക്കാരെ വട്ടം ചുറ്റിക്കും . കിഴക്കോട്ടു പോകുകയാണെങ്കില്‍ അവന്‍ വായനക്കാരനെ കൊണ്ട് അത് തെക്കോട്ട്‌ ആണെന്ന് വായിപ്പിക്കും . ഒരേ കവിതയെ ഒന്നിലധികം വായനകളില്‍ ഒന്നിലധികം അര്‍ഥങ്ങള്‍ നല്കാനാവുക എന്നൊരു കയ്യടക്കം അവന്‍ അതില്‍ ഉടച്ചു ചേര്‍ക്കും . ചിലരാകട്ടെ പറയാനുള്ളത് നേരെ പറയുക കളം വിടുക എന്ന രീതിക്കാരാണ് . വായനക്കാരന്റെ ബുദ്ധിയെ പരീക്ഷിക്കാന്‍ അവന്‍ ഒരുക്കമല്ല . ലളിതമാകണം , ദഹിക്കണം എന്നതിനപ്പുറം മറ്റൊന്നും അവന്‍ പ്രതീക്ഷിക്കുന്നില്ല നല്‍കാനും സ്വീകരിക്കാനും .
കൊച്ചു കുട്ടികള്‍ എഴുതുമ്പോള്‍ അതില്‍ കവിതയുടെ വസന്തം വിടരുന്നത് കാണാന്‍ കഴിയുന്നത്‌ ഒരുപക്ഷെ എഴുതി തെളിഞ്ഞവര്‍ പോലും തങ്ങളെ നവീകരിക്കാനോ , മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനോ തയ്യാറാകാത്ത ഒരു ഇടത്ത് നിന്നാകണം . കഴിഞ്ഞ സ്കൂള്‍ കലോത്സവങ്ങളില്‍ നിന്നും മറ്റും കുറച്ചധികം കുട്ടികള്‍ അവരുടെ പ്രതിഭ കൊണ്ട് ഉയര്‍ന്നു വരുന്നത് മലയാളം സാക്ഷ്യം വഹിക്കുകയുണ്ടായി . ഇതൊരു ഒഴുക്കാണ് . അവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാനും മുന്‍ നിരയിലോ മധ്യനിരയിലോ എന്തിനു പിന്നിരയില്‍ ഉള്ളവര്‍ പോലും തയ്യാറാകുന്നതായി കാണാന്‍ കഴിയുന്നില്ല എന്നത് ഖേദകരമായ് ഒരു വസ്തുതയാണ് . ഈ ചുറ്റുപാടില്‍ നിന്നുകൊണ്ടാണ് “അയ്യപ്പന്‍ അടൂര്‍” എന്ന മേധജ് കൃഷ്ണ യുടെ “എന്റെ ലോകം” എന്ന കവിത വായിക്കാന്‍ തിരഞ്ഞെടുക്കുന്നത് . സെറിബ്രല്‍ പള്‍സി  എന്ന രോഗാവസ്ഥയില്‍ ഉള്ള ഈ എട്ടാം ക്ലാസ്സുകാരന്റെ രണ്ടാമത്തെ പുസ്തകം ആണ് എന്‍റെ ലോകം എന്ന് കാണുന്നു . ഇരുപത്തിരണ്ടു ചെറിയ കവിതകള്‍ നിറഞ്ഞ ഈ പുസ്തകം തീര്‍ച്ചയായും ഒരു കുട്ടിയുടെ മനസ്സില്‍ നിന്നും കവിത വിരിയുമ്പോള്‍ അതെത്ര മനോഹരമായി തീരുന്നു എന്ന കാഴ്ച വായനക്കാരന് നല്‍കുന്നു .
ലോകം അടയാളപ്പെടുത്തുന്നത് ഓരോ വ്യക്തിയും പതിപ്പിക്കുന്ന മുദ്രകളില്‍ നിന്നാണു. ക്ലിന്റ് എന്ന കൊച്ചു കുട്ടിയുടെ ചിത്രകല വാസന നാം അറിയുന്നതുമാണല്ലോ. ഹസീന എന്ന പെണ്‍കുട്ടിയുടെ കവിതകള്‍ അടയാളപ്പെടുത്തുന്നതും മറ്റൊന്നല്ല . ഇവിടെ അയ്യപ്പന്‍ തന്റെ കവിതകളില്‍ പ്രമേയമാക്കിയിരിക്കുന്നത് ഭൂരിഭാഗവും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പവും പ്രകൃതിയോടു മനുഷ്യന്‍ കാണിക്കുന്ന ക്രൂരതകളോടുള്ള കറയറ്റ പ്രതിഷേധങ്ങളും തന്നെയാണ് . കുടുംബം പ്രകൃതി ചുറ്റുപാടുകള്‍ ഒക്കെയും കുട്ടികളില്‍ കവിതയുടെ തന്തുക്കള്‍ ആയി വിരിയുമ്പോള്‍ അയ്യപ്പന്‍ ഒരു പടികൂടി കടന്നു പ്രണയവും വിഷയമാക്കിയത് ഒരു രസമുള്ള വായനയായി തോന്നിയില്ല എന്നത് മറച്ചു വയ്ക്കുന്നില്ല . കുട്ടികളില്‍ വിടരേണ്ട ഭാവനകള്‍ എങ്കിലും പാരിസ്ഥികവും മാനുഷികവും ആയ വിഷയങ്ങള്‍ ആയിരിക്കേണ്ടതുണ്ട് എങ്കിലും ഒരു എഴുത്തുകാരന്‍ എന്ത് എഴുതണം എന്ന് വായനക്കാരന് നിര്‍ബന്ധം പിടിക്കുക വയ്യ എന്നതിനാല്‍ ആ ഒരു പോരായ്മയായി തോന്നിയത് പരാമര്‍ശിച്ചു കടന്നു പോകുക മാത്രം ചെയ്യുന്നു .
ഇന്നത്തെ ബാല്യത്തിനു അജ്ഞാതമായ വെള്ളക്ക വണ്ടികള്‍ ഉരുളട്ടെ എന്ന കവിയുടെ ആഗ്രഹം നെല്‍വയലുകളുടെ പച്ചപ്പിനെ മോഹിക്കുന്ന മനസ്സ് ഒക്കെ പ്രകൃതിയോടുള്ള ഇഴ ചേരുന്ന ഒരു ജീവന സങ്കല്‍പ്പമാണ് . ആധുനിക മനുഷ്യന്‍ കൈവെള്ളയിലെ സ്മാര്‍ട്ട് ഫോണില്‍ മരിച്ചു പോയിരിക്കുന്നു എന്ന കവിയുടെ വിഷാദം മറച്ചു വയ്ക്കുന്നില്ല ന്യൂജെന്‍ എന്ന കവിതയിലൂടെ . ചിലപ്പോള്‍ താത്വികമായ ഒരു തലം ചിലപ്പോള്‍ കാല്പനികമായ ഇടങ്ങള്‍ ചിലപ്പോള്‍ തികച്ചും നാട്ടിന്‍പുറത്തിന്റെ നന്മകളില്‍ വിളയുന്ന നെല്‍ക്കതിര്‍ അങ്ങനെ പലതുമാണ് കവിയിതില്‍ .
ഒരു കവിയുടെ ഗുണം എന്ത് എന്നാല്‍ എന്തിനെ കുറിച്ചും കവിത വിരിയിക്കുവാന്‍ കഴിവുള്ളവന്‍ എന്നാണു . ആ നിലയില്‍ വേണ്ടത്ര പ്രോത്സാഹനവും വായനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയാണെങ്കില്‍ മലയാള സാഹിത്യത്തില്‍ തന്റെ അടയാളം രേഖപ്പെടുത്താന്‍ കഴിവുള്ള ഒരു കുട്ടിയാണ് അയ്യപ്പന്‍ അടൂര്‍ എന്ന ശുഭാപ്തി വിശ്വാസത്തോടെ .ബി.ജി.എന്‍ വര്‍ക്കല  

1 comment: