Saturday, November 25, 2017

നേര്‍ക്കാഴ്ചകള്‍

ഓര്‍ക്കുക,
മുയല്‍ക്കുഞ്ഞുങ്ങളെ കിനാവ്‌  കാണും
ചെന്നായകളുടെ രാജ്യത്ത് നാം
വിരുന്നൊരുക്കുന്ന
സ്വര്‍ഗ്ഗീയ സിംഹാസനങ്ങള്‍ .

കാണുക,
വിരല്‍ മുറിച്ച കീഴാളന്റെ
ചോരകൊണ്ടെഴുതുന്ന ഗീതകങ്ങളില്‍ 
സ്വര്‍ണ്ണംപൂശിയ
ആത്മീയതയുടെ വിഗ്രഹങ്ങള്‍.

ശ്വസിക്കുക,
പച്ചിലകളെ പിഴുതെറിഞ്ഞു
ഗന്ധകത്തിന്റെ നാവു നക്കിയെടുക്കും
വികസനമെഴുതിയ
ഗ്രാമത്തിന്റെ പ്രാണവായു.

പാടുക,
ഹൃദയം പിളര്‍ന്നെടുക്കുന്ന
പ്രണയത്തിന്റെ ചോരപ്പുഴകളില്‍
കണ്ണ് മിഴിക്കും
കുഞ്ഞു പൂക്കളെയോര്‍ത്തു .
----ബിജു ജി നാഥ് വര്‍ക്കല 

4 comments:

  1. ഉറങ്ങുക !
    ആകുലതകള്‍ കൊണ്ടാകാശഗോപുരം പണിത്
    ചിന്തകള്‍ കൊണ്ട് ചുറ്റുമതില്‍ പണിത്
    ചൂണ്ടുവിരല്‍ കൊണ്ട് ചോദ്യങ്ങള്‍ വരച്ച്...

    ReplyDelete
  2. ശക്തമായ വരികള്‍
    ആശംസകള്‍

    ReplyDelete