Wednesday, November 15, 2017

പുലരിപ്പൂങ്കനൽ ......... ടി.കെ.ഉണ്ണി.

പുലരിപ്പൂങ്കനൽ
( കവിത സമാഹാരം)
ടി.കെ.ഉണ്ണി.
ഹൊറൈസൺ
വില: 100 രൂപ.

     കവിതകൾ വായിക്കുമ്പോൾ മനസ്സിൽ വിടരുന്നത് കവിതയിലെ ഒറ്റയാകാശമല്ല എന്നതാണ് എക്കാലത്തും കവിതകൾ ആസ്വാദക ഹൃദയങ്ങളിൽ നിറഞ്ഞു നില്ക്കാൻ കാരണമായിത്തീരുന്നത്. ഓരോ ദേശത്തിനും അതിന്റെ തായ കവിതകൾ ഉണ്ടായിരിക്കുകയും അത് സാർവ്വദേശീയമായ ഒരു ഭാഷാ ഐക്യം തേടുകയും ചെയ്യുന്നുണ്ട്. ഓരോ കാലത്തിനും അതിരുകൾ കടന്നു ചെല്ലുന്ന ഓരോ കവി ഉണ്ടാകുന്നു. ചിലപ്പോൾ കവികൾ ഉണ്ടാകുന്നു.

       കവിത്വം എന്നത് എല്ലാ മനുഷ്യരിലും ഉണ്ട്. സരസമായി അത് അവതരിപ്പിക്കാൻ കഴിയുന്നവരും വിരസമായത് പറയാൻ കഴിയുന്നവരും ഉണ്ട്. നിയതമായ നീതി നിയമങ്ങളിൽ ഭാഷയുടെ ചട്ടക്കൂട്ടിലകപ്പെട്ടു കിടന്ന കവിത എല്ലാ കെട്ടുപാടുകളും ഭേദിച്ചു പുറത്തു കടക്കുമ്പോൾ ഭാഷ സുന്ദരവും ജനകീയവുമായി മാറുന്നു.
ഭാഷയിൽ വളരുന്ന മാറ്റങ്ങൾ അറിയുന്നതിനു വളരെ അകലെയൊന്നും പോകണമെന്നില്ല ഒരു പത്തു പതിനഞ്ചു കൊല്ലത്തിനപ്പുറവും ഇപ്പുറവും നിൽക്കുമ്പോൾ മറ്റൊരു വിധത്തിൽ പറഞ്ഞാൽ 21 ആം നൂറ്റാണ്ടിന്റെ ആരംഭത്തോടെ, സാഹിത്യത്തിൽ പുതിയൊരു ഭാഷാസംസ്കാരം രൂപപ്പെട്ടു വരുന്നതായി കാണാം

      കവിതയുടെ ലോകത്തേക്ക് ശ്രീ."ടി.കെ.ഉണ്ണി" കടന്നു വരുന്നത് തന്റെ 50 കവിതകളുടെ സമാഹാരവുമായാണ്. "പുലരിപ്പൂങ്കനൽ" എന്ന ഈ കവിതാ സമാഹാരത്തിനു അവതാരികയെഴുതിയത് ശ്രീ കൃഷ്ണകുമാർ സിവി യും ആസ്വാദനം ശ്രീ ശിവശങ്കരൻ കരവിലുമാണ്.  സമകാലീന ജീവിതത്തിന്റെ കാഴ്ചകളിൽ അസ്വസ്ഥനാകുന്ന കവിയുടെ ക്ഷോഭങ്ങൾ വാക്കുകളും വരികളുമായി ചിതറി വീണപ്പോൾ അവ കവിതകളായി രൂപമാറ്റം വരികയായിരുന്നു എന്നു വായന പറയുന്നു.
ചക്കയിട്ടു കളിച്ചു ചാവുന്ന മുയലുകൾക്കും
മല തുരന്നു പാതാളമാക്കുന്ന എലികൾക്കും ഇരുകാലി പുലികളോട് ചോദിക്കാനുള്ളത് മലയും മാവുകളും എവിടെയെന്നാണ്. ( എലിയും മലയും ) നഷ്ടമാകുന്ന പ്രകൃതിയുടെ സൗന്ദര്യവും സമ്പത്തും കവിയിലെ പ്രകൃതിയോടുള്ള കടപ്പാട് ഓർമ്മിപ്പിക്കുന്നു. അതുപോലെ തന്നെ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിലെ അവസ്ഥകളെ ഇടിവെട്ടുന്നതും മഴ പെയ്യുന്നതും തീ കത്തുന്നതും സൂര്യചന്ദ്രന്മാർ ഉദിച്ച സ്തമിക്കുന്നതും ഉടയോന്മാർക്കും മേലാളന്മാർക്കും വേണ്ടി (ദൈവത്തിന്റെ നാട്) എന്ന തിരിച്ചറിവിലൂടെ കവി വിളിച്ചു പറയുന്നത് കാണാം.
ആസുരമായ  ഈ കാലത്ത് സ്ത്രീയുടെ അവസ്ഥയെ ഓരോ നിമിഷവും പിച്ചിച്ചീന്തപ്പെടുന്ന സ്ത്രീകളും അവരുടെ മാനാഭിമാനങ്ങളും കൊണ്ട് രാജ്യം ഒന്നാമതെത്താൻ കുതിക്കുന്ന ( മെഴുകുതിരി ) കാഴ്ചകളെ വരച്ചിടുമ്പോൾ മനുഷ്യത്വം നശിക്കാത്ത കവിതകൾക്ക് ജീവിതത്തിന്റെ ചൂരും ചൂടും ലഭിക്കുന്നു. ഇന്നിന്റെ കാലത്ത് മനുഷ്യനാവുകയെന്നത് സങ്കീർണ്ണമായ (സങ്കീർണ്ണം) ഒരു സമസ്യയാണ് എന്ന് കവി ഓർമ്മിക്കുന്നു. ഇനിയീ ഭൂമിയിൽ ജീവിക്കണമെങ്കിൽ നമുക്ക് അസഹിഷ്ണുക്കളാവാമെന്നും സഹിഷ്ണുതയെ ആഹരിക്കാമെന്നും അസഹിഷ്ണുതയെ ആഘോഷിക്കാം (ഭൂതക്കണ്ണാടി) എന്നും കവി കണ്ടത്തുന്നു.
കവിതകളിലൂടെ ജീവിതവും ദേശവും പരിസ്ഥിതിയും അടയാളപ്പെടുത്തുന്ന കവി ഗദ്യകവിതകളിൽ മാത്രം തളച്ചിടപ്പെട്ട അവസ്ഥയിലാണുള്ളത് എന്ന് മനസ്സിലാക്കുന്നു. പറയാനുള്ളവ പരത്തിപറഞ്ഞു തീർക്കുക എന്നതും ഗൂഢമായ ഭാഷയിലൂടെ വായനക്കാരനിൽ വിരസത സൃഷ്ടിക്കുന്നു എന്നതിനാലും പലപ്പോഴും കവിതകളിൽ ആശയം മാത്രം മികച്ചു നില്ക്കുകയും ഭാഷ വഴി മാറി സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. കവിത നല്കുന്ന സ്വാതന്ത്ര്യം പറയാനുള്ളവയെ ലളിതമായി പറയുക എന്നു തന്നെയാണ്. പക്ഷേ ആ രസതന്ത്രക്കൂട്ട് കവി കരസ്ഥമാക്കുന്നതിൽ പരാജയപ്പെടുന്നുണ്ട്  വലിയ തോതിൽ . ഇത്തരം കഥാഖ്യാനകവിതകൾ അതിനാൽ തന്നെ മികച്ച ഉള്ളടക്കമെങ്കിലും വിരസമായ വായനകൾ സമ്മാനിക്കും . അവ മനസ്സിലാക്കി കവിതയെ വാങ്മയ ചിത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കാൻ കൂടുതൽ കരുത്തുള്ള രചനകൾക്ക് സാധിക്കും എന്ന ആശംസകളോടെ ബി.ജി.എൻ വർക്കല

1 comment:

  1. പുസ്തകപരിചയം നന്നായി.
    ഉണ്ണിസാര്‍ എനിക്ക്‌ പുസ്തകം അയച്ചുതന്നിരുന്നു.കവിതകളെല്ലാം വായിക്കുകയും ചെയ്തു.തിന്മകളെ ശക്തമായഭാഷയില്‍ എതിര്‍ക്കുന്ന സുന്ദരമായ ശൈലി.കവിതകള്‍ എനിക്കിഷ്ടമായി...
    ആശംസകള്‍

    ReplyDelete