Sunday, November 26, 2017

വിലാപയാത്ര.................... എം ടി വാസുദേവന്‍ നായര്‍

വിലാപയാത്ര (നോവല്‍)
എം ടി വാസുദേവന്‍ നായര്‍
കറന്റ് ബുക്സ്
വില : 55 രൂപ

നോവല്‍ സാഹിത്യം വളരെ മുന്നോട്ടു പോയിരിക്കുന്നു എന്ന ബോധ്യം നല്‍കുന്നത് പഴയ വായനകള്‍ മുന്നിലേക്ക് വരുമ്പോഴാണ് . പ്രത്യേകിച്ചും എഴുത്തിനെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തുന്ന എഴുത്തുകാരുടെ രചനകള്‍ വായനക്കാരെ ആ കാലവിളംബരം ഓര്‍മ്മിപ്പിക്കുക തന്നെ ചെയ്യും . ഒരു കാലത്ത് നോവല്‍ സാഹിത്യം മനുഷ്യ ബന്ധത്തിന്റെ അഗാധതയില്‍ നിന്ന് സംവദിക്കുന്നവയായിരുന്നു. സൂക്ഷ്മതലങ്ങളെ പോലും പ്രാധാന്യത്തോടെ അവതരിപ്പിക്കുകയും ജീവിതത്തിന്റെ പശിമയെ വായനക്കാരന് കലര്‍പ്പില്ലാതെ അനുഭവവേദ്യമാക്കുകയും ചെയ്യുവാന്‍ ആ കാലത്തു എഴുത്തുകാരന്‍ വളരെ ശ്രദ്ധിച്ചിരുന്നു . തകഴിയും ബഷീറും കമലാദാസും ഉറൂബും എം ടിയും തുടങ്ങി ഒരു വലിയ നിരയിലെ വായനകള്‍ തരുന്ന ഓര്‍മ്മകള്‍ ഇവയെ ശരിവയ്ക്കുകയും ചെയ്യുന്നു . ഗ്രാമീണ ജീവിതത്തിന്റെ നൈര്‍മല്യവും , വികാര വിചാരങ്ങളും കടല്‍ കടക്കുകയോ പട്ടണങ്ങള്‍ കവര്‍ന്നെടുക്കുകയോ ചെയ്തപ്പോള്‍ ഭാഷയിലും എഴുത്തിലും ആ വ്യതിയാനവും വായനക്കാരന്‍ അറിയുവാന്‍ തുടങ്ങി . നഗരങ്ങളുടെ എഴുത്തിലേക്ക് കടന്നുവന്ന സാഹിത്യം മധുരനൊമ്പരങ്ങളുടെ ഓര്‍മ്മപ്പെയ്ത്തുകള്‍ ആയി ഗ്രാമങ്ങളെ ഓര്‍മ്മിക്കുവാന്‍ തുടങ്ങിയതും ആ കാലഘട്ടത്തില്‍ ആണ് . ഇതില്‍ നിന്നും മുക്തി നേടിത്തുടങ്ങുന്ന പുതിയ കാലം വീണ്ടും മനുഷ്യ ജീവിതത്തിലെ പച്ചയായ ആവിഷ്കാരങ്ങള്‍ കൃത്രിമത്വങ്ങള്‍ ഇല്ലാതെ അവതരിപ്പിക്കുവാന്‍ പുതിയ സങ്കേതങ്ങള്‍ തുടങ്ങി വയ്ക്കുന്ന കാഴ്ച്ചയാണ് ഇന്നിന്റെത് . ദുരൂഹമായ ഭാഷ, സാഹിത്യത്തില്‍ നിന്നും കളം ഒഴിയുകയും ലളിതമായ പദസമ്പത്ത് തിരികെ കടന്നു വരികയും ചെയ്യുന്ന ഈ ഘട്ടത്തില്‍ സാഹിത്യം ഒരു പുതിയ പന്ഥാവില്‍ അല്ലെ എന്ന് വായനക്കാരന്‍ സംശയിച്ചു പോകുന്നു.

എം.ടി യുടെ വിലാപയാത്ര എന്ന നോവല്‍ വായിക്കുമ്പോള്‍ മനസ്സില്‍ തടയുന്ന ചില ബിംബങ്ങള്‍ ആണ് പഴയകാല എഴുത്തുകളില്‍ വായിച്ചിട്ടുള്ള കൊളംബ് , പീടികത്തെരുവുകള്‍ , നിശബ്ദപ്രണയങ്ങള്‍ എന്നിവയുടെ സാന്നിദ്ധ്യങ്ങള്‍ . ഈ നോവല്‍ പശ്ചാത്തലം അച്ഛന്‍ മരിച്ചതിനാല്‍ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ വരുന്ന മൂന്നു മക്കളുടെ വികാര വിചാരങ്ങളും ഓര്‍മ്മകളും ആണ്. ഓരോ മരണവും തരുന്നത് നിതാന്തമൗനങ്ങള്‍ മാത്രമല്ല ദീര്‍ഘമായ ചിന്തകളും കൂടിയാണ് . പരേതനെ ചുറ്റിപ്പറ്റി ഓര്‍മ്മകള്‍ കാട് കയറുകയും തേങ്ങലുകള്‍ നിറഞ്ഞ അന്തരീക്ഷം ഘനീഭവിച്ച മൗനത്താല്‍ നിശബ്ദമാകുകയും ചെയ്യും . അച്ഛന്‍ ആരായിരുന്നു , എന്തായിരുന്നു തുടങ്ങി ഒരു വിശകലനം ആണ് മക്കളുടെ ചിന്തകളിലൂടെ കടന്നു പോകുന്നത് . ജീവിതത്തില്‍ വിജയിക്കാന്‍ കഴിയാതെ പോയവര്‍ പഴി പറയുമ്പോള്‍ , വഴികള്‍ തുറന്നുകിട്ടിയവര്‍ അതിനെ ഓര്‍ത്ത്‌ ആശ്വസിക്കുന്നുണ്ടാകും . പരേതന്റെ യൗവ്വന കാലത്തെ പ്രണയവും അതിലുള്ള കുടുംബത്തെയും ഓര്‍ക്കാനും അവയെ അപഗ്രഥിക്കാനും ജീവിച്ചിരിക്കുന്നവര്‍ ഒരുപക്ഷെ ധൈര്യം കാട്ടുന്ന ഒരു സമയം കൂടിയാണ് മരണം . എന്താണ് തങ്ങള്‍ക്കു വേണ്ടി ബാക്കി വച്ചിട്ടുള്ളത് എന്ന് തിരയുന്നവരും , ദഹനത്തിന് ഉപയോഗിക്കുന്ന മരം ആരുടെ ഓഹരിയില്‍ നിന്നാകണം എന്ന ആശങ്കളും അവര്‍ പങ്കു വച്ചേക്കും  ജോലിയിലെ ബുദ്ധിമുട്ടും തിരികെ എത്തേണ്ട അത്യാവശ്യങ്ങളും അവരെ മുള്‍മുനയില്‍ നിര്‍ത്തിയേക്കും . ദൂരെയുള്ള കുടുംബ ബന്ധുക്കളെ കാത്തിരിക്കേണ്ടി വരുന്ന മക്കളും പരേതനും ഓരോ മരണ വീടിന്റെയും കാഴ്ചകള്‍ ആണ് . മരണവീട്ടിന്റെ അന്തരീക്ഷത്തെ വളരെ നന്നായി ഒട്ടും ചമയങ്ങള്‍ ഇല്ലാതെ അവതരിപ്പിച്ചിരിക്കുന്ന ഈ നോവല്‍ അവസാനിക്കുമ്പോള്‍ ശവദാഹം കഴിഞ്ഞു മക്കള്‍ ധൃതിപെട്ടു തിരികെ പോകുകയാണ് . ഇനിയുള്ള കര്‍മ്മങ്ങള്‍ക്ക് അവര്‍ വന്നേക്കാം ചിലപ്പോള്‍ വരാന്‍ കഴിയില്ല . ഒഴിവാക്കാന്‍ കഴിയാത്ത ഒരു കടമ മാത്രമായി മക്കള്‍ വരികയും പോകുകയും ചെയ്യുന്നതിനിടയ്ക്കുള്ള അവരുടെ കുറെ മണിക്കൂറുകള്‍ എഴുത്തിന്റെ കയ്യടക്കം നന്നായി അറിയുന്ന ഒരു എഴുത്തുകാരന്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്ന കാഴ്ച വായനക്കാരനെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും . ദീര്‍ഘമായി പറഞ്ഞു പരത്തുകയോ , ആവശ്യമില്ലാത്ത ഇടങ്ങളിലേക്ക് വായനക്കാരനെ വലിച്ചുകൊണ്ട് പോയി വിരക്തി ഉണ്ടാക്കുകയോ ചെയ്യാതെ എന്നാല്‍ പറയേണ്ടത് പറയേണ്ടത് പോലെ ഭംഗിയില്‍ പറഞ്ഞ ഈ നോവല്‍ തീര്‍ച്ചയായും എം ടി എന്ന പ്രതിഭയുടെ കൈയൊപ്പ്‌ പതിഞ്ഞ ഒരു നല്ല വായന നല്കി. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


2 comments: