Wednesday, November 22, 2017

മഞ്ഞെന്നും മരമെന്നും നീയെഴുതുമ്പോൾ!


മുറിവേറ്റ നിൻ വിരൽ -
ത്തുമ്പിൽ നിന്നൊരു തുള്ളി
നിണമെന്റെ നെഞ്ചിൽ വീഴുമ്പോൾ
ചിറകറ്റ പക്ഷിതൻ മിഴികൾ പോലെ -
ന്നിട നെഞ്ചിൽ നിന്നുറവപൊട്ടുന്നു.

വേദനയാണ് ചുറ്റിലും, ദേഹിയെ
വേർപെട്ട ആത്മാക്കൾ നല്കും
താപമാണ് കാറ്റായി പൊതിയുന്ന
തെങ്കിലും കരയുവാൻ മറന്നവർ നാം !

പരസ്പരം പറയാക്കഥകൾ കൊണ്ടും
അറിയാക്കനവുകൾ കൊണ്ടും
നമ്മൾ പണിയുന്നുണ്ടൊരു വീട്
കാടിൻ നടുവിലാരും കാണാതെ.

മഞ്ഞെന്നും മരമെന്നും മാനെന്നു
മെഴുതുന്നു നീയെന്നെയെന്നും.
കടലാണ് കാഞ്ഞിരക്കുരുവാണ്
കള്ളച്ചിരിയാണ് നീയെന്നു ഞാനും .

ഒടുവിലൊരു നടുക്കത്തിൽ നാം
അകലുമിരു ദിശയിലേക്കെങ്കിലും
വിരലുകൾ തൊടാൻ മാത്രമകലം
മതിയെന്നു നീ കരയുന്നതെന്തേ?
... ബിജു.ജി.നാഥ് വർക്കല

1 comment:

  1. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete