ലാബ്രിന്ത് (നോവല്‍ )
ഷാര്‍ലി ബഞ്ചമിന്‍
കൈരളി ബുക്സ്
വില :170 രൂപ
നോവല്‍ സാഹിത്യം എന്നത് പലപ്പോഴും സാധ്യതകളുടെ ഒരു വിസ്മയ ലോകമാണ് . അടയാളപ്പെടുത്തേണ്ടത് എന്തുതന്നെയായാലും അതിനെ മനോഹരമായും വിശാലമായും പറഞ്ഞു വയ്ക്കുവാന്‍ ഇതിലും മികച്ചൊരു സങ്കേതം വേറെയില്ല തന്നെ . ചില നോവലുകള്‍ വായിച്ചു പോകുമ്പോള്‍ വായനക്കാരന്‍ അറിയാതെ അതിലൂടെ സഞ്ചരിക്കുകയും അതില്‍ നിന്നും പുറത്തു വരാന്‍ കഴിയാത്ത വണ്ണം അതിലേക്ക് മുഴുകിപ്പോകുകയും ചെയ്യുക പതിവാണ് . കഥയാണോ ജീവിതമാണോ എന്നറിയാതെ കണ്ണുനീര്‍ ചൊരിഞ്ഞു പോകുന്ന അനുഭവങ്ങള്‍ ഉണ്ട് . ചിലപ്പോള്‍ ഒരു ചലച്ചിത്രത്തിലെന്ന പോലെ അതിനെ കണ്‍മുന്നില്‍ കാണാന്‍ കഴിയും . എഴുത്തുകാരന്റെ കയ്യടക്കവും കഴിവും ആണ് ഇതിനു കാരണമായി പറയാവുന്നത് . മലയാള സാഹിത്യത്തില്‍ നോവല്‍ മേഖലയില്‍ ഒട്ടേറെ പ്രഗത്ഭര്‍ പലവട്ടം അത് വായനക്കാരെ അനുഭവിപ്പിച്ചവര്‍ ആണ് .
പ്രവാസമേഖലയില്‍ നിന്നും ഭേദപ്പെട്ട എഴുത്തുകള്‍ ഒന്നും തന്നെ മലയാളത്തിനു അധികം ലഭിക്കാന്‍ ഉള്ള അവസരം ഉണ്ടായിട്ടില്ല . അന്നം തേടി വന്നവര്‍ക്ക് അക്ഷരങ്ങള്‍ അന്യമായതിനാല്‍ അല്ലത് . എഴുതാന്‍ അവനുള്ള അവസരങ്ങള്‍ ജീവിത സമരത്തില്‍ തുലോം കുറവായിരുന്നു എന്നതിനാല്‍ ആണ് എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നതു . ഓരോ പ്രവാസിയും പ്രത്യേകിച്ചും ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന ഓരോ പ്രവാസിയും അനുഭവങ്ങള്‍ എഴുതാന്‍ തുടങ്ങുകയാണെങ്കില്‍ ഒരുപക്ഷെ ഇന്നേവരെ വായിച്ചു മടക്കിവച്ചവ ഒന്നുമല്ല എന്ന തോന്നല്‍ വായനക്കാരന് തോന്നിയേക്കും എന്ന വാസ്തവികത ആരും ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണു .
"ലാബ്രിന്ത്" എന്ന നോവലിലൂടെ "ഷാര്‍ലി ബഞ്ചമിന്‍" ഈ ഒരു സാംഗത്യത്തെ അടയാളപ്പെടുത്തുമ്പോള്‍ അടുത്തകാലത്ത് ഇറങ്ങിയ പ്രവാസ സാഹിത്യ കൃതികളില്‍ മുന്നില്‍ നില്‍ക്കാന്‍ എന്തുകൊണ്ടും യോഗ്യമായത് എന്ന് മനസ്സിലാക്കാന്‍ കഴിയും. വില്പനയുടെ ബാഹുല്യമോ , വിഷയത്തിന്റെ പാരിസ്ഥികതയോ ഒന്നുമല്ല ഈ നോവലിനെ വ്യത്യസ്തമാക്കാന്‍ സഹായിക്കുന്നതു എന്നതാണ് ഇതിലെ രസാവഹമായ ഒരു വിഷയം .
ഈ നോവല്‍ രണ്ടു സുഹൃത്തുക്കളുടെ ആത്മാര്‍ത്ഥ സ്നേഹത്തിന്‍റെ കഥയാണ് പറയുന്നത് . ഒപ്പം പ്രണയത്തിലെ തീവ്ര നൊമ്പരങ്ങളും ത്യാഗങ്ങളും. ജീവിത സമരത്തില്‍ ഒന്നിച്ചു പൊരുതിയ രണ്ടുപേര്‍ . ഒരാളിന് മറ്റൊരാളിനെ അത്ര അടുത്തു മനസ്സിലാക്കാന്‍ കഴിയുക അവര്‍ തമ്മില്‍ ആഴത്തിലുള്ള സൗഹൃദത്തില്‍ ആയിരിക്കുമെങ്കില്‍ മാത്രമാണ് . അവര്‍ക്കിടയില്‍ മാത്രം ഒളിച്ചു നിന്ന രഹസ്യങ്ങള്‍ . അവര്‍ മാത്രം പങ്കു വച്ച സ്വകാര്യതകള്‍ . തികച്ചും സൗഹൃദത്തിന്റെ മനോഹരമായ ഇഴയടുപ്പം അതിന്റെ അഗാധതകളില്‍ ഒരുമിച്ചു കൈകോര്‍ത്തു സഞ്ചരിക്കുന്ന കാഴ്ചയാണ് നോവല്‍ പങ്കു വയ്ക്കുന്നത് . ഒപ്പം തന്നെ ഗള്‍ഫ് പ്രവാസജീവിതത്തിന്റെ ചിത്രം വളരെ ഭംഗിയായി വരച്ചിട്ടു നോവലില്‍ . പ്രവാസജീവിതങ്ങള്‍ അടയാളപ്പെടുത്തിയ നോവലുകള്‍ക്ക് / എഴുത്തുകള്‍ക്ക് ഒപ്പം മുന്‍ നിരയില്‍ നില്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ മരുഭൂമിയും , കുറെ ജീവിതങ്ങളും പച്ചയോടെ മുന്നില്‍ വന്നു നില്‍ക്കുന്ന പ്രതീതി ജനിപ്പിച്ചു.
ക്യാമ്പ് ജീവിതം , തൊഴില്‍ ചൂക്ഷണങ്ങള്‍ , ലൈംഗികത , സ്വവര്‍ഗ്ഗ രതി , മദ്യപാനം , മരുഭൂമിയുടെ വന്യത , അറബ് സംസ്കാരം , തുടങ്ങി എല്ലാ തലത്തിലുമുള്ള ജീവിതങ്ങളെ ഈ നോവലില്‍ ചിട്ടയോടും അതിഭാവുകത്വം ഇല്ലായ്മയിലൂടെയും വരച്ചിടുന്നു എഴുത്തുകാരന്‍. ജീവിതത്തിന്റെ യൗവ്വനം മരുഭൂമിയിലും അവശതയുടെ , അനാഥത്വത്തിന്റെ വാര്‍ദ്ധക്യം ജന്മനാട്ടിലും ആകുന്ന പ്രവാസി എങ്ങനെ അവയിലൂടെ കടന്നുപോകുന്നു എന്നത് ഈ നോവല്‍ കൃത്യമായി അടയാളപ്പെടുത്തുന്നു .
മരണം , വാര്‍ദ്ധക്യം എന്നിവയുടെ ഭീകരതയും നിസ്സഹായതയും തികച്ചും സാധാരണക്കാരനായി നിന്നുകൊണ്ട് പറയുമ്പോള്‍ അനുഭവത്തിന്റെ നേര്‍സാക്ഷ്യം പോലെ അത് അനുഭവവേദ്യമാകുന്നു വായനയില്‍ . സേവ്യര്‍ എന്ന സ്നേഹിതന്റെ മരണക്കിടക്കയില്‍ തുടങ്ങി അയാളുടെ ശവമടക്കില്‍ അവസാനിക്കുന്ന മൂന്നു ദിവസങ്ങള്‍! അതിലൂടെ കടന്നു പോകുന്ന സ്നേഹിതന്‍ ഒരു ദൃക്സാക്ഷിയെപ്പോലെ എല്ലാം കണ്ടു നില്‍ക്കുന്നത് അക്ഷരങ്ങളിലൂടെ അനുഭവിക്കുകയാണ് . പറഞ്ഞു തീര്‍ക്കാതെ പോയ മൗനം പോലെ സേവ്യര്‍ ബാക്കി വച്ച തന്റെ കഥ വായനക്കാരന്‍ അറിയുന്നത് ഒരു ചലച്ചിത്രത്തിലൂടെയെന്ന പോലെ അനുഭവിച്ചറിയാന്‍ കഴിയുന്നുണ്ട് വായനയില്‍
.
ഇതില്‍ ജീവിതമുണ്ട് . ചമയങ്ങളില്ലാത്ത ജീവിതം . ഇത്തരം കല്മഷമില്ലാത്ത ജീവിതങ്ങള്‍ അക്ഷരങ്ങള്‍ ആകുമ്പോഴാണ് നല്ല വായനകള്‍ ലഭിക്കുന്നത് . മലയാള സാഹിത്യത്തില്‍ പ്രവാസിയായ എഴുത്തുകാരുടെ ഭാഗത്ത് നിന്നൊരു നല്ല വായനകൂടി ലഭിച്ചിരിക്കുന്നു എന്ന സന്തോഷം പങ്കു വയ്ക്കുന്നു സ്നേഹപൂര്‍വ്വം ബി.ജി.എന്‍ വര്‍ക്കല
ആശംസകള്‍
ReplyDelete