Monday, November 13, 2017

അവതാരികയും അപമാനവും !


പ്രിയപ്പെട്ട അവതാരിക / കുറിപ്പെഴുത്തുകാരെ,
ഓരോ കൃതിയും വായനക്കാരൻ തിരഞ്ഞെടുക്കുന്നത് വായനക്കാരനാ എഴുത്തുകാരനെ നേരിട്ട് പരിചയം ഉണ്ടായിട്ടാകില്ല .മിക്ക സമയങ്ങളിലും. അതിൽ പറയുന്ന അവതാരികയോ പ്രമോഷൻ കുറിപ്പോ എഴുതുന്ന വ്യക്തിത്വങ്ങളെ നോക്കിയാകും.  തീർച്ചയായും അതിനു കാരണം , നിങ്ങളെ അവർ തിരിച്ചറിയുന്നു എന്നതിനാൽ മാത്രമാണ്. ആയതിനാൽ  അവർ നിങ്ങൾ എഴുതുന്ന അക്ഷരങ്ങൾ വായിച്ചു ആകാംക്ഷയോടെ ആ പുസ്തകം വാങ്ങുകയും വായിക്കുകയും ചെയ്യും ഇവിടെ  വായനക്കാരൻ പലപ്പോഴും നിരാശരാകുകയും ആ പുസ്തകം എഴുതിയ ആളെ മാത്രമല്ല അതിലേക്ക് വഴി വെട്ടിത്തെളിച്ച് നിങ്ങളെയും നല്ല ഭാഷയിൽ തന്നെ തെറി വിളിക്കുകയും ചെയ്യും. ഇത് അറിഞ്ഞു കൊണ്ട് തന്നെ നിങ്ങൾ ഇത്തരം ആത്മാർത്ഥതയില്ലാത്ത വാക്കുകൾ കേവലം പണം, മദ്യം ,ശരീരം, വസ്ത്രം, മറ്റു കാഴ്ചവസ്തുക്കൾ എന്നിവയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് അക്ഷരങ്ങളോട് ചെയ്യുന്ന നഗ്നമായ വ്യഭിചാരം ആണ് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

      ഇതിൽ മലയാളത്തിലെ കാര്യം മാത്രം എടുക്കുകയാണെങ്കിൽ സാഹിത്യ തറവാട്ടിലെ കാരണവന്മാർ തൊട്ട് ഇളമുറക്കാർ വരെ ഇത്തരം അപചയത്തിന് തയ്യാറാകുന്നത് ഖേദകരമാണ് . തീർച്ചയായും സമ്മാനങ്ങൾ ലഭിക്കുക അല്ലെങ്കിൽ പ്രതിഫലം ലഭിക്കുക എന്നത് നിങ്ങളുടെ പ്രശസ്തി അതും നിങ്ങളുടെ അക്ഷരങ്ങളുടെ പ്രശസ്തി കൊണ്ടാണ് എന്നത് നിങ്ങൾ തിരിച്ചറിയണം. അതുകൊണ്ടുതന്നെ ആ അക്ഷരങ്ങൾ സത്യസന്ധമായി നിങ്ങൾ ഉപയോഗിക്കുവാനും പഠിക്കണം. ഇതിനുപകരമായി വാങ്ങിയ പണത്തിന്റെ  നന്ദി പ്രകടനമായി നിങ്ങൾ  കപടമായ ആശംസകളും അഭിപ്രായങ്ങളോ പറയാൻ ശ്രമിക്കുന്നത് നിങ്ങളുടെ വീഴ്ചയാണ് എന്ന് പറയാൻ  ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. അതുപോലെ നിങ്ങളെ ഒരു പുസ്തകത്തിന് ആശംസയോ അഭിപ്രായമോ പറയാൻ വിളിച്ചാൽ അത് ആദ്യം ഒരു കോപ്പി എഴുത്തുകാരനിൽ നിന്നും വാങ്ങി വായിച്ചതിനു ശേഷം ചെയ്യുക അല്ലാത്ത പക്ഷം ഈ എഴുത്തുകാരനെ /കാരിക്ക് ആശംസകൾ എന്നുള്ള ഒഴുക്കൻ വാക്കുകളിൽ നിർത്തുക നേരെ മറിച്ച് ഒന്നും വായിക്കാതെ മലയാളത്തിന്റെ വാഗ്ദാനമാണ്, സാഹിത്യ സിംഹാസനത്തിൽ നാളെ ഇരിക്കുവാൻ അർഹതയുണ്ട് എന്നൊക്കെയുള്ള   വാക്കുകൾ ഉപയോഗിച്ച്    കിട്ടിയ മൈക്കിനെ തിന്നുതീർക്കാതിരിക്കുക.
       എഴുത്തുകാരോട് പറയാനുള്ളത് നിങ്ങൾ ഒരാളെ ആശംസ പറയാനോ ആസ്വാദനം പറയാനോ വിളിച്ചാൽ അതിനു വിളിക്കുന്ന അവസരത്തിൽ തന്നെ ഒരു കോപ്പി അവർക്കു നൽകുകയാണെങ്കിൽ സത്യസന്ധമായി അവർക്ക് സംസാരിക്കുവാൻ കഴിയുമെന്നാണ്. പലരും രഹസ്യമായി വിമർശിക്കുകയും പരസ്യമായി വാഴ്ത്തുകയും ചെയ്യുന്ന നാടകങ്ങൾ കണ്ടു പരിചയമുള്ളതിനാൽ ഇത് കേൾക്കുന്നതും പലപ്പോഴും വായിക്കുന്നതും ബോബനും മോളിയും വായിക്കുന്ന പ്രതീതി ഉണ്ടാക്കുന്നുണ്ട്.
എല്ലാപേരും അല്ല പക്ഷേ അത്തരക്കാർ കൂടി വരുന്നു. വെറും പൈങ്കിളി എഴുത്തുകളെപ്പോലും ഉത്കൃഷ്ടമെന്നു തഴക്കവും പഴക്കവും ചെന്ന എഴുത്തുകാർ എഴുതിക്കൊടുക്കുമ്പോഴും , പ്രസംഗിക്കുമ്പോഴും ആത്മനിന്ദ തോന്നാത്തത് സമ്മാനത്തിന്റെ കനം നല്കുന്ന ആനന്ദം മൂലമാകാം. പക്ഷേ വായനക്കാരെ നിങ്ങൾ ചതിക്കാൻ കൂട്ടുനില്ക്കുന്നതിന്നു അത് ഒരു ന്യായീകരണമല്ല എന്നോർക്കുന്നത് നല്ലതാണ്.
ഇനിയെങ്കിലും കൂലി വാങ്ങി മുഖസ്തുതി നടത്തുന്നവരായി എഴുത്തുകാർ മാറരുത് എന്ന വിനീതമായ അഭ്യർത്ഥനയോടെ സ്നേഹപൂർവ്വം ബി.ജി.എൻ വർക്കല

1 comment:

  1. സത്യസന്ധമായ എഴുത്ത്.ഞാന്‍ പലപ്പോഴും പുസ്തകം വായിച്ചുകഴിഞ്ഞെെ അവതാരിക വായിക്കാറുള്ളൂ.....
    ആശംസകള്‍

    ReplyDelete