Wednesday, November 29, 2017

(അ) വിശുദ്ധ മുറിവുകൾ ...... ഹണി ഭാസ്കരൻ

(അ)വിശുദ്ധമുറിവുകള്‍(ഓര്‍മ്മ)
ഹണി ഭാസ്കരന്‍
ലിപി പബ്ലിക്കേഷന്‍സ് 
വില :200 രൂപ 


         ഓര്‍മ്മയെഴുത്തുകളുടെ ഓളപ്പാത്തികളില്‍ ഒഴുകി നടക്കുന്ന സാഹിത്യത്തിലെ ഒരു ശാഖ ഉണ്ട്. ഒരുപക്ഷെ മുന്‍കാലങ്ങളില്‍ ഈ ഓര്‍മ്മക്കുറിപ്പുകള്‍ പ്രശസ്തരുടെ ഇന്നലെകളെക്കുറിച്ചുള്ള സായാഹ്നക്കുറിപ്പുകള്‍ ആയിരുന്നുവെങ്കില്‍  ഇന്നത്‌ മധുരനൊമ്പരക്കുളിര്‍ക്കാറ്റുകള്‍ സമ്മാനിക്കുന്ന ഒരു പൊതുവിഭാഗം ആയി മാറിയിട്ടുണ്ട് . ഒരാള്‍ ജീവിച്ച സാഹചര്യങ്ങളെയും കാലഘട്ടത്തെയും സമൂഹത്തെയും അയാളുടെ തന്നെയും അടയാളപ്പെടുത്തല്‍ ആണ് ഓര്‍മ്മക്കുറിപ്പുകള്‍. സഞ്ചാരസാഹിത്യം പോലെയോ ആത്മകഥ പോലെയോ ഓര്‍മ്മക്കുറിപ്പുകളും വായനയില്‍ വലിയ ഓളങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് ഇന്ന് . പല പതിപ്പുകള്‍ ഇറങ്ങിയ ദീപ നിശാന്തിന്റെ ഭൂതകാലക്കുളിരും ,  രമപൂങ്കുന്നത്തിന്റെ  ഉറവയും, ഷൈന കുഞ്ചന്റെ ഓര്‍മ്മയിലെ വെള്ളാരങ്കല്ലുകളും ഒക്കെ ഇത്തരം ഓര്‍മ്മകളുടെ ശേഖരം ആണ്.

       "(അ)വിശുദ്ധമുറിവുകള്‍ " എന്ന ഓര്‍മ്മപ്പുസ്തകത്തിലൂടെ "ഹണി ഭാസ്കരനും " ഇതേ പാതയില്‍ ആണ് തന്നെ അടയാളപ്പെടുത്തുന്നത് എന്ന് കാണാം .സാഹിത്യഭാഷ കൈവശമുള്ള ആര്‍ക്കും തന്നെ സ്വയം അടയാളപ്പെടുത്താന്‍ അധികം വിഷമിക്കേണ്ടി വരുന്നില്ല . കാരണം പറയാനുള്ളത് എത്ര ചെറിയ കാര്യമാണെങ്കിലും അത് പറയുന്ന രീതിയാണ് വായനക്കാര്‍ സ്വീകരിക്കുക എന്നതിനാല്‍ തന്നെ എഴുത്തുകാര്‍ തങ്ങളുടെ ശൈലികള്‍ പലപ്പോഴും പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാറുണ്ട്. ഇവിടെ ഹണി എന്ന എഴുത്തുകാരിയുടെ നോവലുകളും കവിതകളും നല്‍കുന്ന വായനയിലെ ഭാഷയുടെ മധുരവും എരിവും പുളിയും തന്റെ ഓര്‍മ്മകളില്‍ പകരുമ്പോള്‍ അതിനാല്‍ തന്നെ അത് വായനക്കാരനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കാം .

       രമയും ദീപ നിശാന്തും ഷൈനയും  തങ്ങളുടെ ബാല്യത്തെയാണ് അടയാളപ്പെടുത്തിയത് എങ്കില്‍ ഹണി തന്റെ ബാല്യവും കൗമാരവും യൗവ്വനവും സമകാലികജീവിതവും ആണ് ഇതില്‍ പരിചയപ്പെടുത്തുന്നത് . തന്റെ കുട്ടിക്കാലം , കളിക്കൂട്ടുകാർ, അയൽപക്കങ്ങൾ , ഋതുമതിയായത് , സ്കൂളുകൾ പെൺകുട്ടികൾക്കു നല്കുന്ന ആരോഗ്യ ബുദ്ധിമുട്ടുകൾ , ബാംഗ്ലൂർ നഗരത്തിലെ ഹോസ്റ്റൽ ജീവിതം, അവിടെ പരിചയപ്പെട്ട മുഖങ്ങൾ , വിവിധ തലത്തിലെ സ്ത്രീകൾ , ഗൾഫ് ജീവിതം , സൗഹൃദങ്ങൾ , വിവാഹ ജീവിതം തുടങ്ങി നാട്ടിലും പ്രവാസത്തിലും ഒറ്റയ്ക്കൊരു പെണ്ണിനു കാണേണ്ടി വരുന്ന വിവിധ മുഖങ്ങൾ ഉള്ള സ്ത്രീ പുരുഷന്മാരെ ഒക്കെയും ഹണി ഓർക്കുന്നുണ്ട് ഇതിൽ. തന്നെ സ്വാധീനിച്ചവരും വേദനിപ്പിച്ചവരും ഓർമ്മകളിൽ നോവായി മറഞ്ഞവരും എല്ലാം തിക്കിത്തിരക്കി വരുന്ന ഈ പുസ്തകത്തിൽ നിറയെ കാണാവുന്നത് ജീവിതത്തോട് സമരം ചെയ്യുന്ന ഒരു സ്ത്രീ തന്നെയാണ്.

        തന്റെ പ്രതികരണ സ്വഭാവത്തെ, ജീവിതവും ചുറ്റുപാടുകളും നല്കുന്ന തിരിച്ചറിവിനാൽ തന്നിൽ തന്നെ അമർത്തിവച്ചു ഉറക്കെ പൊട്ടിക്കരയുന്ന ഒരാൾ വികാരാധീനയായി പ്രതികരിക്കാൻ കഴിയാതെ അക്ഷരങ്ങൾ കൊണ്ടവരെ വെട്ടിമുറിക്കാൻ ശ്രമിക്കുന്ന കാഴ്ചകൾ വായന തരുന്നു. മൊത്ത വായനയിൽ ഏറ്റവും മനോഹരമായി അനുഭവപ്പെട്ടത് പ്രണയത്തിന്റെ അനവദ്യമായ സൗരഭ്യം നിറഞ്ഞ ഒരു ചാപ്റ്റർ മാത്രമാണ്.  മറ്റെല്ലാം ലേഖനങ്ങളും ഓർമ്മക്കുറിപ്പുകളുമായി സോഷ്യൽ മീഡിയകളും ഓൺലൈൻ പത്രങ്ങളും വഴി പങ്കുവച്ചവയുടെ ആവർത്തനങ്ങളായിരുന്നതായി അനുഭവപ്പെട്ടു. കെട്ടിലും മട്ടിലും നല്ല നിലവാരമുള്ള പ്രിന്റും ഡിസൈനുമായി ഈ ഓർമ്മകളുടെ ശേഖരം ഒറ്റ വായനയ്ക്കു ഉതകുന്ന രീതിയിൽ ഒതുക്കിയെടുത്തിരിക്കുന്നു.
ആശംസകളോടെ ബി.ജി.എൻ വർക്കല

1 comment: