പൂജ്യം (നോവല്‍)
രവിവര്‍മ്മ തമ്പുരാന്‍
നാഷണല്‍ ബുക്ക് സ്ടാള്‍
വില :175രൂപ
നോവല്‍ വായനയില്‍ വ്യത്യസ്ഥത അവകാശപ്പെടാവുന്നവ വളരെ കുറവാകും
എന്നുള്ളതിനാല്‍ തന്നെ അത്തരം വായനകള്‍ മനസ്സിന് നല്‍കുന്ന സന്തോഷം വിവരണാതീതമാണ്.
പലപ്പോഴും അത്തരം വായനകള്‍ വായനക്കാരിലേക്ക് എത്താതെ പോകുന്നത് ഒരുപക്ഷെ വേണ്ട
വിധത്തില്‍ അവ വായനക്കാരിലേക്ക് എത്തപ്പെടാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ അടയുന്നതിനാല്‍
ആകാം . ശ്രദ്ധിക്കാതെ പോകുന്ന പേരുകള്‍ പലപ്പോഴും തരിക വിസ്മയകരമായ വായനകള്‍
ആണെന്നതിനാല്‍ ഒരിക്കലും വായന ഇഷ്ടപ്പെടുന്നവര്‍ വായനയില്‍ വേര്‍തിരിവുകള്‍
തിരഞ്ഞെടുപ്പില്‍ നല്‍കരുത് എന്നാണു അനുഭവം പഠിപ്പിക്കുന്നത് .
“പൂജ്യം” എന്ന നോവല്‍ “രവിവര്‍മ്മ തമ്പുരാന്‍” അവതരിപ്പിക്കുന്നത് വളരെ വേറിട്ട ഒരു തലത്തില്‍
നിന്നുകൊണ്ടാണ് . ഒരുപക്ഷെ ഭാഷയും അതെ വേറിട്ട രീതിയില്‍ തന്നെ
പ്രയോഗിക്കുന്നുണ്ട് എന്ന് കാണാം . മനുഷ്യോത്പതി മുതല്‍ ഇങ്ങോട്ടുള്ള മനുഷ്യന്‍
എന്ന സാമൂഹ്യ ജീവിയുടെ വളര്‍ച്ച ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത് അവന്‍
നാഗരികനായി കഴിഞ്ഞതിനു ശേഷം മാത്രമാണല്ലോ. അത്തരം അടയാളപ്പെടുത്തലുകള്‍
ആദ്യകാലത്ത് അവന്റെ കായിക മൃഗയാ വിനോദങ്ങളും മറ്റുമായിരുന്നുവെങ്കില്‍ ക്രമേണ അവന്റെ
മാനസികതലങ്ങള്‍ സങ്കല്പങ്ങളുടെയും കാല്പനികതയുടെയും ഭ്രമാത്മകതയിലേക്ക് ചുവടുമാറുകയായിരുന്നു.
അതോടെ സാഹിത്യം ഉടലെടുക്കുകയും അത് പല വിധത്തില്‍ മനുഷ്യന്റെ സംസ്കാരത്തെയും
ജീവിതത്തെയും ബാധിക്കുകയും ചെയ്തു. ഇന്നും അഭംഗുരം അതങ്ങനെ തന്നെ തുടരുകയും ചെയ്യുന്നുണ്ട്
.
പാര്‍പ്പിടം എന്ന ആശയം മനുഷ്യനില്‍ വന്ന കാലത്തോ അവന്‍ നിറഞ്ഞ
സമൂഹത്തില്‍ വൈദേശികമായ കൈകടത്തലുകള്‍ കടന്നു വരുന്ന കാലം വരെയോ ചരിത്രങ്ങള്‍ കലുഷിതമായിരുന്നില്ല.
എന്നാല്‍ ഇവയുടെ കടന്നുവരവ് അവന്റെ ജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങിയെന്നു കാണാം
. കുടുംബം സമൂഹം എന്നീ കാഴ്ചപ്പാടില്‍ മനുഷ്യന്‍ ബന്ധിതനായപ്പോള്‍ അവന്‍ കൂടുതല്‍
പരിഷ്ക്രിതനും ഒപ്പം കൂടുതല്‍ സ്വാര്‍ത്ഥനും ആയി മാറി . ഒരാളുടെ സാമൂഹ്യമായ
ഇടപെടലുകള്‍ , സ്വഭാവം എന്നിവ രൂപപ്പെടുത്തുക അയാള്‍ വസിക്കുന്ന വീടും ഇടപഴകുന്ന
ചുറ്റുപാടും ചെലുത്തുന്ന ഘടകങ്ങള്‍ അനുസരിച്ചായിരിക്കും . പുരന്ദരന്‍ എന്ന വീട്
നിര്‍മ്മാതാവ് മതിലുകള്‍ ഇല്ലാത്ത വീടുകളുടെ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍
തിരഞ്ഞെടുക്കപ്പെടുന്നു . അതിലേക്കു അയാളെ നയിക്കുന്നത് ആറു പേര്‍ ചേര്‍ന്നുള്ള
ഒരു കൂട്ടമാണ് . ഈ ആറുപേരും ആദിപിതാക്കള്‍ എന്നാണു അറിയപ്പെടുന്നത് ഇതില്‍ .
അവരുടെ പേരുകളുടെ തിരഞ്ഞെടുപ്പില്‍ ചില സൂചകങ്ങള്‍ ഉണ്ട് . ഹിന്ദു മുസ്ലീം
കൃസ്ത്യന്‍ യുക്തിവാദി നിഷ്പക്ഷന്‍ തുടങ്ങിയ ഘടകങ്ങള്‍ ആണ് ഇത്തരം മതിലുകള്‍
ഇല്ലാത്ത വീടിന്റെ ആശയവും ആയി പുരന്ദരനെ സമീപിക്കുന്നത് . പുരന്ദരന്‍ ഇതില്‍
യോഗയുടെ അംബാസഡര്‍ കൂടിയാണ് എന്നത് അവഗണിക്കാന്‍ കഴിയുകയില്ല. വീട് നിര്‍മ്മാണം
തുടങ്ങുമ്പോള്‍ കുറഞ്ഞത് പത്തു പേര്‍ വേണം എന്ന നിഗമനത്തില്‍ ആണ് മൂന്നുപേര്‍
കൂടി ഇതിലേക്ക് വരുന്നത് . ആദ്യം വന്നവരില്‍ നിന്നും വ്യത്യസ്തമായി പുതുതായി
വന്നവര്‍ കൂടുതല്‍ തീഷ്ണവിശ്വാസികള്‍ ആണ് . അവര്‍ മൂന്നുപേര്‍ ആണ് ഒരു മുസ്ലീം ഒരു
കൃസ്ത്യന്‍ ഒരു ഹിന്ദു. അങ്ങനെ വീട് നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ തന്നെ കല്ലുകടി
പോലെ തന്റെ വീടിനു മതില്‍ വേണം എന്ന ആവശ്യം പുതുതായി വന്ന ഒരാള്‍ മുന്നോട്ടു
വയ്ക്കുന്നു . ഇതിനെ തുടര്‍ന്ന് മറ്റു രണ്ടുപേരും പഴയതില്‍ നിന്നൊരാളും മതിലുകള്‍
നിര്‍മ്മിച്ച് കൊണ്ട് വീടുകള്‍ക്കിടയില്‍ മതിലില്ലായ്മ എന്ന ആശയത്തെ തകര്‍ക്കുന്നു .
തുടര്‍ന്ന് പ്രശ്നം തീരുന്നില്ല . ഇവര്‍ മൂന്നുപേരും ചേര്‍ന്ന്
കമ്യൂണിറ്റി ഹാളിനെ അവരുടെ മൂന്നുപേരുടെയും വിശ്വാസപ്രകാരമുള്ള ആരാധനാലയങ്ങള്‍
ആക്കി വിഭജിക്കുന്നു . ആരാധനയും അസഹിഷ്ണുതയും അസ്വാരസ്യങ്ങളും ഇതിനെ തുടര്‍ന്ന്
ഉടലെടുക്കുന്നു . പത്തു വീടുകളും ചേര്‍ന്ന് ഒരു പരിപാടി പോലും നടത്താന്‍
ഒരുമിപ്പുകള്‍ ഇല്ലാത്തതിനാല്‍ കഴിയാതെ വരുന്നു . പുരന്ദരന്‍ നടത്തുന്ന നിരന്തര
പ്രയത്നതാലും ചില ദുരന്തങ്ങളാലും ഒടുവില്‍ അവര്‍ സ്വയം മതിലുകളും ആരാധനാലയങ്ങളും
പൊളിച്ചു മാറ്റുകയും മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ കൂട്ടായി തീരുമാനമെടുക്കുകയും
ചെയ്യുന്നു .
ഇവിടെ പാര്‍ശ്വത്തില്‍
മറ്റൊരു കുടുംബത്തെ കൂടി അവതരിപ്പിക്കുന്നുണ്ട് മണ്ണിന്റെ മക്കള്‍ എന്ന സൂചകമായി അര്‍ണജനും കാദംബരിയും പ്രകൃതിയോടു ചേര്‍ന്ന് ജീവിക്കുന്ന കാഴ്ചയാണത്. അവരുടെ ജീവിതത്തിന്റെ
പ്രകൃതിയോടുള്ള അടുപ്പം വെളിവാക്കുന്ന ഒരു രംഗം മതിയാകും അത് മനസ്സിലാക്കുവാന്‍ .
ഒരേ ഒരു കുട്ടി പുഴ എടുത്തു കൊണ്ട് പോയപ്പോള്‍ പോലും പുഴയ്ക്കും വീടിനും ഇടയില്‍
മതില്‍ കെട്ടാന്‍ ശ്രമിക്കാതെ ഇപ്പോള്‍ എന്റെ മകള്‍ ഉറങ്ങുന്ന ഉറക്കറയാണത് അതിനെ
കെട്ടി മറയ്ക്കാന്‍ സാധ്യമല്ല എന്ന കാദംബരിയുടെ വാക്കുകള്‍ തന്നെയത് .
നോവല്‍ വായനയുടെ വേറിട്ട രസം നല്‍കുന്ന ഈ പുസ്തകം തീര്‍ച്ചയായും
വായിക്കേണ്ടത് തന്നെയാണ് . പൂജ്യം ഒറ്റയ്ക്ക് നിന്നാല്‍ വിലയില്ലാത്തതും ഒന്നിച്ചു
നിന്നാല്‍ വളരെ വലിയ വിലയുള്ളതും ആകും എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുള്ള ഈ
നോവല്‍ വായന ഭാഷയിലെ പുതിയ പരീക്ഷണങ്ങളെ കുറിച്ച് പഠിക്കുന്നവര്‍ക്ക് വഴികാട്ടിയാകും
. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
നല്ല അവലോകനം
ReplyDeleteപൂജ്യം വായിച്ചിട്ടില്ല.വായിക്കണം
ആശംസകള്‍