Thursday, November 16, 2017

ദൈവത്തിനോടായി...... ഹസീന

ദൈവത്തിനോടായി (കവിതകള്‍)
ഹസീന
ലിപി പബ്ലിക്കേഷന്‍സ്
വില :10 ദിര്‍ഹം

കവിതകള്‍ സംഭവിക്കുന്നത്‌ യാദൃശ്ചികമായല്ല. അത് ഒരുങ്ങി വരുന്നത് മനസ്സില്‍ നിന്നും പറഞ്ഞു വച്ച് തന്നെയാകണം . അതുകൊണ്ട് തന്നെ കവിതകളെ എഴുതുമ്പോള്‍ മേക്കപ്പുകള്‍ ഒരുപാട് ചെയ്യേണ്ടിവരുന്നതും . വിരളമായി മാത്രമാണ് ഒറ്റ എഴുത്തില്‍ ഒരു കവിത ശ്രദ്ധിക്കപ്പെടുക . അത് എഴുത്തിന്റെ വിരുതു എന്ന് പറയാം . സോഷ്യല്‍ മീഡിയാ എഴുത്തുകള്‍ പക്ഷെ ക്ഷണികമായ വികാരവിക്ഷോഭങ്ങള്‍ മാത്രമാണ് . അവയില്‍ തപസ്സില്ല . കീബോര്‍ഡില്‍ വിരല്‍ തൊട്ടാല്‍ കവിത വിരിയും . അത് എന്തെന്നോ , എന്തിനെന്നോ ഒരു നിമിഷം ഒന്ന് ഓടിച്ചു വായിക്കുക പോലും ചെയ്യാന്‍ കവിക്ക്‌ സാവകാശമോ ക്ഷമയോ ഉണ്ടാകില്ല . എത്രയും പെട്ടെന്ന് എന്റെ കവിത അവര്‍ കാണണം . എത്ര ലൈക്ക് എത്ര കമന്റു എത്ര ഷെയര്‍ കിട്ടും എന്നതാണ് പ്രധാനം . ഇപ്പോള്‍ പുതിയ ട്രെന്‍ഡ് വൈറല്‍ ആക്കുവാന്‍ എന്താണ് വഴി എന്നത് തേടല്‍ ആയിരിക്കുന്നു എന്നതും മറക്കുന്നില്ല.
കുറച്ചു കാലം കൊണ്ട് സോഷ്യല്‍ മീഡിയ (ബ്ലോഗില്‍ ഈ അസ്കിത കണ്ടിരുന്നില്ല എന്നാണു ഓര്‍മ്മ ) കോക്കസുകളില്‍ പെട്ട് കൊട്ടേഷന്‍ ടീമിന്റെ കരവലയത്തില്‍ കിടന്നു ചക്രശ്വാസം വലിക്കുകയാണ്‌ . പുതിയ രീതികളില്‍  ഒന്ന് ഗ്രൂപ്പ് ഉണ്ടാക്കുക അവിടെ ഒരു പരസ്പര സഹായ സഹകരണ ലൈക്ക് കമന്റ് പ്രസ്ഥാനം രൂപീകരിക്കുക എന്നതാണ് . നൂറായിരം ഗ്രൂപ്പുകള്‍ കവിതയ്ക്കായി ഇന്ന് നിലവില്‍ ഉണ്ട് . അവയിലൊക്കെ ഓടിനടന്നു കവിത പെറ്റിടുകയും തിരിച്ചൊന്നു നോക്കുകയോ മറ്റു കവിതകളെ കണ്ടെന്നു നടിക്കുകയോ ചെയ്യാത്ത സ്വന്തം പ്രൊഫൈലില്‍ കവി എന്നും എഴുത്തുകാരന്‍ എന്നും ലേബല്‍ പതിപ്പിച്ചവരുടെ ലോകം ആയി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വിമര്‍ശിക്കുന്നവന്റെ കുടുംബം വരെ തോണ്ടി പുറത്തിട്ടു ചികഞ്ഞു അവനെയെങ്ങനെ പ്രതിരോധിക്കാം എന്ന ചിന്തയില്‍ ആണ് ഇന്ന് എഴുത്തുകാര്‍ . അടുത്തിടെ ഒരു കവിതാപുസ്തകം വായിച്ചത് ഒരു വായനക്കാരന്‍ എഴുതുമ്പോള്‍ എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടത് സ്വന്തമായോന്നു ഇറക്കാന്‍ കഴിയാത്ത അസ്കിതയില്‍ നിന്നും ആണ് ഈ വിമര്‍ശനം എന്നായിരുന്നു .

ഇത്തരം അവസ്ഥകളില്‍ നിന്നുകൊണ്ടാണ് ചെറിയ വലിയ വായനകള്‍ സംഭവിക്കുന്നത്‌ . അവ പലപ്പോഴും വീണുകിട്ടുന്ന അവസരങ്ങള്‍ ആണ് . ദൈവത്തിനോടായി എന്ന കവിതാപുസ്തകം വായിക്കാന്‍ എടുക്കുമ്പോള്‍ മനസ്സില്‍ അറിയാതെ ഒരു നൊമ്പരം ഉണ്ടായി . മറ്റൊന്നുമല്ല കാരണം ഹസീന എന്ന കവിതാ പുസ്തകത്തിന്റെ അവകാശി പുസ്തകം അച്ചടിച്ച കോപ്പി കണ്ടതിനു പിറ്റേന്ന് മരണമടഞ്ഞു എന്ന വാര്‍ത്ത. രോഗക്കിടക്കയില്‍ കിടന്നുകൊണ്ട് ഒരു കൗമാരക്കാരി എഴുതിയ കവിതകള്‍ ആണ് ഈ കവിതാ പുസ്തകത്തില്‍ നിറയെ . മുപ്പത്തൊന്നു കവിതകള്‍ ഉണ്ട് ഇതില്‍ . ശ്രീ രാജന്‍ കൈലാസ് ആണ് അവതാരിക എഴുതിയിരിക്കുന്നത്. കവിതകള്‍ മിക്കതും ദൈവത്തിന്റെ സമ്മാനം പോലെ തനിക്കു ലഭിച്ച അമ്മയുടെ സ്നേഹം അച്ഛന്റെ സ്നേഹം കൂട്ടുകാരുടെ സ്നേഹം എന്നിവയെ സ്മരിക്കാന്‍ ഉപയോഗിക്കുന്നു . ചില കവിതകള്‍ സാമൂഹികമായ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളും , സോഷ്യല്‍ മീഡിയകളെ കുറിച്ചും പ്രണയത്തെക്കുറിച്ചും പരാമര്‍ശിക്കുന്നു . വളരെ നിരാശാജനകമായ ഒരു മനസ്സിലും പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ആത്മബലം കൊണ്ട് മാത്രം പിടിച്ചു നില്ക്കാന്‍ കഴിഞ്ഞ ഒരു മനുഷ്യന്റെ ജീവവായുവായി കവിതയെ നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കാന്‍ ശ്രമിക്കുന്ന കാഴ്ച അക്ഷരങ്ങളുടെ അമേയമായ ശക്തിയും സൗന്ദര്യവും ആണ് വെളിവാക്കുന്നത് . ജീവിച്ചിരുന്നുവെങ്കില്‍ ഇനിയും കവിതകള്‍ കൂടുതല്‍ വിഷയങ്ങളിലേക്കും തലങ്ങളിലേക്കും കൊണ്ട് പോകാന്‍ കഴിയുമായിരുന്ന ഒരു കുട്ടി ആണ് എന്ന് വായന മനസ്സിലാക്കിത്തരുന്നു. ലോകം അറിയാതെ പോകുന്ന ഇത്തരം മനസ്സുകളെ കണ്ടെത്തി അവര്‍ക്ക് വായിക്കാനും എഴുതാനും ഉള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണെങ്കില്‍ നിലവിലുള്ള കവിതാസങ്കല്പങ്ങള്‍ മാറിമറിയുന്ന സാഹിത്യ കാഴ്ചകള്‍ വായനക്കാരന് സ്വന്തമായേനെ. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല 

1 comment:

  1. പറഞ്ഞത് സത്യം!
    ലിപി പബ്ലിക്കേഷന്‍സ് എന്താണാവോ പുസ്തകത്തിന് 10 ദിര്‍ഹം വില വച്ചിരിക്കുന്നത്.
    ആശംസകള്‍

    ReplyDelete