Monday, November 20, 2017

H2O ............ സലിം അയ്യനത്ത്

H2O (കഥാസമാഹാരം)
സലിം അയ്യനേത്ത്
ലോഗോസ്
വില :75 രൂപ

ഓരോ വായനയും ഓരോ അനുഭവങ്ങള്‍ ആണ് . ഓരോ ലോകം വായനക്കാരന് ലഭ്യമാക്കുന്ന മായാജാലം ആണ് കഥകളുടെ പ്രപഞ്ചം ഒരുക്കുന്നതു . അതിനു കഴിവും എഴുത്തിന്റെ രസതന്ത്രവും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആധുനിക മലയാള സാഹിത്യത്തില്‍ കഥകള്‍ക്ക് പുതിയ പല മാനങ്ങളും വന്നു കഴിഞ്ഞിരിക്കുന്നു . പുതിയ ചെറുപ്പക്കാരുടെ കഥകളുടെ രീതികള്‍ പഴയ മാനറിസങ്ങളെ പാടെ അവഗണിക്കുകയോ അവയെ അപനിര്‍മ്മിക്കുകയോ ചെയ്തിരിക്കുന്നു . ഭാഷയിലെ ശൈലികള്‍ പലപ്പോഴും ജനകീയമായി നില്‍ക്കവേ തന്നെ വിഷയങ്ങള്‍ , ആശയങ്ങള്‍ എന്നിവ വളരെ ആഴത്തില്‍ പതിക്കാന്‍ കഴിയുന്ന വിധത്തില്‍ അത് രൂപപ്പെട്ടു വരുന്നു . വായിച്ചു ഒരു ദിവസമെങ്കിലും ഓര്‍മ്മയില്‍ നില്ക്കാന്‍ കഴിയുമെങ്കില്‍ ആ കഥ വിജയിക്കുന്നു എന്ന വാക്യം ഓര്‍മ്മയില്‍ വരുത്തുന്നു പല വായനകളും . പെണ്ണെഴുത്തും ആണെഴുത്തും മാറി ഒരു നേര്‍വരയില്‍ വന്നു നില്‍ക്കുന്നു . എഴുത്ത് പേര് കൊണ്ട് മാത്രം അടയാളപ്പെടുത്തുന്ന കാലം മാറുകയും വിഷയവും രീതികളും കൊണ്ട് ഓര്‍ക്കപ്പെടുന്ന ഒന്നായി വകഭേദം വരുന്നു . പുതിയതും പഴയതുമായ എഴുത്തുകളെ അതുകൊണ്ട് തന്നെ വിശകലനം ചെയ്യുമ്പോള്‍ ഭാഷയിലെ അത്ഭുതകരമായ രൂപപരിണാമങ്ങളെ വായനക്കാരന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നു .
ലോഗോസ് പുറത്തിറക്കിയ പ്രവാസിയായ യുവ എഴുത്തുകാരന്‍ സലിം അയ്യനത്തിന്റെ H2O  എന്ന കഥാസമാഹാരം ഒന്‍പതു കഥകള്‍ അടങ്ങിയതാണ് . കേരളകൌമുദി നടത്തിയ കഥ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ശീര്‍ഷക കഥയടക്കം ഒന്‍പതു കഥകള്‍ ആണ് സലിം ഇതില്‍ പരിചയപ്പെടുത്തുന്നത്. പ്രവാസത്തില്‍ ഇരിക്കുന്ന എഴുത്തുകാരില്‍ സംഭവിച്ചിരുന്ന വളരെ വലിയ ഒരു പോരായ്മയെ പാടെ ഒഴിവാക്കാന്‍ ഈ കഥകളില്‍ സലിം അയ്യനത്തിനു കഴിഞ്ഞു എന്നത് സന്തോഷം നല്‍കുന്ന ഒരു വസ്തുതയാണ് . സാധാരണ, നാടിന്റെ ഓര്‍മ്മകളും പരിസരവും എഴുതി ഓര്‍മ്മകളില്‍ തന്നെ കഴിഞ്ഞു കൂടുന്ന എഴുത്തുകാര്‍ നിറഞ്ഞ പ്രവാസത്തില്‍ നിന്നും അടുത്തിടെയായി വരുന്ന ഒരു പ്രധാന മാറ്റം ആണ് പ്രവാസത്തില്‍ ഇരിക്കുന്നവര്‍ ആ പരിസരങ്ങളെ അടയാളപ്പെടുത്താന്‍ തുടങ്ങുകയും നാട്ടിലുള്ളവര്‍ പ്രവാസികളെ കുറിച്ച് കഥകള്‍ എഴുതാന്‍ തുടങ്ങുകയും ചെയ്തു എന്നത് .

ജലം മനുഷ്യന്‍ അടുത്ത നൂറ്റാണ്ടില്‍ യുദ്ധം ചെയ്യാന്‍ പോകുന്ന ഒരു പ്രധാനകാരണം ആകും എന്ന പരിഭ്രാന്തി മനുഷ്യകുലത്തില്‍ വന്നു തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല . ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തി ലേഖനങ്ങളും ഡോക്യുമെന്റ്രികളും ചെറുസിനിമകളും രംഗത്ത് വന്നു തുടങ്ങിയിട്ടുമുണ്ട്. H2O പ്രതിനിധാനം ചെയ്യുന്നതും ആ വിഷയം തന്നെയാണ്. ഒരു സ്കൂള്‍ കുട്ടിയുടെ, ജലചൂക്ഷണത്തിനോടുള്ള സമരവും പ്രവര്‍ത്തികളും ആണ് കഥയില്‍ പ്രമേയം ആക്കിയിരിക്കുന്നത് . ദുബായ് പോലുള്ള അറേബ്യന്‍ രാജ്യങ്ങള്‍ കടല്‍ ജലം ശുദ്ധീകരിച്ചു ആണ് ദൈനംദിനകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് . ജലത്തിന്റെ ഉപയോഗത്തെക്കുറിച്ച് ദുബായ് എയര്‍പോര്‍ട്ടില്‍ എത്തുന്നവര്‍ക്ക് ഇരുവശവും ഉള്ള അനവധി ബോധവല്‍ക്കരണ പോസ്ടറുകളില്‍ കൂടി ഗവന്മേന്റ് അതിനാല്‍ തന്നെ അറിവും അപേക്ഷയും നല്‍കുന്നുമുണ്ട് . സ്കൂളില്‍ പുതിയതായ വന്ന സാറിന്റെ വാക്കുകളില്‍ നിന്നും ഊര്‍ജ്ജം നേടുന്ന കുട്ടി വീട്ടിലും സ്കൂളിലും വെള്ളത്തിന്റെ ദുരുപയോഗങ്ങള്‍ തടയാന്‍ വേണ്ടി വളരെ കഠിനവും കര്‍ശനവുമായ പ്രതിരോധങ്ങള്‍ തീര്‍ക്കുന്നതും സ്കൂള്‍ അധികൃതരുടെ തന്നെ കണ്ണില്‍ കരടാവുകയും ചെയ്യുന്നതും ഒടുവില്‍ ഒരു ദിവസം കുട്ടിയെ കാണാതെ വരുകയും തിരഞ്ഞു ചെല്ലുമ്പോള്‍ ബാത്റൂമില്‍ പൈപ്പ് പൊട്ടിയത് ഷാള്‍ ഉപയോഗിച്ച് ബ്ലോക്ക് ചെയ്യുമ്പോള്‍ തെന്നി വീണു ബോധരഹിതയായി കിടക്കുന്നതും ആണ് കഥാതന്തു. കുറച്ചൊക്കെ അസ്വഭാവികതകള്‍ ഉണ്ടെങ്കിലും കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്ന കഥ ഇത് തന്നെയാണ് എന്ന് കാണാം. പിന്നീടുള്ള കഥകള്‍ എല്ലാം തന്നെ എഴുത്തുകാരന്‍ എഴുത്തില്‍ നടത്തിയ പരീക്ഷണങ്ങളുടെ ശ്രമങ്ങള്‍ ആയി വായിക്കപ്പെടുന്നു . യുദ്ധവും പലായനവും സമാധാനവും ഒക്കെ അടങ്ങിയ പാലസ്തീന്‍ ജനതയോടുള്ള ആഭിമുഖ്യവും ആശങ്കകളും പങ്കുവയ്ക്കുന്ന അനര്‍ട്ടാഗ്രാമോയും വിഷയത്തോട് നീതിപുലര്‍ത്താന്‍ കഴിയാതെ പോയ അവതരണത്തിലൂടെ ശിലാലിഖിതവും മുഴച്ചു നിന്ന വായനയായിരുന്നു. കാറ്റ് പ്രണയിച്ച ലിഫ്റ്റ്‌ ഒരു വ്യത്യസ്തത അവകാശപ്പെടാന്‍ കഴിയുന്ന കഥയായിരുന്നു . സാങ്കേതികമായി കുറേക്കൂടി മുന്നോട്ട് വരേണ്ടിയിരിക്കുന്ന എഴുത്തുകള്‍ ആണ് എങ്കിലും ഭാവിയുടെ എഴുത്ത് മേഖലയില്‍ ഒരുപക്ഷെ നല്ല എഴുത്തുകള്‍ നല്‍കാന്‍ കഴിയുന്ന ആശയങ്ങളുള്ള എഴുത്തുകാരന്‍ ആണ് സലിം എന്നത് വായന നല്‍കുന്ന ശുഭപ്രതീക്ഷയാണ് . വായനകള്‍ കൊണ്ട് മാത്രമേ നമുക്ക് എഴുത്ത് കൂടുതല്‍ മനോഹരമാക്കാന്‍ കഴിയൂ എന്നത് വളരെ വിശാലമായ ഒരു തലത്തില്‍ നിന്നും നോക്കിക്കാണേണ്ട ഒരു സംഗതി ആണ് എഴുത്തുകാര്‍ എന്ന ഓര്‍മ്മപ്പെടുത്തല്‍ പുതിയകാല എഴുത്തുകാരില്‍ ആരോപിക്കപ്പെടുന്നത് എന്തുകൊണ്ട് എന്നതിന് ഉദാഹരണം ആയി ഈ വായനകളെ മനസ്സിലാക്കാം. ഒറ്റ വായനയ്ക്ക് ഉതകുന്ന ഈ ഒന്‍പതു കഥകള്‍ സലിം അയ്യനത്തിന്റെ നാലാമത്തെ പുസ്തകം ആണ്. ഡിബോറ ,തുന്നപ്പക്ഷിയുടെ വീട് എന്നീ കഥാ സമാഹാരങ്ങളും , നിലാവിലേക്ക് തുറന്ന കണ്ണുകള്‍ എന്ന കവിത സമാഹാരവും സലിമിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട് . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല  

1 comment:

  1. പരിചയപ്പെടുത്തല്‍ നന്നായി
    ആശംസകള്‍

    ReplyDelete