ക്രമം തെറ്റിയ പിരിയഡ് (കവിതാ
സമാഹാരം)
ഷീമ മഞ്ചാന്‍
പാപ്പിറസ് ബുക്സ്
വില : 70 രൂപ
വാക്കുകള്‍
തമ്മിലടിച്ചുടനുണ്ടായ
തീപ്പൊരി
പൊള്ളാതിരുന്നുവെങ്കില്‍
ആത്മബന്ധത്തിന്റെ
ആഴമളക്കാത്ത
വാക്കിനെ
മെല്ലെ വലിച്ചെറിഞ്ഞാല്‍
നാറ്റമടിക്കുന്ന
ജീര്‍ണ്ണിച്ചവാക്കിനെ
മാലിന്യമായി
വലിച്ചെറിഞ്ഞാല്‍
അങ്ങ്
വടക്കായുദിക്കുന്ന നക്ഷത്ര
ക്കണ്ണിന്റെ
ജ്വാലയെ നെഞ്ചിലേറ്റി
സൗഹൃദക്കാറ്റിലലിഞ്ഞു
നാമിന്നലെ
കൈവിട്ടൊരിഷ്ടം
തിരിച്ചെടുക്കാം. ...(ഇഷ്ടം)
ജീവിതവും കലയും തമ്മിലുള്ള അഭേദ്യമായ ഇഴയിണക്കം ഓരോ ജീവന്റെയും
അടയാളങ്ങള്‍ ആയി വായിക്കപ്പെടുന്നു . പാടാതിരിക്കാനാവാത്ത കിളിയുടെ നിശബ്ദത
പോലൊന്നിനെ മരണമെന്ന് വിളിക്കേണ്ടി വരുന്നത് നിഗൂഡമായ മൗനം പലപ്പോഴും ഒരുപാട്
ആഴങ്ങള്‍ തരുന്നതുകൊണ്ടാകം.
കവിത എന്നത് മനസ്സില്‍ വിരിയുന്ന പുഷ്പങ്ങള്‍ ആണ് . ഒരുദ്യാനം നിറയെ
പൂക്കള്‍ ഉണ്ടാകുമെങ്കിലും ആ പൂക്കളിലെക്ക് നമ്മെ അടുപ്പിക്കുന്ന ഘടകങ്ങള്‍ പലതിനെ
ആശ്രയിച്ചിരിക്കും . ഉദ്യാന പാലകന്‍ തൊട്ടു പൂവിനെ പൊതിഞ്ഞു പിടിക്കുന്ന മുള്ളുകള്‍
വരെ അതില്‍ ഓരോ വസ്തുതകള്‍ ആണ് .
കവിത എന്നത്
ആത്മാവിന്റെ ആവിഷ്കാരവുമാണ് . ചുറ്റുപാടുകളോടുള്ള പ്രതിഷേധം , പ്രണയം , സഹതാപം ,
ഐക്യപ്പെടല്‍ അങ്ങനെ പലതും അതില്‍ ഉണ്ട് . അതിനാല്‍ തന്നെ കവിതകള്‍ വായിക്കുമ്പോള്‍
നമുക്ക് നമ്മുടെ ചുറ്റുപാടുകളെ മറക്കാതിരിക്കാന്‍ കഴിയുന്നു . ഒരു സാമൂഹ്യജീവി
എന്ന ഓര്‍മ്മപ്പെടുത്തലും കടമകളോടും കര്‍ത്തവ്യങ്ങളോടും ഉള്ള സമരസപ്പെടല്‍
സംഭവിക്കും . കവി അതിനാല്‍ തന്നെ എപ്പോഴും തന്റെ എഴുത്തുകളോട് നീതിപുലര്‍ത്തുകയും
ജാഗ്രതാകുകയും വേണം . ഇന്നിന്റെ കവികളില്‍ രണ്ടു തരം കവികളെ കാണാന്‍ കഴിയുന്നുണ്ട്
. ഒന്ന് തന്നിലേക്ക് ഉള്‍വലിഞ്ഞുകൊണ്ട് തന്റെ ജീവിതത്തെ മാത്രം കവിതകളില്‍
ആവിഷ്കരിക്കുന്നവര്‍ . അവര്‍ സമൂഹത്തോട് ഒന്നും തന്നെ പറയുന്നില്ല ഒരു സന്ദേശവും
നല്‍കുന്നില്ല . ഞാന്‍ എന്റെ, ലോകം എന്റെ പ്രണയം . അതിലെ വേദനകള്‍ , നഷ്ടങ്ങള്‍ ,
സുഖങ്ങള്‍ ഒക്കെയും വരികളില്‍ ആവിഷ്കരിച്ചു ആത്മരതി അടയുന്നു . വായനക്കാര്‍ കവിയുടെ
ജീവിതം മാത്രം അതില്‍ വായിക്കുകയും അവരുടെ വികാരപ്രകടനങ്ങള്‍ നടത്തി
കടന്നുപോകുകയും ചെയ്യുന്നു . പലപ്പോഴും അത്തരം കവിതകള്‍ വാങ്ങി വായിക്കേണ്ടി
വരുന്നവര്‍ പൈങ്കിളി വാരികകള്‍ വായിക്കാന്‍ എടുത്തതു പോലെ അത്തരം പുസ്തകങ്ങളെ
ചവറ്റു കൂനയിലേക്ക് വലിച്ചെറിയുന്നു . മറ്റൊരുകൂട്ടര്‍ മേല്‍ പറഞ്ഞപോലെ തന്റെ
ചുറ്റുപാടുകള്‍ ഓര്‍ത്ത് എപ്പോഴും ആശങ്കപ്പെടുന്നവര്‍ ആണ് . അവര്‍ പ്രണയം
എഴുതുമ്പോഴും ജീവിതം എഴുതുമ്പോഴും അതില്‍ സമൂഹത്തിന്റെ ഒരു പരിശ്ചേദം കാണാന്‍
കഴിയുകയും അതൊരു ആഗോള വായനയായി മനസ്സില്‍ പതിയുകയും ചെയ്യുന്നു .
എഴുത്തുകാരന്‍
തീരുമാനിക്കണം എന്താണ് എഴുതേണ്ടത് എന്ന്; . ദുര്‍ഗ്രാഹ്യതയുടെ എഴുത്തുകള്‍ നമുക്ക്
അപരിചിതമല്ല ഇക്കാലത്ത് . “ഷീമ മഞ്ചാന്‍”
എന്ന കവി യുടെ “ക്രമം തെറ്റിയ പിരിയഡ്” സമകാലിക സംഭവങ്ങളോട്
പ്രതികരിക്കുന്ന ഒരു പ്രതികരണ കവിതയുടെ സമാഹാരം അല്ല . എന്നാല്‍ തന്നുടെ
ആത്മവേദനയുടെ ഏകകാഴ്ചകളും അല്ല . തന്നില്‍ നിന്നുകൊണ്ട് തന്റെ ചുറ്റുപാടിനെ തന്നിലേക്ക്
ആവാഹിക്കാന്‍ ശ്രമിക്കുന്ന ഈ കവിയുടെ എഴുത്തുകള്‍ എല്ലാം തന്നെ ആ ഒരു നിലപാട് തറ തേടുന്നവയാണ്
. വയനാടന്‍ കാറ്റിന്റെ തണുപ്പും ചൂടും ചൊരുക്കും കവിതകള്‍ പേറുന്നുണ്ട് . വരികളെ
സമചിത്തതയോടെ അടുക്കി വച്ചൊരു വായനയുടെ ലോകം തുറക്കണം എന്ന നിര്‍ബന്ധം കവിക്ക്
ഒട്ടുമില്ല എന്നതാണ് ഒരു പ്രത്യേകതയായി കണ്ടത് . വായനയുടെ ലോകത്ത് ഇതെത്രത്തോളം
സ്വീകാര്യം ആകും എന്നത് വായനക്കാരെ അനുസരിച്ച് മാറിമറിയാം . അച്ഛന്‍ എന്ന
ബിംബത്തെ വളരെ മനോഹരമായി കൊണ്ടു വന്നിട്ടൊടുവില്‍ തന്റെ ആഴങ്ങളിലേക്ക്
ആഴ്ന്നിറങ്ങുന്ന കുഞ്ഞിന്‍റെ നിലവിളിയില്‍ കുരുക്കുമ്പോള്‍ വായനക്കാരന്‍ ഒരു
നിമിഷം തരിച്ചു നിന്ന് പോകുന്നു എന്നതാണ് അവതരണത്തിന്റെ പ്രത്യേകതയായി പറയാവുന്ന
ഒരുദാഹരണം . അതുപോലെ മറ്റൊരു കവിത ഇഷ്ടം ഈ പുസ്തകത്തിലെ ഏറ്റവും താളവും
ഈണവും മധുരവും ഉള്ള ഒരു വായനയായി അനുഭവിച്ചു എന്നത് എടുത്തുപറയാന്‍ കഴിയും. പ്രണയവും
പൂവും പുരുഷനും കാമനകളും പ്രകൃതിയും പെണ്‍ മനസ്സിന്റെ ചാപല്യത്തില്‍ നിന്നും
വിരിയുന്ന കവിതകള്‍ ആണെന്ന് കവിയ്ക്ക് നിര്‍ബന്ധബുദ്ധി ഉണ്ടെന്നു തോന്നിച്ചു ചില
എഴുത്തുകള്‍ . ചിലവയെ പിന്തുടര്‍ന്ന് പോകുമ്പോള്‍ വീണ്ടും വീണ്ടും തിരികെ പോയി
വായനയെ ആവര്‍ത്തിപ്പിക്കുന്നുമുണ്ട് . കവിതകളുടെ ലോകം നിയതമായ നിയമങ്ങളില്‍
നിന്നും പുറത്തു കടന്നു നില്‍ക്കുന്ന ഈകാലം സ്വീകാര്യവും അസ്വീകാര്യവും ആയ ഒന്നും
തന്നെ അവശേഷിപ്പിക്കുന്നില്ല എന്ന ജാമ്യം കവിയില്‍ നിന്നും ആദ്യമേ തന്നെ പുറപ്പെടുന്നുമുണ്ട്.
ശീര്‍ഷകത്തിന്റെ രണ്ടു കവിതകള്‍ ആദ്യവും അവസാനവും ഉണ്ട് . ആദ്യത്തേതില്‍ സ്കൂള്‍
പരിസരങ്ങളെ പുറമേ പറഞ്ഞുകൊണ്ട് ജീവിതത്തിന്റെ അകം വായന നല്‍കുന്ന അസാധാരണമായ ഒരു
കാഴ്ച കണ്ടു . ആ വായനയുടെ സുഖത്തിനു നേരെ വിപരീതമായി അവസാന കവിത ആര്‍ത്തവത്തെ
കുറിക്കുമ്പോള്‍ അവിടെ കവി ബോധപൂര്‍വ്വമല്ലാതെ എന്ന് വിശേഷിപ്പിക്കാം ഉടല്‍ എന്ന
സംജ്ഞയുടെ പുറംതോട് കൂടി പറഞ്ഞു വച്ചു . ഒരുപക്ഷെ ആ ഉടല്‍ വാക്യങ്ങള്‍ അവിടെ
വരികയില്ലങ്കില്‍ ആ വിഷയം ഒരു മനോഹരമായ വായന നല്‍കിയേനെ അതില്‍ പ്രകൃതിയും
പ്രപഞ്ചവും ഇഴപിരിഞ്ഞു പുഞ്ചിരിപൊഴിച്ച് നിന്നേനെ എന്ന് വായനയില്‍ തോന്നി .
വാക്കുകളെ
ഉപയോഗിക്കാന്‍ അതും പക്വമായി പ്രയോഗിക്കാന്‍ ഷീമ മഞ്ചാന്‍ വളരെ വിദഗ്ധയാണ് എന്ന് കവിതകള്‍ എല്ലാം തന്നെ
പറയുന്നുണ്ട് . 48 കവിതകളുടെ ഈ കവിത സമാഹാരം വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയുടെ
അവതാരികയും രാജീവ് ആലുങ്കലിന്റെ പഠനവും
ചേര്‍ത്തു ആണ് ഇറക്കിയിരിക്കുന്നത് . സാധാരണ കവിതാ സമാഹാരത്തില്‍ കാണുമ്പോലെ
കവിതകളുടെ ആമുഖം ഇല്ലാതിരുന്നത് ഒരു പ്രത്യേകത പോലെ തോന്നി . ഒരുപക്ഷെ ആദ്യമായാകും
അങ്ങനെ ഒന്ന് ഞാന്‍ കണ്ടത് എന്നതിനാല്‍ ആകാം . കവര്‍ ചിത്രവും ഉള്ളടക്കവും
മനോഹരമായി ചിട്ടപ്പെടുത്തിയിട്ടുണ്ട് . കവിതയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു നല്ല
വിരുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment