Thursday, November 9, 2017

ആടുകളുടെ റിപ്പബ്ലിക് ................. ഇയ്യ വളപട്ടണം

ആടുകളുടെ റിപ്പബ്ലിക് (നോവല്‍ )
ഇയ്യ വളപട്ടണം
സൈകതം ബുക്സ്
വില :90 രൂപ

               എഴുത്ത് ഒരു ഭാരിച്ച സംഗതിയായി മുന്നില്‍ നില്‍ക്കുന്ന അവസ്ഥയിലാണ് ഇന്ന് സാമൂഹ്യ പ്രതിബദ്ധതയുള്ള ഓരോ എഴുത്തുകാരനും എഴുത്തിനെ അഭിമുഖീകരിക്കുന്നത് . ഈ അവസ്ഥകളെ എങ്ങനെ തരണം ചെയ്യാം എന്നതില്‍ വിജയിക്കുന്ന എഴുത്തുകാരും ഇല്ലാതില്ല . ഇതിനു പക്ഷെ അസാധാരണമായ കൈയ്യടക്കം ഉണ്ടാകണം എന്നതും ഭാഷയുടെ കഴിവും പ്രയോഗവും ഒക്കെ അനുസരിച്ചാണ് വിലയിരുത്തപ്പെടുക. ഇത്തരം ചില വായനകള്‍ എങ്കിലും മലയാളത്തില്‍ ലഭിക്കുന്നുണ്ട് .

                രാഷ്ട്രീയവും മതവും എപ്പോഴും എഴുത്തുകാരന്റെ തൂലികയെ ഭയക്കുന്നവര്‍ ആണ് . അവരുടെ നിലനില്‍പ്പിനു ആ തൂലികകള്‍ ശബ്ദിക്കാന്‍ പാടില്ല എന്നതാണ് ശരിയെന്നു അവര്‍ കരുതുന്നു . പെരുമാള്‍ മുരുകനും കാഞ്ച ഐലയ്യയും ഭഗവാനും പന്സാരയും ഗൌരിയും ഒക്കെ ഇരകള്‍ ആകുന്നതു ഇത്തരം അവസ്ഥകളില്‍ ആണ് .
ജീവിതത്തെ ആഡംബരരഹിതമായി സൂക്ഷിച്ചുകൊണ്ട്‌ രാജ്യത്തെ സേവിക്കുന്ന രാജാക്കന്മാര്‍ അന്യമായിക്കഴിഞ്ഞ കെട്ടകാലത്ത് നിന്നുകൊണ്ട് "ഇയ്യ വളപട്ടണം" "ആടുകളുടെ റിപ്പബ്ലിക്" എഴുതുമ്പോള്‍ അതുകൊണ്ട് തന്നെ അതിനു വല്ലാതെ ഒരു പ്രാധാന്യം ഉണ്ടാകുന്നുണ്ട് . ശൂലമുനകളില്‍ കൊരുക്കപ്പെടുന്ന ഭ്രൂണം മുതല്‍ വെറും കടലാസുകഷണങ്ങള്‍ ആകുന്ന നോട്ടുകെട്ടുകള്‍ വരെ ഒരു ഭരണകൂടത്തിന്റെ സാംഗത്യത്തെ സ്ഥിരീകരിക്കുമ്പോഴും വെറും അടിയാളന്മാരെപോലെ ജീവിക്കുന്ന ജനതയുടെ പരിശ്ചേതമാണ് ഈ നോവലില്‍ കാണുന്നത് എന്ന് മനസ്സിലാക്കാന്‍ ഒരു ഭാരതീയന് രണ്ടാമതൊരു വായന ആവശ്യമില്ല തന്നെ . രതിയും കോര്‍പ്പറേ റ്റു സംസ്കാരവും വടക്കേ ഇന്ത്യന്‍ ഗോസായിമാരുടെ പാളത്താറു ചുമക്കുന്ന ദ്രാവിഡന്‍റെ ഗതികേടും വായിക്കാന്‍ ഇയ്യ വളപട്ടണം സൌകര്യമൊരുക്കുന്നു .
        പ്രവാചക വേഷത്തിന്റെ കെട്ടുകാഴ്ചയും ആത്മീയതയുടെ അപചയങ്ങളും ഏകാധിപത്യത്തിന്റെ വളര്‍ച്ചയും തകര്‍ച്ചയും ജനാധിപത്യത്തിന്റെ തിരിച്ചു വരവും ഒരു നോവലില്‍ വളരെ സരസമായി ജനാധിപത്യ മര്യാദകളില്‍ നിന്നുകൊണ്ട് ലളിതമായി പറയുന്നു എന്നിടത്താണ് ഈ നോവല്‍ വിജയിക്കുന്നത് എന്ന് കാണാം . വായനയില്‍ സരസമായ നാടന്‍ ഭാഷയുടെ പ്രസരണത്തില്‍ ആനുകാലിക സാമൂഹ്യ അവസ്ഥയെ  മനോഹരമായി അവതരിപ്പിക്കുന്ന ഈ നോവല്‍ വായനക്കാരെ സന്തോഷിപ്പിക്കും എന്ന് കരുതാം . ഏവര്‍ക്കും അറിയുമെങ്കിലും പ്രതികരിക്കാന്‍ മടിക്കുന്ന വസ്തുതകളെ ഏവര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞു പിടിപ്പിച്ച ഈ വായന അടുത്തകാലത്തു വായിച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകളുടെ കൂട്ടത്തില്‍ കൂട്ടി വായിക്കാന്‍ ആണ് തോന്നുന്നത് . തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടുന്ന ഒരു എഴുത്തുകാരന്‍ ആകും എന്നതും വരുംകാല മലയാള ഭാഷയില്‍ തന്റെ വ്യെക്തിത്വം അടയാളപ്പെടുത്താന്‍ കഴിവുള്ള ഒരാള്‍ ആണെന്നും എഴുത്തുകാരന്‍ ഈ പുസ്തകത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല 

1 comment:

  1. പുസ്തകപരിചയം നന്നായി.
    പുസ്തകം വായിച്ചിട്ടില്ല.നോക്കട്ടേ...
    (വരാന്‍ വൈകി ഇനിയെല്ലാമൊന്നുനോക്കാം)
    ആശംസകള്‍

    ReplyDelete