Monday, November 13, 2017

തമസ്സല്ലോ സുഖപ്രദം

എത്ര ഇല്ലെന്നു
നീ പറഞ്ഞീടിലും
ഉണ്ട് ചിത്തത്തില്‍
ഞാനെന്നതറിയുമ്പോള്‍
കണ്ണു നിറയാതിരിക്കുവാന്‍
ഞാന്‍ ശിലയല്ല ,
പച്ച മനുഷ്യനാണറിയുക.

കേട്ടു നില്‍ക്കുന്നു
നീ നിത്യമെന്നെയും
കേട്ടു നില്‍ക്കുന്നു
ഞാന്‍ നിന്നെയുമെങ്കിലും
ചേര്‍ത്തു പിടിക്കുവാന്‍
വിരലൊന്നു നീട്ടുവാന്‍
തീര്‍ത്തും അശക്തരല്ലോ
നമ്മളിരുവരും .

ഇല്ല ഉടലിന്നാസക്തി
തങ്ങളില്‍
ഇല്ല കാമത്തിന്‍
ജീര്‍ണ്ണ സ്വരങ്ങളും
കണ്ടു നില്‍ക്കുവാന്‍
കൂടെ നടക്കുവാന്‍
ലിംഗഭേദം തരും
മുള്‍വേലി ഇല്ലൊട്ടുമേ

ഉള്ളു കരയുമ്പൊഴും
ചൊല്ലുവാനാകാതെ
നില്‍ക്കയാണേകം
നീ മൗനമിരുളിലായ്
കണ്ടു ഞാനെന്നതറിയുക
നീ ഇന്നീ
ചഞ്ചലപ്പെടാ
വരികളില്‍ നിന്നുമേ .

ഇല്ല ഞാനെന്നു
തന്ന വാക്കില്‍ നിന്നും
ഇല്ല പിന്നോട്ട്
വാക്കാണതെങ്കിലും
കണ്ടിടാത്തൊരു
മനമുണ്ടെന്നുള്ളിലായ്
കാണുവാന്‍ ആര്‍ക്കും
കഴിയാത്തതായൊന്നു .
....ബിജു ജി നാഥ് വര്‍ക്കല

1 comment:

  1. വാക്കുകളെന്തും പറഞ്ഞോട്ടെ // സ്ബേഹം സ്നേഹത്തെ തൊട്ടറിയണം // വാക്കുകളില്ലാതെ..

    നല്ല വരികള്‍ ബിജു.. ആര്‍ദ്രശീതളം ...

    ReplyDelete