മോണ്‍ അമോര്‍ എന്ന് നിലവിളിക്കുന്ന രാജ്യം (കവിതകള്‍)
ഹരിത നീലിമ
ലിപി
പബ്ലിക്കേഷന്‍സ്
വില: 85 രൂപ
കവിതകള്‍
എപ്പോഴും സംവദിക്കുക വികാരങ്ങളെക്കുറിച്ചാണ് . ഈ വികാരങ്ങള്‍ മനുഷ്യസ്വഭാവം
അനുസരിച്ച് വേറിട്ട് നില്‍ക്കുന്നു . എല്ലാ ഭൗതികവും ആത്മീയവുമായ വികാരങ്ങളെ അത്
പ്രതിഫലിപ്പിക്കുന്നു. വായനക്കാരന് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ കഴിയുന്ന
വിധത്തില്‍ അതിന്റെ ചട്ടക്കൂടുകള്‍ ക്രമപ്പെടുത്തുന്നതില്‍ ആണ് എഴുത്തുകാരന്‍
ശ്രദ്ധിക്കേണ്ടത് . അത് തിരഞ്ഞെടുപ്പിലും ആസ്വാദനത്തിലും നീതി പുലര്‍ത്താനും
സഹായിക്കുന്നുണ്ട് .
എന്തിനെക്കുറിച്ചാണ്
എഴുത്തുകാരന്‍ പറയേണ്ടത് എന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആണ് . ഇന്നേറെ നാം
ചര്‍ച്ച ചെയ്യുന്നതും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലാണെന്നത് ഓര്‍ക്കേണ്ടത്
തന്നെ. എന്തുകൊണ്ടാകും എഴുത്തുകാരന്‍ സ്വയം ഒരു മുറിക്കുള്ളില്‍ തന്നെ തളച്ചിടാന്‍
ആഗ്രഹിക്കാത്തത്? തീര്‍ച്ചയായും എഴുത്തിന്റെ ആകാശം പരിധികള്‍ക്കുള്ളില്‍ നില്‍ക്കുന്നില്ല
എന്നുതന്നെയാകും മിക്കവാറും ഉത്തരം . ചിലര്‍ ഇതിനു ഘടകവിരുദ്ധമായി ഒരു
മുറിക്കുള്ളില്‍ തന്നെ ഒതുങ്ങിക്കൂടുക ഇതിനു മറുപുറം ആണല്ലോ .
“മോണ്‍ അമോര്‍ എന്ന് നിലവിളിക്കുന്ന
രാജ്യം” എന്ന കവിത സമാഹാരത്തിലൂടെ “ഹരിത നീലിമ” എന്ന യുവ എഴുത്തുകാരി വായനക്കാരോട് പങ്കുവയ്ക്കുന്നത്
തന്റെ അറുപത്തിനാല് പ്രണയകവിതകള്‍ ആണ് . പ്രണയത്തിന്റെ ഉന്മത്തതയില്‍ ജീവിതത്തെ
കുടഞ്ഞിടുമ്പോള്‍ അവയില്‍ നിയതമായ ഒരു ശൈലിയും നിയമങ്ങളും തടസ്സമാകുന്നില്ല
കവിക്ക് . പ്രണയത്തിന്റെ അഗാധമായ ചുഴിയില്‍ വീണ 'നീയും ഞാനും' മാത്രം നിറഞ്ഞ ലോകം .
അവിടെ കാലമോ സമയമോ പ്രകൃതിയോ ഇല്ല . നിറഞ്ഞ ഉന്മാദം മാത്രം .
പ്രണയത്തിനെ
കുറിച്ച് എഴുതുമ്പോള്‍ കാല്പനികതയുടെ അതിഭാവുകത്വത്തില്‍ വീഴുന്ന കവികള്‍ ഉണ്ട് .
വരകളും വര്‍ണ്ണങ്ങളും കൊണ്ട് അതിനെ അലങ്കരിച്ചു അവര്‍ ഒരു പ്രത്യേകലോകം
സൃഷ്ടിക്കുകയും അതില്‍ വിരാജിക്കുകയും ചെയ്യുന്നു . പക്ഷെ ഹരിത നീലിമ പ്രണയത്തില്‍
നിറങ്ങള്‍ അല്ല ചേര്‍ക്കുന്നത് പകരം ഭാവനയുടെ അമേയമായ പരിമിതികളെ അഭംഗുരം
ഉപയോഗപ്പെടുത്തുകയാണ് . പ്രണയത്തിനിടയിലേക്ക് മറ്റൊന്നും തന്നെ
കടന്നുവരാതിരിക്കുന്ന വിധം ഭദ്രമായി അടച്ചുറപ്പുള്ള ഒരു ലോകം കവി
ഉണ്ടാക്കിയെടുക്കുന്നു .
"അത്രമേലാഴത്തിലേക്കാഴ്ന്നു
പോയിട്ടെന്നോ
ഒറ്റയ്ക്കായൊരാള്‍
അത്രതന്നെ
ഒറ്റയ്ക്കായൊരുവനെ
വെറുതെ കൂടെ
കൂട്ടുന്ന "(രണ്ടുപേര്‍ ) ഒരു പ്രക്രിയയാണത്. "അവര്‍ മറ്റാര്‍ക്കും മനസ്സിലാവാത്ത
റോളര്‍
കോസ്റ്ററുകളില്‍ കയറി
ഒന്നിച്ചു
താഴേക്കു കുതിച്ചു വീഴുകയാണ് ."
അതുകൊണ്ട്
തന്നെയാണ് "കരളു കൊത്തിപ്പറിക്കുവാനെന്തിനീ
കഴുകനെ
നമ്മള്‍ ബാക്കി വയ്ക്കുന്നു "(മരണമില്ലാത്ത മരണമാകുന്നു നീ ) എന്നു പ്രണയിനി
വിലപിക്കുന്നതും .പ്രണയവും മഴയും ഒരുപോലെ നനുത്ത ഒരു വികാരം ആണ് . "നാല്പതാം നമ്പര്‍
മഴ പോലെ അതുകൊണ്ട് തന്നെ അവര്‍ നനഞ്ഞുകൊണ്ടേയിരിക്കുന്നു." "തളര്‍ന്നു വീഴുംവരെ തെരുവില്‍
നൃത്തം ചെയ്യാന്‍ കൊതിക്കുന്നു ". "പരസ്പരം ഇഴഞ്ഞു കയറുന്ന കടലാമകളാകുന്നു". "സ്നേഹിച്ചു
സ്നേഹിച്ചു സൂചിത്തുമ്പിലും ഒന്നിച്ചു തലചായ്ക്കുന്നു . പ്രണയത്തിന്റെ ഉത്തുംഗതയില്‍
കയറുമ്പോള്‍ അവള്‍ ഓര്‍ക്കുന്നു നിന്നെ സ്നേഹിക്കുകയും ചുംബിക്കുകയും ചെയ്താണ്
ഞാന്‍ ഇത്രയെറെ ഞാന്‍ ആയതു " (സ്നേഹത്തിന്റെ വിശുദ്ധ പുസ്തകം )
പ്രണയം
അക്ഷരങ്ങളില്‍ കുറിക്കപ്പെടുമ്പോള്‍ മലയാളിക്ക് പരിചിതമായി വരുന്ന പുതിയ കാല
എഴുത്തിന്റെ പാഴ്ചാത്യ ചുവയില്‍ ഹരിത തന്റെ അക്ഷരങ്ങളെ എഴുതി നിറയ്ക്കുകയാണ് .
ഇവിടെ കവിക്ക് താളവും വൃത്തവും ചമയങ്ങളും വിഷയമേയല്ല . പ്രണയം അത്രമേല്‍
വികാരോജ്ജ്വലം ആകുന്നു . ഇടയിലെപ്പോഴോ ‘മുലകളില്ലാത്ത
പെണ്ണ് പെണ്ണേയല്ല’ എന്ന താത്വിക ചലനങ്ങളിലേക്കും ‘മരിച്ചു പോയ അമ്മമാരെ ഞങ്ങളുടെ മരിച്ച കുഞ്ഞുങ്ങളെ
നിങ്ങളുടെ താരാട്ട് പാടിയുറക്കുക’ എന്നുമൊക്കെയുള്ള പെണ്‍നിലവിളികളുടെ
അടക്കാത്ത വേദനയും , ഒറ്റപ്പെടലിന്റെയും ആത്മനൊമ്പരങ്ങളുടെയും നേര്‍ത്ത
വിങ്ങലുകളും കവിതകള്‍ ആകുന്നുണ്ട്
എങ്കിലും പ്രണയം ആത്യന്തികമായ ഒരു തിരശ്ശീല ആകുകയും തന്റെ തന്നെ മനസ്സിനെ അടക്കി
നിര്‍ത്താനും ഒളിപ്പിച്ചു വയ്ക്കാനും ശ്രമിക്കുകയും ചെയ്യുന്ന ശ്രമങ്ങള്‍ വായനക്കാരന്‍
വായിച്ചെടുക്കുകയാണെങ്കില്‍ അത് ഒരുപക്ഷെ വായനയിലെ സ്വാതന്ത്ര്യം ആയി വിലയിരുത്തപ്പെട്ടേക്കാം.
കവിതകളുടെ ഈ
മൂന്നാം പുസ്തകത്തിന് പ്രണയത്തിന്റെ വര്‍ണ്ണം ചാര്‍ത്തി വായനക്കാര്‍ക്ക് നല്‍കി
കവി പുഞ്ചിരിക്കുമ്പോള്‍ വായനക്കാരന്‍ കുറച്ചുകൂടി പ്രതീക്ഷിക്കുന്നുണ്ട് .
കവിതയുടെ അസ്വാരസ്യം നിലനിര്‍ത്തുന്ന ബിംബവത്കരണങ്ങള്‍ മാത്രം കൊണ്ടുള്ള രചനാരീതി
പൊതുവേ എല്ലാത്തരം വായനക്കാരിലും സ്വീകാര്യത സൃഷ്ടിക്കില്ല എന്നതിനാല്‍ തന്നെ
കവിതയിലെ കാവ്യരസതന്ത്രങ്ങളില്‍ കവി കുറച്ചുകൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
നന്നാകും . ഒപ്പം പ്രണയത്തിനപ്പുറം ജീവിതവും പ്രകൃതിയും കൂടി ഇഴകലരുകയാണെങ്കില്‍
കവിതകള്‍ ഒരൊറ്റ ഫ്രെയിമില്‍ ഒതുങ്ങാതെ വിശാലമായ ഒരാകാശം തന്നെ നല്‍കും എന്ന ശുഭപ്രതീക്ഷയോടെ ബി.ജി.എന്‍ വര്‍ക്കല