ഒരിക്കല്‍ക്കൂടി നീയെന്നെ ഉമ്മ വയ്ക്കണം
-----------------------------------------------------
ആശ്ചര്യമൊട്ടുമില്ലാതെ,
തിരിഞ്ഞെന്നെയൊന്നുകൂടി നോക്കാതെ
അകലേക്ക് നീ പോകുന്നതിന്‍ മുന്‍പ്
ഒരിക്കല്‍ക്കൂടി നീയെന്നെ ഉമ്മവയ്ക്കണം.!
ഒരിക്കല്‍ നാം നടന്ന വഴികളില്‍,
ഒരുമിച്ചു കണ്ട സ്വപ്നങ്ങളില്‍,
പങ്കുവച്ച നിമിഷങ്ങളുടെ നിഴലുകളില്‍
കാല്‍ വഴുതി വീഴാതെ നീ പോകുന്നതിന്‍ മുന്‍പ്
ഒരിക്കല്‍ക്കൂടി നീയെന്നെ ഉമ്മവയ്ക്കണം.
വേദനിപ്പിക്കാതെ ജീവനെടുക്കാനും
വിഷമിപ്പിക്കാതെ വിടപറയാനും
ഇടറാതെ മടങ്ങിപ്പോകാനും
കഠിനമായ ഹൃദയമൊന്നുണ്ടെങ്കിലും
നിനക്ക് കുറ്റബോധം വരാതിരിക്കാന്‍
ഒരിക്കല്‍ക്കൂടി നീയെന്നെ ഉമ്മവയ്ക്കണം.
മൃതിയുടെ തണുത്ത കോശങ്ങള്‍
ചലനമറ്റു പുഴുക്കള്‍ക്കാഹാരമാകുന്നതിനും
വളരെ മുന്‍പ് തന്നെ
നിനക്കതിനൊരു അവസരമാണിത്
പ്രണയത്തിനഗാധതയുടെ അങ്ങേത്തലക്കല്‍
നിന്നുകൊണ്ടെന്നവണ്ണം അവസാനമായി,
ഒരിക്കല്‍ക്കൂടി നീയെന്നെ ഉമ്മ വയ്ക്കണം.
.........................ബിജു ജി നാഥ് വര്‍ക്കല
No comments:
Post a Comment