Saturday, October 6, 2018

ഇണപ്രാവുകള്‍............................ മുട്ടത്തു വര്‍ക്കി


ഇണപ്രാവുകള്‍ (നോവല്‍)
മുട്ടത്തു വര്‍ക്കി
ഡി സി ബുക്സ്


ജീവിതത്തെ അടയാളപ്പെടുത്തുന്ന രചനകള്‍ മണ്ണിന്റെ മണം പുരണ്ടത്, വായിക്കുവാന്‍ കഴിയുന്നതെപ്പോഴും പഴയ സാഹിത്യ കൃതികളില്‍ നിന്നുമാണ് എന്നൊരു വാദം മുന്നോട്ടു വയ്ക്കുന്നതാണ് പഴയ വായനയും പുതിയ വായനയും നല്‍കുന്ന ബോധം. മനുഷ്യ ചോദനകളെ അതേ വികാരവായ്പ്പോടെ സന്നിവേശിപ്പിക്കുന്ന വരികളില്‍ കൂടി വായനക്കാരെ നടത്തിക്കാന്‍ കഴിഞ്ഞ എഴുത്തുകാര്‍ നമുക്ക് ഉണ്ടായിരുന്നു എന്നൊരു ചിന്ത നല്കുന്നതിനപ്പുറം ഇന്നെന്തുകൊണ്ട് അത്തരം ഒരു വായന ലഭ്യമാകാതെ പോകുന്നു എന്ന് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ബിനോയ്‌ , രവി വര്‍മ്മ തമ്പുരാന്‍ എന്നിവരെ മറന്നുകൊണ്ടല്ല ഈ ചിന്ത എന്നതും പ്രത്യേകം പറയേണ്ടിയിരിക്കുന്നു.
പൈങ്കിളി കഥകള്‍ പ്രശസ്തമായിരുന്ന കാലഘട്ടത്തില്‍ എഴുതിയിരുന്നവരും അതിനു മുന്‍പേ തന്നെ എഴുതി തുടങ്ങിയവരുമായ ഒരു പാട് എഴുത്തുകാര്‍ നമുക്കുണ്ട്. അവരുടെ എഴുത്തിലെ പൈങ്കിളിയെ , അങ്ങനെ വിളിക്കാതെ വായിക്കാന്‍ കഴിയുന്ന രീതിയില്‍ അവരില്‍ പലരും തങ്ങളുടെ വിരലുകള്‍ ചലിപ്പിച്ചപ്പോള്‍ അവ മധുരമൂറുന്ന വായനകള്‍ നല്‍കുന്ന നോവലുകളും കഥകളുമായി വായനക്കാര്‍ക്കിടയില്‍ കാലങ്ങള്‍ക്ക് അപ്പുറം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. “ഇണപ്രാവുകള്‍” എന്ന ‘മുട്ടത്തു വര്‍ക്കി ‘നോവല്‍ വളരെ മനോഹരമായ  അത്തരം ഒരു വായന ആണെന്ന് പറയാം. നാടന്‍ പ്രണയം എന്ന പൊറ്റക്കാടിന്റെ നോവല്‍ വായിക്കുമ്പോള്‍ തോന്നിയ അതേ വികാരം തന്നെയായിരുന്നു അതോ അതിലും മനോഹരമായ ഒരു അനുഭൂതിയാണോ ഇവിടെ അനുഭവപ്പെട്ടത് എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല. ഇതും സിനിമയായി അക്കാലത്തു നസീറും സത്യനും ശാരദയും മത്സരിച്ചഭിനയിക്കുകയും ചെയ്തു. “കുരുത്തോല പെരുന്നാളിന് പള്ളിയില്‍ പോയി വരും കുഞ്ഞാറ്റക്കുരുവികളെ കണ്ണീരും കൈയ്യുമായൊരു നാട്ടുമ്പുറത്തൊരു കല്യാണം നിങ്ങള്‍ക്ക് കാണാം” എന്നൊരു ഗാനം എന്തായാലും മലയാളി മറക്കാന്‍ ഇടയില്ല. ഒരു ത്രികോണ പ്രണയത്തിന്റെ കഥയാണ് ഇത്. അന്തോണിയും റാഹേലും രാജനും പ്രണയിച്ച കഥ. അന്തോണിയും റാഹേലും തമ്മില്‍ പ്രണയമായിരുന്നു കുട്ടിക്കാലം മുതലേ. പറങ്കി മാവിന്‍ചോട്ടിലും തോട്ടുവക്കത്തും ഒക്കെയായി ഓടി നടന്ന കുഞ്ഞുങ്ങളുടെ കാലം മുതല്‍ അവര്‍ പരിചയക്കാരും ഇഷ്ടക്കാരും ആണ്. രാജനും അന്തോണിയും കുട്ടിക്കാലത്തു പിണക്കത്തില്‍ ആയിരുന്നു . പണക്കാരനായ രാജനും പാവങ്ങളായ അന്തോണിയും റാഹേലും ഒരിക്കലും ചേരുന്നവര്‍ ആയിരുന്നില്ല അന്ന്.  കാലം കടന്നു പോയി. അന്തോണി മണ്ണിനോട് മല്ലടിച്ച് കാരിരുമ്പ് പോലെ കരുത്താര്‍ജ്ജിച്ചപ്പോള്‍ പഠനവും കവിതയും തരള മനസ്സുമായി രാജന്‍ കാല്‍പനിക ലോകത്തില്‍ വിരാജിച്ചു. പതിയെ പഠനം കഴിയുന്നതോടെ രാജനില്‍ ഗ്രാമീണതയോടുള്ള ഇഷ്ടവും കൃഷിയോടുള്ള സ്നേഹവും നിറയുന്നു . അന്തോണിയുമായി കൂട്ടിലാകുന്നു. വിവാഹം വേണ്ട എന്ന് തീരുമാനിച്ചു കഴിയുന്ന രാജന്‍ അവിചാരിതമായി റാഹേലിനെ കാണുകയും മനസ്സുമാറുകയും ചെയ്യുന്നു . മരം ചുറ്റി പ്രണയം ഇല്ലാതെ അന്തോണിയും റാഹേലും മൂകമായി പരസ്പരം അറിഞ്ഞുകൊണ്ടുതന്നെ പ്രണയം പങ്കു വയ്ക്കുന്നത് എത്ര മനോഹരമായി നോവലില്‍ പറഞ്ഞു പോകുന്നു എന്നത് ഒരു അനുഭവം തന്നെയാണു. അന്തോണി പഴയൊരു വാക്ക് പാലിക്കാനായി വീട്ടു വളപ്പില്‍ വച്ച് പിടിപ്പിക്കുന്ന കശുമാവില്‍ ആദ്യം പിടിച്ച ഫലം ആര്‍ക്കും കൊടുക്കാതെ സൂക്ഷിച്ചു റാഹെലിനു കൈമാറുന്നത് പ്രണയത്തിന്റെ ഉദാത്തമായ ഒരു രംഗം സൃഷ്ടിച്ചുകൊണ്ടാണ് . ഈ നോവലില്‍ എങ്ങും തന്നെ കാമമോ രതിയുടെ പ്രസരണങ്ങളോ ഇല്ല. കവിത പോലെ മനോഹരമായി മനുഷ്യ വിചാരങ്ങളെയും വികാരങ്ങളെയും പറഞ്ഞു പിടിപ്പിക്കുക മാത്രമാണിതില്‍ എഴുത്തുകാരന്‍ ചെയ്യുന്നത്. പുത്തന്‍ പണം കണ്ടു കണ്ണ് മഞ്ഞളിക്കുന്ന അപ്പന്‍, രാജനുമായി റാഹേലിന്റെ  കല്യാണം ഉറപ്പിക്കുന്നതും ഇതില്‍ മനം നൊന്തു അന്തോണി മലബാറിലേക്ക് പോകുന്നതും അവിടെ നിന്നും അസുഖബാധിതനായി തിരികെ വരികയും മരണപ്പെടുകയും ചെയ്യുന്നതും റാഹേല്‍ അപ്പന് കൊടുത്ത വാക്ക് പാലിക്കുവാന്‍ വേണ്ടി രാജനെ കല്യാണം കഴിക്കുന്നുവെങ്കിലും വിവാഹ വേദിയില്‍ തന്നെ രോഗബാധിതായി വീഴുകയും അധികം നാള്‍ കഴിയും മുന്നേ മരിക്കുകയും ചെയ്യുന്നതും അന്തോണിയുടെ അന്ത്യാഭിലാഷമായ അയാളുടെ സഹോദരിയെ സംരക്ഷിക്കണം എന്ന് റാഹേലിനോടുള്ള അഭ്യര്‍ത്ഥന പ്രകാരം അവള്‍ മരിക്കും മുന്നേ രാജനോട്  അമ്മിണിയെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുന്നതും അവര്‍ വിവാഹിതരാകുന്നതും ഒക്കെ പഴയ കാല സിനിമകളിലെ ക്ലൈമാക്സ് സീനുകള്‍ ആണല്ലോ. ഈ നോവലില്‍ അവസാനമാകുമ്പോള്‍ ഇത്തരം ചില ഇഴച്ചിലുകളും സ്വഭാവികതകള്‍ക്ക് ചേരാത്ത ഇത്തരം ചില നാടകങ്ങളും തിരുകി കയറ്റി വിരസമാക്കി എങ്കിലും പൊതുവില്‍ ആ കാലഘട്ടത്തെ അറിയാനും സാമൂഹ്യ പാരിസ്ഥിക വിഷയങ്ങള്‍ മനസ്സിലാക്കാനും സമൂഹ ചിന്തയും ജീവിതവും ബന്ധങ്ങളും എങ്ങനെ ആയിരുന്നു എന്ന് മനസ്സിലാക്കാനും ഉതകുന്ന വിധത്തില്‍ നോവലിനെ ചിട്ടപ്പെടുത്തിയിരിക്കുന്നു എന്ന് കാണാം. പച്ചയായ മനുഷ്യവികാര പ്രകടനങ്ങളും സംഭാഷണങ്ങളും ആണ് ഇതില്‍ വളര മികച്ചതായി കണ്ട ഒരു വസ്തുത . മറ്റൊന്ന് പുതിയ തലമുറയ്ക്ക് തികച്ചും അന്യമായ ഒരു സാമൂഹ്യാന്തരീക്ഷത്തെ പരിചയപ്പെടുത്തുന്നുണ്ട് നോവല്‍. അത് ഇന്നത്തെ തലമുറയുടെ വായനയില്‍ അത്ഭുതവും നഷ്ടവേദനയും ഉണര്‍ത്തും എന്നതില്‍ സംശയമില്ല .
ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment