Tuesday, October 9, 2018

സ്ത്രീയെയും പ്രണയത്തെയും കുറിച്ച്................... തസ്ലീമ നസ്രീന്‍


സ്ത്രീയെയും പ്രണയത്തെയും കുറിച്ച്
തസ്ലീമ നസ്രീന്‍
ഗ്രീന്‍ ബുക്സ്
വില 185 രൂപ


            പ്രണയത്തെക്കുറിച്ച് എത്രത്തോളം ആഴത്തില്‍ മധുരമായി സത്യസന്ധമായി പറയാമോ അത്രയും മനോഹരമായി മാധവിക്കുട്ടി പറഞ്ഞു കഴിഞ്ഞതാണ്. ഒട്ടേറെ ഒച്ചപ്പാടുകള്‍ ഉണ്ടാക്കി ജീവിച്ച ആ എഴുത്തുകാരിയുടെ ഒപ്പമോ അരികിലോ എത്തുവാന്‍ ഇനിയും മലയാള സാഹിത്യത്തില്‍ ഒരു എഴുത്തുകാരി ഉണ്ടായിട്ടുണ്ട് എന്ന് കരുതുന്നില്ല. കുറെയൊക്കെ ശ്രമങ്ങള്‍ നടക്കുന്നുണ്ട് . മെയിന്‍ സ്ട്രീമില്‍ നോക്കിയാല്‍ ഇന്ദു മേനോന്‍ അനുകരണങ്ങളില്‍ കൂടി കുറെയൊക്കെ ശ്രമം നടത്തുന്നുണ്ട് എന്ന് കാണാം. സോഷ്യല്‍ മീഡിയ നോക്കിയാല്‍ എഴുതാന്‍ ഒരുവിധം കഴിയുന്ന പെണ്ണെഴുത്തുകാരികളില്‍ ചിലരൊക്കെ മാധവിക്കുട്ടിക്ക് പഠിക്കുന്ന സാഹസങ്ങള്‍ കണ്ടു ഹാസ്യ സാഹിത്യം വായിക്കാതെ ഹസിക്കാന്‍ കഴിയുന്നുമുണ്ട്.
തുറന്നെഴുത്തുകളെ എത്രയോ മനോഹരമാക്കാം അവയ്ക്ക് സത്യസന്ധത ഉണ്ട് എങ്കില്‍. ബംഗ്ലാദേശില്‍ ജനിച്ച ഇന്ന് സ്വന്തമായി ഒരു വീടുപോലും ഇല്ലാതെ, രാജ്യങ്ങള്‍ താണ്ടി അസുരക്ഷിതമായ ഒരു ജീവിതം നയിക്കുന്ന എഴുത്തുകാരിയാണ് ലജ്ജ എന്ന വിവാദ നോവല്‍ കൊണ്ട് പ്രസിദ്ധയായ തസ്ലീമ നസ്രീന്‍. അവരുടെ "സ്ത്രീയെയും പ്രണയത്തെയും കുറിച്ച് " എന്ന അനുഭവക്കുറിപ്പുകള്‍ 'പ്രൊഫ: എം കെ എന്‍ പോറ്റി' മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തതാണ് ഗ്രീന്‍ ബുക്സ് പുറത്തിറക്കിയ ഈ പുസ്തകം.
              സ്ത്രീയെ പ്രണയത്തോടെ സമീപിക്കുന്ന പുരുഷനെ അറിയാന്‍ കഴിഞ്ഞത് ഫാഷന്റെ നഗരമായ പാരീസില്‍ മാത്രമാണ് എന്ന് തുറന്നു സമ്മതിക്കുന്ന തസ്ലീമ തന്നെ പ്രണയിച്ച , താന്‍ പ്രണയിച്ച പുരുഷന്മാരെയും അവര്‍ തന്നെ പ്രണയിച്ചത് എങ്ങനെയെന്നും ഓര്‍മ്മിക്കുകയാണ് ഈ പുസ്തകത്തിലൂടെ. ബംഗാളി പുരുഷന്മാര്‍ക്ക് സ്ത്രീയെ പ്രണയിക്കാന്‍ അറിയില്ല എന്നും വെറുതെ കാല്‍ അകത്തിക്കിടന്നുകൊടുക്കുന്ന സ്ത്രീയെ ആണ് അവര്‍ക്ക് ആവശ്യം. തന്റെ വീര്യം നഷ്ടമാകുന്നതോടെ തിരിഞ്ഞു കിടന്നു ഉറങ്ങുക . എത്ര നേരം തനിക്കവളെ ഭോഗിക്കാന്‍ കഴിയും എന്ന ശക്തി കാട്ടുക തുടങ്ങിയ പരാക്രമങ്ങള്‍ അല്ലാതെ മനസ്സറിയാനോ ശരീരത്തെ അറിഞ്ഞു ആനന്ദിപ്പിക്കാനോകഴിയുകയില്ല എന്ന് അവര്‍ തുറന്നു പറയുന്നു . ഒന്നോര്‍ത്താല്‍ ഈ പരാതി ഇന്ത്യന്‍ സാഹചര്യങ്ങളും ആയി ഒത്തു പോകുന്നതാണ് . ഒട്ടൊക്കെ ഇന്ത്യന്‍ എഴുത്തുകാരികള്‍ പറഞ്ഞു കഴിഞ്ഞതോ പ്രകടിപ്പിച്ചു കഴിഞ്ഞതോ ആണ് ഈ വസ്തുതകള്‍ . ഉത്തമ നാരിയെന്ന പട്ടം കിട്ടാന്‍ നിശബ്ദം ഈ കിടന്നുകൊടുക്കല്‍ സമ്പ്രദായങ്ങളെ പിന്തുടരുന്ന സ്ത്രീകള്‍ ആണ് ഭാരത നാരികള്‍. മലയാളത്തിലെ ചില എഴുത്തുകാരികള്‍ എങ്കിലും മാധവിക്കുട്ടിക്ക് ശേഷം തുറന്നെഴുത്ത് എന്ന ലേബലില്‍ ഇത് വിളിച്ചു പറയാന്‍ ശ്രമിച്ചതും കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
             പ്രണയത്തിന്റെ കാര്യത്തില്‍ തസ്ലീമ ഉദാരമനസ്കയാണ് പക്ഷെ ആ ഉദാരതയെ മുറിവേല്‍പ്പിക്കുന്ന അനുഭവങ്ങള്‍ മാത്രമാണ് അവര്‍ക്ക് അനുഭവപ്പെട്ടിട്ടുള്ളത് എന്ന് ഈ പുസ്തകത്തില്‍ അവര്‍ വ്യക്തമാക്കുന്നുണ്ട്. തികച്ചും മാനുഷികവും സ്ത്രൈണവുമായ ഒരു തലത്തില്‍ നിന്നുകൊണ്ട് സംവദിക്കുമ്പോഴും അവര്‍ ചൂണ്ടിക്കാണിക്കുന്ന പല ആണത്തങ്ങളും പരമ്പരാഗത മാമൂലുകളില്‍ പടര്‍ന്നു കിടക്കുന്ന  പാഴ് വേരുകള്‍ ആണ് എന്ന ഓര്‍മ്മപ്പെടുത്തലുകള്‍ സൃഷ്ടിക്കുന്നുണ്ട്. മാറേണ്ടതുണ്ട് പുരുഷന്റെ കാഴ്ചപ്പാടുകള്‍ ഇനിയും മാറേണ്ടത് അത്യാവശ്യം തന്നെയാണ് . സ്ത്രീയെ അറിയാന്‍ സ്ത്രീ ആകണം എന്നില്ല പക്ഷെ സ്ത്രീ വെറും കാമപൂരണത്തിനുള്ള ടൂള്‍ മാത്രം എന്ന ചിന്തയെ മറികടക്കേണ്ടത് ഒരു പ്രധാന ഘടകം തന്നെയാണ് .
ആശംസകളോടെ ബി.ജി. എന്‍ വര്‍ക്കല  



No comments:

Post a Comment